Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൂറോളം പേരെ 'ഫിറ്റ്' ആക്കിയ ഹബീബ് അ‍ഞ്ജുവിന്റെ വെയ്റ്റ്‌ലോസ് ടിപ്സ്

habeeb-anju ഹബീബ് അ‍ഞ്ജുവും അഞ്ജു ഹബീബും

തടിയുള്ളവർക്കെന്തോ കുഴപ്പമുണ്ടെന്നു കരുതുന്നതിനോട് ഒട്ടും യോജിപ്പില്ല ഹബീബ് അഞ്ജുവിന്. കുടവയറും അമിതവണ്ണവും ആരോഗ്യജീവിതത്തിനു തടസ്സമാകുന്നെങ്കിൽ, രണ്ടു ചുവടു വയ്ക്കുമ്പോഴേ കിതയ്ക്കുന്നുണ്ടെങ്കിൽ, രോഗങ്ങൾക്കു കാരണമാകുന്നുണ്ടെങ്കിൽ വണ്ണം കുറയ്ക്കണം. അതാണു നിലപാട്. വെറുതെ പറയുകയല്ല. ചെയ്തങ്ങു കാണിച്ചു. ഒറ്റയ്ക്കല്ല, കുറെപ്പേരെ കൂടെക്കൂട്ടി– ഗ്രൂപ്പായി അമിത വണ്ണം കുറച്ച് എല്ലാവരും ആരോഗ്യമുള്ളവരായി. 

തീർന്നിട്ടില്ല, ഹബീബ് അഞ്ജുവിന്റെയും ഭാര്യ അഞ്ജു ഹബീബിന്റെയും ഫിറ്റ്നസ് സീക്രട്ട് അറിയാൻ ഒട്ടേറെപ്പേർ അന്വേഷണം തുടരുന്നതു കൊണ്ട് അതെല്ലാം കൂടി എഴുതി ചെറിയ പുസ്തകമാക്കി ഓൺലൈനിൽ ലഭ്യമാക്കി. ഇപ്പോൾ അതിന്റെ ഇംഗ്ലിഷും വരുന്നു. 

പാലക്കാട് ആലത്തൂർ സ്വദേശികളായ ഹബീബും ഭാര്യ അഞ്ജുവും അമിതവണ്ണം കുറച്ച കഥയാണിത്. ഒപ്പം, ‘വെയ്റ്റ്‌ലോസ് പബ്ലിക് ചാലഞ്ച്’ ഫെയ്സ്ബുക്കിൽ മുന്നോട്ടു വച്ചതിന്റെയും അതിൽ പങ്കെടുക്കാൻ ഒട്ടേറെപ്പേർ വന്നതിന്റെയും ഒടുവിൽ ഫെയ്സ്ബുക് ഗ്രൂപ്പ് ഉണ്ടാക്കി എല്ലാവരും ചേർന്നു വണ്ണം കുറച്ചതിന്റെയും കഥ. 

4 മാസം കൊണ്ട് എട്ടര കിലോയാണ് അഞ്ജു കുറച്ചത്. ഹബീബ് ആകട്ടെ 5 മാസം കൊണ്ട് 7 കിലോയും. ഫിറ്റ്നസ് ആൻഡ് ഫാറ്റ്ലോസ് എന്നാണു ഫെയ്സ്ബുക് ഗ്രൂപ്പിന്റെ പേര്. 

ആദ്യപടിയായി 2018 ഓഗസ്റ്റ് 1 ന് ഹബീബ് തന്റെ കുടവയർ സഹിതമുള്ള ഫോട്ടോ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തു. ഒപ്പമിങ്ങനെ കുറിച്ചു. 2019 ജനുവരി 1 ആകുമ്പോഴേക്കും ശരീരത്തിലെ അനാവശ്യ വണ്ണമൊക്കെ കുറയ്ക്കുമെന്ന്. ഈ ചാലഞ്ചിൽ ഹബീബിനൊപ്പം കുറച്ചു സുഹൃത്തുക്കൾ കൂടി ചേർന്നു. എല്ലാവരും കൃത്യമായി വർക്കൗട്ട് ചെയ്തു. പറഞ്ഞതിനും ദിവസങ്ങൾക്കു മുൻപേ ഗ്രൂപ്പ് അംഗങ്ങൾ വണ്ണം കുറച്ചു!

