ADVERTISEMENT

നൂറ്റിയിരുപത് എന്നത് ആൽബർട്ട് ഗോൾഡനു വെറുമൊരു സംഖ്യയല്ല. നാലു വർഷം മുൻപ് ശരീരഭാരം നോക്കിയപ്പോൾ വെയിങ് മെഷിനീൽ തെളിഞ്ഞതാണ്. മൂപ്പത്തിയഞ്ചാം വയസ്സിൽ ശരീരഭാരം നൂറു കടന്നപ്പോഴാണ് ആരോഗ്യത്തെക്കുറിച്ച് ഗൗരവമായി ആൽബർട്ട് ചിന്തിച്ചുതുടങ്ങിത്. കാൽമുട്ടിലെ വേദനയും നടക്കുമ്പോഴുണ്ടാകുന്ന കിതപ്പുമെല്ലാമാണ് വൈദ്യപരിശോധനയ്ക്ക് പ്രേരിപ്പിച്ചത്. മൂന്നു വർഷത്തിനിപ്പുറം വൈദ്യപരിശോധനയ്ക്കു തീരുമാനിച്ച ആ നിമിഷത്തിനു നന്ദി പറയുകയാണ് ആൽബർട്ട്. രക്ത പരിശോധനയുടെ ഫലം വന്നപ്പോഴാണ് കാര്യങ്ങൾ കൈവിട്ടുപോകുമോ എന്ന ചിന്തയായത്. വ്യായാമത്തിനൊപ്പം ഡയറ്റും നിയന്ത്രിച്ചു ജീവിതശൈലി തന്നെ മാറ്റിയപ്പോൾ മൂന്നു വർഷം കൊണ്ട് കുറച്ചത് 33 കിലോ! 

70ൽ നിന്ന് 100ലേക്ക്
കോന്നി തെക്കുതോടു സ്വദേശിയായ ആൽബർട്ട് 2008ൽ ജോലിക്കായി ദുബായിലേക്കു വരുന്നത്. പ്രവാസജീവിതം തുടങ്ങിയപ്പോൾ ആൽബർട്ടിന്റെ ശരീരഭാരം എഴുപതു കടന്നിട്ടില്ലായിരുന്നു. ഒറ്റയ്ക്കുളള പ്രവാസജീവിതം തുടങ്ങിയതോടെയാണ് ഭക്ഷണകാര്യത്തിൽ ‘തിരിച്ചു കടിക്കാത്തതെന്തും കഴിക്കുമെന്ന’ നയം സ്വീകരിച്ചത്. ക്രമം തെറ്റിയ ഭക്ഷണസമയവും കഴിക്കുമ്പോൾ വലിയ അളവിൽ കഴിക്കുന്നതായിരുന്നു രീതി. നിയന്ത്രണങ്ങളില്ലാത്ത ഭക്ഷണരീതികൾ ശരീരഭാരം പതുക്കെ കൂട്ടുകയായിരുന്നു. സഹപ്രവർത്തകരിൽ ചിലർ ടാ തടിയാ... എന്നു വിളിക്കാൻ തുടങ്ങിയതും പ്രമേഹം ബോർഡർ ലൈനിലായതും ആരോഗ്യകാര്യത്തിൽ കുടുതൽ ശ്രദ്ധിക്കാൻ പ്രേരിപ്പിച്ചു. കൺസ്ട്രക‌്ഷൻ കമ്പനിയിൽ എൻവയൺമെന്റ് മാനേജരായി പ്രവർത്തിച്ചതു കൊണ്ട് വിവിധ വർക്ക് സൈറ്റുകളിൽ പോകേണ്ടതിനാൽ ധാരാളം യാത്രകൾ ചെയ്തിരുന്നു. വർക്ക് സൈറ്റിലൂടെയുള്ള നടത്തത്തിനിടെ ശരീരം നന്നായി വിയർക്കുന്നത് നല്ലൊരു വ്യായാമമാണെന്നു തെറ്റിദ്ധരിച്ചതും ഭക്ഷണം തോന്നിയതു പോലെ കഴിച്ചതും വിനിയായി. അങ്ങനെ ഒരു വർഷം കൊണ്ട് ശരീരഭാരം നൂറു കടന്നു. ശരീരഭാരം ക്രമാതീതമായി കൂടിയതോടെ വ്യായാമത്തിലേക്കു തിരിയാൻ ആൽബർട്ട് തീരുമാനിക്കുകയായികുന്നു. . 

