Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരീരഭാരവും തൈറോയ്ഡും കുറച്ചതിനു പിന്നിലെ രഹസ്യങ്ങളുമായി രതി

rathi രതി

ശരീരം മെലിഞ്ഞുണങ്ങിയിരിക്കുന്നതിന് ഏറെ കളിയാക്കലുകൾ കിട്ടിയ ഒരാൾക്ക് പിന്നീട് ഭാരം കുറയ്ക്കേണ്ട അവസ്ഥയും 'തടിച്ചി' എന്ന വിളിയും കേൾക്കേണ്ടി വന്നാലോ? അങ്ങനെയൊരവസ്ഥയിലൂടെയാണ് തൃശൂർ സ്വദേശിയും ബെംഗളൂരുവിൽ കൗൺസിലറും ട്രെയിനറുമായി പ്രവർത്തിക്കുന്ന രതി കടന്നു പോയത്. 

തീരെ മെലിഞ്ഞ ശരീരമായിരുന്നു എനിക്ക്. കുട്ടിക്കാലത്ത് ഇതുപറഞ്ഞ് ബന്ധുക്കളൊക്കെ കളിയാക്കുമായിരുന്നു. കല്യാണം കഴിഞ്ഞ ശേഷവും ഇതിനു മാറ്റമുണ്ടായില്ല. അന്ന് എല്ലാവരും പറഞ്ഞു, രതിയെ ഒന്നു വണ്ണംവച്ചു കാണാൻ പറ്റുമെന്ന പ്രതീക്ഷയേ ഇല്ലെന്ന്. ഈ പറഞ്ഞവർതന്നെ പ്രസവത്തിനു ശേഷം എന്നെ കണ്ടപ്പോൾ പറഞ്ഞു, നീ എങ്ങനെയെങ്കിലും ഈ വണ്ണം ഒന്നു കുറയ്ക്കെന്ന്. ആദ്യത്തെ പ്രസവത്തിനു ശേഷം ഞാൻ തടി കുറച്ചിരുന്നു. എന്നാൽ രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോൾ അതിലും ഇരട്ടിയായി വണ്ണംവച്ചു. മെലിഞ്ഞിരുന്ന ഒരാൾ പെട്ടെന്നു തടിച്ചി ആകുമ്പോഴുള്ള എല്ലാ പ്രശ്നങ്ങളും എനിക്കുമുണ്ടായി. 59 കിലോയിൽനിന്ന് 70 കിലോയിലെത്തി. കണ്ണാടിയിൽ എന്നെ കാണുമ്പോൾ വല്ലാത്ത സങ്കടം, ഇഷ്ടവേഷങ്ങൾ ധരിക്കാൻ പറ്റാത്ത അവസ്ഥ ഇതൊക്കെ മാനസികമായി എന്നെ തളർത്തുകയും ആത്മവിശ്വാസം തകർക്കുകയുമൊക്കെ ചെയ്തു. 

ഇടയ്ക്കിടെ ഓരോ വർക്ക്ഔട്ട് ചെയ്തുനോക്കിയെങ്കിലും അതൊന്നും വിജയകരമായി മുന്നോട്ടു നീങ്ങിയില്ല. ഒറ്റയ്ക്കുള്ള ശ്രമത്തെക്കാളും നല്ലത് സമാനഹൃദയരായ 

ആർക്കെങ്കിലുമൊപ്പം ചെയ്യുന്നതാണെന്നു ചിന്തിച്ചപ്പോഴാണ് ഹബീബിന്റെ വെയ്റ്റ്‌ലോസ് ചാലഞ്ച് പോസ്റ്റ് ഫെയ്സ്ബുക്കിൽ കാണുന്നത്. ഞാനും ആ ഗ്രൂപ്പിന്റെ ഭാഗമായി. ആ സമയത്ത് എനിക്ക് 70 കിലോയായിരുന്നു ഭാരം. കൂട്ടിന് തൈറോയ്ഡും. തൈറോയ്ഡ് (TSH) 11 ആയിരുന്നു ഓഗസ്റ്റിൽ.

വർക്ക്ഔട്ടും ഡയറ്റുെമല്ലം തുടങ്ങിയപ്പോൾ ആദ്യം കുറച്ചു വിഷമമൊക്കെ തോന്നി. ബെംഗളൂരു ആണ് താമസമെങ്കിലും തനി കേരളീയ ഭക്ഷണശൈലിയാണ് പിന്തുടര്‍ന്നിരുന്നത്. രാവിലെ പുട്ട്, ദോശ, ഇഡ്ഡലി, തുടങ്ങിയ അരിയാഹാരങ്ങൾ, ഉച്ചയ്ക്കും രാത്രിയും ചോറ്. മധുരപലഹാരങ്ങളും നോൺവെജും ഏറെ പ്രിയം. ഇങ്ങനെ കഴിച്ചുകൊണ്ടിരുന്ന ഞാൻ അളന്നുതിട്ടപ്പെടുത്തി 100 ഗ്രാം റൈസ് ആക്കിയാലുള്ള അവസ്ഥ. ആദ്യമൊക്കെ ചോറ് എടുക്കുമ്പോൾ എനിക്കുതന്നെ സങ്കടം തോന്നി. ഇത്ര കുറച്ച് ചോറു കഴിച്ചാൽ എങ്ങനെ വിശപ്പു മാറും. പ്രോട്ടീനും കാർബോഹൈഡ്രേറ്റുമൊക്കെ അടങ്ങിയവ കൂടെ ഉണ്ടെങ്കിലും എന്റെ വിഷമം മുഴുവൻ ചോറിൽ മാത്രമായിരുന്നു. പതിയെ അതിനൊരു വഴി ഞാൻതന്നെ കണ്ടെത്തി- മക്കളുടെ പാത്രത്തിൽ ഭക്ഷണം എടുക്കുക. അതാകുമ്പോൾ പാത്രം നിറഞ്ഞിരിക്കുന്ന ഫീൽ ഉണ്ടാകുമല്ലോ.

