3 മാസം കൊണ്ട് കുറച്ചത് 12 കിലോ; ബിപി നോർമൽ ആയി, കിതപ്പും മാറി, ഇപ്പോൾ ഹാപ്പിയാണ്!
Mail This Article
ഹോമിയോ ഡോക്ടറായ സെൽജ ജയകുമാറിന്റെ ടെൻഷൻ ആരോഗ്യപ്രശ്നങ്ങൾ തന്നെയായിരുന്നു. കുടുംബത്തിൽ പലർക്കും രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നത് ഒരു മുന്നറിയിപ്പായി തോന്നി. ഉയർന്ന രക്തസമ്മർദ്ദവും ക്രമം തെറ്റിയ ആർത്തവവുമെല്ലാം രണ്ടാമതൊന്ന് ചിന്തിപ്പിച്ചു. ആരോഗ്യത്തെ തിരികെപ്പിടിക്കണം. അങ്ങനെയിരിക്കയാണ് മനോരമ ഓൺലൈനിലെ യോഗയെപ്പറ്റിയുള്ള ഒരു വിഡിയോ സെൽജ കാണുന്നത്. വിഡിയോയിലെ യോഗാധ്യാപികയായ സുചിത്രയെ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട് ക്ലാസിൽ ചേർന്നു. പിന്നെ എന്ത് സംഭവിച്ചുവെന്ന് സെൽജ പറയും.
ഉയർന്ന രക്തസമ്മർദ്ദവും പിസിഒഡിയും
യോഗയ്ക്ക് മുൻപുള്ള ജീവിതം അത്ര ആരോഗ്യകരമായിരുന്നില്ല. യോഗയ്ക്ക് ചേരുന്നതിനു മുൻപുള്ള 6 മാസം ബിപി കൂടുതലായിരുന്നു. ഗർഭിണിയായിരുന്നപ്പോൾ പ്രീഡയബറ്റിക്കുമായിരുന്നു. ഒപ്പം പിസിഒഡിയും ഉണ്ട്. ആ സമയത്ത് 170/110 ആണ് എന്റെ ബിപി ലെവൽ. 120/80 ആണ് നോർമൽ റേഞ്ച്. ശാരീരികമായി ബുദ്ധിമുട്ട് ഉണ്ടായതോടെ മരുന്നിനെ ആശ്രയിച്ചു. എന്നാൽ തുടർന്നും മരുന്ന് കഴിക്കേണ്ട അവസ്ഥ ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടപ്പോഴാണ് യോഗാ ക്ലാസിലെത്തുന്നത്.
കിതപ്പ് മാറി, സ്റ്റാമിന കൂടി
ക്ലാസ് ആരംഭിച്ച് ആദ്യത്തെ 21 ദിവസം 2 തവണ വീതമാണ് യോഗ ചെയ്തിരുന്നത്. ഏകദേശം 1 മണിക്കൂർ യോഗയ്ക്ക് മാറ്റിവയ്ക്കും. അതിൽ 10 മിനുട്ട് ധ്യാനത്തിനു വേണ്ടിയുള്ളതാണ്. ബാക്കി സമയം യോഗാസനങ്ങൾ ചെയ്യും. ആദ്യമേ എല്ലാ യോഗാസനവും നമുക്ക് വഴങ്ങണമെന്നില്ല. ചില യോഗാ പോസ്ചറുകള്‍ 25 തവണയൊന്നും ചെയ്യാൻ പറ്റില്ല. 10 എണ്ണം ചെയ്യുമ്പോൾ തന്നെ എനിക്ക് ശരീരം വേദനിക്കുമായിരുന്നു. പക്ഷേ മടി പിടിക്കാതെ തുടർച്ചയായി ചെയ്തിരുന്നത് കൊണ്ടു തന്നെ വളരെ പെട്ടന്ന് ആ എണ്ണം കൂട്ടാൻ പറ്റി. 10 എന്നുള്ളത് 50 എണ്ണം വരെ ചെയ്യാമെന്ന നിലയിലായി. ഒട്ടും കിതപ്പില്ലാതെ ചെയ്യാൻ കഴിയുന്നുണ്ടായിരുന്നു. ഓരോ ദിവസവും ശരീരത്തിന്റെ സ്റ്റാമിന കൂടുന്നത് നമുക്ക് തന്നെ മനസ്സിലാകും. മെയ്‌വഴക്കം ഉണ്ടാകും. നടുവളച്ച് കാലിൽ തൊടാൻ പറ്റാതിരുന്നതൊക്കെ ഒരു പത്ത് ദിവസം കൊണ്ടു തന്നെ സാധിച്ചെടുത്തു.
