ശരീരഭാരം കുറയ്ക്കണോ? കൊറിയൻ ആരോഗ്യരഹസ്യങ്ങൾ അറിയാം!

Mail This Article
കൊറിയയിലെ പ്രശസ്ത വ്യക്തിത്വങ്ങളെ ശ്രദ്ധിച്ചിട്ടില്ലേ. അമിത വണ്ണം തീരെയില്ലാത്ത ആരോഗ്യകരമായ ശരീരം ഉള്ളവരാണവർ. ചിട്ടയായ ഭക്ഷണരീതി, കഠിനവ്യായാമം, ചിട്ടയായ ജീവിതരീതി ഇതെല്ലാമാണ് അവരുടെ ഫിറ്റ്നെസിന്റെ രഹസ്യം. ആരോഗ്യകരമായ ഭക്ഷണക്രമം, പതിവായ വ്യായാമം, സ്ഥിരത ഇവയെല്ലാം കൊറിയക്കാരെ ശരീരഭാരം കുറയ്ക്കാനും ഫിറ്റ്നെസ് നിലനിർത്താനും സഹായിക്കും. ക്രാഷ് ഡയറ്റുകളൊന്നും അവർ പിന്തുടരുന്നില്ല എന്നതും ശ്രദ്ധേയമാണ്. കൊറിയൻ സീരീസുകൾക്കും ബാൻഡുകൾക്കുമെല്ലാം ഏറെ ആരാധകരുള്ള ഇക്കാലത്ത് എന്താണ് കൊറിയൻ ജനത്തിന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നറിയാനും ആളുകൾ ഏറെയുണ്ട്.
∙ സമീകൃതഭക്ഷണം
കൊറിയയിലെ താരങ്ങൾ കാലറി കൂടിയ ഭക്ഷണം വളരെ ചെറിയ അളവിൽ മാത്രമേ കഴിക്കൂ. പ്രോട്ടീൻ, പച്ചക്കറികൾ, മധുരക്കിഴങ്ങ് പോലുള്ള കോംപ്ലക്സ് കാർബോഹൈഡ്രേറ്റ് അവർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം അവർ ഒഴിവാക്കുന്നു. അതോടൊപ്പം ശരീരഭാരം കൂടാതിരിക്കാൻ കാലറി കുറഞ്ഞ ഭക്ഷണം ശീലമാക്കുന്നു.
∙ നേരത്തെ കഴിക്കാം
ഉറങ്ങുന്നതിനു മുമ്പ് ദഹനം ഉറപ്പാക്കാൻ കൊറിയയിലെ മിക്ക സെലിബ്രിറ്റികളുടെയും ദിനചര്യ ശ്രദ്ധിച്ചാൽ, അവർ രാത്രി ഏഴു മണിക്കു മുൻപേ അത്താഴം കഴിക്കും. സാലഡ്, സൂപ്പ്, ഗ്രിൽ ചെയ്ത പ്രോട്ടീൻ തുടങ്ങി ലഘുവായ ഭക്ഷണം ആവും കഴിക്കുന്നത്. അമിതമായി കാലറി ശരീരത്തിലെത്തുന്നത് ഒഴിവാക്കാനും രാത്രി വൈകി വിശക്കാതിരിക്കാനും ഇത് സഹായിക്കും.

∙ പ്രോട്ടീൻ കൂടിയ ഭക്ഷണം
പ്രോട്ടീൻ ധാരാളമടങ്ങിയ ചിക്കൻ ബ്രസ്റ്റ്, ടോഫു, മുട്ട തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതോടൊപ്പം കാർബ്സിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഊർജം നിലനിർത്തുന്നതോടൊപ്പം കൊഴുപ്പ് ഇല്ലാതാക്കാനും മസിൽ റിറ്റൻഷനും ഇത് സഹായിക്കുന്നു. വർക്കൗട്ട് സ്ഥിരമായി ചെയ്യാനും ദൈനംദിന പ്രവർത്തികൾ എളുപ്പമാക്കാനും ഈ ഭക്ഷണങ്ങൾ സഹായിക്കും.
∙ ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങ്
കൊറിയൻ സെലിബ്രിറ്റികളിൽ ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങ് പിന്തുടരുന്നവരേറെയാണ്. എട്ടു മണിക്കൂർ കാലയളവിൽ ഭക്ഷണം 16 മണിക്കൂർ ഉപവാസം (16:8) എന്നതാണ് കണക്ക്. ഇത് കൊഴുപ്പിനെ ഇല്ലാതാക്കാനും ക്ലെൻസിങ്ങിനും കഠിനമായ ഡയറ്റ് ഒന്നുമില്ലാതെ തന്നെ മെലിഞ്ഞ ശരീരം നിലനിർത്താനും സഹായിക്കുന്നു.
∙ ഡാൻസ് വർക്കൗട്ട്
നടീനടൻമാർക്ക് ഫിറ്റ്നെസ് നിലനിർത്തേണ്ടത് ആവശ്യമായതിനാൽ അവരുടെ ഡാൻസ് റിഹേഴ്സലുകൾ ഒരു ഫുൾബോഡി വർക്കൗട്ട് ആയി മാറുന്നു. ദിവസവും നൃത്തം ചെയ്യുന്നത് സ്റ്റാമിന വർധിപ്പിക്കുന്നതോടൊപ്പം കൊഴുപ്പിനെ ഇല്ലാതാക്കാനും പേശികളെ ടോൺ ചെയ്യാനും ഒപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

