Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിന്നുകുടിച്ച് മെലിയാൻ ഇതാ ഒരു ഡയറ്റ്

ശരീരഭാരം ഒരു ഭാരമാവുന്നുണ്ടോ? ഭക്ഷണം കഴിച്ച് ഭാരം കുറയ്ക്കാനും ഒരു വഴിയുണ്ട്. ആരോഗ്യത്തിനും ഭക്ഷണക്രമങ്ങൾക്കും ഏറെ പ്രാധാന്യം കൽപിക്കുന്ന ഇന്നത്തെ കാലത്ത് ഭക്ഷണ ക്രമീകരണങ്ങളാണ് താരമാവുന്നത്. ഒരു മാസം കൊണ്ട് ഭാരം കുറച്ചവർ, ആറു മാസം കൊണ്ട് ഭാരം കുറച്ചവർ, 45 ദിവസം കൊണ്ട് ഭാരം കുറച്ചവർ എന്നിങ്ങനെ അവകാശവാദങ്ങൾ അനവധിയാണ്. കഷ്ടപ്പെട്ട് വ്യായാമം ചെയ്ത് സിക്സ് പാക്ക് ഉണ്ടാക്കിയില്ലെങ്കിലും ആരോഗ്യത്തോടെ ജീവിക്കാൻ ഭക്ഷണക്രമീകരണം നടത്തണമെന്നത് ഏറെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു.

കോഴിക്കോട്ടുകാരനായ ഒരാൾക്ക് ഭക്ഷണം ക്രമീകരിക്കാൻ കഴിയുമോ എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. കേരളത്തിന്റെ രുചികളുടെ തലസ്ഥാനമാണ് കോഴിക്കോട്. വായിൽ വെള്ളമൂറുന്ന  വിഭവങ്ങൾ. എണ്ണിയാൽ തീരാത്തത്ര ഹോട്ടലുകൾ. ഏതു രാവും ഭക്ഷണവൈവിധ്യത്തിന്റെ ആഘോഷ രാവായി മാറുന്ന  കഥകളാണ് കോഴിക്കോടിനുള്ളത്. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ കൈയിട്ടുവാരാത്ത ഏതെങ്കിലും ഡയറ്റ് പ്ലാനുണ്ടോ എന്ന് അന്വേഷിക്കുന്നവരാണ് കോഴിക്കോട്ടുകാർ.

ഇഷ്ടമുള്ളതെല്ലാം തിന്നാൻ കഴിയുന്ന, അതിവേഗം ഭാരം കുറയുന്ന, എന്നാൽ, അതികഠിനമല്ലാത്ത ഒരു ഡയറ്റ് പ്ലാനിനുവേണ്ടിയായിരുന്നു  കോഴിക്കോട്ടുകാർ വേഴാമ്പലിനെപ്പോലെ കാത്തിരുന്നത്. ആ കാത്തിരിപ്പിനൊടുവിലാണ് കീറ്റോജെനിക് ഡയറ്റ് ഇവിടെ അവതരിച്ചത്. കോഴിക്കോട്ടെ എംഎൽഎമാരും സാംസ്കാരിക നായകരും മുതൽ യുവാക്കൾ വരെ ഇപ്പോൾ കീറ്റോ ഡയറ്റിനു പിറകെയാണ്. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രമുഖ താരങ്ങളെല്ലാം പിന്തുടരുന്നത് കീറ്റോജെനിക് ഡയറ്റ് ആണ്.

മിതമായ അളവിൽ പ്രോട്ടീനുകളും വളരെ കുറച്ച് കാർബോഹൈഡ്രേറ്റും കൊഴുപ്പു കൂടിയ ഭക്ഷണത്തോടൊപ്പം കഴിക്കുകയാണ് ഈ ഡയറ്റിൽ ചെയ്യുന്നത്. കാർബോ ഹൈഡ്രേറ്റിനെ (അന്നജത്തെ) ഒഴിവാക്കുകയോ അളവ് കുറയ്ക്കുകയോ ചെയ്യുന്നത് കീറ്റോസിസ് എന്ന പ്രക്രിയ വഴി കൊഴുപ്പിനെ കത്തിച്ചുകളയാൻ ശരീരത്തെ സഹായിക്കുന്നു. എന്നുവച്ചാൽ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള പ്രാഥമിക ഇന്ധനമായി അന്നജത്തെ ഉപയോഗിക്കുന്നതിനുപകരം കൊഴുപ്പിനെ ഉപയോഗിക്കുന്നു.

