Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രാതൽ കഴിച്ച് ഭാരം കുറയ്ക്കാം

breakfast

രാവിലെ രാജാവിനെപ്പോലെ കഴിക്കണം പലരും കേട്ടിട്ടുള്ളതാണ് ഈ വാചകം. പ്രത്യേകിച്ച് മെലിയാനായി ഭക്ഷണം നിയന്ത്രിച്ചിരിക്കുന്നവർ. രാത്രിയിൽ മണിക്കൂറുകൾ നീണ്ട ഉറക്കത്തിനി ശേഷം രാവിലെ എഴുന്നേൽക്കുമ്പോൾ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ഊർജം ആവശ്യമാണ്. മാത്രമല്ല ദൈനംനിന പ്രവർത്തനങ്ങൾക്കായി ശരീരത്തെ സജ്ജമാക്കുന്നതിനുള്ള ആദ്യ ഊർജം ലഭിക്കുന്നത് പ്രഭാത ഭക്ഷണത്തിൽ നിന്നുമാണ്. ശരീരഭാരം തങ്ങളുടെ നിയന്ത്രണത്തിൽ തന്നെ ആയിരിക്കണമെന്ന് വാശിപിടിക്കുന്നവർക്ക് ആരോഗ്യം നിലനിർത്താനും ഒപ്പം ഭാരം നിയന്ത്രിക്കാനും ഇതാ അഞ്ച് പൊടിക്കൈകൾ. ഇതൊന്നു പരീക്ഷിച്ചു നോക്കൂ...

1. പ്രാതൽ ഒഴിവാക്കരുതേ...

കാലറി കുറയുമെന്ന മിഥ്യാധാരണയിൽ പ്രഭാതഭക്ഷണം ഒഴിവാക്കാനാണ് പലരും ശ്രമിക്കുന്നത്. എന്നാൽ അറിഞ്ഞോളൂ, പ്രാതൽ ഒഴിവാക്കുമ്പോൾ വിശപ്പ് കൂടുതലായി അനുഭവപ്പെടുകയും ഉച്ചഭക്ഷണത്തിനു മുന്നേതന്നെ നിങ്ങൾ ജങ്ക്ഫുഡുകൾ തേടിപ്പോകുകയും ചെയ്യും. അല്ലെങ്കിൽ ഉച്ചഭക്ഷണം കൂടുതൽ അളവിൽ കഴിച്ച് വിശപ്പിന് ശമനം നൽകും. ഇതിന്റെ ഫലമായി സംഭവിക്കുന്നതോ, പ്രഭാതഭക്ഷണത്തിൽ നിന്നു ലഭിക്കുന്നതിനെക്കാൾ അധികം കാലറി ഈ ആഹാരത്തിലൂടെ ശരീരത്തിലെത്തുന്നു.

ഒഴിഞ്ഞ വയറുമായി ദിവസം ആരംഭിക്കുന്നവരെക്കാൾ മെലിഞ്ഞിരിക്കുന്നത് പ്രാതൽ കഴിഞ്ഞ് ദിവസം തുടങ്ങുന്നവരാണെന്ന് ഗവേഷകരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. യുഎസ് നാഷനൽ വെയ്റ്റ് കൺട്രോൾ റജിസ്ട്രി വ്യക്തമാക്കുന്നത്, ശരീരഭാരം കുറയ്ക്കുന്നവർ പ്രഭാതഭക്ഷണം അവരുടെ ഡെയ്്ലി ഹാബിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതായാണ്. ഇതിൽ 78 ശതമാനം ആളുകളും പ്രാതൽ കൃത്യമായി എല്ലാ ദിവസവും കഴിക്കുന്നവരാണ്. 90 ശതമാനം പേർ ഒരാഴ്ചയിൽ അഞ്ചു പ്രാവശ്യം പ്രാതൽ കഴിക്കുന്നവരും.

2. പ്രാതലിലൂടെ ചയാപചയ പ്രവർത്തനങ്ങൾ

ഉറക്കത്തിലായിരിക്കുമ്പോൾ ശരീരത്തിലെ ചയാപചയ പ്രവർത്തനങ്ങൾ വളരെ സാവധാനം മാത്രമാണ് നടക്കുന്നത്. അതുകൊണ്ടു തന്നെ ഈ സമയം ശരീരത്തിൽ നിന്ന് വളരെ കുറച്ച് ഊർജം മാത്രമേ ആവശ്യമാകുന്നുള്ളൂ. ഉണർന്നിരിക്കുമ്പോൾ ശരീരം കൂടുതൽ ഊർജം ആവശ്യപ്പെടുന്നു. ഇതിനാവശ്യമായത് ആഗിരണം ചെയ്യപ്പെടുന്നത് നാം കഴിക്കുന്ന പ്രാതലിൽ നിന്നുമാണ്.

3. പ്രോട്ടീൻ കഴിച്ചോളൂ

പ്രാതലിൽ പ്രോട്ടീൻ ഉൾപ്പെടുത്തി നോക്കൂ, കഴിച്ചു കഴിയുമ്പോൾ സംതൃപ്തി അനുഭവിച്ചറിയാനാകും, നമ്മൾ പറയുന്ന ആ എന്തോ ഒന്ന് കഴിച്ചതു പോലെയുള്ള ഫീൽ കിട്ടും. മാത്രമല്ല ദീർഘസമയത്തേക്ക് വിശപ്പ് നിങ്ങളുടെ അയലത്തോട്ടു പോലും വരുകയുമില്ല. അതിനാൽ ഇടയിക്കിടെ സ്നാക്കുകളോ ജങ്ക്ഫുഡുകളോ നിങ്ങളെ ആകർഷിക്കുകയുമില്ല.

മുട്ടയുടെ വെള്ള, പാട നീക്കിയ പാൽ എന്നിവ കഴിച്ചാൽ പ്രോട്ടീൻ അധികം ഉള്ളിൽച്ചെന്ന് കൊളസ്ട്രോൾ പിടിക്കുമെന്ന ഭീതിയും വേണ്ട.

4. പ്രഭാതഭക്ഷണത്തിൽ നാരുകളും ആയിക്കോട്ടെ

കാർബോഹൈഡ്രേറ്റിന്റെ വകഭേദമാണ് നാരുകളെങ്കിലും ഇവ ഷുഗർ ആയി രൂപപ്പെടുന്നില്ല. ഇതുവഴി ഒരുപാട് കാലറി ലഭിക്കുന്നുമില്ല. അതിനാൽ നാരുകൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. വയർ നിറഞ്ഞെന്ന ഫീലിങ്ങും ഉണ്ടാകും.

5. കഴിക്കുന്ന ആഹാരത്തിന്റെ അളവ് നിരീക്ഷിക്കൂ

പ്രാതൽ കഴിച്ച് നിങ്ങൾ സംതൃപ്തരാകണം. എത്ര കാലറി കഴിക്കുന്ന ആഹാരത്തിലൂടെ ലഭിക്കണമെന്ന അളവ് വച്ചു കഴിക്കാവുന്നതാണ്. ആവശ്യത്തിനുള്ള പോഷകങ്ങൾ പ്രാതലിലൂടെ ശരീരത്തിൽ എത്തുകയും വേണം. ഇതിനായി പച്ചക്കറികളും പഴങ്ങളും പ്രാതലിൽ ഉൾപ്പെടുത്താം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.