Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡയറ്റിങ് എബിസിഡി അറിയില്ല; നാലു മാസം കൊണ്ട് കുറച്ചത് 13 കിലോ!

neelima നീലിമ

ൈഹസ്കൂൾ കാലഘട്ടം മുതൽ 'തടിച്ചി' എന്ന പേര് നീലിമയ്ക്കു കൂട്ടായിരുന്നു. ‘ഏറ്റവും കൂടുതൽ കളിയാക്കൽ കേട്ടിട്ടുള്ളത് പോളിടെക്നിക് കോളജിലായിരുന്നു. ക്ലാസ്സിലെ കുട്ടികൾ ഒരുമിച്ച് ഫോട്ടോ എടുക്കുമ്പോൾ കൂട്ടുകാർ പറയുമായിരുന്നു നീലിമയുടെ രണ്ടു ഫോട്ടോ എടുത്തിട്ട് ചേർത്തുവച്ചാലേ കിട്ടൂ, ഒറ്റ ഫ്രെയിമിൽ കൊള്ളില്ല എന്നൊക്കെ. എന്നാൽ അന്നൊന്നും അതത്ര കാര്യമാക്കിയതേ ഇല്ല. പിന്നെയെന്താണു ശരീരഭാരം കുറയ്ക്കാൻ തീരുമാനിച്ചതെന്നു ചോദിച്ചാൽ, ശരീരം എന്റെ വഴിക്കു വരുന്നില്ലെന്നു കണ്ടപ്പോൾ കുറയ്ക്കാതെ വേറെ വഴിയില്ലെന്നായി’. ആ കഥ നീലിമ തന്നെ പറയുന്നു. 

കണ്ണൂരിലെ എച്ചൂർ എന്ന സ്ഥലത്താണ് എന്റെ വീട്. ഒരു ഗ്രാമപ്രദേശം. സാധാരണക്കാരായ ആളുകൾ. അതിനാൽ ഈ തടി പറഞ്ഞ് കൂട്ടുകാർ കളിയാക്കുമെങ്കിലും അതൊന്നും ഒരു കാര്യമേ ആയിരുന്നില്ല എനിക്ക്. തടി കുറയ്ക്കാനുള്ള ടിപ്സ് ഒന്നും അന്നു ചിന്തിച്ചിട്ടുമില്ല. കല്യാണമൊക്കെ കഴിഞ്ഞ് മൂന്നു കുട്ടികളായപ്പോൾ നന്നായി വണ്ണം വച്ചു. നടക്കാനൊക്കെ ബുദ്ധിമുട്ട്. കലശലായ മുട്ടുവേദനയും തുടങ്ങി. ശരീരഭാരം കുറയ്ക്കാതെ രക്ഷയില്ലെന്നു മനസ്സിലായി. ആഗ്രഹം ഉള്ളിലുണ്ടെങ്കിലും എന്തൊക്കെയാണ് വെയ്റ്റ് കുറയ്ക്കാൻ ചെയ്യേണ്ടതെന്ന ധാരണകളൊന്നും ഇല്ലായിരുന്നു. അങ്ങനെ ഇരുന്നപ്പോഴാണ് യാദൃച്ഛികമായി ഹബീബ് അഞ്ജുവിന്റെ വെയ്റ്റ് ലോസ് ചാലഞ്ച് കാണുന്നത്. 

73 കിലോഗ്രാം ആയിരുന്നു അപ്പോഴത്തെ ഭാരം. ഈ ഗ്രൂപ്പിൽ എത്തുന്നതു വരെ വർക്ക്ഔട്ടിനെക്കുറിച്ചോ ഡയറ്റിനെക്കുറിച്ചോ ഒരു പിടിയുമില്ലായിരുന്നു ഓഗസ്റ്റ് പകുതിയോടെ ഇതൊക്കെ ആരംഭിച്ചു. സെപ്റ്റംബർ ആദ്യ ആഴ്ച ആയപ്പോഴേക്കും രണ്ടു കിലോ കുറഞ്ഞു. അതോടെ കോൺഫിഡൻസ് വന്നു. 

Healthifyme എന്ന ആപ് ഡൗൺലോഡ് ചെയ്തു. കാലറി, പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്സ് തുടങ്ങിയവ കൃത്യമായി ട്രാക്ക് ചെയ്യാൻ തുടങ്ങി. എല്ലാ മാസവും ഏകദേശം 3.5 കിലോഗ്രാം വച്ചു കുറഞ്ഞു തുടങ്ങി. ഇപ്പോൾ ഭാരം 60 ൽ എത്തി. എന്റെ ടാർഗറ്റ് 56 ആണ്. വയർ കുറച്ചുകൂടി കുറയാനുണ്ട്. അതിനുള്ള ശ്രമങ്ങളും നടക്കുന്നു. 

ഇപ്പോൾ എന്നെ കാണുന്നവരൊക്കെ ഞാൻ വല്ലാതെ മെലിഞ്ഞു പോയി, ക്ഷീണിച്ചു എന്നൊക്കെ പറയാറുണ്ട്. ഇങ്ങനെ ആകാൻ ഞാൻ അനുഭവിച്ച ബുദ്ധിമുട്ട് അവർ അറിയുന്നില്ലല്ലോ. ഏറ്റവും വിഷമം തോന്നിയത് ഭർത്താവിന്റെ അമ്മയ്ക്കാണ്. തടി കുറയ്ക്കാൻ തുടങ്ങിയശേഷം അമ്മ എന്നെ ആദ്യം കാണുന്നത് ഒരു ബന്ധുവിന്റെ കല്യാണവീട്ടിൽ വച്ചാണ്. ഓടി അടുത്തെത്തി അമ്മ ചോദിച്ചു ‘മോളേ, നിനക്ക് എന്തെങ്കിലും അസുഖം പിടിച്ചോ, നീ ഇതെന്ത് കോലമാ, എന്താ ഇങ്ങനെ ക്ഷീണിച്ചു പോയേ’ എന്നൊക്കെ. തടി കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയെന്ന് ഞാൻ ആരോടും പറഞ്ഞിരുന്നില്ല. ഇതൊക്കെ ചെയ്തിട്ട് എന്റെ ശരീരത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായില്ലെങ്കിൽ വീണ്ടും കളിയാക്കലുകൾ കേൾക്കണമല്ലോ എന്നു വച്ച് മിണ്ടാതിരുന്നതാ. പക്ഷേ പരിചയക്കാരൊക്കെ ചോദിച്ചു തുടങ്ങിയപ്പോൾ എനിക്കും ആത്മവിശ്വാസം കൂടി. ഇനി കുറയ്ക്കാനൊന്നും പോകണ്ടെന്നാണ് അമ്മ പറയുന്നത്. പിന്നെ ഭർത്താവ് രാജേഷ് അഞ്ചേരി പിന്തുണയുമായി കൂടെയുണ്ട്. പക്ഷേ ഇനിയും കുറച്ച് 56 ൽ എത്തിയാൽ എല്ലാവരും കൂടി എന്നെ 'കൊല്ലുമോ' എന്ന പേടിയുണ്ട്. എന്തുതന്നെ ആയാലും ആ പഴയ രീതിയിലേക്ക് ഇനി പോകില്ല. തൽക്കാലം വയറിനെ ഒന്നു ഷേപ്പ് ചെയ്തെടുക്കണം. ബാക്കി പിന്നീട്.