ADVERTISEMENT

അവധിക്കാലം, ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും വിരുന്നുകളുടെയും സന്തോഷത്തിന്റെയും കാലമാണ്. രുചികരമായ ഭക്ഷണം മുന്നിലെത്തുമ്പോൾ ആരോഗ്യത്തെപ്പറ്റി മറന്നു പോകുന്ന സമയം. കഴിക്കുന്ന ഭക്ഷണം എക്സ്ട്രാ കാലറി നിറഞ്ഞതാണെങ്കിൽ ശരീരഭാരം കൂടും എന്ന കാര്യത്തിൽ തർക്കമില്ല. ഈ ആഘോഷങ്ങൾക്കിടയ്ക്ക് ശരീരഭാരം കൂടാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം എന്നറിയാം. 

ലഘുഭക്ഷണം ബുദ്ധിപൂർവം തെരഞ്ഞെടുക്കാം
കുക്കീസും മധുരപലഹാരങ്ങളുമെല്ലാം മുന്നിൽ വന്നു പെടും. എത്രകഴിച്ചു എന്നു പോലും ചിന്തിക്കാതെ അവ കഴിച്ചുകൊണ്ടേയിരിക്കും. എന്നാൽ മൈന്‍ഡ്‌ഫുൾനെസ് പരിശീലിക്കുന്നത് ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ കഴിയും. ഉദാഹരണമായി നിങ്ങൾക്ക് ഒരു കേക്ക് ഇഷ്ടമാണെങ്കിൽ അതിന്റെ ഒരു കഷണം മാത്രം കഴിക്കുക. 
ഇതേപോലെ കുക്കീസും ആവാം. എന്നാൽ ഒന്നോ രണ്ടോ എണ്ണമേ കഴിക്കാവൂ. കുക്കീസ് വീട്ടിൽ ഉണ്ടാക്കുകയാണെങ്കിൽ മൈദയ്ക്കു പകരം ഓട്സ് ഉപയോഗിക്കാം. പഞ്ചസാരയ്ക്കു പകരം ഈന്തപ്പഴമാവാം. ലഘുഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഇത്തരത്തിൽ ശ്രദ്ധ ആവാം. പഴങ്ങള്‍, പച്ചക്കറികൾ, നട്സ്, സീഡ്സ് തുടങ്ങിയവ ലഘുഭക്ഷണമാക്കാം. 

A close up of girl's or woman's hands cutting and peeling vegetables with knife making salad
Representative image. Photo Credit:duki-ph/Shutterstock.com

വൺ പ്ലേറ്റ് റൂൾ
അമിതമായി ഭക്ഷണം കഴിക്കുന്നതു തടയാൻ ഫലപ്രദമായ മാര്‍ഗമാണിത്. ഒരു പ്ലേറ്റ് ഭക്ഷണം കൊണ്ട് വയറു നിറയ്ക്കാം. 
ഇടത്തരം വലുപ്പമുള്ള ഒരു പ്ലേറ്റെടുത്ത് അതിൽ പകുതിഭാഗം വ്യത്യസ്ത നിറങ്ങളിലുള്ള പച്ചക്കറികളും സാലഡും കൊണ്ട് നിറയ്ക്കുക. നാലിലൊന്ന് ഭാഗം ചിക്കൻ, മുട്ട, മീൻ തുടങ്ങിയ ലീൻ പ്രോട്ടീൻ ആവാം. നാലിൽ ഒരു ഭാഗത്ത് ചപ്പാത്തി അല്ലെങ്കിൽ ചോറ് ആവാം. രണ്ടാമതും മൂന്നാമതും ഭക്ഷണം എടുക്കാതിരിക്കുക. 

നിയന്ത്രിക്കാം കാലറി
കോക്‌ടെയ്‌ൽ, വൈൻ, മധുരം ചേർത്ത സോഡകൾ തുടങ്ങിയ പാനീയങ്ങളെല്ലാം കാലറി വളരെയധികം കൂടിയവയാണ്. ശരീരഭാരം കൂടാതിരിക്കാൻ കാലറി കൂടിയ പാനീയങ്ങള്‍ കഴിയുന്നതും ഒഴിവാക്കുക. 
ഹോട്ട് ചോക്ലേറ്റ്, ഷേക്ക് തുടങ്ങിയവയെല്ലാം ഇരുന്നൂറു മുതൽ അഞ്ഞൂറ് കാലറി വരെ അടങ്ങിയതാണ്. ഇത്തരം പാനീയങ്ങൾ കുടിക്കുകയാണെങ്കിൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ അരകപ്പ് മാത്രം കുടിക്കാൻ ശ്രദ്ധിക്കാം. 

പരിശീലിക്കാം മൈൻഡ്ഫുൾ ഈറ്റിങ്ങ്
പലപ്പോഴും സംസാരിക്കുന്നതിനിടയ്ക്കാവും ഭക്ഷണം കഴിക്കുന്നതും. ഇത് വളരെ കൂടിയ കാലറി ശരീരത്തിലെത്താനും കാരണമാകും. 
ഇതിനുപകരം മൈൻഡ്ഫുൾ ഈറ്റിങ്ങ് പരിശീലിക്കാം. സാവധാനത്തിൽ ഇരുന്ന്, പ്ലേറ്റിൽ എന്തൊക്കെയുണ്ട് എന്നറിഞ്ഞ് കഴിക്കാം. ഓരോ തവണയും രുചി ആസ്വദിച്ച് ഭക്ഷണം കഴിക്കാം. ചവച്ചരച്ചു തന്നെ കഴിക്കാനും ശ്രദ്ധിക്കാം. വളരെ ചെറിയ അളവിൽ മാത്രം ഭക്ഷണം എടുക്കാനും അത് ആസ്വദിച്ച് കഴിക്കാനും ശ്രമിക്കാം. നടന്നും സംസാരിച്ചു കൊണ്ടും ഒക്കെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. 

കഴിക്കാം പ്രോട്ടീൻ
അന്നജം കൂടിയ ഭക്ഷണങ്ങൾക്കു പകരം പ്രോട്ടീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കാം. ചിക്കൻ, മത്സ്യം, ബീൻസ്, പനീർ, പയർവർഗങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. 
കൊഴുപ്പിനെയും അന്നജത്തെയും അപേക്ഷിച്ച് പ്രോട്ടീന്റെ ഉപാപചയ പ്രവർത്തനം നടക്കാനും ദഹനത്തിനും കൂടുതൽ ഊർജം ആവശ്യമാണ്. പ്രോട്ടീൻ കൂടിയ ഭക്ഷണം കഴിക്കുമ്പോൾ കൂടുതൽ കാലറി ബേൺ ചെയ്യും എന്നർഥം. ഏറെ നേരം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കുന്നതിനൊപ്പം ദഹിക്കാൻ കൂടുതൽ ഊർജവും ആവശ്യമായി വരുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. 
അവധിക്കാലത്തും ആഘോഷകാലങ്ങളിലും ആക്ടീവ് ആയിരിക്കാൻ ശ്രദ്ധിക്കാം. നടത്തം, സൈക്ലിങ്ങ് ഇവയും അമിത കാലറി കുറയ്ക്കാൻ സഹായിക്കും.

English Summary:

Survive the Holiday Season Slim: Mindful Eating & Simple Tricks to Avoid Weight Gain.Holiday Eating Made Easy: Delicious & Healthy Tips to Enjoy the Season & Stay in Shape.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com