Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാസ്ത കഴിച്ചാൽ ശരീരഭാരം കുറയുമോ?

pasta

ഇറ്റാലിയൻ പാചകരീതിയിലെ മുഖ്യാഹാരമാണ് പാസ്ത. എല്ലാവർക്കും ഒരുപോലെ ഇഷ്ടമാണെങ്കിലും ഭക്ഷണനിയന്ത്രണം ശീലമാക്കിയവർ പാസ്തയെ ചീസ്, ബര്‍ഗർ ഇവയെയൊക്കെപ്പോലെ അകറ്റിനിർത്തുകയാണ് പതിവ്. പാസ്തയിൽ അന്നജം ധാരാളം അടങ്ങിയതിനാലാണ് ഡയറ്റിങ് പിന്തുടരുന്നവർ പാസ്തയെ തിരിഞ്ഞു പോലും നോക്കാത്തത്.

എന്നാൽ കാനഡ ടെറൊന്റോ സെന്റ് മൈക്കിൾസ് ഹോസ്പിറ്റലിലെ ഒരു സംഘം ഗവേഷകർ പാസ്തയുടെ ഈ ചീത്തപ്പേര് മാറ്റി എങ്ങനെയെന്നല്ലേ? അവർ നടത്തിയ ഒരു പഠനത്തിൽ ഗോതമ്പിലുണ്ടാക്കിയ പാസ്ത ശരീരഭാരം കൂട്ടില്ല എന്നു മാത്രമല്ല, ശരീരഭാരം കുറയ്ക്കാൻ സഹായിക്കും എന്നും തെളിയിച്ചു.

2500 പേരിൽ നടത്തിയ പഠനത്തിൽ, ആഴ്ചയിൽ മൂന്നു തവണ പാസ്ത കഴിച്ചവരിൽ 12 ആഴ്ച കൊണ്ട് അരകിലോ ശരീരഭാരം കുറഞ്ഞു. ഇവരിൽ ഏതാണ്ട് മുപ്പതോളം പരിശോധനകൾ നടത്തി. ആരോഗ്യകരമായ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണരീതിയുടെ ഭാഗമായി അന്നജം അടങ്ങിയ മറ്റു ഭക്ഷണങ്ങൾക്കു പകരം പാസ്ത മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തി.

ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം ഇവയുടെ സാധ്യതയെ കുറയ്ക്കുന്നതോടൊപ്പം ശരീരഭാരം രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കാൻ പാസ്ത സഹായിക്കുമെന്ന് ബിഎംജെ ഓപ്പൺ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

പാസ്ത ശരീരഭാരമോ ശരീരത്തിലെ കൊഴുപ്പിന്റെ അളവോ കൂട്ടില്ലെന്നു പഠനത്തിനു നേതൃത്വം നൽകിയ ഡോ. സീവൻപെപ്പർ പറയുന്നു. വളരെ കുറഞ്ഞ അളവിലേ ശരീരഭാരം കുറഞ്ഞുള്ളൂ എങ്കിലും പാസ്തയെ ആരോഗ്യ ഭക്ഷണങ്ങളിൽപ്പെടുത്താം എന്നാണ് ഗവേഷകർ വാദിക്കുന്നത്. മറ്റ് റിഫൈൻഡ് കാർബോഹൈഡ്രേറ്റുകളെക്കാൾ ഗ്ലൈസെമിക് ഇൻഡെക്സ് വളരെയധികം കുറഞ്ഞ ഭക്ഷണമാണ് പാസ്ത.

ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണം പെട്ടെന്ന് വിശക്കാതിരിക്കാൻ സഹായിക്കുന്നവയും കുറഞ്ഞ കാലറി അടങ്ങിയവയുമാണ്. എന്തായാലും പാസ്ത കാണുമ്പോൾ അയ്യോ വണ്ണം കൂടിയാലോ…. വേണ്ട എന്നു പറയേണ്ട എന്നു ചുരുക്കം.

Read More : Fitness Magazine