Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രോട്ടീൻ പൗഡർ കഴിക്കേണ്ടതുണ്ടോ?

body-building-protein-powder

വട‍ിവെ‍ാത്ത ശരീരം, സിക്സ് പാക്സ്, മുഴച്ചുനിൽക്കുന്ന ബൈസെപ്സ്, ശരീരത്തിൽ നിറയെ തുളുമ്പി നിൽക്കുന്ന മസിലുകൾ, ഇന്നത്തെ വിദ്യാർഥികളുടെയും യുവാക്കളുടെയും ഇടയിൽ ഫിറ്റ്നസ് ജ്വരം വീണ്ടും വ്യാപകമാകുകയാണ്. ഹൃതിക് റോഷന്റെയും സൽമാൻ ഖാന്റെയും പോലെയുള്ള ശരീരം യുവജനങ്ങൾ മാത്രമല്ല മധ്യവയസ്കരും ഇന്ന് ആഗ്രഹിക്കുന്നു. എന്ന‍ാൽ അതിന് അവരെപ്പോലെ കഷ്ടപ്പെടാൻ പലർക്കും താൽപര്യമില്ല. പ്രോട്ടീൻ പൗഡർ ഉൾപ്പെടെയുള്ള ചില മരുന്നുകൾ കഴിച്ചാൽ, അത്തരം പേശീ മുഴുപ്പ് ഉണ്ടാകുമെന്നാണ് പലരു‌ടെയും ധാരണ. ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നത് പ്രോ‌ട്ടീൻ പൗഡറുകളാണ്. എന്നാൽ ഇതുകൊണ്ടു പ്രതീക്ഷ‍ിക്കുന്ന ഗുണമുണ്ടോ? എന്തെങ്കിലും ദോഷങ്ങളുണ്ടോ? പ്രോട്ടീൻ പൗഡറുകളെ വിശദമായി അറിയാം.

ശരീരത്തിലെ പ്രോട്ടീൻ
നമ്മുടെ ശരീര വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായ ഒരു പോഷകമാണ് പ്രോട്ടീൻ (മാംസ്യം). അതുകൊണ്ട‍ാണ് അതിനെ നമ്മുടെ ശരീരത്തിന്റെ ബിൽഡിങ് ബ്ലോക്ക് എന്നു വിളിക്കുന്നത്. മറ്റൊരു അർഥത്തിൽ പറഞ്ഞാൽ നമ്മുടെ ശരീരത്തിൽ കൂടുതൽ കോശങ്ങളും പേശികളും ഉണ്ടാകാൻ പ്രോട്ടീൻ‌ ആവശ്യമാണ്. കൂടുതൽ മസിലിനു കൂടുതൽ പ്രോട്ടീൻ എന്നു പ്രചാരം വന്നതോടെ ജിമ്മിൽ പോകുന്നവർ പ്രോട്ടീൻ സപ്ലിമെൻറ് ആരംഭിക്കുകയും ചെയ്തു. പ്രോട്ടീൻ സപ്ലിമെന്റുകൾ കഴിക്കണോ വേണ്ടയോ. എത്ര അളവിൽ, ഏതുതരം, എപ്പോൾ കഴിക്കണം, അങ്ങനെ പല സംശയങ്ങളുണ്ട്. ഇവയെ വിശകലനം ചെയ്തു നോക്കാം.

