ദിവസം 5 മണിക്കൂറോളം വ്യായാമം, 25 ദിവസം കൊണ്ട് ഉണ്ണി മുകുന്ദനെ 'മാർക്കോ' ആക്കിയ കോച്ച്!

Mail This Article
മാർക്കോ എന്ന സിനിമ കണ്ടവർക്ക് (സിനിമ കണ്ടില്ലെങ്കിലും പോസ്റ്ററെങ്കിലും കണ്ടവർക്കും) ഉണ്ണി മുകുന്ദന്റെ ചോര പുരണ്ട രൂപം അത്ര പെട്ടെന്നു മറക്കാനാവില്ല. ഉരുക്കു ശരീരത്തിലെ മുറിപ്പാടുകളും സിക്സ് പാക്കിലൂടെ ഒലിച്ചിറങ്ങുന്ന ചോരത്തുള്ളികളും മാർക്കോ എന്ന കഥാപാത്രത്തിനു മറ്റൊരു മാനം നൽകി.
‘മാളികപ്പുറ’ത്തിൽ ഉണ്ണിയെ ദൈവവേഷത്തില്‍ കണ്ടു മറക്കുംമുന്നേ ചെകുത്താന്റെ രൂപത്തിലെത്തിയ മാർക്കോയ്ക്ക് ഇത്രയും സ്വീകാര്യത കിട്ടിയതിനു പിന്നിൽ മണിക്കൂറുകളോളം ജിമ്മിലൊഴുക്കിയ വിയർപ്പിന്റെ കഥയുണ്ട്. എപ്പോഴും ഫിറ്റ്നസിൽ ശ്രദ്ധിച്ചിരുന്ന ഉണ്ണിയെ മാർക്കോ എന്ന കരുത്തനായ കഥാപാത്രത്തിന്റെ ലുക്കിലേക്ക് മാറ്റിയെടുത്ത ഒരു കോച്ച് ഉണ്ട്. ഒപ്പം നിന്ന്, തിരുത്തിയും മെരുക്കിയും കൈപിടിച്ച് കഥാപാത്രത്തിലേക്ക് എത്തിച്ച ബിജോ ജോയ്. ഉണ്ണി മുകുന്ദൻ മാർക്കോ ആയ കഥ ഇനി ബിജോ പറയും.
മാർക്കോ ആകാൻ വെറും 25 ദിവസം
മാർക്കോ സിനിമയുടെ പ്രൊഡ്യൂസർ ഷെറീഫ് മുഹമ്മദിനെയാണ് സെലിബ്രിറ്റികളിൽ ആദ്യമായി ഞാൻ ട്രെയിൻ ചെയ്യിച്ചത്. ആ ബന്ധത്തിലാണ് മാർക്കോ സിനിമയ്ക്കു വേണ്ടി ഉണ്ണി മുകുന്ദനെ പരിശീലിപ്പിക്കാനുള്ള അവസരം കിട്ടിയത്. മൂന്നോ നാലോ മാസം ട്രെയിൻ ചെയ്ത ശേഷമാണ് ഉണ്ണി എന്റെ അടുത്തെത്തുന്നത്. ആവശ്യത്തിന് മസിലൊക്കെ ഉണ്ടായിരുന്നു, എന്നാൽ ഹാർഡ്നെസ് ഇനിയും വേണമായിരുന്നു. ശരീരത്തിൽ കൊഴുപ്പിന്റെ അളവും അൽപം കൂടുതലായിരുന്നു. മസിലുകൾ നന്നായി തെളിഞ്ഞു നിൽക്കണമെങ്കിൽ ഏകദേശം 7–10 ശതമാനം ഫാറ്റ് കുറച്ചാലേ പറ്റുമായിരുന്നുള്ളു. അപ്പോഴാണ് നല്ല ഭംഗിയിൽ ആബ്സ് മസിൽസും സിക്സ് പായ്ക്കുമൊക്കെ പ്രകടമാകൂ. ആ രീതിയിൽ ഉണ്ണിയുടെ ശരീരത്തെ മാറ്റിയെടുക്കുകയായിരുന്നു എന്റെ ലക്ഷ്യം

ബോഡി ബിൽഡിങ്, ഫിറ്റ്നസ് ഒക്കെ വളരെയധികം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഉണ്ണി. വളരെ ചെറിയ പ്രായത്തില്‍ത്തന്നെ ജിമ്മിൽ പോകാനും ശരീരം സംരക്ഷിക്കാനും തുടങ്ങിയിരുന്നു, അതിനു പ്രോത്സാഹിപ്പിച്ചത് അദ്ദേഹത്തിന്റെ അമ്മയാണെന്നാണ് ൃകേട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ഉണ്ണിയെ പരിശീലിപ്പിക്കാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. പറയുന്ന കാര്യങ്ങളെല്ലാം വളരെയധികം ആവേശത്തോടു കൂടി അതേപടി അനുസരിക്കുന്ന ഒരാളാണ് ഉണ്ണി. വളരെ ആസ്വദിച്ചാണ് ഞാൻ ഉണ്ണി മുകുന്ദനെ ട്രെയിൻ ചെയ്യിച്ചത്.

