‘മെക് സെവൻ’ വ്യായാമ രീതിയുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊണ്ടോട്ടി സ്വദേശി

Mail This Article
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 121 സൗജന്യ വ്യായാമ കേന്ദ്രങ്ങൾ. പ്രഭാതങ്ങളിൽ അവിടങ്ങളിൽ ഒത്തുകൂടുന്നവർ പതിനായിരത്തിലേറ പേർ. എല്ലാവർക്കും ഒരേ വേഷം, ഒരേ ചലനം. യോഗയും ധ്യാനവും അക്യുപ്രഷറും ഉൾപ്പെട്ട 7 വിഭാഗങ്ങളിലെ 21 തരം വ്യായാമം. വിമുക്ത ഭടനും കൊണ്ടോട്ടി തുറക്കൽ സ്വദേശിയുമായ പെരിങ്കടക്കാട് സ്വലാഹുദ്ദീൻ രൂപം നൽകിയ മെക് സെവൻ എന്ന വ്യായാമ മുറകൾ നാട്ടിലെങ്ങും ഹിറ്റാണ്. കടൽ കടന്ന് വിദേശ രാജ്യങ്ങളിലും അതിന്റെ പെരുമയെത്തി. ആരോഗ്യത്തിലൂടെ സന്തോഷമുള്ള ജനതയെന്ന ഒരൊറ്റ ലക്ഷ്യം മുൻ നിർത്തിയാണു മുൻ സൈനികൻ കൂടിയായ സ്വലാഹുദ്ദീൻ മെക് സെവനു രൂപം നൽകിയത്.
20 വർഷത്തെ സൈനിക സേവനത്തിനു ശേഷം നാട്ടിലെത്തിയപ്പോൾ, നാടിനെ ആരോഗ്യ ശീലങ്ങളിലേക്കു നയിക്കാനുള്ള വ്യായാമ മുറയെന്നതു സ്വലാഹുദ്ദിന്റെ സ്വപ്നമായിരുന്നു. നാട്ടുകാർ ഒപ്പം നിന്നപ്പോൾ പിന്നീട് പിറന്നതു ആരോഗ്യ പരിപാലനത്തിന്റെ പുതിയ ചരിത്രം. 2012 ജൂലൈയിൽ കൊണ്ടോട്ടി തുറക്കൽ സ്കൂൾ മൈതാനത്തായിരുന്ന ആദ്യ പരിശീലനം. 10 വർഷം കഴിഞ്ഞ്, 2022 ജൂലൈയിലായിരുന്നു രണ്ടാം കേന്ദ്രം. രണ്ടാം കേന്ദ്രം പിറന്ന് രണ്ടു വർഷത്തിനിടെ വ്യായാമ കേന്ദ്രങ്ങളുടെ എണ്ണം 121 ആയി. ആരോഗ്യ പരിപാലനത്തിനൊപ്പം നാട്ടുകാർക്കു വിശേഷങ്ങൾ പങ്കുവയ്ക്കാനും പരസ്പരം കാണാനുമുള്ള ഇടംകൂടിയായി ഈ കേന്ദ്രങ്ങൾ മാറിക്കഴിഞ്ഞു.
എന്താണ് മെക് 7?
∙ ആ ചോദ്യത്തിന് സലാഹുദ്ദീൻ മറുപടി പറയുന്നു: മൾട്ടി എക്സർസൈസ് കോംപിനേഷൻ ആണ് മെക് 7 . എയ്റോബിക്, ലളിത വ്യായാമം, യോഗ, ആഴത്തിലുള്ള ശ്വസനം, അക്യുപ്രഷർ, ധ്യാനം, ഫെയ്സ് മസാജ് എന്നീ 7 ഇനങ്ങളെയാണു പേര് സൂചിപ്പിക്കുന്നത്.. ആ 7 വിഭാഗങ്ങളിലുള്ള 21 തരം വ്യായാമ മുറകളാണ് ഇതിലുള്ളത്. 21 മിനിറ്റുകൊണ്ട് ചെയ്യാം. സൈനിക സേവനത്തിനിടെ പഠിച്ചതും മറ്റുമായ കാര്യങ്ങൾ ഉൾപ്പെടുത്തി ക്രമീകരിച്ചതാണിത്. രണ്ടാമതൊരു പരിശീലന കേന്ദ്രം ആരംഭിക്കാൻ 10 വർഷം കാത്തിരുന്നതും ആ ക്രമീകരണങ്ങളുടെ ഭാഗമായിരുന്നു. ഏതു പ്രായക്കാർക്കും ലളിതമായി ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത.
വ്യായാമ മുറകൾ കടൽ കടന്നു
∙ പഠിച്ചവർ പരിശീലകരായി മാറുന്നതോടെ കേന്ദ്രങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്ന് മലപ്പുറം ജില്ലയിൽ മാത്രം 63 കേന്ദ്രങ്ങൾ. കോഴിക്കോട് ജില്ലയിൽ 26. വനിതകൾക്ക് മാത്രമായി വിവിധ ഭാഗങ്ങളിലായി 28 യൂണിറ്റുകൾ. ജിദ്ദ, ദുബായ്, ഷാർജ, ബ്രൂണെ എന്നീ വിദേശ നാടുകളിലും പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചു. എല്ലാം പൂർണമായും സൗജന്യം. വേഷത്തിലെ ഏകീകരണത്തിനായി യൂണിഫോം ഏർപ്പെടുത്തിയെന്നു മാത്രം. വൈസ് ക്യാപ്റ്റൻ യു.കെ.മുഹമ്മദ്ഷാ, അറയ്ക്കൽ ബാവ തുടങ്ങിയവരും നേതൃ നിരയിലുണ്ട്.