ആർക്കൊക്കെ പിന്തുടരാം?
അമിതമായ ശരീരഭാരം  ഉള്ളവർക്കാണ് ഈ ഡയറ്റ് കൂടുതൽ യോജിക്കുന്നത്. ശരീരത്തിലെ കൊഴുപ്പും വീക്കവും കുറയ്ക്കാൻ ഈ ഡയറ്റിനു സാധിക്കുന്നു. പഞ്ചസാരയ്ക്കു പകരം കൊഴുപ്പിനെ വേഗം അലിയിച്ചുകളയാൻ ശരീരത്തിനാകുന്നു. ഈ ഡയറ്റിൽ കൊഴുപ്പിനെയാണ് അലിയിച്ചുകളയുന്നത്. അതുകൊണ്ടുതന്നെ വേഗം ശരീരഭാരവും കുറയുന്നു.

എന്തുകൊണ്ട് കീറ്റോ?
വളരെ പെട്ടെന്നു ശരീരഭാരം കുറയുന്നു എന്നതും പാർശ്വഫലങ്ങൾ കുറവാണെന്നതുമാണ് കീറ്റോയെ ഇത്രയും പ്രചാരമുള്ളതാക്കിയത്. മൂന്നു മാസം കൊണ്ട് 10 മുതൽ 12 കിലോ വരെ ഭാരം കുറയ്ക്കാൻ കീറ്റോ ഡയറ്റ് പിന്തുടരുന്നതു മൂലം സാധിക്കും. നിങ്ങളുടെ ശരീരം ആവശ്യപ്പെടുന്നത്ര ഭാരമേ കുറയ്ക്കാൻ പാടുള്ളൂ എന്നും ചെറിയ സമയത്തിനുള്ളിൽ ഒരുപാട് ഭാരം കുറയുന്നത് ആരോഗ്യകരമല്ല എന്നതും ഓർമിക്കുക.

എന്തൊക്കെ കഴിക്കണം ?
കീറ്റോ ഡയറ്റിൽ ഉൾപ്പെട്ട കാർബോ ഹൈഡ്രേറ്റ് ലഭിക്കുന്നത് നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണത്തിൽ നിന്നാണ്. പരിപ്പുകൾ, ധാന്യങ്ങൾ ഇവ ഒഴിവാക്കണം. ചില പയർവർഗങ്ങൾ ഉൾപ്പെടുത്താം. പ്രോട്ടീൻ ധാരാളം ഉള്ള ഭക്ഷണങ്ങൾ ആയ മത്തങ്ങ, വഴുതനങ്ങ, പച്ചനിറത്തിലുള്ള ഇലക്കറികൾ, ഇറച്ചി, കോഴിയിറച്ചി, മത്സ്യം, മുട്ട ഇവ ഉൾപ്പെടുത്തണം. അണ്ടിപ്പരിപ്പുകൾ കുറച്ച് ഉപയോഗിക്കാം.

മിതമായ അളവിൽ മോര് കൂട്ടാം. പാലുൽപന്നങ്ങളിൽ അന്നജം ഉണ്ട്. അതിനാൽ ഇവ ഒഴിവാക്കുന്നതാണ് നല്ലത്. മധുരം കഴിക്കാൻ തോന്നിയാൽ വല്ലപ്പോഴും അൽപം ഡാർക്ക്  ചോക്ലേറ്റ് ആകാം. കാൽസ്യം സപ്ലിമെന്റുകളും കഴിക്കാം എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ഭക്ഷണങ്ങൾ ഏതൊക്കെ?
കീറ്റോ ഡയറ്റിൽ ഉൾപ്പെടുന്ന കൊഴുപ്പ് (Fat) ആരോഗ്യകരമായ കൊഴുപ്പ് മാത്രമാണ്. നെയ്യ്, പാൽക്കട്ടി, വെണ്ണപ്പഴം, വെളിച്ചെണ്ണ, നിലക്കടലയെണ്ണ ഇവയെല്ലാം ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയവയാണ്.

