ADVERTISEMENT

ജിമ്മില്‍ വര്‍ക്ക്‌ ഔട്ട്‌ ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ്‌ മരിക്കുന്ന യുവാക്കള്‍. വലിയ സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍ വരെ ഇത്തരത്തില്‍ വ്യായാമത്തിനിടെ ഹൃദയാഘാതം വന്നു മരിച്ചു വീഴുന്ന സംഭവങ്ങള്‍ അടുത്ത കാലത്തായി ഇന്ത്യയില്‍ വ്യാപകമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുണ്ട്‌. ഇതില്‍ ചിലര്‍ ഹൃദ്രോഗബാധയുടെ ചരിത്രമുള്ളവരാണെങ്കില്‍ മറ്റു ചിലര്‍ യാതൊരു വിധത്തിലുള്ള ഹൃദ്രോഗ ലക്ഷണങ്ങളും മുന്‍പ്‌ പ്രകടിപ്പിക്കാത്തവരായിരുന്നു. 

പ്രത്യേകിച്ചു മുന്നറിയിപ്പൊന്നും ഇല്ലാതെ വരുന്ന ഈ ഹൃദയാഘാതത്തെ നേരിടാന്‍ ഫിറ്റ്‌നസ്‌ ഫ്രീക്കുകള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന്‌ ബംഗലൂരു ഫോര്‍ട്ടിസ്‌ ഹോസ്‌പിറ്റലിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി കണ്‍സള്‍ട്ടന്റ്‌ ഡോ. പവന്‍കുമാര്‍ പി. രസാല്‍കര്‍ ടൈംസ്‌ ഓഫ്‌ ഇന്ത്യയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. 

1. ഇടയ്‌ക്കിടെ മെഡിക്കല്‍ ചെക്കപ്പ്‌
40 വയസ്സിനു ശേഷം ഇടയ്‌ക്കിടെ ആരോഗ്യ പരിശോധനകള്‍ നടത്തേണ്ടത്‌ ആയുരാരോഗ്യ സൗഖ്യത്തിന്‌ അത്യാവശ്യമാണ്‌. കുടുംബത്തില്‍ ഹൃദ്രോഗ ചരിത്രമുള്ളവര്‍ പ്രത്യേകിച്ചും ഇക്കാര്യത്തില്‍ ശ്രദ്ധാലുക്കളായിരിക്കണം. ഇസിജി, എക്കോകാര്‍ഡിയോഗ്രാം, ടിഎംടി, ലിപിഡ്‌ പ്രൊഫൈല്‍, ഫാസ്റ്റിങ്‌ ബ്ലഡ്‌ ഷുഗര്‍ പോലുള്ള പരിശോധനകള്‍ പല രോഗങ്ങളെ കുറിച്ചുമുള്ള മുന്നറിയിപ്പ്‌ നല്‍കും. 

Photo Credit: triloks/ Istockphoto
Photo Credit: triloks/ Istockphoto

2. കുടുംബത്തിലെ രോഗചരിത്രം
ഹൃദ്രോഗത്തില്‍ ജനിതകപരമായ കാരണങ്ങളും തള്ളിക്കളയാനാകില്ല. അതിനാല്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഹൃദ്രോഗമുണ്ടെങ്കില്‍ നിങ്ങള്‍ക്കും അതു വരാനുള്ള സാധ്യത അധികമാണെന്നു തിരിച്ചറിയണം. ഇത്തരക്കാര്‍ 35-40 വയസ്സാകുമ്പോള്‍ തന്നെ ആവശ്യമായ പരിശോധനകള്‍ നടത്തി, ഡോക്ടറെ കണ്ട്‌ അപകടസാധ്യതകള്‍ ഇല്ലെന്ന്‌ ഉറപ്പ്‌ വരുത്തേണ്ടതാണ്‌. 

