അമിതവണ്ണം കുറയ്ക്കാൻ ചികിൽസയില്ലേ?

തലക്കെട്ടു വായിച്ചിട്ട് മനസ്സിൽ സംശയം തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല. മരുന്നോ മെഷിനോ കൊണ്ട് അമിതഭാരം കുറയ്ക്കുക സാധ്യമല്ല. ന്യൂറോ മസ്കുലാർ സ്റ്റിമുലേഷൻസ് എന്ന പ്രോഗ്രാം കേൾക്കുമ്പോൾ അമിതവണ്ണത്തെ മെഷീനുകളുടെ സഹായത്തോടെ കുറയ്ക്കാമെന്നു കരുതുന്നവർ വളരെയാണ്. ജിമ്മിൽ പോയി അമിതമായി വ്യായാമം ചെയ്തിട്ട് വണ്ണം കുറയുന്നില്ലെന്ന് പരാതി പറയുന്നവരും കുറവല്ല. പോഷകഗുണമുള്ള ഭക്ഷണം ശരിയായ അളവിൽ ശരിയായ സമയത്ത് കഴിച്ച് അമിതവണ്ണം നിയന്ത്രിക്കുകയാണുത്തമം. ചുരുക്കിപ്പറഞ്ഞാൽ, മോശം ഭക്ഷണത്തെ ഒാടി തോൽപ്പിക്കാനാവില്ല. 

അമിതവണ്ണം മനഃസമാധാനം കവരുമ്പോൾ?

പാരമ്പര്യമായി കിട്ടിയ തടിയാണിതെന്ന് ചിലർ അഭിമാനത്തോടെ പറയുന്നത് കേട്ടിട്ടില്ലേ? അമിതവണ്ണത്തിന്റെ കാര്യത്തിൽ ജനിതക ഘടനയ്ക്ക് വലിയ കാര്യമില്ലെന്നാണ് പല പഠനങ്ങളും തെളിയിക്കുന്നത്. ശരീരത്തിന്റെ ഏതു ഭാഗത്താണ് വണ്ണംവയ്ക്കുന്നതെന്നാണ് ശ്രദ്ധിക്കേണ്ടത്. ശരീരം തടിക്കുന്നതിനെക്കുറിച്ച് രണ്ട് അഭിപ്രായങ്ങൾ ആളുകൾ പറയാറുണ്ട്- ഞാനെന്തു കഴിച്ചാലും വണ്ണംവയ്ക്കുമെന്നും ഞാനെന്തു കഴിച്ചാലും ശരീരത്തിൽ പിടിക്കില്ലെന്നും ! ശരീരത്തിൽ ഇൻസുലിൻ ഹോർമോണുകൾ എവിടെ പ്രവർത്തിക്കുന്നുവെന്നതിനെ അനുസരിച്ചാണ് വണ്ണത്തിന്റെയും മെലിയലിന്റെയും രസതന്ത്രം. ഇൻസുലിൻ പ്രവർത്തിക്കുന്നത് മസിൽ ടിഷ്യുവിലാണെങ്കിൽ എത്ര കഴിച്ചാലും വണ്ണംവയ്ക്കില്ല. ഇൻസുലിൻ പ്രവർത്തനം ഫാറ്റ് സെല്ലുകളിലാണെങ്കിൽ അൽപം കഴിച്ചാലും വണ്ണം വയ്ക്കും. അങ്ങനെയുള്ളവർക്ക് പ്രമേഹം പിടിപെടാനുള്ള സാധ്യത ഇരട്ടിയാണ്. 

വിസറൽ ഫാറ്റാണ് വില്ലൻ

ആകാരവടിവിനെയും അമിതവണ്ണത്തെയുംകുറിച്ച് ഏറ്റവും വേവലാതിപ്പെടുന്നത് സ്ത്രീകളാണ്. പ്രായമേറും തോറും ശരീരത്തിൽ വരുന്ന ചെറിയ മാറ്റം പോലും സ്ത്രീകളെ അസ്വസ്ഥരാക്കും. പുരുഷന്മാർക്ക് ഉദരത്തിനു ചുറ്റും കൊഴുപ്പ് അടിയുമ്പോൾ ശരീരം 'നന്നായി'യെന്ന് കുരുതന്നവരാണ് അധികം പേരും. അധികമാരും ശ്രദ്ധിക്കാത്ത ഒരു ഘടകമാണ് വിസറൽ ഫാറ്റ് അഥവാ വിസറൽ ഒബീസിറ്റി. ഉദരാന്തർഭാഗത്ത് (അബ്ഡോമിനൽ ക്യാവിറ്റി) അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്. കരൾ, കുടൽ, പാൻക്രിയാസ് തുടങ്ങിയ ആന്തരാവയവങ്ങളെ കൊഴുപ്പ് വലയം ചെയ്യും. എൺപത് ശതമാനം പേർക്കും ജീവിതശൈലീരോഗങ്ങൾ സമ്മാനിക്കുന്നതിന്റെ 'ഏജന്റ്ാ'ണ് വിസറൽ ഫാറ്റ്.

വിവരങ്ങൾക്ക് കടപ്പാട് : ഗ്രിന്റോ ഡേവി ചിറകെക്കാരൻ, ഫിസിയോതെറാപ്പിസ്റ്റ്, ക്ലിനിക്കൽ നുട്രീഷനിസ്റ്റ്,  എസ്കാസോ – ബോഡി ആൻഡ് ബിയോണ്ട്, തൃശൂർ

Read More : Health and Fitness