Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അദ്‌നൻ സാമി 110 കിലോ കുറച്ചതെങ്ങനെ?

adnan-swami-24102015

സംഗീതം പിന്നെ, ഭക്ഷണം. ഒരു വർഷം മുൻപുവരെ ഇതു രണ്ടുമായിരുന്നു അദ്‌നൻ സാമിക്കു ജീവിതം. പക്ഷേ, ഇപ്പോൾ അങ്ങനെയല്ല. സംഗീതലോകത്തെ ‘വലിയ’ മനുഷ്യൻ കുഞ്ഞായിരിക്കുന്നു. നേർപകുതിയെന്നു വേണമെങ്കിൽ പറയാം.

അദ്‌നൻ സാമിയെ മാതൃകയാക്കി ജീവിച്ചിരുന്ന പൊണ്ണത്തടിയൻമാർ ഞെട്ടി. ഒന്നും രണ്ടുമല്ല, 110 കിലോയാണു സാമി ഭാരം കുറച്ചത്. അതും വെറും ഒരു വർഷംകൊണ്ട്. പ്രണയാർദ്ര ഗാനങ്ങൾകൊണ്ട് ഇൻഡി പോപ് രംഗം കീഴടക്കിയ അദ്‌നൻ സാമി ഒരു ഇടവേളയ്‌ക്കുശേഷം തിരിച്ചെത്തിയപ്പോൾ അടുത്ത സുഹൃത്തുക്കൾ പോലും ആദ്യം തിരിച്ചറിഞ്ഞില്ല. അത്രയ്‌ക്ക് അദ്ദേഹം മാറിപ്പോയിരുന്നു. ‘എന്റെ പകുതി ഞാൻ വേണ്ടെന്നുവച്ചു’ എന്നാണ് അദ്‌നൻ ആദ്യം പ്രതികരിച്ചത്. തന്റെ പുതിയ സംഗീത ആൽബം പുറത്തിറക്കിയ സാമിയെ തേടി ഫോൺകോളുകളുടെ പ്രവാഹമായിരുന്നു. പാട്ടുകളെക്കുറിച്ചല്ല പലർക്കും അറിയേണ്ടിയിരുന്നത്. ഒരു ചോദ്യം മാത്രം: ‘‘എങ്ങനെ ഇതു സാധിച്ചെടുത്തു?’’

പൊണ്ണത്തടിയൻമാരുടെ പഴയ സംഘത്തിലെ കൂട്ടുകാരോട് അദ്‌നൻ തന്റെ കഥ പറഞ്ഞു. ഒരു നാടോടിക്കഥ കേൾക്കുന്ന അവിശ്വസനീയതയോടെ അവർ അതു കേട്ടു. ഒരു വർഷം മുൻപ് ലണ്ടനിൽ പതിവു പരിശോധനകൾക്കായി എത്തിയതായിരുന്നു അദ്‌നൻ സാമി. പരിശോധനാഫലം പഠിച്ചശേഷം ഡോക്‌ടർമാർ അദ്‌നനോട് പറഞ്ഞു: ‘‘ഏറിയാൽ ആറു മാസം. അതിനുള്ളിൽ ഏതെങ്കിലും ഹോട്ടൽമുറിയിൽ താങ്കളെ മരിച്ച നിലയിൽ കണ്ടെത്തിയാൽ ഞങ്ങൾ അദ്‌ഭുതപ്പെടില്ല.’’

അതായിരുന്നു വഴിത്തിരിവ്. മരണം മുന്നിലെത്തിയിരിക്കുന്നു എന്നു തിരിച്ചറിയുമ്പോഴുള്ള അമ്പരപ്പ്. ജീവിതത്തിൽ മുൻപൊരിക്കലും തോന്നിയിട്ടില്ലാത്തപോലെ സ്വന്തം ശരീരത്തെയോർത്ത് അദ്‌നൻ സാമി പേടിച്ചു. തളർന്ന മനസ്സോടെ വീട്ടിലേക്കു മടങ്ങി.

ഭക്ഷണത്തോടുള്ള അമിതമായ താൽപര്യമായിരുന്നു അദ്‌നന്റെ അമിതവണ്ണത്തിനു കാരണം. പാക്കിസ്‌ഥാൻകാരിയായ നടി സേബ ഭക്‌തിയാറുമായുള്ള ദാമ്പത്യം തെറ്റിപ്പിരിഞ്ഞതോടെ മനസ്സു മുഴുവൻ സംഗീതത്തിന് അർപ്പിച്ചിരിക്കുകയായിരുന്നു അദ്‌നൻ. എപ്പോഴും എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു ഏക വിനോദം. ഒപ്പം സംഗീതവും. ‘‘നിരാശയായിരുന്നു ജീവിതത്തോട്; അതുകൊണ്ട് ഞാൻ വെറുതെ ഭക്ഷണം കഴിച്ചുകൊണ്ടേയിരുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ഇടവേളയില്ലാതെ ഭക്ഷണം കഴിച്ചുകൊണ്ടേയിരുന്നതിനാൽ നിരാശ എന്നെ വിടാതെ കൂടെക്കൂട്ടി’’- അദ്‌നൻ പറഞ്ഞു.