എത്രമാത്രം പ്രോട്ടീൻ?
ജിമ്മിലെ വ്യായാമത്തിന്റെ തീവ്രത, ദൈർഘ്യം തുടങ്ങിയവയെ ആശ്രയിച്ചാണ് പ്രോട്ടീന്റെ അളവ് നിശ്ചയിക്കുന്നത്. ശരാശരി പൊക്കവും തൂക്കവും ഉള്ള സാധാരണ ജോലി ചെയ്യുന്ന ഒരു വ്യക്തിക്ക് ദിവസം ഒരു കിഗ്രാം തൂക്കത്തിന് ഒരു ഗ്രാം പ്രോട്ടീൻ മതിയാകും. അതായതു 60 ക‍ി.ഗ്രാം തൂക്കമുള്ള ഒരാൾക്ക് 60 ഗ്രാം. അവ ഭക്ഷണത്തിലൂടെ കിട്ടും എന്നാൽ വ്യായാമം ചെയ്യുന്ന വ്യക്തിക്കു കൂടുതൽ പ്രോട്ടീൻ ആവശ്യമാണ്. കഠിനവ്യായാമം ആണു ചെയ്യുന്നതെങ്കിൽ ഇരട്ടിയോളം (120ഗ്രാം) കഴിക്കാം. ഏകദേശം ഒരു മണിക്കൂർ ബോഡി ബിൽഡിങ് വ്യ‍ായാമം ചെ‍യ്യുന്ന ഒരാൾക്ക് 75–90 ഗ്രാം ‍പ്ര‍ാട്ടീൻ മതിയാകും.

കൂടുതൽ കഴിച്ചാൽ മസിൽ കൂടുമോ?
പ്രോട്ടീൻ പൗഡർ കൂടുതൽ കഴിച്ചാൽ മസിൽ കൂടുമെന്നത് തെറ്റുധാരണയാണ്. കാർബാഹൈഡ്രേറ്റ് (അന്നജം) കുറച്ചു പ്രോട്ടീൻ കൂടുതൽ കഴിക്കുമ്പോൾ വണ്ണം കുറയുമെങ്കിലും പേശികളുടെ വളർച്ചയ്ക്ക് അന്നജവും കൊഴുപ്പും വളരെ അത്യാവശ്യമാണ്. വ്യായാമം ചെയ്യാൻ ആവശ്യമായ ഊർജം ലഭിക്കുന്നത് അന്നജത്തിൽ നിന്നാണ്. ആവശ്യത്തിന് അന്നജം കഴിക്കാതിരുന്നാൽ, ശരീരം ഊർജത്തിനായി പ്രോട്ടീൻ ഉപയോഗിക്കും. അങ്ങനെ സംഭവ‍ിച്ചാൽ മസിൽ വളരില്ല. അതുകൊണ്ട് അന്നജവും പ്രോട്ട‍ീനും ഒരുമിച്ചുള്ള ഡയറ്റു തന്നെ വേണം. കൊഴുപ്പും ഒഴിവാക്കരുത്. കാരണം അതു മസിൽ ബിൽഡിങ് ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനത്തിന് ആവശ്യമാണ്.

അമിതമായി പ്രോട്ടീൻ കഴിച്ചാൽ അപകടം
പ്രോട്ടീൻ പൗഡർ അപകടസാധ്യത ഉണ്ടാക്കുന്നതു വളരെ അമിതമായി കഴിക്കു‌മ്പോഴാണ്. അമിത ഉപയോഗം കൊണ്ടുള്ള ദോഷഫലങ്ങൾ നോക്കാം