3. ആരോഗ്യകരമായ ജീവിതശൈലി
ആരോഗ്യകരമായ ജീവിതശൈലി ഹൃദയാഘാതത്തിന്റെ സാധ്യത ഗണ്യമായി കുറയ്‌ക്കുന്നു. ഇതിനു വ്യായാമം പോലെ തന്നെ സുപ്രധാനമാണ്‌ സന്തുലിതമായ ഭക്ഷണക്രമം. ഭാരനിയന്ത്രണത്തിലും സമ്മര്‍ദ്ദ ലഘൂകരണത്തിലും ശ്രദ്ധപതിപ്പിക്കേണ്ടതും അത്യാവശ്യമാണ്‌. 

Representative image. Photo Credits: TORWAISTUDIO/ Shutterstock.com
Representative image. Photo Credits: TORWAISTUDIO/ Shutterstock.com

4. ഹൃദയാഘാത ലക്ഷണങ്ങള്‍ തിരിച്ചറിയണം
നെഞ്ച്‌ വേദന, ശ്വാസംമുട്ടല്‍, തലയ്‌ക്കു ഭാരം കുറയുന്ന തോന്നല്‍, തലകറക്കം, ബോധക്ഷയം പോലുള്ള ഹൃദയാഘാത ലക്ഷണങ്ങളെയും കരുതിയിരിക്കണം. വ്യായാമത്തിനിടെ ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ വൈദ്യസഹായം തേടണം. 

5. സിപിആറിനെ പറ്റി അറിയണം
ഹൃദയാഘാതം എപ്പോള്‍ വേണമെങ്കിലും ആര്‍ക്കു വേണമെങ്കിലും വരാമെന്നതിനാല്‍ നാം കരുതിയിരിക്കണം. അത്യാവശ്യം സിപിആര്‍ കൊടുത്ത്‌ രോഗിയുടെ ഹൃദയമിടിപ്പ്‌ പുനസ്ഥാപിക്കാനും ഓട്ടോമേറ്റഡ്‌ എക്‌സ്‌റ്റേണല്‍ ഫീഫൈബ്രിലേറ്റര്‍ ഉപയോഗിക്കാനുമൊക്കെ അറിഞ്ഞിരിക്കുന്നത്‌ നല്ലതാണ്‌. നിങ്ങളും നിങ്ങള്‍ക്കു ചുറ്റുമുള്ളവരും ഇത്തരം പ്രാഥമിക കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നു എന്നത്‌ ഉറപ്പാക്കുക. 

Photo Credit: Inside Creative House/ Istockphoto
Photo Credit: Inside Creative House/ Istockphoto

വര്‍ക്ക്‌ ഔട്ടുകള്‍ പതിയെ ആരംഭിച്ച്‌ ക്രമേണ മാത്രം അവയുടെ തീവ്രത വര്‍ദ്ധിപ്പിക്കാന്‍ ജിമ്മില്‍ പോകുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്‌. ഏത്‌ വ്യായാമത്തിനും വാം അപ്പ്‌ നിര്‍ബന്ധമാണ്‌. ശരീരത്തിന്‌ അസ്വസ്ഥത തോന്നിയാല്‍ ബ്രേക്ക്‌ എടുക്കാനും വിശ്രമിക്കാനും മറക്കരുത്‌. അമിതമായ ചൂടും  ഈര്‍പ്പവുമുളള ചുറ്റുപാടില്‍ വ്യായാമം ഒഴിവാക്കണം. ഇടയ്‌ക്കിടെ വെളളം സിപ്പ്‌ ചെയ്‌ത്‌ ശരീരത്തിന്റെ ജലാംശം നിലനിര്‍ത്താനും ശ്രദ്ധിക്കേണ്ടതാണ്‌. 

നെഞ്ചുവേദന അനുഭവപ്പെട്ടാൽ ആദ്യം ചെയ്യേണ്ടത്: വിഡിയോ

English Summary:

Preventing Gym Deaths; Safety Measures fo Gym enthusiasts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT