ചൂടുകാലത്തെ ഈ തെറ്റുകൾ ശരീരഭാരം ഒറ്റയടിക്ക് കൂട്ടും; ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

Mail This Article
ചൂടുകാലത്ത് ഡയറ്റ് എത്രത്തോളം നന്നായി കൊണ്ടുപോകാൻ കഴിയും? പലർക്കും നല്ല രീതിയിൽ പൊയ്ക്കൊണ്ടിരുന്ന ഡയറ്റ് കൈവിട്ടുപോകുന്നത് വേനൽകാലത്താണ്. ഈ തെറ്റുകൾ നിങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ സൂക്ഷിക്കണം, കുറഞ്ഞ ഭാരം ഒറ്റയടിക്ക് കൂടും.
പുറത്ത് ചൂട് കൂടുന്നതിനനുസരിച്ച് അറിഞ്ഞോ അറിയാതെയോ നമ്മുടെ ഭക്ഷണശീലങ്ങളിലും പല മാറ്റങ്ങളും സംഭവിക്കും. ഈ സമയത്ത് ശരീരത്തിന് ആരോഗ്യത്തോടെയിരിക്കാൻ ധാരാളം പോഷകങ്ങൾ ആവശ്യമാണ്, ഒപ്പം വെള്ളവും. ഇല്ലെങ്കിൽ നിർജലീകരണം കാരണം ആകെ വാടിക്കുഴഞ്ഞിരിക്കാനേ കഴിയൂ. പിന്നെ ക്ഷീണവും തലകറക്കവുമൊക്കയായി ആകെ ബുദ്ധിമുട്ട്. ഈ അവസ്ഥ ഒഴിവാക്കാനും ഡയറ്റ് കൃത്യമായി പിന്തുടരാനും ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
മധുരപാനീയങ്ങളുടെ കൂടിയ അളവ്
പുറത്തിറങ്ങുമ്പഴേക്കും ചൂട് കാരണം ദാഹം തുടങ്ങും. ആദ്യം കാണുന്ന കടയിൽ കയറി ജ്യൂസ് അല്ലെങ്കിൽ ഷേക്ക് കുടിക്കുകയാവും പലരും ചെയ്യുക. അവയിൽ സ്വാഭാവികമായും ധാരാളം മധുരവും കൃത്രിമ നിറങ്ങളും ഫ്ലേവറുകളും ചേർത്തിട്ടുണ്ടാവും. ആരോഗ്യം മെച്ചപ്പെടുത്തുന്ന തരത്തിലെ ഗുണങ്ങളുമില്ല, കാലറി വളരെ കൂടുതലുമായിരിക്കും. വേനലിൽ ആരോഗ്യഗുണങ്ങളുള്ള തേങ്ങാവെള്ളം, മോര്, നാരങ്ങവെള്ളം, മധുരം കുറഞ്ഞ സർബത്ത് എന്നിവ കുടിക്കാവുന്നത് നല്ലതാണ്.

ഭക്ഷണം 'ഹെവി' ആവുക
ചൂടുകാലത്ത് ദഹനസംവിധാനം പതിയെയാവും പ്രവർത്തിക്കുക. ആ സമയത്ത് വയറു നിറയെ ഭക്ഷണം കഴിക്കുന്നത് ദഹനക്കേടിനും വയറുകമ്പിക്കലിനും കാരണമാകും. ശരീരഭാരം കുറയാൻ ഈ അവസ്ഥ തീരെ സഹായകമാവില്ല. ചെറിയ അളവിൽ, ദഹിക്കാൻ എളുപ്പമുള്ള ആഹാരം കഴിക്കുന്നതാണ് നല്ലത്. ഒരു ദിവസത്തെ ആകെ മൊത്തത്തിലുള്ള കാലറി നിയന്ത്രിക്കാനും ഈ ശീലം സഹായകമാവും.
പോഷകത്തെ അവഗണിക്കുക
ചൂട് കാരണം ആകെമൊത്തത്തില്‍ നമുക്ക് അസ്വസ്ഥതയായിരിക്കും. ആ സമയത്ത് ഭക്ഷണം പാകം ചെയ്യാനോ ചൂടും പുകയുമുള്ള അടുക്കളയിൽ ഏറെ നേരം ചെലവഴിക്കാനോ സാധിക്കണമെന്നില്ല. പെട്ടെന്ന് പാകം ചെയ്യാവുന്ന ഇൻസ്റ്റന്റ് ഭക്ഷണങ്ങളോ, പുറത്തു നിന്നുള്ള പ്രൊസസ്ഡ് ഭക്ഷണങ്ങളോ ആവും കൂടുതലും കഴിക്കുക. ഇതിൽ കാലറി കൂടുതലായിരിക്കും. അതേസമയം ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പഴങ്ങൾ, വിവിധതരം പച്ചക്കറികൾ എന്നിവ അവഗണിക്കാനുള്ള സാധ്യത കൂടുതലാണ്. ആ തെറ്റ് ഒഴിവാക്കുന്നത് ഫിറ്റ്നസ് സംരക്ഷിക്കുന്നതിൽ സഹായകമാവും. പോഷകസമ്പന്നമായ ബാലൻസ്ഡ് ഡയറ്റ് ഫോളോ ചെയ്യുന്നതാണ് എപ്പോഴും നല്ലത്.

വെള്ളം കുടിക്കാതിരിക്കുക
ചിലർക്ക് ചൂടായാലും തണുപ്പായാലും വെള്ളം കുടിക്കാൻ വലിയ ബുദ്ധമുട്ടാണ്. വേനലിൽ വെള്ളം കുടിക്കാതിരിക്കുന്നത് ഏറെ ദോഷം ചെയ്യും. നിർജലീകരണം ഏറെ രോഗങ്ങളെ വിളിച്ചുവരുത്തുകയും ചെയ്യും. പുറത്തു പോകുമ്പോൾ കയ്യിൽ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലതാണ്. ശാരീരകാധ്വാനം ഏറെയുള്ള ജോലി ചെയ്യുന്നവരും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
തണുത്ത ആഹാരങ്ങളുടെ അമിത ഉപയോഗം
ചൂട് സമയാത്താണല്ലോ നമ്മള്‍ കൂടുതലും തണുത്ത ആഹാരത്തെ ആശ്രയിക്കുന്നത്. ആകെ ചൂടെടുത്ത് വിയർത്തുകുളിച്ച് നിൽക്കുമ്പോൾ ഒരു ഐസ്ക്രീമോ, ഫലൂഡയോ ഒക്കെ കഴിക്കുന്നത് വലിയ ആശ്വാസമായിരിക്കും. പക്ഷേ അതിലെ കാലറിയുടെ കാര്യം പറയാനുണ്ടോ? മധുരവും കൂടുതൽ. ശരീരത്തിനു കുളിരേകും എന്നതിനെക്കാൾ മറ്റൊരു ഗുണവും കിട്ടാനുമില്ല. വല്ലപ്പോഴും ഇതൊക്കെ കഴിക്കുന്നത് പ്രശ്നമില്ലെങ്കിലും പരമാവധി ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. പഴങ്ങൾക്കും പ്രാധാന്യം കൊടുക്കാം.
മേൽപറഞ്ഞ തെറ്റുകൾ ഒഴിവാക്കിയാൽ വേനലിലും ശരീരത്തിന്റെ ആരോഗ്യം നിലനിർത്തിക്കൊണ്ട് ഭാരം കുറയ്ക്കാൻ കഴിയും.