Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരീരഭാരം കുറയ്ക്കാൻ ജ്യൂസ് ഫാസ്റ്റിങ്ങ് നടത്തുന്നവർ ശ്രദ്ധിക്കുക

821583034

പഴച്ചാർ മാത്രം കഴിച്ചു കൊണ്ടുള്ള ഉപവാസം, ജ്യൂസ് ഫാസ്റ്റിങ്ങ് അടുത്തിടെ ഏറെ പ്രചാരം നേടിയ ഒന്നാണ്. ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ വിഷാംശങ്ങളെല്ലാം നീക്കി വൃത്തിയാക്കാനുമെല്ലാം ഈ ഡയറ്റ് സഹായിക്കും. പഴങ്ങളുടെയും പച്ചക്കറികളുടെയും ജ്യൂസ്, വെള്ളം, ചായ ഇവ മാത്രം കഴിച്ചു കൊണ്ടുള്ള ഭക്ഷണരീതിയാണ് ജ്യൂസ് ഫാസ്റ്റ് ഡയറ്റ്. ദഹനേന്ദ്രിയ വ്യവസ്ഥയ്ക്ക് വിശ്രമം നൽകുന്ന ഈ ഡയറ്റ് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. ജ്യൂസിൽ അടങ്ങിയ പോഷകങ്ങൾ എളുപ്പത്തിൽ വലിച്ചെടുക്കാൻ ശരീരത്തിനാകും. പഴങ്ങളുടെയും പച്ചക്കറികളുടെയും ചാറിൽ ധാരാളം ജീവകങ്ങളും ധാതുക്കളും ഫൈറ്റോ ന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനുള്ള പ്രക്രിയയെ സഹായിക്കുന്നു. ഒപ്പം ശരീരത്തിന് ഏറെ ആവശ്യമുള്ളവയുമാണ് ഇവ. 

ജ്യൂസ് ഫാസ്റ്റിങ്ങ് ശീലമാക്കുന്നവർ കഴിവതും ഓർഗാനിക് ആയ പച്ചക്കറികളും പഴങ്ങളും തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണം. കീടനാശിനികളും രാസവസ്തുക്കളും ഇവയിൽ പൊതുവെ കുറവായിരിക്കും എന്നതു തന്നെ കാരണം. സാധാരണ പഴങ്ങളും പച്ചക്കറികളും ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ വിലയും ലഭ്യതയും നോക്കി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. എത്രനാൾ ജ്യൂസ് ഫാസ്റ്റിങ്ങ് ശീലമാക്കുന്നു എന്നതനുസരിച്ച് വേണം പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കേണ്ടത്. ശരീരത്തിന് ആവശ്യമായ എല്ലാം പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം. 

മറ്റേതൊരു ഡയറ്റിനെയും പോലെ ജ്യൂസ് ഫാസ്റ്റിങ്ങിനും ചില ദോഷങ്ങൾ ഉണ്ടാവാം. ഖരപദാർത്ഥങ്ങളും സെമി സോളിഡ് ആയ ഭക്ഷണവും പൂർണമായി ഒഴിവാക്കുന്നതിനാൽ ആദ്യ ദിവസങ്ങളിൽ ശരീരത്തിന് ക്ഷീണവും തളർച്ചയും അനുഭവപ്പെടാം. ചിലപ്പോൾ അതിസാരം വരാം. രക്തസമ്മർദം കുറയുന്ന അവസ്ഥയ്ക്കും കാരണമാകാം. തലകറക്കവും ഉണ്ടാകാം. 

ജ്യൂസ് ഫാസ്റ്റിങ്ങിനു പിന്നിലെ അപകടസാധ്യതകൾ

ജ്യൂസ് ഫാസ്റ്റിങ്ങ് സുരക്ഷിതമായ ഒരു ഡയറ്റ് ആണെന്നു പറയുക വയ്യ. കാരണം ജ്യൂസ് മാത്രം കഴിക്കുന്നത് പോഷകക്കുറവിനു കാരണമാകാം. മറ്റൊന്ന് പഴച്ചാറിൽ ധാരാളം ഷുഗർ അടങ്ങിയതിനാൽ ശരീരഭാരം കുറയുന്നതിനു പകരം ഭാരം കൂടാൻ സാധ്യതയുണ്ട്. ഭാരം കൂടാതിരിക്കാൻ ഏതു ജ്യൂസ് ആണ് തിരഞ്ഞെടുക്കുന്നത് എന്നത് പ്രധാനമാണ്. പഴച്ചാറുകളിലെ പഞ്ചസാരയുടെ അളവിൽ  വ്യത്യാസം വരുത്താം. ചെറിയ കുട്ടികൾ, ഗർഭിണികൾ, വൃദ്ധജനങ്ങൾ രോഗപ്രതി രോധ ശക്തി കുറഞ്ഞയാളുകൾ എന്നിവർ ജ്യൂസ് ഫാസ്റ്റിങ്ങ് ഒഴിവാക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.