Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

110–ൽ നിന്ന് 58-ലേക്ക്; മാറ്റത്തിനു പിന്നിലെ രഹസ്യങ്ങളുമായി മേഘ

megha-pritmani മേഘ

പൊണ്ണത്തടി കാരണം സുഹൃത്തുക്കൾപോലും അകറ്റി നിർത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു മേഘ പ്രിത്മാനിയ്ക്ക്. പരിഹാസ നോട്ടങ്ങളും ബന്ധുക്കളുടെയും സ്കൂൾ–കോളജ് സുഹൃത്തുക്കളുടെയും കളിയാക്കലുകളും വിമർശനങ്ങളും 23 വയസ്സിനിടയ്ക്ക് ആ പെൺകുട്ടിക്കു ധാരാളം ലഭിച്ചു. ആളുകൾ ഒരു തമാശ പോലെയാണ് പലപ്പോഴും അവളെ കണ്ടത്. അതുകാരണം പുറത്തേക്കിറങ്ങാൻ പോലും ആത്മവിശ്വാസമില്ലായിരുന്നു. ‘അതെന്റെ മാനസികാവസ്ഥയെവരെ ബാധിച്ചു തുടങ്ങി. ഒടുവിൽ ഞാൻതന്നെ ആ തീരുമാനമെടുത്തു, ഇവരുടെ അവഗണനയ്ക്കും തുറിച്ചുനോട്ടങ്ങൾക്കും പാത്രമാകാൻ ഇനി എന്നെ കിട്ടില്ല’ - മേഘ പറയുന്നു. 

വിദ്യാർഥിനിയാണ് മേഘ. ശരീരഭാരം 110 കിലോ, കൂട്ടിന് പിസിഒഡിയും. ഒന്നര വർഷംകൊണ്ട് അവൾ കുറച്ചത് 52 കിലോയാണ്. ഭക്ഷണ നിയന്ത്രണത്തിലായിരുന്നു തുടക്കമെന്ന് മേഘ പറയുന്നു. ‘ഫ്രൂട്ട്സ്–നട്ട്സ് മിശ്രിതമായ മുസേലിയും ഒരു കപ്പ് പാലും മാത്രമായിരുന്നു പ്രാതൽ. ഉച്ചഭക്ഷണ മെനുവിൽ ഒന്നോ രണ്ടോ ചപ്പാത്തിയും പച്ചക്കറികളും ദാലും അൽപ്പം ചോറും. രാത്രി ഭക്ഷണവും ഇതേ രീതിയിൽ ഒതുക്കി. 

കാർബോ ഹൈഡ്രേറ്റും കാലറിയും കൂടിയ ഭക്ഷണം ഒഴിവാക്കി. പകരം മുട്ടയുടെ വെള്ള മാത്രം ഉപയോഗിച്ചുള്ള ഓംലറ്റും ചീര ജ്യൂസും ഉൾപ്പെടുത്തി. 

megha1

ആഴ്ചതോറുമുള്ള ചീറ്റ് ഡേയിൽ വാരിവലിച്ചു കഴിക്കുന്ന പതിവു ഡയറ്റ് പരിപാടിയോടും നോ പറഞ്ഞു. ഒരു നേരം എനിക്കിഷ്ടപ്പെട്ട ചില്ലി ചിക്കനും ഫ്രൈഡ് റൈസും കഴിച്ചു. ഭക്ഷണത്തെ നിലയ്ക്കു നിർത്താൻ പഠിച്ച എനിക്ക് അതുതന്നെ അധികമായിരുന്നു.

ഫിറ്റ്നസ് വ്യായാമങ്ങൾ ശീലമാക്കിയതോടെ എന്റെ ആത്മവിശ്വാസം ഇരട്ടിച്ചു. ശരീരത്തിനും മനസ്സിനും ആനന്ദം നൽകുന്ന കാർഡിയോ വ്യായാമങ്ങൾ ദിവസവും പതിനഞ്ച് മിനിറ്റോളം ചെയ്തു. ഇതിനു പുറമേ യോഗയും മറ്റ് ജിം വർക്കൗട്ടുകളും ശീലമാക്കി. ശരീരത്തിലെ ഓരോ ഭാഗത്തും മാറ്റം വേണ്ട തരത്തിൽ വെയ്റ്റ് എക്സർസൈസുകൾ കൂടിയായപ്പോൾ മൊത്തത്തിൽ മാറ്റമായി. 

110 കിലോയിൽനിന്നു 15 കിലോയോളം ഇറങ്ങിപ്പോയപ്പോൾ ആത്മവിശ്വാസം ഇരട്ടിച്ചു. പഴയ ഫോട്ടോകൾ  കണ്ടപ്പോൾ വാശി വീണ്ടും കൂടി. ഇത് ഭാരം കുറയ്ക്കാനുള്ള പ്രചോദനമായി. ദിവസവും ഞാൻ എന്നെത്തന്നെ മോട്ടിവേറ്റ് ചെയ്തുകൊണ്ടിരുന്നു. ഒന്നര വർഷത്തിനു ശേഷം ഞാൻ  58 കിലോയിൽ എത്തി. 

വെയ്റ്റ്‌ലോസ് എന്ന ലക്ഷ്യം വന്നതോടെ എന്റെ ജീവിതശൈലി തന്നെ ആകെ മാറി. മുൻപ് രുചികരമായി എനിക്കു തോന്നുന്ന എന്തും യാതൊരു നിയന്ത്രണവുമില്ലാതെ കഴിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ കാലറി നോക്കി, അത് ശരീരത്തെ എങ്ങനെ ബാധിക്കുമെന്നൊക്കെ മനസ്സിലാക്കിയാണ് കഴിക്കുന്നത്. വാരിവലിച്ചു കഴിക്കുന്ന രീതിയോട് ആദ്യമേ ബൈ പറഞ്ഞു. സന്തോഷകരമായ ജീവിതം നയിക്കുന്നതിന് ആരോഗ്യകരമായ ജീവിതശൈലി എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കി. ഇനി ഒരിക്കലും ആ പഴയ ജീവിതരീതിയിലേക്കു തിരിച്ചു പോകാതെ ശരീരഭാരം കൃത്യമായി നിലനിർത്തുമെന്ന ഉറച്ച തീരുമാനവും ഞാനെടുത്തു കഴിഞ്ഞു.

പണ്ട് അകറ്റി നിർത്തിയവർ ഇപ്പോൾ ചേർത്തു പിടിക്കുന്നുണ്ട്, എന്നെ അഭിനന്ദിക്കുന്നുണ്ട്. തുറിച്ചു നോട്ടങ്ങൾ‍ സന്തോഷനോട്ടങ്ങളായി മാറിയിരിക്കുന്നു.’ - മേഘ പറയുന്നു.