Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊഴുപ്പു കുറയ്ക്കണോ? ഭക്ഷണസമയം മാറ്റാം

fat

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ പ്രഭാത ഭക്ഷണത്തിന്റെയും അത്താഴത്തിന്റെയും സമയം അൽപം ഒന്നു മാറ്റിയാൽ മതി.  സറെ സർവകലാശാലാ ഗവേഷകരാണ് സമയബന്ധിതമായ ഭക്ഷണക്രത്തെക്കുറിച്ചു പത്താഴ്ച നീണ്ട പഠനം നടത്തിയത്. ഡോ. ജോനാഥൻ ജോൺ സ്റ്റണിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ, കഴിക്കുന്ന ഭക്ഷണം, ശരീരഘടന, രക്തഘടന ഇവയെ ഭക്ഷണസമയത്തിൽ വരുത്തുന്ന മാറ്റം ബാധിക്കുന്നുണ്ടോ എന്നു പരിശോധിച്ചു. 

പഠനത്തിൽ പങ്കെടുത്തവരെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു. ഒരു ഗ്രൂപ്പിൽപ്പെട്ട ആളുകളോട് പ്രഭാതഭക്ഷണം 90 മിനിറ്റ് വൈകി കഴിക്കാനും അത്താഴം 90 മിനിറ്റ് അതായത് ഒന്നരമണിക്കൂർ നേരത്തെ കഴിക്കാനും ആവശ്യപ്പെട്ടു. രണ്ടാമത്തെ ഗ്രൂപ്പിൽപ്പെട്ടവരോട് പതിവു സമയത്തുതന്നെ ഭക്ഷണം കഴിക്കാനും ആവശ്യപ്പെട്ടു. പഠനം തുടങ്ങുന്നതിനു മുൻപും പഠനസമയത്തും പഠനം പൂർത്തിയായ ഉടനെയും പഠനത്തിൽ പങ്കെടുത്തവരുടെ രക്തസാംപിളും ഡയറ്റ് ‍ഡയറിയും പരിശോധിച്ചു. പഠനശേഷം ഒരു ചോദ്യാവലിയും ഇവർക്കു നൽകി. 

സാധാരണപോലെ ഭക്ഷണം കഴിച്ച കൺട്രോള്‍ ഗ്രൂപ്പിൽപ്പെട്ടവരെ അപേക്ഷിച്ച് ഭക്ഷണസമയത്തിൽ മാറ്റം വരുത്തിയവരുടെ ശരീരത്തിലെ കൊഴുപ്പ് പകുതിയിലധികം കുറഞ്ഞു. 

ഭക്ഷണ സമയത്തിൽ മാറ്റം വരുത്തുന്നത് ആരോഗ്യത്തിനു ഗുണം ചെയ്യുമെന്നു പഠനത്തിലൂടെ തെളിഞ്ഞു. എന്തു കഴിക്കണം എന്നതിന് ഗവേഷകർ ഒരു നിയന്ത്രണവും വച്ചിരുന്നില്ല. എന്നിട്ടും സമയമാറ്റം വരുത്തിയവർ, കൺട്രോൾ ഗ്രൂപ്പിൽപ്പെട്ടവരെ അപേക്ഷിച്ച് കുറച്ചു ഭക്ഷണം മാത്രമേ കഴിച്ചുള്ളൂ എന്നു കണ്ടു.  

ഭക്ഷണസമയത്തിൽ ചെറിയ മാറ്റം വരുത്തിയപ്പോൾത്തന്നെ ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാൻ സാധിച്ചു. ഇത് പൊണ്ണത്തടിയും മറ്റ് അനുബന്ധ രോഗങ്ങളും വരാനുള്ള സാധ്യതയും കുറയ്ക്കും. ആരോഗ്യം മെച്ചപ്പെടുത്താൻ ഭക്ഷണസമയത്തിൽ വരുത്തുന്ന മാറ്റം ഏറെ ഉപകരിക്കുമെന്ന് ന്യൂട്രീഷനൽ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം തെളിയിക്കുന്നു. 

Read More : Fitness Magazine