Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രശസ്ത ഫുട്ബോള്‍ താരങ്ങളുടെ ഡയറ്റ് രഹസ്യങ്ങൾ അറിയണോ?

Neymar, Messi, Ronaldo

ചടുലമായ നീക്കങ്ങളും വേഗവും ആവേശവും ആവോളമുള്ള കായികയിനമാണ് ഫുട്ബോള്‍. നിമിഷനേരം കൊണ്ടാണ് ഫുട്ബോള്‍ മൈതാനത്ത് അദ്ഭുതങ്ങള്‍ നടക്കുന്നത്. കാൽപ്പന്തു കളിയുടെ ആവേശവും ഊര്‍ജവും മറ്റൊരു കളിയിലും സത്യത്തില്‍ കാണാനും സാധിക്കില്ല. കളിക്കാരും കാണികളും ഒരേ മനസ്സോടെ കളിക്കളത്തിലും മൈതാനത്തും ശരീരം കൊണ്ടും മനസ്സു കൊണ്ടും കളിക്കുന്ന കായികവിനോദം.

ഒരുപാടു ശാരീരിക അധ്വാനം ആവശ്യമായ കളിയാണ് ഫുട്ബോള്‍. ഫുട്ബാള്‍ താരങ്ങള്‍ക്ക് ശാരീരികക്ഷമതയ്ക്ക് ആവശ്യമായ പോഷകാഹാരങ്ങള്‍ക്കൊപ്പം തന്നെ ആവശ്യമാണ് കഠിന വ്യായാമങ്ങളും. കൈമെയ് മറന്നുള്ള കളിയില്‍ ശരീരം അത്രത്തോളം സൂക്ഷ്മതയോടെ സംരക്ഷിക്കുക എന്നത് പ്രധാനം. അപ്പോൾ എങ്ങനെയായിരിക്കും ലോകപ്രശസ്ത ഫുട്ബോള്‍ താരങ്ങളുടെ ആഹാരശീലങ്ങള്‍ ?

കാര്‍ബോഹൈഡ്രേറ്റ് ധാരാളമടങ്ങിയ ആഹാരം. അതാണ്‌ മെസ്സി, നെയ്‌മര്‍. റൊണാള്‍ഡോ തുടങ്ങിയ താരങ്ങളുടെ ഡയറ്റിലെ പ്രധാന ഐറ്റം. ഇവരുടെ ആഹാരത്തിലെ 45 -65 ശതമാനവും കാര്‍ബോഹൈഡ്രേറ്റ് സമ്പന്നമായ ആഹാരമാണ്. ഷുഗര്‍ അടങ്ങിയ പാനീയങ്ങളെക്കാള്‍ ഇവര്‍ക്ക് താൽപര്യം എനര്‍ജി ധാരാളം ലഭിക്കുന്ന ഹോള്‍ ഗ്രൈന്‍ ബ്രെഡ്‌, ബീന്‍സ്, സെറിലുകള്‍ എന്നിവയാണ്. 

ഫൈബര്‍, വൈറ്റമിന്‍, ധാതുക്കള്‍ എന്നിവ ആവശ്യംപോലെ അടങ്ങിയതാണ് ഇവ. ഫ്രൈ ചെയ്ത കിഴങ്ങ്, പേസ്ട്രി, കേക്ക്, ജങ്ക്ഫുഡ് എന്നിവയൊന്നും ഇവരുടെ മെനുവിലില്ല.

ഡിഫൻഡര്‍മാരായി കളിക്കളത്തില്‍ നിറയുന്ന താരങ്ങളാണ് ഡേവിഡ്‌ ഡി ഗെ, സെര്‍ജിയോ റമോസ് എന്നിവര്‍. ഭാരം എപ്പോഴും ക്രമപ്പെടുത്തുക എന്നതാണ് ഇവര്‍ക്ക് ഏറെ പ്രധാനം. ഇവര്‍ക്ക് മെയ്‌വഴക്കമാണ് ഏറ്റവും പ്രധാനം. ഫാറ്റ് അടങ്ങിയ ഒരു ആഹാരവും ഇവരുടെ മെനുവില്‍ ഉണ്ടാവില്ല. ഫാറ്റി ആഹാരങ്ങള്‍ ദഹിക്കാന്‍ തന്നെ ഏറെ സമയം വേണം എന്നുള്ളത് കൊണ്ടാണ് ഇത്.

പരുക്കുകള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന കളിയാണല്ലോ ഫുട്ബോള്‍. വേഗത്തിലുള്ള സുഖപ്രാപ്തിയും ആരോഗ്യത്തിന്റെ ലക്ഷണം തന്നെയാണ്. ഫുട്ബോള്‍ താരങ്ങളുടെ ഡയറ്റില്‍ 10 -15 % പ്രാധാന്യം പ്രോട്ടീനാണ്. കളിക്കു മുന്‍പത്തെ ആഹാരത്തില്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നതും മീന്‍, മുട്ട, ലോ ഫാറ്റ് ഡയറി ഉല്‍പന്നങ്ങള്‍, നട്സ് എന്നിവയ്ക്കാണ്.

പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് സമ്പന്നമാകണം ഇവരുടെ പ്രാതല്‍. ടര്‍ക്കി സാന്‍ഡ്‌വിച്ച്, ഹോള്‍ ഗ്രൈന്‍ ബ്രെഡ്‌, കൊഴുപ്പ് കുറഞ്ഞ യോഗർട്ട് കൊണ്ടുള്ള സ്മൂത്തി എന്നിവയും ഇവര്‍ക്ക് നല്‍കും. ഫ്രഷ്‌ പഴങ്ങളും പീനട്ട് ബട്ടര്‍ ഏത്തക്കയുമായി ചേര്‍ത്തും കളിക്കാര്‍ കഴിക്കാറുണ്ട്.

കഠിനമായി വിയര്‍ക്കുന്ന കളിയാണ് ഫുട്ബോള്‍. അപ്പോള്‍ കളിക്കാരുടെ ഊര്‍ജം നിലനിര്‍ത്താന്‍ സദാശരീരത്തിലെ ജലാംശം നഷ്ടമാകാതെ സൂക്ഷിക്കണം. ഇതിനായി സ്പോര്‍ട്സ് ഡ്രിങ്കുകള്‍, പഴച്ചാറുകള്‍, മറ്റു പാനീയങ്ങള്‍ എന്നിവ ശരീരത്തിലെ നഷ്ടമായ ഇലെക്ട്രോലൈറ്റ് നിലനിര്‍ത്താന്‍ കുടിച്ചു കൊണ്ടിരിക്കും.

Read More : Fitness Magazine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.