3 മാസം കൊണ്ട് വലിയ മാറ്റം
ആരോഗ്യത്തിലുണ്ടായ മാറ്റമാണ് എടുത്ത് പറയേണ്ടത്. ക്ലാസിനു ചേർന്ന ആദ്യത്തെ ആഴ്ച തന്നെ ബിപി 160/100 ആയി. രണ്ടാമത്തെ ആഴ്ച അത് 140/100 എത്തി. നാലാമത്തെ ആഴ്ച ആയപ്പോള്‍ പിന്നെയും കുറഞ്ഞു. ഒരു മാസം കഴിഞ്ഞപ്പോൾ ബിപി നോർമൽ ആയി. ഞാൻ പിസിഒഡി ഉള്ള വ്യക്തിയാണെന്ന കാര്യം തന്നെ മറന്നു പോയി. കാരണം എല്ലാ മാസവും കൃത്യ സമയത്ത് തന്നെ ആർത്തവം വന്നുതുടങ്ങി. സത്യത്തിൽ ഇതിനൊക്കെ പുറമേ കിട്ടിയ ബോണസ് ആണ് ശരീരഭാരം കുറഞ്ഞതും മെലിഞ്ഞതുമൊക്കെ. ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമായിരുന്നു യോഗ ആരംഭിക്കുമ്പോൾ എന്റെ ലക്ഷ്യം. എന്നാൽ 3 മാസം കൊണ്ട് 75.6 കിലോ ഭാരമുണ്ടായിരുന്ന ഞാൻ 63 കിലോയിലെത്തി. ഇപ്പോൾ 7 മാസത്തോളമായി ഞാൻ യോഗ ചെയ്യുന്നുണ്ട്. ഐഡിയൽ വെയിറ്റിൽ തുടരാനും കഴിയുന്നുണ്ട്. ഭാരം കുറഞ്ഞതോടെ ലുക്കിലും മാറ്റം വന്നു. ഡബിൾ ചിൻ കുറഞ്ഞു, കഴുത്തിലെ ഇരുണ്ട നിറം കുറഞ്ഞു. ഇപ്പോൾ എല്ലാം നോര്‍മൽ ആണ്.
ഭക്ഷണരീതി മാറി, ഒപ്പം ടെൻഷനും മാറി
യോഗ ആരംഭിച്ചതോടെ ജീവിതചര്യ മുഴുവനായി ഒരു മാറ്റം വന്നു. നല്ല ആരോഗ്യം തരുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് അതിനുശേഷമാണ്. കൂടുതലും ജങ്ക് ഫുഡ് കഴിച്ചിരുന്ന ഞാൻ പതിയെ നോൺ വെജ് ഭക്ഷണം ഉപേക്ഷിച്ച് മുഴുവനായി വെജിറ്റേറിയനായി മാറി. ഇപ്പോൾ ആരോഗ്യപ്രശ്നങ്ങൾ കാരണം ടെൻഷനില്ല.
എന്തായാലും തിരുവനന്തപുരത്തെ വീട്ടിലിരുന്ന് പരീക്ഷകൾക്കുള്ള തയാറെടുപ്പിലാണ് സെൽജ. നിലവിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നില്ലെങ്കിലും യോഗയും പഠനവും വീട്ടു കാര്യങ്ങളുമൊക്കെയായി ആള് ബിസിയാണ്. ഒപ്പം ഹാപ്പിയുമാണ്.