ദിവസവും രാവിലെയും വൈകിട്ടും രണ്ടു മുതൽ രണ്ടര വരെ മണിക്കൂർ വരെ ഉണ്ണിക്ക് ട്രെയിനിങ് ഉണ്ടായിരുന്നു. അങ്ങനെ പ്ലാൻ ചെയ്യുന്നതിന്റെ പ്രധാന കാരണം സമയക്കുറവ് ആയിരുന്നു. മാർക്കോയ്ക്ക് വേണ്ടുന്ന ഫോം എത്തിക്കാൻ 25 ദിവസത്തോളം മാത്രമേ സമയമുണ്ടായിരുന്നുള്ളു. എന്നുകരുതി ഈ രണ്ടര മണിക്കൂറും വെയിറ്റ് ട്രെയിനിങ് അല്ല ഉണ്ണി ചെയ്തിരുന്നത്. ഒന്നോ ഒന്നരയോ മണിക്കൂർ കാർഡിയോ വർക്ഔട്ടും ബാക്കിയുള്ള സമയം വെയിറ്റ് ഉപയോഗിച്ചുള്ള വർക്ഔട്ടുമാണ് ചെയ്തിരുന്നത്.

ഉണ്ണിയും ഹാപ്പി, ഞാനും ഹാപ്പി!
ഫിറ്റ്നസ്സിന്റെ കാര്യത്തിൽ ഡയറ്റ് വളരെ പ്രധാനമാണ്. ദിവസം 5 മുതൽ 6 തവണ വരെ ഭക്ഷണം കഴിക്കാമെന്നാണ് ഉണ്ണിയോട് നിർദേശിച്ചത്. എന്നാൽ കാർബോഹൈഡ്രേറ്റ് വളരെ കുറച്ചാണ് കൊടുത്തിരുന്നത്. ദിവസം 50 ഗ്രാം ഓട്സ്, ബാക്കിയെല്ലാം പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണം. ഒന്നോ രണ്ടോ നേരം ചിക്കനും ബാക്കിയുള്ള സമയങ്ങളിൽ പുഴുങ്ങിയ മുട്ടയുടെ വെള്ളയും ആണ് നിർദേശിച്ചത്. കൂടെ എനർജിക്കു വേണ്ടി കുറച്ച് ഡ്രൈ ഫ്രൂട്ട്സും സിട്രിക് ആസിഡ് അടങ്ങിയ ഓറഞ്ചു പോലുള്ള ഫ്രൂട്ട്സും കഴിച്ചിരുന്നു.
വ്യായാമവും ഭക്ഷണവും പോലെ വളരെ പ്രധാനപ്പെട്ടതാണ് ഉറക്കവും. ഏതൊരാളും 7–8 മണിക്കൂർ ഉറങ്ങുന്നതാണ് ആരോഗ്യത്തിന് നല്ലത്. എന്നാൽ ഉണ്ണിക്ക് അങ്ങനെയൊരു നിർദേശം കൊടുക്കേണ്ടി വന്നില്ല. കാരണം കാലങ്ങളായി അങ്ങനെയൊരു ഹെൽത്തി ലൈഫ്സ്റ്റൈൽ പിന്തുടരുന്ന ആളാണ് ഉണ്ണി മുകുന്ദൻ. ദുബായിൽ ഈ ട്രെയിനിങ്ങിന് വേണ്ടി മാത്രം വന്നതാണ് ഉണ്ണി. അതുകൊണ്ടുതന്നെ എല്ലാം വളരെ കൃത്യമായി ചെയ്തു.

എന്റെ അടുത്ത് വന്നപ്പോൾ ഉണ്ണിയ്ക്ക് ഉണ്ടായിരുന്ന ഭാരവും ട്രെയിനിങ് കഴിഞ്ഞപ്പോഴുള്ള ഭാരവും ഒന്നായിരുന്നു. ഫാറ്റ് പോയി, മസിൽസ് ഉണ്ടായി എന്നാണ് അതിന്റെ അർഥം. അക്കാര്യത്തിൽ ഉണ്ണിയും വളരെ സന്തോഷത്തിലായിരുന്നു. ദുബായിൽനിന്ന് ട്രെയിനിങ് കഴിഞ്ഞ് വന്നപ്പോള്‍, എത്ര കിലോ കുറഞ്ഞു എന്ന് ചോദിച്ചവരോട്, ഒരു കിലോ പോലും കുറയ്ക്കാതെ എന്റെ ട്രെയിനർ ഫാറ്റ് മാത്രം എടുത്തു കളഞ്ഞു എന്ന മറുപടിയാണ് ഉണ്ണി പറഞ്ഞതെന്ന് ഞാനറിഞ്ഞു. അത് എനിക്ക് ഒരുപാട് സന്തോഷമുണ്ടാക്കിയ കാര്യമാണ്.
