Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിതവണ്ണം വ്യക്തിയുടെ കുറവോ?

obesity

ലോകാരോഗ്യസംഘടന പോലും അമിതവണ്ണത്തെ ആരോഗ്യപ്രശ്നമായി കാണുമ്പോൾ അമിതവണ്ണത്തോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിനു വലിയ മാറ്റമൊന്നുമില്ല. അമിതവണ്ണം വ്യക്തിയുടെ കഴിവുകേടായും സ്വഭാവ വൈകല്യമായും വിലയിരുത്തുകയാണ് പതിവ്. ആരോഗ്യമുള്ള വ്യക്തികൾ അനായാസം ചെയ്യുന്ന കാര്യങ്ങൾ അമിതവണ്ണമുള്ളവർക്കു പ്രയാസമാകുന്നത് സ്വാഭാവികമാണ്. കുറ്റപ്പെടുത്തലുകളും കളിയാക്കലും ആവർത്തിക്കുമ്പോൾ അമിതവണ്ണമുള്ളവർ മാനസികവും ശാരീരികവുമായി തളരും.

ഭക്ഷണം നിയന്ത്രിച്ചാൽ വണ്ണം കുറയുമെന്നു കരുതി ചിലർ പട്ടിണി കിടന്ന് ആരോഗ്യം വഷളാക്കുന്നു. ഇച്ഛാശക്തിയില്ലാത്തതു കൊണ്ടാണ് അമിതവണ്ണം നിയന്ത്രിക്കാൻ കഴിയാത്തതെന്നു കരുതുന്നവരും കുറവല്ല. എത്ര ശ്രമിച്ചിട്ടും വണ്ണം കുറയ്ക്കാൻ കഴിയുന്നില്ലെന്നു പറയുന്നവർ തങ്ങളുടെ ഭക്ഷണരീതിയെക്കുറിച്ച് ഒട്ടും ബോധവാന്മാരല്ല. അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആരോഗ്യകരമായ ഭക്ഷണരീതികളോടൊപ്പം ജീവിതശൈലിയും മാറ്റുവാൻ തയാറാകണം. അനാരോഗ്യകരമായ ഭക്ഷണരീതികൾ ശീലിച്ചിട്ട് ജിമ്മിൽ പോയി വ്യായാമം ചെയ്ത് വണ്ണം കുറയ്ക്കാമെന്നു ചിന്തിക്കുന്നവരുണ്ട്. എന്നാൽ, മോശം ഭക്ഷണരീതികളിലൂടെ നേടിയ അമിതവണ്ണത്തെ ഒാടി തോൽപ്പിനാകില്ല.

ജീവിതശൈലീരോഗങ്ങളാൽ വലയുന്ന ബാല്യം
ഈ നൂറ്റാണ്ട് അഭിമുഖീകരിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നമായി മാറുകയാണ് കുട്ടികളിലെ അമിതവണ്ണം. അമേരിക്ക പോലെ വികസിതരാജ്യങ്ങളാണ് ഇതുവരെ കുട്ടികളുടെ ആരോഗ്യത്തെച്ചൊല്ലി ആശങ്കപ്പെട്ടതെങ്കിൽ ഇന്ത്യയെപ്പോലെ സാമ്പത്തികമായി വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളെ ഇപ്പോൾ അലട്ടുന്ന ആരോഗ്യപ്രശ്‌നമാണിത്. അമിതവണ്ണക്കാരാകുന്ന കുട്ടികളുടെ എണ്ണം അപകടകരമായ തോതിലാണ് വർധിക്കുന്നതെന്നും ഇത് ആഗോള പ്രശ്‌നമാണെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പു നൽകുന്നു. 

ശരീരഭാരം അനാരോഗ്യകരമായി കൂടിയ അവസ്‌ഥയാണ് അമിതവണ്ണം അഥവാ ഒബീസിറ്റി. കൂടുതൽ ശരീരഭാരമെന്നാൽ അസ്വാഭാവികമായ തോതിൽ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പു തന്നെയാണ്. ഇതോടൊപ്പം മറ്റു രോഗങ്ങളും കുട്ടികളെ കാത്തിരിക്കുന്നു. പ്രമേഹം, രക്‌തസമ്മർദം, ഹൃദ്രോഗം എന്നിവ പിന്നാലെയെത്തും. ഇത്തരം കുട്ടികളിൽ വൈറ്റമിൻ ഡിയുടെ കുറവുണ്ടാകാറുണ്ട്. ഇതുമൂലം എല്ലുകൾ പെട്ടെന്നു പൊട്ടാനുള്ള സാധ്യതയുണ്ട്. അമിതഭാരമുള്ള കുട്ടികളുടെ കഴുത്തിനുപിന്നിൽ കറുത്ത പാടു കാണും. ഇൻസുലിൻ പ്രതിരോധത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. ഇത്തരക്കാർക്ക് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യതയുമുണ്ട്. അമിതവണ്ണമുള്ള കുട്ടികൾ മുതിരുമ്പോഴും ഈ അവസ്‌ഥയിൽത്തന്നെ തുടരുന്നതായാണു കാണുന്നത്. അരക്കെട്ടിനു വണ്ണക്കൂടുതലുള്ള പെൺകുട്ടികളിൽ ഇത് സന്താനോൽപാദനശേഷിയെ ബാധിക്കുന്നതിനൊപ്പം പൊളിസിസ്‌റ്റിക് ഓവേറിയൻ കാൻസറിനുള്ള സാധ്യതയും വർധിക്കുന്നു.‌

വിവരങ്ങൾക്ക് കടപ്പാട് : ഗ്രിന്റോ ഡേവി ചിറകെക്കാരൻ, ഫിസിയോതെറാപ്പിസ്റ്റ്, ക്ലിനിക്കൽ നുട്രീഷനിസ്റ്റ്,  എസ്കാസോ – ബോഡി ആൻഡ് ബിയോണ്ട്, തൃശൂർ

Read More : Fitness Magazine