കാലറി കയ്യീന്ന് പോയോ? ജിമ്മിനെ ചതിക്കരുത്, നല്ല ശീലങ്ങൾ മുടക്കുന്ന ശീലം നിർത്തിക്കോ!

Mail This Article
പ്യൂമയുടെ ഷൂസും ഡെക്കാത്‌ലണിന്റെ ഷോർട്സുമിട്ട് എന്നും രാവിലെ ജിംനേഷ്യത്തിലേക്കു പോയിക്കൊണ്ടിരുന്ന കൂട്ടുകാരനെ കഴിഞ്ഞ ദിവസം അതിരാവിലെ കണ്ടുമുട്ടി. വർക്‌ഷോപ്പിന് സ്പെയർ പാർട്സ് കട എന്ന പോലെ ജിമ്മിന് സമീപം സഹോദര സ്ഥാപനമായി നിലകൊള്ളുന്ന റസ്റ്ററന്റിൽ വച്ചായിരുന്നു സമാഗമം. ഡംബൽ പെരുക്കിയ കൈ കൊണ്ട് പൊറോട്ട പിച്ചുന്നതു കണ്ട് ചോദിക്കാതിരിക്കാനായില്ല. ‘‘ഇപ്പോൾ ജിമ്മിൽ പോക്കില്ലേ..’’. ഉണ്ട് എന്നും ഇല്ല എന്നും മറുപടിയില്ല. പകരം ഒരു താത്വിക വിശദീകരണം: ‘‘കാലവും കാലറിയും നമ്മുടെ കയ്യിൽ നിൽക്കുന്ന കാര്യങ്ങളല്ല ബ്രോ..’’
പുതുവർഷത്തിനു തുടങ്ങി വർഷാവസാനം വരെ മുടക്കമില്ലാതെ കൊണ്ടു നടക്കാൻ കഴിയുന്ന ഒരു ശീലമേ നമ്മളിൽ പലർക്കുമുള്ളൂ– നല്ല ശീലങ്ങൾ മുടക്കുക എന്നതാണത്. എന്തിന് വർഷാവസാനം വരെ നീട്ടുന്നു; മാസാവസാനത്തിനു മുൻപേ ബഹുഭൂരിപക്ഷം പേരുടെയും ന്യൂഇയർ റെസല്യൂഷ്യൻസ് അലിഞ്ഞില്ലാതാവുന്നു.
ഫിറ്റ്നസ് ഫ്രീക്കുകൾക്കുള്ള സമൂഹമാധ്യമമായ സ്ട്രാവ 2019ൽ നടത്തിയ പഠനമനുസരിച്ച് ജനുവരി രണ്ടാഴ്ചയാവുമ്പോഴേക്കും 80 ശതമാനം പേരും പുതുവർഷ പ്രതിജ്ഞകൾ റീസൈക്കിൾ ബിന്നിലേക്കു മാറ്റുന്നു. അങ്ങനെ ‘ക്വിറ്റ്’ അടിച്ചു പോകുന്നവർക്കുള്ള ഔദ്യോഗിക ദിനം വരെയുണ്ട്. ജനുവരിയിലെ രണ്ടാം വെള്ളിയാഴ്ചയാണ് ആ ‘ക്വിറ്റേഴ്സ് ഡേ’!
പുതുവർഷ പ്രതിജ്ഞകൾ ഇന്നും ഇന്നലെയും തുടങ്ങിയ പ്രതിഭാസമല്ല. നാലായിരം വർഷങ്ങൾക്കു മുൻപുള്ള ബാബിലോണിയക്കാർ വരെ അതിന്റെ ആശാൻമാരായിരുന്നു എന്നാണ് ചരിത്രം. അകിറ്റു എന്ന ആഘോഷത്തോട് അനുബന്ധിച്ചായിരുന്നു അവരുടെ ന്യൂഇയർ റെസല്യൂഷൻസ്. ‘കടങ്ങളെല്ലാം കണ്ടിപ്പാ വീട്ടും’ എന്നതായിരുന്നു അതിൽ പ്രധാനപ്പെട്ടത്. അന്നും ഇന്നും ‘ഹോമോ സാപ്പിയൻസ്’ ഒരു പോലെ തന്നെ അല്ലേ; പിറ്റേദിവസം തന്നെ പുതുവർഷ പ്രതിജ്ഞകൾ മായ്ക്കുന്നതും മറയ്ക്കുന്നതും നിശ്ചയമായും തുടങ്ങിയിട്ടുണ്ടാകും. അതിനു ‘ക്വിറ്റേഴ്സ് ഡേ’ എന്നൊക്കെ പേരു വീണത് ഈയടുത്ത കാലത്താണെന്നു മാത്രം!