പോരായ്മകളും പരിഹാരവും
കീറ്റോ ഡയറ്റ് പിന്തുടരുന്നത് വളരെ വിരസവും മടുപ്പിക്കുന്നതുമാണ് എന്നതാണ് പ്രധാന പോരായ്മ. അതുകൊണ്ടുതന്നെ ചാക്രിക കീറ്റോ ഡയറ്റ് (Cyclic keto diet) പിന്തുടരുന്നത് ആവും നല്ലത് എന്നാണ് പോഷകാഹാര വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇത് പ്രധാന പോഷകങ്ങളൊന്നും നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും. രണ്ടോ മൂന്നോ മാസം തുടർച്ചയായി അന്നജം ശരീരത്തിലെത്തിക്കാതിരിക്കുന്നത് ഉദരപ്രശ്നങ്ങൾക്കും കാരണമാകും.

സൈക്ലിക് കീറ്റോ ഡയറ്റ് പിന്തുടരുക എന്നതാണ് ഇതിനു പരിഹാരം. സൈക്ലിക് കീറ്റോയിൽ അഞ്ചു ദിവസം അന്നജം ഒഴിവാക്കുക. തുടർന്ന് രണ്ടു ദിവസം അന്നജം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കീറ്റോ ഡയറ്റുമായി പൊരുത്തപ്പെട്ടു കഴിഞ്ഞാൽ അതു നിങ്ങളുടെ ജീവിതശൈലിയെ മാറ്റിമറിക്കും പിന്നീട് അതു പിന്തുടരുക വളരെ എളുപ്പമാകും.

ഓർമിക്കാൻ

കീറ്റോ ഡയറ്റ് പിന്തുടരുന്നവർ കാർബോ ഹൈഡ്രേറ്റിന്റെ അളവ് 15 മുതൽ 20% വരെ മാത്രം ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 35% പ്രോട്ടീൻ, ബാക്കി കൊഴുപ്പ് ഇങ്ങനെയാകണം ഭക്ഷണം.  കീറ്റോയിൽ കൊഴുപ്പ് അധികവും, പ്രോട്ടീൻ മിതമായ അളവിലും കാർബോ ഹൈഡ്രേറ്റ് വളരെ കുറച്ചും ആയിരിക്കണം.

ചോറുണ്ണുന്നത് സദ്യകൾക്ക് മാത്രം

11 കൊല്ലമായി പ്രമേഹരോഗിയായിരുന്നു. ദിവസവും ഉയർന്ന ഡോസിൽ നാലു ഗുളികകൾ വരെ കഴിച്ചിരുന്നു. മരുന്നുകളിൽനിന്ന് രക്ഷപ്പെടാൻ എന്തെങ്കിലും മാർഗമുണ്ടോയെന്ന അന്വേഷണമാണ് കീറ്റോയിൽ എത്തിച്ചത്. കഴിഞ്ഞ രണ്ടുവർഷമായി കീറ്റോ ഡയറ്റിങ്ങിലാണ്. ഒരുവർഷമായി പ്രമേഹത്തിന് മരുന്നു കഴിക്കുന്നേയില്ല. ഭക്ഷണം ആവശ്യമുള്ളപ്പോൾ മാത്രം മതിയെന്ന അവസ്ഥയായിട്ടുണ്ട്. രാവിലെ കട്ടൻകാപ്പിയിൽ വെണ്ണചേർത്തു കഴിക്കും.