∙ ഒഴിവാക്കാം മധുരം
കൊറിയൻ സെലിബ്രിറ്റികൾ ജങ്ക് ഫുഡ്, പ്രോസസ് ചെയ്ത ലഘുഭക്ഷണങ്ങൾ, മധുരപാനീയങ്ങൾ ഇവ ഒഴിവാക്കുന്നു. ഇവയ്ക്കു പകരം പഴങ്ങൾ, പച്ചക്കറികൾ, നട്സ് ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. ഇത് ഊർജം നിലനിർത്താൻ സഹായിക്കുന്നു. ഒപ്പം അമിതമായി മധുരം കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ബ്ലോട്ടിങ്ങും (വയറു കമ്പിക്കൽ) അനാരോഗ്യകരമായി ശരീരഭാരം കൂടുന്നതും ഒഴിവാക്കാൻ സഹായിക്കുന്നു.
∙ യോഗ
കൊറിയൻ താരങ്ങൾ അവരുടെ ശരീരത്തിന്റെ ആകൃതി നിലനിർത്താന്‍ യോഗയും പിലാറ്റ്സും ചെയ്യാൻ ഇഷ്ടപ്പെടുന്നു. ഇത് വഴക്കം കൂട്ടുകയും ശരിയായ നില (posture) ഉണ്ടാക്കാൻ സഹായിക്കുകയും കോർ മസിലുകളുടെ നിർമാണത്തിനു സഹായിക്കുകയും ചെയ്യുന്നു. സന്ധികൾക്ക് അധികം സ്ട്രെസ്സ് കൊടുക്കാതെ മെലിഞ്ഞ ശരീരം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു.
∙ ഡീടോക്സ് ടീ
ഗ്രീൻ ടീ, ബാർലി ടീ, ഹെർബൽ ടീ തുടങ്ങിയ ഡീടോക്സ് ചായകൾ കുടിക്കാൻ കൊറിയൻ സെലിബ്രിറ്റികൾ ഇഷ്ടപ്പെടുന്നു. ഇവ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതോടൊപ്പം വിഷാംശങ്ങളെ നീക്കാനും അനാവശ്യമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കുന്നു. ശരീരഭാരം കൂടാതെ നിലനിർത്താനും ഇത് സഹായിക്കും.
∙ കാർഡിയോ
ഫാറ്റ് ലോസിനായി കൊറിയയിലെ പ്രശസ്തർ കാർഡിയോ വ്യായാമം ചെയ്യുന്നു. ഓട്ടം, സൈക്ലിങ്ങ്, ജമ്പിങ്ങ് റോപ്പ് തുടങ്ങിയവയാണ് അവർ ചെയ്യുന്നത്. വെയ്റ്റ് ലിഫ്റ്റിങ്ങ്, ബോഡിവെയ്റ്റ് എക്സർസൈസുകൾ തുടങ്ങിയ സ്ട്രെങ്ങ്ത് ട്രെയിനിങ്ങുകളും അവർ ചെയ്യുന്നു. ശരീരം ടോൺ ചെയ്യാൻ ഇവ സഹായിക്കുന്നു.
∙ സ്ഥിരതയും അച്ചടക്കവും
ശരീരഭാരം നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നത് സ്ഥിരതയാണ്. കൊറിയൻ സെലിബ്രിറ്റികൾ അവരുടെ ഭക്ഷണരീതിയും വ്യായാമവും ചിട്ടയോടു കൂടി പിന്തുടരുന്നു. താൽക്കാലിക മെച്ചത്തേക്കാൾ ദീർഘകാലത്തേക്ക് ഗുണങ്ങൾ ലഭിക്കാൻ ഇത് സഹായിക്കും. അനാരോഗ്യകരമായ ക്രാഷ് ഡയറ്റുകളൊന്നും ഇവർ പിന്തുടരുന്നില്ല എന്നതും ശ്രദ്ധേയമാണ്.