വ്യായാമം മാത്രമല്ല ഡയറ്റും പ്രധാനം
ശരീരത്തിന്റെ മാറ്റം അറിയണമെങ്കിൽ ഗ്രൂപ്പ് ഫോട്ടോ എടുത്തുനോക്കിയാൽ മതിയെന്നാണ് ആൽബർട്ടിന്റെ പക്ഷം. ശരീരം മെലിഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്ന ആളുകളുടെ കൂടെ നിൽക്കുമ്പോളാണ് നമ്മുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു ചിന്തിക്കാൻ തോന്നുന്നത്. ചെറിയതായി കുടവയർ ചാടിയെന്നു കാണുമ്പോഴാണ് പലരും വ്യായാമം തുടങ്ങുന്നത്. ജിമ്മിൽ പോയി വർക്കൗട്ട് ചെയ്താൽ കുടവയറും അമിതവണ്ണവും കുറയുമെന്ന ചിന്തിക്കുന്നവരാണ് അധികവും. അമിതവണ്ണം കുറയ്ക്കാൻ വ്യായാമം മാത്രം പോരെന്നാണ് ആൽബർട്ടിന്റെ പക്ഷം. ഒാരോ വ്യക്തിക്കും അനുയോജ്യമായ രീതിയിൽ വ്യായാമവും ഭക്ഷണവും ക്രമീകരിക്കേണ്ടത് അനിവാര്യമാണ്. ഫിറ്റ്നസ് ട്രെയിനർ ആൾട്ടൺ ആന്റണിയാണ് ആൽബർട്ടിനായി വ്യായാമമുറകളും ഡയറ്റും ഒരുക്കിയത്. ആദ്യത്തെ മൂന്നു മാസം കാർഡിയോ എക്സർസൈസാണു ചെയ്തത്. ആദ്യ മാസം പിന്നിട്ടപ്പോൾ തന്നെ മൂന്നു കിലോ കുറഞ്ഞത് ആത്മവിശ്വാസമായി. ഡയറ്റ് കൃത്യമായി പാലിച്ചതുകൊണ്ട് പ്രകടമായ മാറ്റമുണ്ടായെന്ന് ഫിറ്റ്നസ് ട്രെയിനർ ആൾട്ടൺ ആന്റണിയും സാക്ഷ്യപ്പെടുത്തി.

രാവിലെ മാത്രമാണ് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത്. പ്രാതലിന് ഒാട്സ്, ബ്രഡ്, ആറു കോഴിമുട്ടയുടെ വെളള എന്നിവ കഴിക്കും. സാലഡ്, ചിക്കൻ ബ്രസ്റ്റ്, മീൻ എന്നിവയാണ് ഉച്ചത്തേക്കും അത്താഴത്തിനും കഴിക്കുന്നത്. ദിവസവും മൂന്നര ലീറ്റർ വെള്ളം കുടിക്കാറുണ്ട്. വ്യായാമംകൊണ്ടു മാത്രം ശരീരം ഫിറ്റാകുമെന്നു കരുതിയാൽ തെറ്റാണ്. വ്യായാമത്തോടൊപ്പം നല്ല ഉറക്കവും ആരോഗ്യത്തോടെയിരിക്കാൻ അനിവാര്യമാണ്. ആറു മണിക്കൂർ കൃത്യമായി ഉറങ്ങാൻ മാറ്റിവയ്ക്കും. ജീവിതചര്യയ്ക്കു മാറ്റം വന്നതോടെ ശരീരഭാരം 120 കിലോയിൽനിന്ന് 87 കിലോയിലേക്ക് കുറച്ചുകൊണ്ടുവരാനും കഴിഞ്ഞ മൂന്നു വർഷമായി സാധിച്ചു. ജിമ്മിൽ ചേരുമ്പോൾ പാന്റിന്റെ വെയിസ്റ്റ് സൈസ് 40 ആയിരുന്നെങ്കിൽ വണ്ണം കുറഞ്ഞതോടെ അത് 34 ആയി.

albert-golden-fitness-trainer-alton-antony
ഫിറ്റ്നസ്സ് ട്രെയിനറിനൊപ്പം ആൽബർട്ട് ഗോൾഡൻ

ഫിറ്റ്നസ് ട്രെയിനറിനു പറയാനുള്ളത്
നൂറ്റിയിരുപതു കിലോ ശരീരഭാരവുമായി തന്റെ മുൻപിലെത്തിയ ആൽബർട്ടിനെ ആദ്യമായി കണ്ട നിമിഷം ഫിറ്റ്നസ് ട്രെയിനർ ആൾട്ടൻ ആന്റണിക്ക് ഒാർമയുണ്ട്. പലരും എത്രയും പെട്ടെന്ന് തടി കുറയുമോ എന്നു ചോദിക്കുമ്പോൾ കൃത്യമായ വർക്കൗട്ട് പ്ലാനിലൂടെ ശരീരഭാരം കുറയ്ക്കാൻ ആൽബർട്ട് തയാറായിരുന്നു. മിതമായ രീതിയിൽ തുടങ്ങിയ വ്യായാമത്തിന് ആൽബർട്ടിന്റെ ശരീരം വഴങ്ങിയതോടെ ശരീരഭാരം ആരോഗ്യകരമായി കുറയ്ക്കാൻ സാധിച്ചു. ഭാരം നൂറിനു താഴെ എത്തിയപ്പോൾ തന്നെ ആൽബർട്ടിന്റെ ആത്മവിശ്വാസം കൂടി. ആദ്യ ആറു സെഷനുകളിലെ വ്യായാമമുറകൾ കഠിനമായിരുന്നെങ്കിലും ക്ഷമയോടെ ചെയ്തു. ശരീരഭാരം കുറയ്ക്കുന്നതിനെക്കാളും ആരോഗ്യമുള്ള ജീവിതശൈലി പാലിക്കാനാണ് മുൻഗണന നൽകിയത്. ഫങ്ഷനൽ ഹൈ ഇന്റൻസിറ്റി വ്യായാമമുറകളിനോടൊപ്പം വെയിറ്റ് ട്രെയിനിങ്ങും കാർഡിയോവാസ്ക്കൂലാർ വ്യായാമമുറകളും ചേർന്നൊരു ഫിറ്റ്നസ് പ്ലാൻ ആരോഗ്യകരമായ ജീവിതത്തിലേക്കു മടങ്ങാൻ ആൽബർട്ടിനെ സഹായിച്ചു. രണ്ടു വർഷങ്ങൾക്കു മുൻപ് സൗദിയിലേക്ക് ജോലി മാറി പോയിട്ടും ആൽബർട്ട് ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച വരുത്തിയിട്ടില്ല. 

കുടുംബത്തിന്റെ പിന്തുണ പ്രധാനം
വ്യായാമത്തിനൊപ്പം കൃത്യമായ ഡയറ്റും പാലിക്കാൻ കുടുംബത്തിന്റെ പിന്തുണ പ്രധാനമാണ്. ഡയറ്റ്പ്ലാനിന് അനുസരിച്ച് ഭക്ഷണം പാചകം ചെയ്യുന്നത് പ്രധാനമാണ്. ഫിറ്റ്നസിലേക്കുള്ള ആൽബർട്ടിന്റെ യാത്രയ്ക്ക് തുണയായത് ഭാര്യ റീനയുടെ ക്ഷമയാണെന്നാണ് ആൽബർട്ട് പറയുന്നു. ഫിറ്റ്നസിനെക്കുറിച്ച് അറിവുള്ള പങ്കാളിയാണെങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. ആൽബർട്ടിന്റെ ശരീരത്തിനു വന്ന മാറ്റം കുടുംബാംഗങ്ങളുടെ ആരോഗ്യ കാഴ്ചപ്പാടിലും മാറ്റങ്ങൾ വരുത്തി. പുറമേനിന്ന് ഭക്ഷണം ധാരാളമായി കഴിച്ചിരുന്നത് കുറയുകയും പാചകരീതികളിൽ ആരോഗ്യകരമായ മാറ്റം കൊണ്ടുവന്നു. മധൂരത്തോട് അകലം പാലിക്കുന്ന ആൽബർട്ട് കേക്ക് കഴിക്കുന്നത് വർഷത്തിലൊരിക്കൽ മകൾ മറിയത്തിന്റെ പിറന്നാളിനു മാത്രം. 
പ്രിയ വായനക്കാരേ, ശരീരഭാരം കുറച്ച് ആരോഗ്യം തിരികെപ്പിടിച്ച അനുഭവം നിങ്ങൾക്കുമുണ്ടോ? നിങ്ങളുടെ ഫോട്ടോ, മൊബൈൽ നമ്പർ എന്നിവ സഹിതം 9846061027 എന്ന നമ്പറിലേക്ക് അയയ്ക്കുക. തിരഞ്ഞെടുത്ത അനുഭവക്കുറിപ്പുകൾ പ്രസദ്ധീകരിക്കും.

English Summary:

Weight Loss Success Story: How Diet, Exercise, & Family Support Helped This Man Shed 33kg

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com