Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിമ്മില്‍ പോകുന്നതൊക്കെ നല്ലതു തന്നെ; പക്ഷേ ഇതു കൂടി അറിഞ്ഞോളൂ

fitness

ഭാരം കൂടാതെ നിയന്ത്രിക്കുക എന്നത് എല്ലാവരുടെയും മോഹമാണ്. ചിലര്‍ക്ക് അത് ഒരു പരിധി വരെ സാധിക്കുമെങ്കിലും മറ്റു ചിലര്‍ക്കു വെറും സ്വപ്നം മാത്രമാകും. നല്ല ആരോഗ്യമുള്ളവര്‍ക്കും പേടി സ്വപ്നമാണ് ഭാരം കൂടുമോ എന്ന ചിന്ത.

ഭാരം കുറയ്ക്കാനായി എന്തു സാഹസവും ചെയ്യാന്‍ മിക്കവരും ഒരുക്കമാണ്. യോഗ മുതല്‍ സൂംബ ഡാന്‍സ് വരെ പരിശീലിക്കാന്‍ പോകുന്നതിനു പിന്നിലെ ലക്ഷ്യവും ഇതൊക്കെത്തന്നെ. എന്നാല്‍ അമിതമായാല്‍ അമൃതും വിഷം എന്നു പറഞ്ഞ പോലെയാണ് ഇതും. 

രാവും പകലും ജിമ്മില്‍ വര്‍ക്ക്‌ ഔട്ട്‌ ചെയ്താല്‍ ആഗ്രഹിക്കുന്ന പോലെ ശരീരഭംഗി നേടാമെന്നാകും പലപ്പോഴും ലഭിക്കുന്ന വാഗ്ദാനം. എന്നാല്‍ ഇത് അക്ഷരംപ്രതി അനുസരിക്കുന്നതു ശുദ്ധമണ്ടത്തരം തന്നെയാണ്. 

വ്യായാമം ചെയ്യുന്നത് പൂര്‍ണമായും നിര്‍ത്തണം എന്നല്ല ‌ഉദ്ദേശിക്കുന്നത്, എല്ലാത്തിനും ഒരു പരിധി വേണമെന്നു മാത്രം. 

ഒരുപാടു വ്യായാമങ്ങള്‍ ചേര്‍ന്നതാണ് ജിമ്മിലെ വര്‍ക്ക്‌ഔട്ട്‌. ഇതിന് ഓരോന്നിനും ഓരോ ഫലമാണ്. എല്ലാത്തിന്റെയും ലക്ഷ്യം ശരീരത്തെ ടോണ്‍ ചെയ്തെടുക്കുക എന്നതുതന്നെ. എന്നാല്‍ ഇതിനര്‍ഥം ദിവസവും ജിമ്മില്‍ പോയി മണിക്കൂറുകള്‍ ചെലവിടണം എന്നല്ല. 

ജിമ്മില്‍ പോയി വിയര്‍ത്തുകുളിക്കുക വഴി ശരീരത്തിലെ അമിതകൊഴുപ്പാണ്‌ വിയര്‍പ്പിലൂടെ പുറത്തുപോകുന്നതെന്നും അര്‍ഥമില്ല. ശരിയായി ചെയ്തില്ലെങ്കില്‍ വിപരീതഫലമാകും ഇത്തരം വര്‍ക്ക്‌ ഔട്ട്‌ കൊണ്ട് ഉണ്ടാകുക. അങ്ങനെ ചില സൂചനകള്‍ ഇതാ.

അമിത തളര്‍ച്ച 

ജിമ്മില്‍ പോയി വന്നശേഷം അമിതമായി ക്ഷീണിച്ച പോലെ തോന്നാറുണ്ടോ.. എങ്കില്‍ നിങ്ങളുടെ മെറ്റബോളിക് പ്രവര്‍ത്തനങ്ങള്‍ താറുമാറായി എന്നാണ് അര്‍ഥം. നിങ്ങളുടെ വ്യായാമമുറകള്‍ തെറ്റാണെന്നാണ് ഇതുകൊണ്ടു മനസ്സിലാക്കേണ്ടത്. ജിമ്മില്‍ പോകുന്നത് ആരോഗ്യം നിലനിര്‍ത്താനാണ്, അല്ലാതെ ശരീരത്തെ കൂടുതല്‍ തളര്‍ത്താനല്ല എന്ന് ആദ്യം മനസ്സിലാക്കുക.

ബോറടിക്കാന്‍ തുടങ്ങിയോ 

വലിയ ഉത്സാഹത്തില്‍ ജിമ്മില്‍ പോകാന്‍ തുടങ്ങി. കുറച്ചു നാളുകള്‍ കഴിഞ്ഞതോടെ വല്ലാത്ത ബോറടി തുടങ്ങിയോ? വണ്ണം ഇപ്പോഴും കുറയാതെ പഴയതു പോലെ തന്നെ നിൽക്കുകയാണോ? എങ്കില്‍ നിങ്ങളുടെ വര്‍ക്ക്‌ ഔട്ട്‌ രീതികള്‍ മാറ്റിക്കോളൂ. അതിനായി ശരീരം നല്‍കുന്ന മുന്നറിയിപ്പാണ് ഈ ബോറടി.

ഓവര്‍ വര്‍ക്ക്‌ ഔട്ട്‌ വേണ്ടേ വേണ്ട

ചിലരുടെ വിചാരം അമിതമായി വര്‍ക്ക്‌ ഔട്ട്‌ ചെയ്താൽ കൂടുതല്‍ ഗുണം ലഭിക്കുമെന്നാണ്. ഇത്രയും വലിയ മിഥ്യാധാരണ വേറെയില്ല. കാരണം സാധാരണ ഒരാള്‍ ഒരു മണിക്കൂര്‍ വര്‍ക്ക്‌ ഔട്ട്‌ ചെയ്യുന്നതുതന്നെ ധാരാളമാണ്. അമിത വ്യായാമം മൂലം  മസിലുകള്‍ക്ക് കോട്ടം തട്ടും. ഇത് ഭാരം കുറയുന്നത് തടയും.

അമിതവിശപ്പ്‌

അമിതമായി വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിന് കൂടുതല്‍ കൂടുതല്‍ കാലറി ആവശ്യമായി വരും. ഇതാണ് അമിതവിശപ്പിന്റെ കാരണം. ഇത് വണ്ണം ക്രമപ്പെടുത്തുന്നതില്‍നിന്നു ശരീരത്തെ തടയുന്നു.

Read More : Fitness Tips