Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

106 കിലോയിൽ നിന്ന് 53 കിലോയാക്കി ഭാരം കുറച്ച അനുവിന്റെ കിടിലൻ ഡയറ്റ് അറിയാം

anu

പത്തൊമ്പതാം വയസ്സിൽ, പെരുമ്പാവൂർ സ്വദേശിയായ അനുവിനെ കണ്ടാൽ ഇരുപത്തൊമ്പതു മതിക്കുമായിരുന്നു. ഇപ്പോൾ ഇരുപത്തിമൂന്നാം വയസ്സിൽ,  ഒന്നര വയസ്സുള്ള ഒരു കുഞ്ഞിന്റെ അമ്മ കൂടിയായ അനുവിനെ കാണുന്നവരെല്ലാം ചോദിക്കുന്നത് ‘ഏത് കോളജിലാണ് പഠിക്കുന്ന’തെന്നാണ്.   പ്രായം കൂടുന്തോറും ചെറുപ്പമേറുന്ന ഈ മാജിക്കിനു പിന്നിലെ രഹസ്യത്തെക്കുറിച്ച് അനു തന്നെ പറയുന്നു. 

‘‘പണ്ട് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴുണ്ടായിരുന്ന ശരീരഭാരമാണ് ഇപ്പോൾ എനിക്കുള്ളത്! അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ അമ്പത് കിലോയിലധികം ഭാരമുണ്ടായിരുന്നു. ജനിച്ചപ്പോൾ മുതലേ തുടുത്തുവണ്ണിച്ചൊരു കുട്ടിയായിരുന്നു ഞാൻ. ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിത്തന്നും പുറകേ നടന്നു കഴിപ്പിച്ചും അച്ഛനും അമ്മയും ഞാനെന്ന ഒറ്റക്കുട്ടിയെ പുന്നാരിച്ചുകൊണ്ടിരുന്നു. അങ്ങനെ ഇഷ്ടമുള്ളതെല്ലാം വേണ്ടതിലുമധികം കഴിച്ച്  സാമാന്യത്തിലുമധികമൊരു തടിച്ചിയായി. പത്തൊമ്പതാം വയസ്സിൽ കല്യാണം കഴിയുമ്പോൾ 90 കിലോയായിരുന്നു ഭാരം. 

പക്ഷേ, ഈ അമിതഭാരം ഒരു നാണക്കേടായോ അസൗകര്യമായോ തോന്നിയിരുന്നില്ല എന്നാണ് സത്യം. കൂട്ടുകാർ പോലും തടിച്ചിയെന്നു വിളിച്ചു കളിയാക്കിയിരുന്നില്ല. എന്റെ ഭർത്താവിനെ നേടിത്തന്നതും ഈ വണ്ണമാണെന്നു വേണം പറയാൻ. ഭർത്താവ് അനീഷ് അലക്സ് പഴയ മിസ്റ്റർ കോട്ടയമായിരുന്നു. ആറടിയലധികം ഉയരവും 108 കിലോ ശരീരഭാരമുള്ള അദ്ദേഹത്തിനു ചേരുന്ന വധുവിനെ തിരഞ്ഞാണ് എന്നെ കണ്ടെത്തിയത്. 

അതുകൊണ്ടു തന്നെ വിവാഹശേഷവും വണ്ണം കുറയ്ക്കണമെന്ന ചിന്ത പോലും ഉണ്ടായില്ല. പക്ഷേ, ഒരു വർഷം കഴിഞ്ഞ് മകനെ പ്രസവിച്ച സമയത്ത് ഈ വണ്ണത്തിന്റെ എല്ലാ ബുദ്ധിമുട്ടുകളും എനിക്കു നേരിടേണ്ടിവന്നു. പൂർണഗർഭിണിയായിരുന്ന സമയത്ത് 106 കിലോയാണ് ഭാരം. കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിയിരുന്നതിനാൽ സിസേറിയൻ വേണ്ടിവന്നു. ശസ്ത്രക്രിയ കഴിഞ്ഞ് എഴുന്നേൽക്കാൻ പോലും വയ്യാത്ത അവസ്ഥ. താങ്ങിപ്പിടിച്ച് നടത്താമെന്നു വച്ചാൽ എന്റെ വണ്ണം കൊണ്ട് അതിനും പ്രയാസം. ചികിത്സിച്ചിരുന്ന ഗൈനക്കോളജിസ്റ്റും പറഞ്ഞു, ഈ വണ്ണം ഭാവിയിൽ വലിയ ദോഷമാകുമെന്ന്.  ആ ദിവസങ്ങളിൽ ഞാനൊരു തീരുമാനമെടുത്തു. എങ്ങനെയെങ്കിലും വണ്ണം കുറയ്ക്കണം. 

