Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊണ്ണത്തടിയന്മാരുടെയും തടിച്ചികളുടെയും നഗരമായി കൊച്ചി

obesity

കൊച്ചി നഗരത്തിൽ യുവാക്കൾക്കിടയിൽ ‘പൊണ്ണത്തടിയന്മാർ’ വർധിക്കുന്നു. യുവതികൾ കളിയാക്കിച്ചിരിക്കേണ്ട. നഗരത്തിലെ 30% സ്ത്രീകൾക്കും അമിതഭാരമുണ്ട്. 10 മുതൽ 15 വരെ ശതമാനം സ്ത്രീകൾ ‘പൊണ്ണത്തടിച്ചി’കളാണ്. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഗാസ്ട്രോ എൻട്രോളജി വിഭാഗം സർജൻ ഡോ. ഒ.വി. സുധീറിന്റെ നേതൃത്വത്തിൽ നടക്കുന്ന പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. 

പൊണ്ണത്തടി ശസ്ത്രക്രിയ ചെയ്തു മാറ്റുന്നവരുടെ എണ്ണം വർധിക്കുന്നതായും ‘അമൃത’യിൽ ചികിത്സ തേടിയെത്തുന്നവരെ അടിസ്ഥാനമാക്കിയുള്ള പഠനത്തിന്റെ പുരോഗതി വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു. പഠനത്തിലെ മറ്റു പ്രധാന വിവരങ്ങൾ:

∙ നഗരത്തിൽ ‘ഫാറ്റി ലിവർ’  ഉള്ള കുട്ടികളുടെ എണ്ണം വർധിക്കുന്നു. 

∙ നഗരത്തിലെ സിബിഎസ്ഇ സ്കൂളുകളിലെ കുട്ടികളിലാണ് ‘അമിതവണ്ണം’ കൂടുതൽ.

∙ നഗരത്തിലെ ഉദാസീനമായ ജീവിതശൈലി, ശാരീരികാധ്വാനത്തിലെ കുറവ്, ഫാസ്റ്റ്ഫുഡ് തുടങ്ങിയവയാണു പ്രധാന കാരണങ്ങൾ. 

∙ ഇടത്തരം കുടുംബങ്ങളിലെ കുട്ടികളിലാണു ‘പൊണ്ണത്തടി’ കൂടുന്നത്. നഗരത്തിലെ പാവപ്പെട്ടവർക്കും അതിസമ്പന്നർക്കും പൊണ്ണത്തടി കുറവാണ്. 

∙ കുട്ടിക്കാലത്തെ പൊണ്ണത്തടിക്കാർ വളരുമ്പോഴും പൊണ്ണത്തടിക്കാരായി തുടരുന്നു.

∙ ചെറുപ്പക്കാരിലെ പൊണ്ണത്തടിക്കു വർധിച്ചുവരുന്ന ഫാസ്റ്റ്ഫുഡ് കേന്ദ്രങ്ങളാണു പ്രധാന കാരണം. 

∙ പൊണ്ണത്തടി കൂടുന്നതിനനുസരിച്ച്, ഫിറ്റ്നസ് കേന്ദ്രങ്ങളും വർധിക്കുന്നു. 

∙ അമിതവണ്ണമാണു 40% രോഗങ്ങൾക്കും കാരണം. 

∙ പ്രമേഹം, രക്തസമ്മർദം, വന്ധ്യത തുടങ്ങിയവയ്ക്കു മാത്രമല്ല, 13 തരം കാൻസറിനു വരെ പൊണ്ണത്തടി ഇടയാക്കാം. 

∙  പുരുഷന്മാരേക്കാൾ പൊണ്ണത്തടി സ്ത്രീകളിലാണ്. 

∙ ഉറക്കത്തിനിടെ അടിക്കടിയുണ്ടാകുന്ന ശ്വാസ തടസ്സത്തിന്റെ പ്രധാന കാരണം അമിതവണ്ണമാണ്. 

∙ ഉറക്കത്തിനിടെയുണ്ടാകുന്ന ശ്വാസതടസ്സം പകലുറക്കത്തിനിടയാക്കും. പകൽ വാഹനമോടിക്കുമ്പോൾ ഉറങ്ങിപ്പോവുകയും അപകടമുണ്ടാവുകയും ചെയ്യും. 

∙ അമിതവണ്ണം കാരണം 2015ൽ ലോകത്തു മരിച്ചത് 40 ലക്ഷം പേർ. 

∙ ജനിതക, ഹോർമോൺ പ്രശ്നങ്ങളും അമിതവണ്ണത്തിനിടയാക്കാം. 

∙ അമിതവണ്ണം ശസ്ത്രക്രിയയിലൂടെ മാറ്റാം. ഇതിലൂടെ മറ്റു പല അസുഖങ്ങളും ഭേദമാക്കാൻ കഴിയും. 

∙ അമിതവണ്ണത്തോടനുബന്ധിച്ചുള്ള 78% പ്രമേഹവും ബാരിയാട്രിക് ശസ്ത്രക്രിയയിലൂടെ ഭേദമാക്കാം.

∙ ഉയർന്ന ചെലവു കാരണമാണു പലരും പൊണ്ണത്തടിക്കു ചികിത്സ തേടാത്തത്.