മടിയെ അടിച്ചോടിച്ചാൽ 65–ാം വയസ്സിലും കരാട്ടെ പഠിക്കാം

Mail This Article
പത്തറുപത് വയസ്സാകുമ്പോൾ അടിയും ഇടിയും നിർത്തി വീട്ടിൽ അടങ്ങിയിരിക്കുന്നതാകും നാട്ടിലെ ട്രെൻഡ് എങ്കിൽ തൃശൂർ പനമുക്കിലെ ത്രിപ്പേക്കുളം ടി.ജി.രാജൻ 65–ാം വയസ്സിലാണ് അടിയും തടയുമൊക്കെ പഠിക്കാനിറങ്ങിയത്. സിനിമയിലെ നായകനെപ്പോലെ അടിക്കാനും ഇടിക്കാനുമൊന്നുമല്ല ഈ കരാട്ടെ പഠനം; ഉള്ളിൽ കരുത്തനാകാനും പ്രായമാകുമ്പോൾ ശരീരത്തെ ആക്രമിക്കുന്ന രോഗങ്ങളെ അടിച്ചോടിക്കാനുമാണ്. ആഗ്രഹം ഭാര്യ ഗീതയോടും മക്കളായ മനീഷ, ഐശ്വര്യ, അനശ്വര എന്നിവരോടും പറഞ്ഞപ്പോൾ അവരും തലകുലുക്കിയതോടെ ക്ലാസിൽ പോയിത്തുടങ്ങി.
ക്ലാസ് മുടക്കാത്ത‘വിദ്യാർഥി’
ഒന്നര വർഷം മുൻപാണ് കരാട്ടെയിലെ ‘ഷോട്ടോകാൻ’ എന്ന സ്റ്റൈൽ പഠിക്കാൻ സെയ്യുകായ് എന്ന അക്കാദമിയിൽ എത്തിയത്. രണ്ടു മുട്ടിനും കൈ താങ്ങി, പാതി മനസ്സോടെയാണ് ക്ലാസിൽ പോയിത്തുടങ്ങിയത്. 3 വയസ്സുകാരൻ മുതൽ സഹപാഠികളായി ഉണ്ടായിരുന്നു. പരിശീലകരായ ഗിഫ്റ്റിയും സഞ്ജയ്‌യും പിന്തുണ നൽകിയതോടെ പാതി മനസ്സ് പൂർണമനസ്സായി. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ സിവിൽ എൻജിനീയറാണ് രാജൻ. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 5.30 മുതൽ 2 മണിക്കൂറാണ് പരിശീലനം. ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 5 മുതൽ 2 മണിക്കൂറും. ക്ലാസിൽ ചേർന്നതുമുതൽ ഒറ്റ ദിവസം പോലും മുടക്കാത്ത ഏക ശിഷ്യനാണ് രാജൻ എന്ന് പരിശീലകർ പറയുന്നു.
ബെൽറ്റിനൊപ്പം സ്വർണവും
ചുരുങ്ങിയ സമയത്തിനകം തന്നെ വൈറ്റ്, യെലോ, ഓറഞ്ച് ബെൽറ്റുകൾ പൂർത്തിയാക്കി. നിലവിൽ ഗ്രീൻ ബെൽറ്റാണ്. അടുത്ത ഘട്ടമായ ബ്ലൂ ബെൽറ്റിനുള്ള തയാറെടുപ്പും നടത്തുന്നു. 2 വർഷത്തിനകം കരാട്ടെക്കാരുടെ സ്വപ്നമായ ബ്ലാക്ക് ബെൽറ്റ് നേടുകയാണ് ലക്ഷ്യം. വ്യായാമത്തിനായി ചേർന്ന്, ഒന്നൊന്നായി ബെൽറ്റുകൾ നേടുന്നതിൽ തീരുന്നതല്ല രാജന്റെ കരാട്ടെ മോഹങ്ങൾ. ഓപ്പൺ നാഷനൽ കരാട്ടെ ചാംപ്യൻഷിപ്പിൽ 40 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ സ്വർണവും നേടി. ഇനിയും പഠിക്കാനും മത്സരിക്കാനുമുള്ള ഒരുക്കത്തിലാണ് ഈ ‘മിടുക്കൻ’.