ഒപ്പം നട്സും. പിന്നീട് മുട്ട, ചിക്കൻ, മൽസ്യം എന്നിങ്ങനെ എന്തെങ്കിലും കഴിക്കും. ധാരാളം വെള്ളം കുടിക്കും.  ചായ, കാപ്പിയും കഴിക്കുന്നുണ്ട്. പാലിൽ അന്നജം ( കാർബോഹൈഡ്രേറ്റ്) അടങ്ങിയിരിക്കുന്നതിനാൽ ഒഴിവാക്കാറുണ്ട്. പ്രമേഹത്തിനുള്ള മരുന്ന് കഴിക്കുന്നതു കുറച്ചപ്പോഴാണ് പ്രമേഹം വരുന്ന വഴി എന്ന പുസ്തകമെഴുതിയത്. സദ്യകൾക്കോ മറ്റോ മാത്രമാണ് ഇപ്പോൾ പേരിനെങ്കിലും ചോറുണ്ണുന്നത്. 

എൻ.വി.ഹബീബുറഹ്മാൻ, അരീക്കോട് റിട്ട. പിഡബ്ല്യുഡി സൂപ്രണ്ടിങ് എൻജിനീയർ

കൂടുതൽ പഠനം വേണം

പ്രമേഹം കുറയ്ക്കാനായി കീറ്റോജനിക്  ഡയറ്റിങ് എത്രത്തോളം ഫലപ്രദമാണെന്നതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ട്.  ലോകാരോഗ്യ സംഘടന, ഇന്റർനാഷനൽ ഡയബെറ്റിക് ഫെഡറേഷൻ, അമേരിക്കൻ ഡയബെറ്റിക് അസോസിയേഷൻ എന്നിവയൊന്നും കീറ്റോ ഡയറ്റിങ്ങിനെ ഒരു അംഗീകൃത മാർഗമായി ഇപ്പോഴും പറയുന്നില്ല. ഐഎംഎ ഈ വർഷം പ്രമേഹരോഗ ചികിത്സയെന്ന വിഷയത്തിൽ കൂടുതൽ ഊന്നൽ നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായി കീറ്റോ ഡയറ്റിങ്ങും ചർച്ചയാകുന്നുണ്ട്.

പ്രമേഹം നിയന്ത്രിക്കാൻ അന്നജം കുറയ്ക്കുകയെന്നത് ഏറ്റവും അടിസ്ഥാനപരമായ മാർഗമാണ്. എന്നാൽ, കൂടുതൽ പ്രോട്ടീനും കൊഴുപ്പും കഴിക്കുന്നതുകൊണ്ടുള്ള ഫലം എന്താണെന്നത് ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതി പോലെയിരിക്കും. പൊതുവേ അന്നജം കുറഞ്ഞ ഭക്ഷണരീതിയും കൃത്യമായ വ്യായാമവും മാനസിക സമ്മർദം കുറയ്ക്കാനുള്ള  മാർഗങ്ങളും വഴിയാണ്  പ്രമേഹത്തെ നിയന്ത്രിക്കേണ്ടത്. 

ഡോ. കെ.ജി. സജീത് കുമാർ -മെഡിക്കൽ കോളജ് സൂപ്രണ്ട്, പ്രഫസർ ഓഫ് മെഡിസിൻ

അന്ധമായി പിന്തുടരുന്നത് തെറ്റ് 

കീറ്റോ ഡയറ്റിങ്ങിലൂടെ പ്രമേഹവും ശരീരഭാരവും കുറയ്ക്കാനാകുമെന്നതിൽ സംശയമില്ല. ഇന്ന് ഒട്ടേറെപ്പേർ ഇതു പിന്തുടരുന്നുമുണ്ട്. എന്നാൽ അന്ധമായി ഈ ഭക്ഷണരീതി പിന്തുടരുന്നതിനെ പിന്തുണയ്ക്കാനാകില്ല. കീറ്റോയുടെ ഭാഗമായി അനിയന്ത്രിതമായി നോൺവെജ് കഴിക്കുന്നതാണ് ഏറ്റവും വലിയ പ്രശ്നം. ആരോഗ്യകരമായ ഭക്ഷണത്തിൽ 7% മാത്രം ആവശ്യമുള്ള സാച്ചുറേറ്റഡ് ഫാറ്റ് ആണ് ഇതുമൂലം വൻതോതിൽ ശരീരത്തിലെത്തുന്നത്. വ്യായാമം ചെയ്യുന്നത് ഒഴിവാക്കാൻ കൂടിയാണ് പലരും കീറ്റോയിലേക്ക് തിരിയുന്നതെന്നും കാണുന്നുണ്ട്.