ജിമ്മിലെത്തിയത് 15–ാം വയസ്സിൽ
10–ാം ക്ലാസ് കഴിഞ്ഞപ്പോഴേക്കും ജിമ്മിൽ പോയി തുടങ്ങിയ ആളാണ് ഞാൻ. 17ാം വയസ്സിൽ എംജി യൂണിവഴ്സിറ്റി പവർ ലിഫിറ്റിങ് മത്സരത്തിൽ വെങ്കലം കിട്ടി. അതായിരുന്നു തുടക്കം. 21–ാം വയസിലാണ് ആദ്യമായി പ്രഫഷനൽ മത്സരത്തിൽ പങ്കെടുക്കുന്നത്. അന്ന് മിസ്റ്റർ എറണാകുളം മത്സരത്തിൽ മൂന്നാം സ്ഥാനത്തെത്തി. കേരളത്തിലെ ധാരാളം ബോഡിബിൽഡിങ് ഷോകളിൽ പങ്കെടുത്തിരുന്നു. 90 കിലോ വിഭാഗത്തിൽ 2016 മുതൽ 3 തവണ ഗോൾഡ് മെഡൽ കരസ്ഥമാക്കി. കഴിഞ്ഞ ആറ് വർഷങ്ങളായി ദുബായിൽ ജോലി ചെയ്യുകയാണ്. ഇവിടെ എത്തിയതിനു ശേഷവും ഇഷ്ടപ്പെട്ട കാര്യം ചെയ്യുന്നതിൽ നിന്ന് മാറി നിന്നില്ല. ദുബായ് മസിൽ ഷോ, ദുബായ് ക്ലാസിക്, മിസ്റ്റർ അജ്മാൻ കോംപറ്റീഷൻ എന്നിവയിലെല്ലാം പങ്കെടുക്കുകയും ജയിക്കുകയും ചെയ്തു. ബോഡി ബിൽഡിങ് തന്നെയാണ് എന്റെ പ്രധാന ഹോബി. പിന്നെ ഇഷ്ടമുള്ളത് പാട്ടാണ്. പാടാനും, ഗിറ്റാർ, തബല തുടങ്ങിയ സംഗീതോപകരണങ്ങൾ വായിക്കാനും സമയം കണ്ടെത്താറുണ്ട്. മനസ്സിന്റെ സമാധാനത്തിനും സന്തോഷത്തിനും വേണ്ടിയാണ് അത് ചെയ്യുന്നത്.

കൂടുതല്‍ സമയവും ഡയറ്റിങ് ആയിരിക്കുന്നതിനാൽ ചിക്കനും ചോറും തന്നെയാണ് പ്രധാനഭക്ഷണം. എന്നാൽ ചോറിനൊപ്പം നല്ല മീൻകറിയൊക്കെ കിട്ടിയാൽ സന്തോഷം. എറണാകുളം പാലാരിവട്ടം സ്വദേശിയാണ് ഞാൻ. അപ്പനും അമ്മയും എട്ടാം ക്ലാസിൽ പഠിക്കുന്ന മകനുമാണ് കുടുംബം. നാട്ടിലായിരുന്നപ്പോൾ അയാട്ട ഇൻസ്ട്രക്ടറായിരുന്നു. അന്ന് സ്വന്തമായി ജിം നടത്തിയിരുന്നു.
ജിമ്മിൽ ആദ്യമായാണോ? ഇത് അറിയണം!
പുതുതായി ജിമ്മിൽ എത്തുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഏത് വ്യായാമവും കൃത്യമായ ഫോമിൽ ചെയ്താൽ മാത്രമേ ഗുണപ്പെടുകയുള്ളു. പരുക്കുകളില്ലാതെ വ്യായാമം ചെയ്യാൻ ഒരു പഴ്സനൽ ട്രെയിനർ സഹായിക്കും. ഇനി അതിനുള്ള സാഹചര്യമില്ലെങ്കിൽ, എല്ലാ ജിമ്മിലും ഒരു ജനറൽ ട്രെയിനർ ഉണ്ടാകും. അവരോട് കൃത്യമായി ചോദിച്ച് മനസ്സിലാക്കിയ ശേഷം വേണം വർക്ഔട്ട് ചെയ്യാൻ.