കുടവയർ കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനുമൊക്കെയായി വ്യായാമം ചെയ്യാൻ തുടങ്ങുന്നവർക്കുള്ള അടിസ്ഥാനപരമായ വിവരങ്ങളാണു ഹബീബിന്റെ പുസ്തകത്തിൽ. അനുയോജ്യമായ വർക്കൗട്ടുകൾ, യാത്രയിലും ചെയ്യാനാകുന്ന വ്യായാമങ്ങൾ തുടങ്ങി ഒട്ടേറെ വിവരങ്ങളുണ്ടതിൽ. എൽഐസിയിൽ ഓഫിസറാണു ഹബീബ് അഞ്ജു.  

ഹബീബ് ടിപ്സ്

∙ ഏറ്റവും ആവശ്യം ആരോഗ്യകരമായ ഭക്ഷണവും കൃത്യമായ വ്യായാമവുമാണ്. പക്ഷേ, ഒറ്റയടിക്ക് ആരോഗ്യഭക്ഷണത്തിലേക്കു കടന്നാൽ മടുപ്പാകും. അതിന്റെ കൂടെ വ്യായാമവും ചേരുമ്പോൾ ക്ഷീണവും. പെട്ടെന്നു തന്നെ പലരും ഡയറ്റും വ്യായാമവും നിർത്തുകയും ചെയ്യും. അതുകൊണ്ട് ആദ്യം നിലവിലെ ഭക്ഷണശീലത്തിൽ ചെറിയ ചില മാറ്റങ്ങൾ മാത്രം വരുത്തുക. എന്നിട്ട് വ്യായാമം തുടങ്ങുക. 

∙ പതിയെപ്പതിയെ ഭക്ഷണം പൂർണമായും ശരിയാക്കിയെടുക്കാം. ആരോഗ്യകരമായി മെലിയുന്നുണ്ടെന്നു കാണുമ്പോൾ തോന്നുന്ന സന്തോഷം ഭക്ഷണ ക്രമീകരണത്തിനു പ്രചോദനമാകുകയും ചെയ്യും. 

∙ തുടക്കത്തിൽ ഭക്ഷണം അങ്ങനെ തന്നെ നിലനിർത്താം. പക്ഷേ, അളവിൽ ചില മാറ്റങ്ങൾ വരുത്തണം. കഞ്ഞിയും പയറുമാണു കഴിക്കുന്നതെങ്കിൽ പാത്രത്തിന്റെ അരഭാഗം പയർ, കാൽഭാഗം കഞ്ഞി, കാൽഭാഗം തോരൻ എന്നിങ്ങനെയാക്കാം. അതായത്, പകുതി ഭാഗം പ്രോട്ടീൻ, കാൽ ഭാഗം  കാർബോഹൈഡ്രേറ്റ്, കാൽഭാഗം പച്ചക്കറി/പഴം എന്ന രീതി.  

∙ മധുരം, കൊഴുപ്പ്, ബേക്കറി പലഹാരങ്ങൾ, ജങ്ക് ഫൂഡ് എന്നിവ പരമാവധി ഒഴിവാക്കുക. ദിവസം 2–3 ലീറ്റർ വെള്ളം കുടിക്കാം. 6–7 മണിക്കൂർ നന്നായി ഉറങ്ങാം.

∙ ആഴ്ചയിൽ രണ്ടര മണിക്കൂർ എങ്കിലും വ്യായാമത്തിനായി മാറ്റി വെയ്ക്കണം - അതായത് ഒരു സിനിമ കാണുന്ന സമയം മതി. ദിവസം അരമണിക്കൂർ വീതം അഞ്ച് ദിവസമാണ് ഏറ്റവും നല്ലത്. 

∙ നിലവിലുള്ള ജീവിത രീതികളിൽ നിന്നു വലിയ മാറ്റങ്ങളില്ലാതെയുള്ള വർക്കൗട്ട് പ്ലാനുകൾ ആണെങ്കിൽ മാത്രമേ ദിവസങ്ങൾ കഴിഞ്ഞാലും അതു തുടർന്നു കൊണ്ടു പോകാൻ കഴിയൂ.

∙ തുടർച്ചയായി വർക്കൗട്ട് ചെയ്യണം. കുറെ ദിവസം മുടങ്ങിയാൽ ശരിയാകില്ല. 

∙ പ്രത്യേക സ്ഥലമോ സാഹചര്യമോ ആശ്രയിക്കാതെ ഏതു സാഹചര്യത്തിലും ചെയ്യാൻ പറ്റുന്ന വർക്കൗട്ടുകൾ അറിഞ്ഞാൽ മുടങ്ങാതെ തുടരാൻ എളുപ്പമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.