Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരീരഭാരം കുറയ്ക്കണോ? പിന്തുടരാം 16: 8 ഡയറ്റ്

weight-loss

എങ്ങനെയെങ്കിലും ഈ തടിയൊന്നു കുറഞ്ഞാൽ മതി എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? എങ്കിൽ ഇതു കൂടി ഒന്നു ട്രൈ ചെയ്തു നോക്കൂ.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പിന്തുടരാവുന്ന 16:8 ഡയറ്റുമായി എത്തിയിരിക്കുന്നത് ചിക്കാഗോയിലെ ഇല്ലിനോയ്സ് സർവകലാശാല ഗവേഷകരാണ്. ശരീരഭാരം കുറയ്ക്കാനും രക്തസമ്മർദം കുറയ്ക്കാനും ദിവസവും ഉപവാസം ഉൾപ്പെടുന്ന ഈ ഭക്ഷണ രീതിക്കു കഴിയുമത്രെ.

ദിവസത്തിന്റെ ചില പ്രത്യേക സമയത്തു മാത്രം ഭക്ഷണം കഴിക്കുകയും ബാക്കി സമയം ഉപവസിക്കുകയും ചെയ്യുന്ന ഈ ഭക്ഷണ രീതി എത്രമാത്രം ഫലപ്രദമാണെന്ന് ഗവേഷകർ പരിശോധിച്ചു. 

ശരാശരി 45 വയസ്സു പ്രായമുള്ള പൊണ്ണത്തടിയന്മാരായ 23 സന്നദ്ധ പ്രവർത്തകരിലാണ് പഠനം നടത്തിയത്. ഇവരുടെ ബോഡി മാസ് ഇൻഡക്സ് 35 ആയിരുന്നു. 

രാവിലെ 10 മുതൽ വൈകിട്ട് ആറു മണിവരെ ഇവർക്ക് ഇവർ ആഗ്രഹിക്കുന്ന ഏതു തരത്തിലുള്ള ഭക്ഷണവും കഴിക്കാം. എന്നാൽ ബാക്കി 16 മണിക്കൂർ വെള്ളവും കാലറി ഒട്ടുമില്ലാത്ത പാനീയങ്ങളും മാത്രമേ കുടിക്കാവൂ. 12 ആഴ്ച ഈ പഠനം തുടർന്നു.

വ്യത്യസ്തമായ മറ്റൊരുതരം ഉപവാസം അനുഷ്ഠിച്ച, ശരീര ഭാരം കുറയ്ക്കാൻ ശ്രമിച്ച ഒരു കൺട്രോള്‍ ഗ്രൂപ്പുമായി ഇവരെ താരതമ്യം ചെയ്തു. 

സമയനിയന്ത്രിതമായ ഭക്ഷണരീതി പിന്തുടർന്നവരിൽ കാലറി കുറച്ചു മാത്രമേ ശരീരത്തിലെത്തിയുള്ളൂ. കൂടാതെ ഇവരുടെ ശരീരഭാരം കുറഞ്ഞതായും രക്തസമ്മർദം മെച്ചപ്പെട്ടതായും കണ്ടു. 

പഠനത്തിൽ പങ്കെടുത്തവരിൽ 350 ൽ കുറവ് കാലറി മാത്രമേ ശരീരത്തിലെത്തിയുള്ളൂ. ശരീരഭാരം 3 ശതമാനം കുറഞ്ഞതായും സിസ്റ്റോളിക് ബ്ലഡ്പ്രഷർ 7 മി.മീ/മെർക്കുറി കുറഞ്ഞതായും കണ്ടു. മറ്റ് അളവുകളായ ഫാറ്റ് മാസ്, ഇൻസുലിൻ റെസിസ്റ്റൻസ്, കൊളസ്ട്രോൾ ഇവ കൺട്രോൾ ഗ്രൂപ്പിലേതിനു തുല്യമാണെന്നും കണ്ടു. 

16:8 ഡയറ്റിൽ 16 മണിക്കൂർ ‘ഫാസ്റ്റിങ്ങ്’ 8 മണിക്കൂർ ‘ഫീസ്റ്റിങ്ങ്’ ആണെന്നും ഇത്തരത്തിലൊരു പഠനം ആദ്യമാണെന്നും ഗവേഷകരായ ക്രിസ്റ്റാ വരഡി പറയുന്നു. പിന്തുടരാൻ എളുപ്പമാണ് ഈ ഡയറ്റ് എന്നും അവർ പറഞ്ഞു.

ശരീരഭാരം ചെറിയ തോതിൽ കുറയുന്നതു പോലും പൊണ്ണത്തടിയുള്ളവരിൽ മെറ്റബോളിക് ഹെല്‍ത്ത് മെച്ചപ്പെടുത്തും. 

ഉപാപചയരോഗങ്ങളായ ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം ഇവയ്ക്കെല്ലാമുള്ള ഒരു കാരണം പൊണ്ണത്തടിയാണ്. സമയം നോക്കി കൃത്യമായി 16:8 ഡയറ്റ് പിന്തുടരുന്നത് പൊണ്ണത്തടിയുള്ളവരിൽ ശരീരഭാരം കുറയ്ക്കുകയും രക്തസമ്മർദം നിയന്ത്രിച്ചു നിർത്താൻ സഹായിക്കുകയും ചെയ്യുമെന്ന് ‘ന്യൂട്രീഷൻ ആൻഡ് ഹെൽത്തി ഏജിങ്’ ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം തെളിയിച്ചു. 

Read More : Fitness Magazine