ഒന്നര മാസം കഴിഞ്ഞ് വെയ്റ്റ് നോക്കിയപ്പോൾ കുറഞ്ഞത് നാലു കിലോഗ്രാം. അതു തന്ന സന്തോഷം, എന്തു പറയണമെന്ന് അറിയില്ല. എനിക്ക് എന്നോടുതന്നെ ബഹുമാനം തോന്നി. ഗ്രൂപ്പ് ആയി ചെയ്യുന്നതിന്റെ ഗുണം അപ്പോഴാണ് മനസ്സിലായത്. നമ്മൾ മടി പിടിച്ചിരിക്കുമ്പോഴാകും ഗ്രൂപ്പിൽ അപ്ഡേഷൻസ് വരുന്നത്. അതു കാണുമ്പോൾ നമ്മളും അറിയാതെ ചെയ്തുപോകും. കുട്ടികൾക്കൊക്കെ സുഖമില്ലാത്ത അവസ്ഥ വരുമ്പോൾ ഡയറ്റിൽ അൽപം മാറ്റമൊക്കെ വന്നിട്ടുണ്ടെങ്കിലും ഒരിക്കൽപ്പോലും വ്യായാമം മുടക്കിയിട്ടില്ല. ഇതിനുള്ള ക്രെഡിറ്റ് മുഴുവൻ ഗ്രൂപ്പ് അഡ്മിൻമാർക്കുതന്നെ. സംശയങ്ങൾ അപ്പപ്പോൾ ദൂരീകരിക്കുന്നതിനൊപ്പം ആവശ്യത്തിനുള്ള മോട്ടിവേഷനും അവർ നൽകുന്നുണ്ടായിരുന്നു. ഒരിക്കലും ഡയറ്റ് പറ്റുമെന്നു വിചാരിച്ചിരുന്ന ഒരാളേ അല്ലായിരുന്നു ഞാൻ.

ഇപ്പോൾ എന്റെ ലൈഫ്സ്റ്റൈൽ തന്നെ ആകെ മാറിപ്പോയി. വെള്ളം അധികം കുടിക്കുന്ന ആളായിരുന്നില്ല. ബെംഗളൂരുവിൽ അധികം ചൂടില്ലാത്തതിനാൽ അധികം വെള്ളം കുടിക്കാനും തോന്നുമായിരുന്നില്ല. ആദ്യമൊക്കെ റിമൈൻഡറും അലാമുമൊക്കെ വച്ചായിരുന്നു വെള്ളം കുടിച്ചിരുന്നത്. ഇപ്പോൾ അതൊക്കെ മാറി. ദിവസവും കുറഞ്ഞത് മൂന്നു ലീറ്റർ വെള്ളം കുടിച്ചിരിക്കും. വാരിവലിച്ചു കഴിച്ചിരുന്ന ഞാൻ എത്ര പ്രോട്ടീൻ, എത്ര കാലറി, കാർബോഹൈഡ്രേറ്റ് ഇവയൊക്കെ കൃത്യമായി മനസ്സിലാക്കി കഴിച്ചുതുടങ്ങി. ഇപ്പോഴാണ് എന്റെ ജീവിതത്തിന് കൃത്യമായ അടുക്കും ചിട്ടയും വന്നുതുടങ്ങിയത്. ആദ്യമൊക്കെ കുറച്ച് ആഹാരം കഴിക്കുന്നതു കാണുമ്പോൾ ഭർത്താവ് മനോജും അമ്മയും പറയുമായിരുന്നു ‘ ഇതൊന്നും നോക്കണ്ട വിശപ്പു മാറാനുള്ള ആഹാരം കഴിക്കണം’ എന്ന്. എന്നാൽ കാര്യമായ മാറ്റം കണ്ടുതുടങ്ങിയപ്പോൾ ഏറ്റവുമധികം പ്രോത്സാഹനം തന്നത് അവരാണ്. ഇതുവരെ ഒരു ഫിറ്റ്നസ് സെന്ററിലും പോയിരുന്നില്ല. പക്ഷേ ഈ വെയ്റ്റ്‌ലോസ് തന്ന ആത്മവിശ്വാസവും ഇനിയും തുടർന്നു പോകണമെന്ന ആഗ്രഹവുംകൊണ്ട് ജനുവരി മുതൽ ഒരു ഫിറ്റ്നസ് സെന്ററിൽ പോയി വർക്ക്ഔട്ട് തുടങ്ങി. ഇപ്പോൾ ഫിറ്റ്നസ് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. നാലുമാസം കൊണ്ട് 63 കിലോയിലെത്തി. തൈറോയ്ഡ് ലെവലിലും കാര്യമായ വ്യത്യാസം വന്നു. TSH 11–ൽ നിന്ന് രണ്ടായി.  97 ആയിരുന്ന ആബ്‌സ് 85 ൽ എത്തി. 

എന്നെ സംബന്ധിച്ചിടത്തോളം എന്റെ വെയ്റ്റ് ടാർഗറ്റ് പൂർത്തിയായി. ഇനി ശരീരം ടോൺ ചെയ്തെടുക്കലാണ് അടുത്ത പണി.

ഡയറ്റ് & വർക്ക്ഔട്ട് പ്ലാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.