∙ ആവശ്യത്തിലധികം പ്രോട്ടീൻ നിരന്തരം കഴിച്ചാൽ ഗൗട്ട്, വൃക്കയിൽ കല്ല്, ചിലതരം കാൻസർ എന്നിവ ഉണ്ടാകാൻ വളരെ സാധ്യതയുണ്ട്. അമിതമായി പ്രോട്ടീൻ ഉണ്ടെങ്കിൽ രക്തത്തിലെ ആസിഡ് ലെവൽ കൂടും. ഇതു ശരീരത്തിലെ കാൽസ്യവുമായി ചേർന്ന് എല്ലുകളുടെ ബലം ക്ഷയിക്കാൻ സാധ്യതയുണ്ട്. അതായതു മസിലുകളുടെ ശക്തി കൂടുമ്പോൾ എല്ലുകളുടെ ശക്തി കുറയുന്നു ഇത് ഒാസ്റ്റിയോപൊറോസിസ് എന്ന രോഗാവസ്ഥയിലേക്ക് എത്തിക്കും.
∙ അമിതമായാൽ വൃക്ക. കരൾ, എല്ലുകൾ എന്നിവയെ ബാധിക്കുന്നു.
∙ പ്രോട്ടീൻ പൗഡർ വളരെ വിലക്കൂടുതൽ ഉള്ളതാണ്. സാമ്പത്തികപ്രശ്നങ്ങളുമുണ്ടാക്കാം.
∙ വളരെ പ്രധാനപ്പെട്ട പല സൂക്ഷ്മപോഷകങ്ങളും ഇതിലില്ല.
∙ അമിതമായി ഉള്ളിലേക്കെത്തുന്നത് പ്രോട്ടീനായ‍ാലും കാർബോഹൈഡ്രേറ്റായാലും കൊഴുപ്പായാലും ശരീരത്തിൽ സംഭരിക്കാനാവില്ല. പകരം അതു മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു.
∙ പ്രോട്ടീൻ പൗഡർ അമിതമായി കഴിക്കുന്നത് വേസ്റ്റായി മാറുന്നു. ഏറ്റവും പ്രചാരം നേടിയ വേയ് പ്രോട്ടീൻ (whey protein) ഉണ്ടാക്കുന്നത‍ു പാലിൽ നിന്നുമാണ്. എന്നാൽ പാലിൽ നിന്നും ലഭിക്കുന്ന പല പോഷകങ്ങളും പ്രോട്ടീൻ വേർതിരിക്കുന്ന സമയത്ത് നഷ്ടപ്പെടുന്നു.
∙ ഏതു പോഷകവും വൈറ്റമിനുകൾ മുതൽ വെള്ളം വരെ അമിതമായാൽ ആരോഗ്യത്തിനു നല്ലതല്ല. ഉയർന്ന കാർബോഹൈഡ്രേറ്റ്–ഉയർന്ന കൊഴുപ്പ് ആഹാരരീതിയും ഹാനികരമാണ്. പ്രോട്ടീൻ പൗഡർ കഴിക്കുന്നത് ആൺകുട്ടികൾ മാത്രം ചെയ്യുന്നതാണെന്നു കരുതരുത്. ഇന്ത്യയിലെ മെട്രോസിറ്റികളിൽ ഒട്ടേറെ പെൺകുട്ടികളും ഇതു തുടങ്ങിക്കഴിഞ്ഞു.

പ്രോട്ടീൻ സപ്ലിമെന്റ് കഴിക്കേണ്ട ആവശ്യമുണ്ടോ?
കൂടുതൽ പ്രോട്ടീൻ കൂട‍ുതൽ മസിൽ തരും എന്ന ധാരണ ആദ്യം മാറ്റുക. ഒരു ദിവസം നാലുതരം പ്രോട്ടീനടങ്ങിയ ആഹാരം കഴിച്ചാൽ സപ്ലിമെന്റിന്റെ ആവശ്യമില്ല. ജിമ്മിൽ പോകാൻ തുടങ്ങുമ്പോഴേ പെട്ടെന്നു മസിലുണ്ടാകാൻ വേണ്ടി അമിതമായി പ്രോട്ടീൻ സപ്ലിമെൻറുകൾ കഴിക്കരുത്. തൂക്കം കൂടുന്നതനുസരിച്ച് എത്ര മണ‍ിക്കൂർ ഏതുതരം എക്സർസൈസ് ചെയ്യുന്നു എന്നതിനനുസരിച്ചു സാവധാനം മാത്രം അളവു കൂട്ടുക.

പ്രോട്ടീൻ എത്ര കഴിക്കണം എന്നു നിശ്ചയിക്കുന്നത് ആ വ്യക്തിയുടെ പ്രായം, ലിംഗം, ശരീരവലുപ്പവും രീതിയും, വ്യായാമത്തിന്റെ രീതിയും സമയദൈർഘ്യവും എന്നിവയെ ആശ്രയിച്ചാണ്. നിങ്ങള‍ുടെ പൊക്കത്തിനും തൂക്കത്തിനും വ്യായാമത്തിനും ആനുപാത‍ികമായ പ്രോട്ടീനടങ്ങിയ ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ തീർച്ചയായും സപ്ലിമെൻറ് കഴിക്കണം. 170 സെ.മ‍‍ീ. പൊക്കവും 70 കി.ഗ്രാം തൂക്കവും ഉള്ള വ്യക്തിക്കു 70 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്. 1–1.5 മണിക്കൂർ അധികം കഠിനമല്ലാത്ത വർക്ഒൗട്ട് ചെയ്യുന്ന ഒരാൾക്ക് 80–90 ഗ്രാം പ്രോട്ടീൻ മതിയാകും.

താഴെ കെ‍ാടുത്തിരിക്കുന്ന ടേബിൾ ആഹാരസാധനങ്ങളിലെ പ്രോ‍ട്ടീന്റെ ഏകദേശ അളവ് കണ്ടെത്തുന്നതിനു സഹായിക്കും.

ആഹാരം– പ്രോട്ട‍ിന്റെ അളവ് ഗ്രാമിൽ
1. ചിക്കൻ 100ഗ്രാം (2ഇടത്തരം കഷണങ്ങൾ)– 25
2. മീൻ (100ഗ്രാം) (2 ഇടത്തരം കഷണങ്ങൾ)– 20
3. ബീഫ് (100ഗ്രാം)– 20
4. മുട്ട ഒരെണ്ണം– 6
5. സോയാബീൻ (20ഗ്രാം)– 7
6. പാൽപ്പൊടി (30 ഗ്രാം)–11
7. പനീർ (40 ഗ്രാം) –7
8. പരിപ്പു വേവിച്ചത് ഒന്നരകപ്പ് (30ഗ്രാം)– 6
9. പയറുവർഗങ്ങൾ ഒരു കപ്പ് (30ഗ്രാം)– 7

ഏതു സമയത്ത് പ്രോട്ടീൻ ഷേക് കുടിക്കണം?
സാധാരണ പ്രോട്ടീൻ പൗഡർ വെള്ളം, പാൽ, ജ്യൂസ് എന്നിവയിൽ മിക്സ് ചെയ്തു കുടിക്കാം. വേയ്പ്രോട്ടീൻ വർക് ഒൗട്ടിനു മുമ്പും പിമ്പും കെയ്സിൻ എന്ന പ്രോട്ടീൻ ഉറങ്ങുന്നതിനും മുമ്പുമാണ് എടുക്കേണ്ടത്.

പ്രോട്ടീൻ ബ്രാൻഡ് അനുസരിച്ചും ടൈപ്പ് അനുസരിച്ചും ഗുണമേൻമയിൽ വ്യത്യാസമുണ്ട്. ദിവസം രണ്ടു പ്രാവശ്യം വർക്ഒൗട്ട് തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ആദ്യത്തെ ഡ്രിങ്കും, രണ്ടാമത്തെ ഡ്രിങ്ക് വർക് ഒൗട്ടു കഴിയുന്ന ഉടനെയും കുട‍ിക്കണം. ഇതാണ് പ്രോട്ടീൻ ഷേക് കുടിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയം.

പ്രധാനമായും ശരീരത്തിന് എനർജി ലഭിക്കുന്നതിനും വ്യായാമം ചെ‍യ്യുമ്പോൾ നാശം സംഭവിക്കുന്ന പേശികൾ പുനരുദ്ധരിക്കാനും പുതുതായി ഉണ്ട‍ാകുന്ന മസിലിനു ഇന്ധനമേകാനും വേണ്ടിയാണ് വർക്ഒൗട്ട് സമയത്തു തന്നെ കഴി‍ക്കുന്നത്. എന്നാൽ നേന്ത്രപ്പഴം അല്ലെങ്കിൽ മിൽക് ഷേക്, സ്മൂത്തികൾ എന്നിവ പ്രോട്ടീൻ ഷേക്കിനു പകരമായി കഴിക്കാം.

കാർബാഹൈഡ്രേറ്റ്പ്രോട്ടീൻ ഷേക്കുകൾ
കഠിനമായ വർക് ഒൗട്ടിനു ശേഷം നമ്മുടെ പേശികൾ നശിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു വർക് ഒൗട്ടിനുശേഷം പെട്ടന്നു ദഹിച്ചു രക്തത്തിൽ കലരുന്ന ഒരു കാർബോഹൈഡ്രേറ്റ്–പ്രോട്ടീൻ മിക്സ് കുട‍‍ിക്കുക. പേശികൾ വിഘടിക്കുമ്പോൾ രക്തക്കുഴലുകൾ വികസിക്കും. രക്തം പേശിയിലേക്ക് വളരെ ശക്തമായി പമ്പ് ചെയ്യപ്പെടുന്ന ഈ അവസരത്തിൽ കാർബോൈഹഡ്രേറ്റ് പേശികളിൽ ഇന്ധനത്തെ വീണ്ടും നിറയ്ക്കുന്നു. അങ്ങനെ പേശീവളർച്ചയെ ഉത്തേജിപ്പിക്കുന്നു.

ഒരു വർക്ഒൗട്ടിനു തൊട്ടുമുമ്പോ അല്ലെങ്കിൽ ശേഷമോ മാത്രമല്ല രണ്ട‍ു വർക്ഒൗട്ട‍ുകൾക്ക് ഇടയ്ക്കും പ്രോട്ടീൻ ചിലപ്പോൾ ആവശ്യമാണ്. അതായത് ഇന്നു ജിമ്മിൽ പോയതിനുശേഷം നാളെ അടുത്ത വ്യായാമം ചെയ്യുന്നതിന് ഇടയ്ക്കുള്ള 24 മണിക്കൂർ സമയത്തും പലപ്പോഴായി പ്രോട്ടീൻ അട‍ങ്ങിയ ആഹാരസാധാനങ്ങൾ കഴിക്കണം. ഇത്രയും പ്രോട്ടീൻ ഒന്നോ രണ്ടോ പ്ര‍‍ാവശ്യമായി ഒറ്റയടിക്കു കുടിക്കുന്നതും നല്ലതല്ല.

പ്രോട്ടീൻ ഷേക് കഴിക്കുമ്പോൾ
വർക് ഒൗ‌ട്ട് കഴിയുന്ന ഉടനെ പ്രോട്ടീൻ ഷേക്കുകൾ കുടിക്കാം. വളരെ വേഗത്തിൽ ദഹിക്കുന്നതും കോശങ്ങളെ ജലാംശമുള്ളതാക്കുന്നതും ആകണമിവ. ഏകദേശം മൂന്നു കപ്പു വെള്ളം ഉപയോഗിച്ചു നേർപ്പിച്ചതായിരിക്കണം. ഉയർന്ന ജലാംശം ഉള്ള പ്രോട്ടീൻ ഷേക് ആമാശയത്തിൽ നിന്നു ചെറുകുടലിൽ പ്രവേശിച്ചു പെട്ടെന്നു ദഹിക്കുകയും അതു ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ചെ‍‍യ്യുന്നു. ഏകദേശം ഒരു മണിക്കൂറിനുശേഷം പ്രോട്ടീൻ അടങ്ങിയ ആഹാരം (മുട്ട, മുട്ട വെള്ള, ചിക്കൻ, മീൻ) കഴിക്കുക. വെജിറ്റേറിയൻ ആഹാരംശീലിച്ചവർ പനീർ, പയറുവർഗങ്ങൾ, പരിപ്പുവർഗങ്ങൾ, സോയ എന്നിവ ഉൾപ്പെടുത്താം.

വർക് ഒൗട്ടിനു ശേഷം പ്രോട്ടീനോടൊപ്പം കാർബോഹൈഡ്രേറ്റും ആവശ‍്യമാണ്. അതുകൊണ്ട് പ്രോട്ടീൻ കാർബോഹൈഡ്ര‍േറ്റ‍ും കോമ്പിനേഷൻ ആണു നല്ലത്. ഒരു വർക് ഒൗട്ടിനുശേഷം പ്രോട്ടീൻ ഷേക്കിൽ നി‍ന്നും കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ജലം എന്നിവ ശരിയായ അനുപാതത്തിൽ കിട്ടുകയാണെങ്കിൽ പിന്നീടു കഴിക്കുന്ന ആഹാരത്തിലെ പ്രോട്ടീൻ സാവധാനം ദഹിച്ചു രക്തത്തിൽ കലർന്നു മസിലുകൾക്കു ലഭ്യമാകും. ഏറ്റവും പ്രധ‍ാനമായി ഒാർമിക്കേണ്ട കാര്യം പ്രോട്ടീൻ മാത്രമല്ല മസിലുകൾക്ക് വേ‍ണ്ടത് ശരിയായ അനുപാതത്തിൽ കാർബോഹൈഡ്രേറ്റ്–പ്രോട്ടീൻ–ജലം കോ‍മ്പിനേഷൻ വേണ‍ം. ഇവ ശരിയായ സമയത്തു കഴിക്കുകയാണെങ്കിൽ പേശിവളർച്ചയ്ക്കു സഹായകമാകും.

ഏതു പ്രോട്ടീനാണു നല്ലത്?
വേയ് പ്രോട്ടീനും കെയ്സീൻ പ്രോട്ടീനും എന്നിങ്ങനെ രണ്ടുതരം പ്ര‍ാട്ടീനുകളുളാണ് ഉള്ളത്. ‌

ചില ഫ്ര‍‍ഞ്ച‍് ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടത് ഈ രണ്ടു പ്രോട്ടീനും മിക്സ് ചെയ്യുമ്പോൾ കൂടുതൽ ആരോഗ‍്യഗുണങ്ങൾ ഉണ്ടെന്നാണ്. ഇതിനു കാരണം കെയ്സീൻവളരെ താമസിച്ചും സ്ഥിരമായും ശരീരത്തിലേക്ക് അമിനോആസിഡ് നൽകുന്നു. എന്നാൽ വേയ് പ്രോട്ടീൻ വളരെ പെ‌‌ട്ടെന്നു ശരീരത്തിലേക്ക് ആഗിരണം ചെ‍‍യ്യപ്പെ‌ടുകയും ശരീരത്തിനു പെട്ടെന്നു വേണ്ട അമിനോആസിഡ് നൽകുകയും ചെയ്യുന്നു. അതുകൊണ്ട‍ു നിങ്ങൾ പ്രോട്ടീൻ സപ്ലിമെൻറ് എടുക്കുമ്പോൾ മാക്സ‍ിമം ഡോസ് അമിനോ ആസിഡ് ലഭിക്കുന്ന വേയ് ‍പ്രോട്ടീൻ മിക്സ് എടുക്കാം.

ആഹാരത്തിലെ പ്രോട്ടീൻ
ആഹാരത്തിൽ നിന്നും ലഭിക്കുന്ന സ്വാഭാവിക പ്രോട്ടീൻ തന്നെയാണ് ശരീ‍രത്തിനു നല്ലത്. പ്രത്യേകിച്ചും പ്രോട്ടീൻ ഉയർന്ന തോതിലടങ്ങിയ ഡയറ്റ് കൂടുതൽ കഴിക്കുമ്പോൾ ശരീരത്തിനു വളരെ അത്യാവശ്യമായ കാർബോഹൈഡ്രേറ്റ്, നാരുകൾ, വൈറ്റമിനുകൾ, ധാതുക്കൾ, ട്രേസ് എലമെന്റ്സ് എന്നിവയുടെ അപര്യാപ്തത ഉണ്ടാകാൻ സാധ്യത ഏറെയാണ്. മലബന്ധം, ഡൈവെർട്ടിക്കുലൈറ്റിസ് (കുടൽ വീക്കം) എന്നിവ ഉണ്ട‍ാകാനും സാധ്യത ഏറുന്നു. അമിതമായി വേയ് പ്രോട്ടീൻ കഴിച്ചാൽ താഴെ കൊടുത്തിരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്കു സാധ്യതയ‍ുണ്ട്.

