Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്റമ്മോ, ഫുഡ്ഡടിച്ച് ഫുട്ബോളാകല്ലേ

Mukesh–Nair ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

ലോകകപ്പ് കാലത്ത് ഫുഡ്ഡടിച്ച്  തടി കൂടുന്ന തിരുവനന്തപുരത്തുകാരൻ  മുകേഷ് നായർ!!! (ഒപ്പം അങ്ങനെ തടികൂടാതിരിക്കാൻ ചില ഹെൽതി സ്നാക്സും :)

റഷ്യയിൽ ലോകകപ്പ് തീരുമ്പോൾ രണ്ടു ചോദ്യങ്ങൾ മുകേഷ് നായർ മുൻകൂട്ടി കാണുണ്ട്.

(1) എന്ത് അലമ്പാടേ കാണാൻ, തടി പിന്നെയും കൂടി ആകെയൊരു പരുവമായല്ലോ ?!

(2) ഈ തടിയും വച്ചു നിനക്കിനി പണിയെടുത്തു ജീവിക്കാൻ പറ്റുമോടേ..?

ഇമ്മാതിരി അലവലാതി ചോദ്യങ്ങളെ പുച്ഛിച്ചു  തള്ളിക്കൊണ്ട് മുകേഷ് തിരിച്ചു ചോദിക്കുന്നു, ഫൂഡ് ഇല്ലാതെ എന്തു ഫുട്ബോൾ. അതും ലോകകപ്പ്. സമാനഹൃദയരും സാമാന്യം നല്ല തീറ്റക്കാരുമായ ആറു ചങ്ങാതിമാരാണു വീട്ടിലെ സ്ഥിരം ലോകകപ്പ് ക്ഷണിതാക്കൾ. 

mukesh1

പന്തും പുട്ടും    

മുകളിൽ പറഞ്ഞ രണ്ടു സംഗതിയും ഇങ്ങേർക്കു വീക്നെസാണ്. പുട്ടിൽ തുടങ്ങുന്നു ഓരോ പ്രഭാതവും. വലിയ കണയിൽ പുഴുങ്ങിയെടുക്കുന്ന ഒന്നരക്കുറ്റി പുട്ട് മിനിമം അകത്താക്കും. കൂടെ കടല അല്ലെങ്കിൽ ഇറച്ചിക്കറി. ടച്ചിങ്സിനു മൂന്നു താറാമുട്ട. ഉച്ചയ്ക്ക് ചോറും മീൻകറിയും. വൈകിട്ടു പുട്ടിനൊപ്പം ചിക്കൻ കറിയോ വറുത്തതോ. മൂന്നുനേരമുള്ള മെയിൻ ഭക്ഷണത്തിനിടയിലുള്ള കൊച്ചുകൊച്ച് ഇടവേളകളിലും എന്തെങ്കിലും അകത്തുചെന്നേ പറ്റൂ. 

ശരീരഭാരം സെഞ്ചുറി പിന്നിട്ടത്തോടെ ഡോക്ടർമാർ മുന്നറിയിപ്പുനൽകി, ഇനി  തടിനോക്കാതെ തിന്നരുത്. പിന്നെ, വൈകിട്ട് ഏഴിനുശേഷം ഭക്ഷണം നഹി. 

ടിവി കണ്ടങ്ങനെ ഇരുന്ന് പീത്‌സയോ കേക്കോ ഒക്കെ കഴിച്ചുകൊണ്ടു പതിയെ ഉറക്കത്തിലേക്കു വീണിരുന്ന ആളാണ് ആ കടുത്ത തീരുമാനത്തിനു വശംവദനായത്. 

പക്ഷേ, ലോകകപ്പ് സകലതും തെറ്റിച്ചു. ‘വെറുംവയറോടെ’ കളി കാണണമെന്ന് ഉപദേശിച്ചവരെയെല്ലാം വാട്സാപ്പിൽ നിന്നുപോലും ഗെറ്റൗട്ടടിച്ചു.  

10 kg @ 2014   

കഴിഞ്ഞ ലോകകപ്പിനു കൂടിയതു 10 കിലോ. മൂന്നോ നാലോ ചിക്കനുമായി വീട്ടിലെത്തുന്ന കൂട്ടുകാർ. കാന്താരിഅരച്ച ചിക്കൻ സ്വയമ്പനായി തയാറാക്കുന്ന മുകേഷ്. (ഒരു ഹോട്ടലിന്റെ അടുക്കളയിൽ കയറി പഠിച്ചെടുത്തതാണ്. മംഗലത്തുകോണത്തെ കോഴിപെരട്ട്, തിരുമുല്ലവാരത്തെ ബീഫ് റോസ്റ്റ് ഒക്കെ അങ്ങനെ പഠിച്ചെടുത്ത സംഗതികളാണ്. ) പിന്നെ വെയ്റ്റ് കൂടാതിരിക്കുമോ? 

ഏരീസ് ഗ്രൂപ്പിൽ ഇൻഫർമേഷൻ ഓഫിസറായ മുകേഷിന്റെ കാന്താരിച്ചിക്കൻ യുഎഇയിലെ ഓഫിസിലും പ്രശസ്തം. ഇപ്പോൾ അവിടെ ചെന്നാൽ ബോർഡ് റൂമിലേക്കല്ല, ഓഫിസ് കിച്ചനിലേക്കു കയറിയിട്ട് വാ എന്നാണു പയുന്നത്. 

അപ്പോൾ റഷ്യ കഴിഞ്ഞാൽ ? 

തടി 110 കടക്കും. 

തയാറെടുപ്പുകൾ? 

ഒരു കുറവുമില്ല. ചിക്കനും മട്ടനുമെല്ലാമുണ്ട്.

കപ്പലണ്ടിയോ കടലമുട്ടായിയോ മാത്രം കൊറിച്ചു കളികാണുന്നവരോട്..?

അയ്യോ കഷ്ടം.  അല്ലാതെ എന്തു പറയാൻ! 

Read More : Health and Fitness