anu1

പ്രസവം കഴിഞ്ഞ് ആറാം മാസം മുതൽ ഡയറ്റിങ് തുടങ്ങി. ഇതിനിടയിൽ പെരുമ്പാവൂരുള്ള ഒരു ജിമ്മിൽ ചേർന്നെങ്കിലും രണ്ടു മൂന്നു ദിവസമേ പോയുള്ളു. വായിച്ചും കേട്ടുമുള്ള അറിവു വച്ച് ചോറ് ഒഴിവാക്കിയും ചപ്പാത്തി കഴിച്ചുമൊക്കെ ആറു കിലോയോളം തനിയെ കുറച്ചു. അതോടെ ആത്മവിശ്വാസമായി.  വണ്ണം കുറയ്ക്കാൻ ഏറ്റവും പ്രോത്സാഹിപ്പിച്ചത് അച്ഛൻ ജോയ് ആണ്. അച്ഛൻ പറഞ്ഞിട്ട് പെരുമ്പാവൂരുള്ള ഒരു ന്യൂട്രീഷനിസ്റ്റിനെ പോയി കാണുകയും ചെയ്തു. അദ്ദേഹത്തിന്റെ നിർദേശങ്ങൾ കൂടിച്ചേർത്ത് പരിഷ്കരിച്ച ഡയറ്റാണ് പിന്നെ തുടർന്നത്.

ചോറിനോട് നോ 

ഡയറ്റ് തുടങ്ങിയതിൽ പിന്നെ ഇതുവരെ ചോറ് കഴിച്ചിട്ടേയില്ല.  ചെറുപ്പം മുതലേ  ചോറും മീൻകറിയുമായിരുന്നു ഇഷ്ടഭക്ഷണം. അമ്മ വച്ച മീൻകറിയുണ്ടെങ്കിൽ  രാവിലെയും വൈകിട്ടും പാതിരാത്രിയിലും ചോറുണ്ണുമായിരുന്നു ഞാൻ. മിക്ക ദിവസവും കശുവണ്ടി ചേർത്തരച്ച ചമ്മന്തിയുമുണ്ടാകും.  പിന്നെ സ്കൂൾ വിട്ടുവന്നാൽ പഫ് അല്ലെങ്കിൽ കട്‌ലറ്റ്. എന്നാൽ അത്ര മധുരപ്രിയമില്ലായിരുന്നു. 

വണ്ണം കുറയ്ക്കാനായി പ്രിയഭക്ഷണങ്ങളെയെല്ലാം മാറ്റിനിർത്തി. ചായ, കാപ്പി ഒക്കെ ഉപേക്ഷിച്ചു. പഴങ്ങളും മണ്ണിനടിയിൽ വളരുന്ന പച്ചക്കറികളും ഒഴിവാക്കി. രാവിലെ എട്ടുമണിയോടെ കൊഴുപ്പുനീക്കിയ പാലോ സോയാ പാലോ ഒരു ഗ്ലാസ്സ് കുടിക്കും. ചില ദിവസങ്ങളിൽ മൂന്ന് നാല് മുട്ടവെള്ള കഴിക്കും. അതല്ലെങ്കിൽ രണ്ട് റോബസ്റ്റ പഴം. പിന്നെ അഞ്ചു മണിക്കൂർ കഴിഞ്ഞ് ഉച്ചഭക്ഷണം. 

മൂന്നു ചപ്പാത്തി, കുറച്ച് പച്ചക്കറി വേവിച്ചത്. മീൻ ഒഴിവാക്കാൻ വയ്യാത്തതുകൊണ്ട് മീൻ കറിവച്ചത് കഴിക്കും. പിന്നെയും അഞ്ചു മണിക്കൂർ ബ്രേക്ക്. ഇടയ്ക്കെല്ലാം ധാരാളം വെള്ളം കുടിക്കും. അല്ലെങ്കിൽ മധുരമിടാത്ത വെള്ളരി ജ്യൂസ്. രാവിലെ മൂന്നു ലീറ്ററും വൈകിട്ട് രണ്ടു ലീറ്ററുമായി അഞ്ചു ലീറ്റർ വെള്ളം ഒരു ദിവസം കുടിക്കും. വെള്ളം കുടിച്ചിട്ടും വിശപ്പു മാറിയില്ലെങ്കിൽ അഞ്ച്– ആറ് മണിയോടെ ഒരു റോബസ്റ്റ പഴം കഴിക്കും. ആഘോഷങ്ങളൊെക്ക വന്നാലും ഭക്ഷണത്തിന്റെ കാര്യത്തിൽ കൈവിട്ടൊരു കളിയുമില്ല. 

Read More >>