വൻതോതിൽ സാച്ചുറേറ്റഡ് ഫാറ്റും ആനിമൽ പ്രോട്ടീനും കഴിക്കുന്നത് വൃക്ക, കരൾ, പാൻക്രിയാസ് രോഗികൾക്ക് ദോഷം ചെയ്യും. വൃക്കയിൽ കല്ലുള്ളവർക്കും യൂറിക്ക് ആസിഡ് അധികമുള്ളവർക്കും ഇത് അപകടകരമാണ് കീറ്റോ പിന്തുടരുന്നവരിൽ ട്രൈ ഗ്ലിസറൈഡ്സ് കുറയുന്നുണ്ടെങ്കിലും  എൽഡിഎൽ (ഒഴിവാക്കേണ്ട കൊളസ്ട്രോൾ) കുറഞ്ഞുകാണുന്നില്ല ധാന്യങ്ങൾ ഒഴിവാക്കുന്നതിനാൽ ബി കോംപ്ലക്സുകളടക്കമുള്ള വൈറ്റമിനുകളുടെ ലഭ്യത കുറയും പഴങ്ങൾ കഴിക്കുന്നത് കുറയുന്നതിനാൽ ആന്റി ഓക്സിഡന്റ്സും ലഭിക്കാതാകും ഡയറ്റിന്റെ ഭാഗമായി പച്ചക്കറികൾ കഴിക്കണമെന്നുണ്ടെങ്കിലും പലരും ഇത് പാലിക്കാറില്ല.

ഇതിന്റെ ഫലമായി നാരുള്ള പദാർഥങ്ങളുടെ കുറവുണ്ടാകും. മലബന്ധവുമുണ്ടാകും. ദീർഘകാലം തുടരാനാകുന്ന ഒരു ഭക്ഷണരീതിയായി കരുതാനാകില്ല. ദീർഘകാലാടിസ്ഥാനത്തിൽ എന്തു പാർശ്വഫലം ഉളവാക്കുമെന്നതു സംബന്ധിച്ച് കൃത്യമായ പഠനം നടത്തിയിട്ടില്ല വ്യായാമം ഇല്ലാത്തതിനാൽ പേശികൾക്കു ബലക്കുറവ് വരുന്നതായി കാണുന്നുണ്ട്. സാധാരണ അപസ്മാരം ബാധിച്ചവരെ കിടത്തിച്ചികിത്സിക്കുമ്പോഴാണ് ഈ ഡയറ്റ് നിർദേശിക്കുന്നത്.

ഷെറിൻ തോമസ് മാനേജർ, ഡിപ്പാർട്മെന്റ് ഓഫ് ക്ലിനിക്കൽ ന്യൂട്രിഷൻ ആസ്റ്റർ മിംസ്

ശ്രദ്ധിക്കാൻ 

∙ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശപ്രകാരമാണ് ഡയറ്റിങ് രീതി സ്വീകരിക്കേണ്ടത് 

∙ ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിയും ശരീത്തിന്റെ പ്രത്യേകതകളും വളരെ പ്രധാനമാണ് 

∙ ലോ കാർബ് ഹൈ ഫാറ്റ് (എൽസിഎച്ച്എഫ്) മലയാളം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ  ഡിസംബർ അഞ്ചിന് ടഗോർ ഹാളിൽ എൽസിഎച്ച്എഫ് മെഗാ സമ്മിറ്റ് നടത്തും. ഈ മേഖലയിലെ പ്രമുഖർ പങ്കെടുക്കും. 

Read More : Fitness Magazine