പൂക്കുടയിലേക്കു പറന്നെത്തിയ ‘സോളമന്റെ തേനീച്ച’കളെപ്പോലെ ജിമ്മിലേക്കു പോയിരുന്ന പലരും ഈ ദിനമാവുമ്പോഴേക്കും പുതച്ചുമൂടി കിടക്കുന്നതു കാണാം. ദിനംപ്രതി 10000 അടി നടക്കുമെന്നു നിശ്ചയപ്പെടുത്തിയവരുടെ സ്മാർട്ട് വാച്ച് എണ്ണം പഠിച്ചു തുടങ്ങുന്ന കുട്ടിയെപ്പോലെയായിട്ടുണ്ടാകും. മൊബൈലിലെ സമൂഹ മാധ്യമ ആപ്പുകൾക്കു ലോക്കിട്ടവർ പൂട്ടുപൊളിച്ച് അകത്തുകടന്ന് പുറത്തേക്കുള്ള വഴി മറന്നു പോകും. ഒരു സിഗരറ്റ് പോലും വലിക്കില്ല എന്നു പറഞ്ഞവൻ പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത പുകവണ്ടി പോലെയാകും. കാർബോഹൈഡ്രേറ്റ് കുറയ്ക്കും എന്നു കുറിച്ചുവച്ചവർ കാറിലേറി കപ്പയും മീനും തേടി പോകും.

ഇതെല്ലാം നിഷ്കളങ്കരായവരുടെ കാര്യം. വിരുതൻമാർ പലരും ഇക്കാലയളവിൽ തങ്ങളുടെ പുതുവർഷപ്രമേയത്തിനു ഭേദഗതി വരുത്തിയിട്ടുണ്ടാകും. വർഷാവസാനമാവുമ്പോഴേക്കും ഡയറി ഇന്ത്യൻ ഭരണഘടന പോലെയാകും. ഭേദഗതിയോടു ഭേദഗതി! മാസാമാസം നാലു പുസ്തകം വായിക്കുമെന്നു പറഞ്ഞവനിപ്പോൾ ആഴ്ചതോറും ഒരു പുസ്തകമെഴുതുന്നു. കാരണം തിരക്കിയപ്പോൾ മറുപടി: ‘അതാണെളുപ്പം’!
പുതുവർഷ പ്രതിജ്ഞകൾ തെറ്റിക്കുന്ന കാര്യത്തിൽ ആൽഫയെന്നോ ബീറ്റയെന്നോ തോമയെന്നോ ജെൻസീയെന്നോ ആൻസിയെന്നോ തലമുറ ഭേദമില്ല. കടം വാങ്ങിയവനെ കണ്ടാൽ അമ്മാവൻ മിണ്ടാതെ നടക്കുകയാണെങ്കിൽ അനന്തിരവൻ വാട്സാപ്പിലെ ‘ലാസ്റ്റ് സീൻ’ ഓഫ് ആക്കിയിടുന്നു. അടുക്കളയിൽ കയറി അച്ചപ്പം കട്ടുതിന്നിരുന്നവരുടെ മക്കൾ ആർഭാടമായി റസ്റ്ററന്റിൽ പോയി അൽഫാം കഴിക്കുന്നു. ‘ചീറ്റ് മീൽ’ എന്നാണ് അതിനു പേര്. ആഴ്ചയിലൊരിക്കൽ എന്നാണു സങ്കൽപമെങ്കിലും അതു പിന്നെ ദിനംപ്രതിയായി മാറുന്നു. അവസാനം അനാഥരായിപ്പോയ ട്രെഡ്മില്ലും ഡംബലും ബാർബെലുമെല്ലാം ‘നിറം’ സിനിമയിൽ ശാലിനി കുഞ്ചാക്കോ ബോബനോടു പറയുന്ന പോലെ പറയും– യൂ ചീറ്റ്, യൂ ബ്ലഡി ചീറ്റ്!!