∙ ലാക്റ്റോസ് ഇൻടോളറൻസ്
∙ കൂടലിന് അസ്വസ്ഥതകൾ
∙വയറു കമ്പിക്കൽ
∙ വൃക്കയിലെ കല്ലുകൾ

എന്നാൽ ഉയർന്ന വേയ് പ്രോട്ടീനും കുറഞ്ഞ കാർബോഹൈ‍‍ഡ്രേറ്റുമടങ്ങിയ ഡയറ്റ് പിന്തുടരുന്നവരിൽ ഒസ്റ്റിയോ പൊറോസിസ്, കീറ്റോസിസ്, കരൾ തകരാർ, വൃക്കയിലെ കല്ലുകൾ, വൃക്കത്തകരാർ ഇവ ഉണ്ടാകാം.

രോഗാവസ്ഥയിൽ കഴിക്കാം
കുട്ടികളുടെ വളർച്ചയുടെ പ്രായം, ഗർഭം, മുലയൂട്ടുന്ന സമയം, എന്ന‍ീ ഘട്ടങ്ങളിൽ തീരെ മെലിഞ്ഞിരിക്കുന്ന വർക്ക് ശരീരത്തിനു കൂട‍ുതൽ പ്രോട്ടീൻ ആവശ്യമായി വരും. ചില രോഗാവസ്ഥയിലും കാൻസർ ഉള്ളവർക്കും (കീമോതെറപ്പി, റേഡിയോതെറപ്പി, കാൻസർ ശസ്ത്രക്രിയ എ‍ന്നിവ ചെയ്യുന്നവർ), എയ്ഡ്സ്, ക്ഷയം, മറ്റു പ്രധാന ശസ്ത്രക്രിയകൾക്കു വിധേയരായവർ) എന്നിവർക്കും പ്രോട്ട‍ീൻ അത്യാവശ്യമാണ്. പക്ഷേ, ജിമ്മിലെ പ്രോട്ടീൻ സപ്ലിമെൻറുകൾ അല്ല ഇവർക്കു നിർദേശിക്കാറുള്ളത്.

ശരീരത്തിലെ അമിത കൊഴുപ്പുമാറ്റി ശരീരഘടനയ്ക്കും ആരോഗ്യത്തിനും വളരെ ഫലം ചെയ്യുന്ന രീതിയിലുള്ള ആഹാരരീതിയും വ്യായാമരീതിയും തുടരണം. ഒരിക്കലും വ്യ‍ായാമവും ഡയറ്റിങും പേശി വികാസത്തിനു വേണ്ടി മാത്രം ആകരുത്. മറിച്ച് ആരോഗ്യം കൂട്ടാനും ഊർജസ്വലതയോടെയിരിക്ക‍ാനും വേണ്ടിയാകണം. കൊഴുത്തിരിക്കുന്ന മസിലുണ്ടെന്നു കരുതി പൂർണ ആരോഗ്യവാനാകണം എന്നർഥമില്ല.

അളവു കൂടരുത്; വെറുതെ കഴിക്കരുത്
പ്രോട്ടീൻ പൗഡറിന്റെ ഉപയോഗം വ്യാപകമാകുന്ന കാഴ്ചയാണിന്നു കാണാനാകുന്നത്. പ്രോട്ടീൻ പൗഡറിനെ സംബന്ധിച്ച് വാങ്ങുമ്പോൾ ശ്രദ്ധ‍‍ിക്കേണ്ട പ്രധാന കാര്യം അതിലെ ചേരുവകള‍‍ാണ്. അതു പോലെ റെഗുലേറ്ററി ബോഡിയുടെ അംഗീകാരം ഉണ്ടോ എന്നും നോക്കണം. അംഗീകൃത വിൽപനശാലകളിൽ നിന്നു വാങ്ങുന്നതാണ് നല്ലത്. ലൈസൻസ് ഉള്ള സ്ഥാപനത്തിൽ നിന്നു വാങ്ങുമ്പോൾ കുറച്ചു കൂടി സുരക്ഷിതത്വം ഉറപ്പാക്കാം. ‌