ലണ്ടനിൽ നിന്നു മടങ്ങി വീട്ടിലെത്തിയപ്പോൾ അദ്‌നൻ ഡോക്‌ടർമാർ പറഞ്ഞ കാര്യങ്ങൾ യുഎസിലുള്ള പിതാവിനോടു മാത്രം ഫോണിൽ പറഞ്ഞു. ‘‘എനിക്കെന്തെങ്കിലും സംഭവിക്കുന്നതിനെക്കുറിച്ചോർത്ത് എനിക്കു ദുഃഖമില്ല. ഞാൻ എന്റെ ജീവിതം ആസ്വദിച്ചു. നേടാവുന്നതൊക്കെ നേടി. ഇനി സംഭവിക്കാനുള്ളതു സംഭവിക്കട്ടെ.’’

പക്ഷേ, മകനെ അങ്ങനെയങ്ങു വിടാൻ ആ പിതാവ് ഒരുക്കമായിരുന്നില്ല. ഉടൻ തന്നെ അമേരിക്കയ്‌ക്കു വരാൻ ഉത്തരവിട്ടു. അത് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. ഏറ്റെടുത്ത ജോലികൾ ഒട്ടേറെ. എല്ലാവരോടും മൂന്നു മാസത്തെ സമയം ചോദിച്ച്, പല ജോലികളും വേണ്ടെന്നുവച്ച് അദ്‌നൻ മാതാപിതാക്കളുടെ അടുത്തേക്കു പോയി.

പിന്നെ കഠിനപരിശ്രമത്തിന്റെ നാളുകൾ. ഭക്ഷണക്രമം പുതുതായി ചിട്ടപ്പെടുത്തി. വ്യായാമം, ഡയറ്റിങ്...ഒരു പാട്ടു ചിട്ടപ്പെടുത്തുന്നതിനെക്കാൾ ശ്രമകരമായിരുന്നു അത്. പക്ഷേ, സംഗീതത്തിനു മാത്രമല്ല, ജീവിതത്തിനും ഒരു രാഗവും താളവും ആവശ്യമുണ്ടെന്ന തിരിച്ചറിവ് അദ്‌നന് കരുത്തു പകർന്നു.

ബ്രെഡ്, മധുരം, എണ്ണ, ചോറ്, മദ്യം, ഉറക്കമിളപ്പ് എന്നിവയൊക്കെ പൂർണമായും ഒഴിവാക്കി. ഒരു തരിപോലും എണ്ണ ചേർക്കാതെ പാകം ചെയ്‌ത പച്ചക്കറികളും പരിപ്പും മീനും ഭക്ഷണക്രമത്തിൽ കൂടുതലായി ഉൾപ്പെടുത്തി. കൊഴുപ്പില്ലാത്ത കോഴിയിറച്ചി മാത്രം ഇടയ്‌ക്കിടയ്‌ക്ക്. ഒരു ന്യൂട്രീഷൻ മാർഗനിർദേശങ്ങളുമായി മുഴുവൻ സമയവും അദ്‌നനൊപ്പമുണ്ടായിരുന്നു. ആദ്യരണ്ടു മാസങ്ങൾകൊണ്ടുതന്നെ വ്യത്യാസം കണ്ടുതുടങ്ങി. പിന്നെ എല്ലാം നിയന്ത്രണത്തിലായി. തൂക്കം കുത്തനെ കുറഞ്ഞുകൊണ്ടിരുന്നു. അസാധ്യമെന്നു കരുതിയ വലിയൊരു കാര്യം നേടിയ സംതൃപ്‌തിയിലാണു മുപ്പത്തിനാലുകാരനായ അദ്‌നനിപ്പോൾ. അമിതവണ്ണം പോയതോടെ കൂടുതൽ സുന്ദരനായി. പക്ഷേ, വർഷങ്ങളോളം ഒന്നിച്ചു ജീവിച്ച ഒരാളെ എവിടെയോ ഉപേക്ഷിച്ച പ്രതീതി.

‘കിസി ദിൻ’ (എന്നെങ്കിലും..) എന്ന അദ്‌നന്റെ പുതിയ ആൽബത്തിന്റെ റിലീസിങ്ങിന് എത്തിയപ്പോൾ ഒരു മാധ്യമപ്രവർത്തകയ്‌ക്കു സംശയം. ‘‘താങ്കളുടെ പഴയ വസ്‌ത്രങ്ങളെല്ലാം എന്തു ചെയ്‌തു?’’

പൊട്ടിച്ചിരിച്ചുകൊണ്ട് അദ്‌നൻ പറഞ്ഞു:‘‘എന്റെ അമ്മ പറയുന്നത്, അവയെല്ലാംകൂടി ഒന്നിച്ചെടുത്ത് ആർക്കെങ്കിലും ദാനം കൊടുക്കാമെന്നാണ്.’’