ഇന്നത്തെ കാലത്ത് സോഷ്യൽമീഡിയയിലൂടെ പരിശീലനം ലഭ്യമാണ്. യൂട്യൂബിനെ ഒരു കോച്ച് ആയി കണ്ടുകൊണ്ടാണ് പലരും ഇവ പിന്തുടരുന്നത്. എന്നാൽ ഓരോരുത്തർക്കും പല രീതിയിലാണ് ഈ വ്യായാമങ്ങളെന്ന് ആരും മനസ്സിലാക്കാറില്ല. തുടക്കക്കാരൻ ചെയ്യുന്ന വ്യായാമവും എക്സ്പർട്ട് ചെയ്യുന്ന വ്യായാമവും രണ്ട് രീതിയിലായിക്കും. അത് തിരിച്ചറിയാതെ ഇന്റർനെറ്റിൽ കണ്ട ഏതെങ്കിലും വ്യായാമങ്ങൾ ശീലിച്ചാൽ ഒരുപക്ഷേ പരുക്ക് മാത്രമായിരിക്കും ലഭിക്കുക. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ അറിവുള്ള വ്യക്തികളിൽ നിന്നു മാത്രം നിർദേശങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്.
ഒരു നല്ല ഡയറ്റ് ഫോളോ െചയ്യുക എന്നതും തുടക്കക്കാർ ശ്രദ്ധിക്കേണ്ടതാണ്. ഡയറ്റിനെക്കുറിച്ച് പറഞ്ഞു തരാൻ ഇൻസ്ട്രക്ടർക്ക് കഴിയും. പഴ്സനല്‍ ട്രെയിനർക്ക് തീർച്ചയായും ഒരു ഐഡിയ ഉണ്ടാകും. ഇതുരണ്ടും ഇല്ലെങ്കിൽ ഒരു ഡയറ്റീഷ്യനെ സമീപിക്കണം. കാരണം വർക്കൗട്ടിനേക്കാൾ പ്രാധാന്യം ഡയറ്റിനു തന്നെയാണ്. ഒരു ദിവസം പത്തു മണിക്കൂർ നിങ്ങൾ വർക്കൗട്ട് ചെയ്താലും കഴിക്കുന്ന ഭക്ഷണം ശരിയല്ലെങ്കിൽ ശരീരത്തിൽ അതിന്റെ ഫലം കാണില്ല.
ഒരുപാടുപേർ രാവിലെ നടക്കാൻ പോകും ചിലർ ബാഡ്മിന്റൻ കളിക്കും. അങ്ങനെ അൽപം കാർഡിയോ വർക്കൗട്ട് മാത്രം ഫോക്കസ് ചെയ്യുന്ന വ്യക്തികളുണ്ട്. ഇതെല്ലാം എയ്റോബിക് വിഭാഗത്തിൽ പെടുന്ന കാർഡിയോ വാസ്കുലാർ വ്യായാമങ്ങളാണ്. ഇതുമാത്രം ചെയ്തതു കൊണ്ട് മസിലിനുള്ള ഇംപ്രൂവ്മെന്റ് ഉണ്ടാകുന്നത് വളരെ കുറവാണ്. ദീര്‍ഘകാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കണമെങ്കിൽ മസിൽ മാസ് ആണ് നമുക്ക് കൂടുതലും വേണ്ടത്. 40 വയസ്സ് കഴിയുന്നതോടെ ജോയിന്റ് വേദനയും മറ്റു പ്രശ്നങ്ങളുമായി പലരും വരാറുണ്ട്. മസിൽ മാസ് കൂടുതലുണ്ടെങ്കിൽ ഈ പ്രശ്നങ്ങളൊക്കെ ഒഴിവാക്കാൻ പറ്റും. ഇങ്ങനെ നടക്കാനോ ജോഗിങ്ങിനോ ബാഡ്മിന്റൻ കളിക്കാനോ പോകുന്നവർ സ്ട്രെങ്ത് ട്രെയിനിങ് കൂടി ചെയ്യുന്നത് വളരെ നന്നായിരിക്കും. നഗരത്തിന്റെ പല ഭാഗത്തും വ്യായാമം ചെയ്യാനുള്ള മെഷീൻസ് കോർപറേഷൻ വച്ചിട്ടുണ്ട്. നടക്കാൻ പോകുന്ന ആൾക്കാര് ആ പോയിന്റിൽ എത്തുമ്പോൾ കുറച്ച് പുഷ്അപ്പുകളോ പുൾ അപ്പുകളോ ചെയ്യാൻ ശ്രമിക്കുക.