പ്രോട്ടീൻ പൗഡർ ഉപയോഗിക്കാനൊരുങ്ങുന്ന വ്യക്തി അതു തനിക്ക് ആവശ്യമുണ്ടോ അല്ലെങ്കിൽ തനിക്ക് ആവശ്യയമുള്ള അളവെത്ര എന്നു ചിന്തിക്കണം. അതെക്കുറിച്ച് വൈദഗ്ധ്യമുള്ള ട്രെയിനറോടും സംസാരിക്കണം. പ്രോട്ടീൻ പൗഡർ ഉപയോഗിക്കുന്നവർ അതിന്റെ ഉപ‍യോഗയോഗ്യമായ കാലാവധിയെക്കുറിച്ചും അറിഞ്ഞിരിക്കണം. ശരീരഭാരത്തിനും ഉദ്ദേശിക്കുന്ന പേശ‍‍ീവികാസത്തിനും അനുസൃതമായാണ് പ്രോട്ടീൻ കഴിക്കേണ്ടത്. പ്രൊഫഷണൽ ബോഡി ബിൽഡർമാർ സാധ‍ാരണഗതിയിൽ നാലിരട്ടി പ്രോട്ടീൻ ഉപയോഗിക്കാറുണ്ട്. സാധ‍ാരണക്കാർക്ക് അത്രയും ആവശ്യമുണ്ടോ എന്നതാണ് ചിന്തിക്കേണ്ടത്. ജിംനേഷ്യത്തിലെത്തുന്നത് ശരീരസൗന്ദര്യം, സിക്സ് പാക്ക്, ഭാരം കുറയ്ക്കൽ, പ്രമേഹം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കൽ എന്നിങ്ങനെ വിവിധ ലക്ഷ്യങ്ങളുമായാണല്ലോ.

മുട്ടവെള്ള, പാൽ, പയറു വർഗങ്ങൾ എന്നിവയെല്ലാം സ്വാഭാവികപ്രോട്ടീന്റെ ഉറവിടങ്ങളാണ്. എന്നാൽ മസിൽ വർധിപ്പിക്കാനാഗ്രഹിക്കുന്നയാളിന് കൂടുതൽ പ്രോട്ട‍ീൻ വേണം. പ്രോട്ടീൻ പൗഡർ കഴിക്കുന്നതിനൊപ്പം ചിട്ടയായി വർക്ഒൗട്ട് ക‍ൂടി ചെയ്താൽ മാത്രമേ മസിൽ വികസിക്കുകയുള്ളൂ എന്നും അറിയണം. അതു പോലെ ഏതെങ്കിലും രോഗാവസ്ഥയിലുള്ളർ പ്രോട്ടീൻ ഉപയോഗിക്കും മുമ്പ് വിദഗ്ധ നിർദേശം തേടണം. വേയ‍് പ്രോ‍ട്ട‍ീൻ ചുരുക്കമായി അലർജി പ്രതിപ്രവർത്തനങ്ങളുണ്ടാക്കാറുണ്ട്. ആവശ്യത്തില‍ധികമായി പ്രോട്ടീൻ ഉള്ളിലെത്തുകയും വർക് ഒൗട്ട് ചെയ്യാതിരിക്കുകയുമാണെങ്കിൽ വൃക്കയിൽ കല്ലുകളുണ്ടാകാനിടയുണ്ട്. പ്രമേഹം, കൊളസ്ട്രോൾ പ്രശ്നങ്ങളുള്ളവരും അമിത അളവിൽ പ്രോട്ടീൻ പൗഡർ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. വൃക്കത്തകരാറുള്ളവരിൽ പ്ര‍ശ്നങ്ങളുടെ സങ്കീർണത കൂടാം. സ്വാഭാവിക വേയ് പ്രോട്ടീൻ സാധാരണഗതിയിൽ കുഴപ്പമുണ്ടാക്കാറില്ല. എന്നാൽ പ്രോട്ടീൻ പൗഡ‍റിൽ ക്രിയാറ്റിനിനോ സ്റ്റിറോയ്ഡോ ചേർന്നിട്ടുണ്ടെങ്കിൽ അത് അനാരോഗ്യകരമാണ്.

ഡോ. ജയപ്രകാശ് പി.
കൺസൽറ്റന്റ് എൻഡോക്രൈനോളജിസ്റ്റ് മെഡിക്കൽട്രസ്റ്റ്, കൊച്ചി