Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊഴുപ്പ് കുറയ്ക്കാൻ ഡീടോക്സ് ഡയറ്റ്

detox-diet

ഫിറ്റ്നസിലേക്കു കടക്കാനും ഭക്ഷണരീതികളിൽ മാറ്റം വരുത്തുവാനും ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് ഏറ്റവും ഉത്തമമായ ഒരു തുടക്കം ഒരു ഡീടോക്സ് ഡയറ്റ് (Detox Diet) ചെയ്യുക എന്നതാണ്. ഈ ഡയറ്റ് ഒരു അളവുവരെ നമ്മുടെ ശരീരത്തിലെ അനാവശ്യകൊഴുപ്പ് കുറയ്ക്കാനും ആന്തര‍ിക അവയവങ്ങളെ ശുദ്ധീകരിക്കാനും നല്ലതാണ്. മാത്രമല്ല പ്രിയപ്പെട്ട ഭക്ഷണം ത്യജിക്കാനും അനാവശ്യമായ ഭക്ഷണത്തോട് നോ പറയാനും ഈ ഡയറ്റ് നമ്മളെ പ്രാപ്തരാക്കും. ഡീടോക്സ്ഡയറ്റ് മൂന്നു മുതൽ അഞ്ച് ദിവസം വരെ ചെയ്യാം. എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ ഇതു പ്രയോജനകരമായി ചെയ്യാനും ശരിയായ ഫലം ലഭിക്കാനും സാധിക്കുകയുള്ള‍ൂ.

തുടങ്ങും മുമ്പ്

ഡയറ്റ് തുടങ്ങിന്നതിനു മുമ്പ് അതിനുവേണ്ടി തയാറെടുക്കണം. തലേദിവസം നല്ലപോലെ ഇഷ്ടഭക്ഷണങ്ങൾ കഴിച്ചതിനു തൊട്ടടുത്ത ദിവസം ഡീടോക്സ് ചെയ്യുക എന്നത് പ്രായാസമുള്ള ഒരു കാര്യമാണ്. 2-3 ദിവസങ്ങൾ മുമ്പേ നമ്മൾ ഭക്ഷണക്രമങ്ങൾക്കും മാറ്റം വരുത്തിയതിനുശേഷം ഡീടോക്സ് ഡയറ്റിലേക്കു പ്രവേശിക്കുന്നതാണ് ഉചിതം. പല നേരങ്ങളായി ഭക്ഷണ അളവിൽ വളരെ ശ്രദ്ധിച്ചും കുറച്ചും ഭക്ഷണം കഴിച്ചു ശീലിക്കുക. അങ്ങനെ നമ്മുടെ ശരീരത്തെ ഡയറ്റിനു വേണ്ടി തയാറാക്കണം.

ഡയറ്റിനുശേഷം പഴയ രീതിയിലുള്ള ഭക്ഷണക്രമത്തിലേക്കു പെട്ടെന്നു വീണുപോകരുത്. കുറച്ചുനാളുകൾ അതു തുടർന്നുകൊണ്ടു പോവുകയും അതിനോടൊപ്പം ഫിറ്റ്നസിൽ ഏർപ്പെടുകയും ചെയ്യുക എന്നതാണ് ശരിയായ രീതി . ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയിൽ വരേണ്ടത് എല്ലാ മനുഷ്യരും നല്ല ഭക്ഷണം കഴിക്കുവാൻ ആഗ്രഹിക്കുന്നവരാണ്. പക്ഷേ, നമ്മുടെ ശരീരഘടനയെയും ആരോഗ്യത്തെക്കാളും വലുതല്ല കൊഴുപ്പും മറ്റും കൂടിയ രുചിയുള്ള ഭക്ഷണം എന്നോർക്കണം. അതു മാത്രമല്ല അത്തരം ഭക്ഷണം വല്ലപ്പോഴുമെങ്കിലും കഴിക്കുവാൻ വേണ്ട‍ിയാണ് നമ്മൾ ഈ കുറച്ചു മാസങ്ങൾ കഷ്ടപ്പെടുന്നത് എന്നും മനസ്സിൽ കരുതുക. ഈ ഒരു മനോഭാവം സ്വീകരിച്ചു കഴിഞ്ഞാൽ പിന്നെ ഡയറ്റിങ് ബുദ്ധിമുട്ടാകില്ല.

അളവ് കൂടിയാൽ വ്യായാമം ചെയ്യുക

ഉച്ചയൂണോ അത്താഴമോ കുറച്ചു കൂടിപ്പോയാലും അതേ ദിവസം അല്ലെങ്കിൽ അടുത്ത ദിവസം വ്യായാമം ചെയ്തു കാലറി എരിച്ചു കളയണം. ഡയറ്റും ഡീടോക്സും നിങ്ങൾക്കു കുറെയൊക്കെ സ്വയമേ ചെയ്യാൻ സാധിക്കും. പക്ഷേ, അതോടൊപ്പമുള്ള ഫിറ്റ്നസ് നല്ലപോലെ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ കുറച്ചു മാസങ്ങളെങ്കിലും പരിശീലനം സിദ്ധിച്ച ഒരു ട്രെയിനറുടെ കീഴിൽ‌ വ്യയാമമുറകൾ പരിശീലിക്കുക.

ഡീടോക്സ് ഡയറ്റ് ഇങ്ങനെ

ഒന്നാം ദിവസം: ഈ ദിവസം മുഴുവനും പഴങ്ങൾ മാത്രമാണു കഴിക്കേണ്ടത്. തണ്ണിമത്തൻ, പപ്പായ എന്ന‍ീപഴങ്ങൾ ധാരാളമ‍ായി കഴിക്കാം. ഏത്തപ്പഴം ഒഴിച്ച് ഏതു പഴവും കഴിക്കാവുന്നത‍ാണ്. ജ്യൂസും നല്ലതാണ്. എങ്കിലും ഫൈബർ അഥവ‌‍‍ാ പൾപ്പ് കളയാതെ തന്നെ കുടിക്കുവാൻ ശ്രദ്ധിക്കുക.

രണ്ടാം ദിവസം: ഫ്രഷായുള്ള പച്ചക്കറികൾ മുറിച്ചോ ആവിയിൽ വേവിച്ചോ അല്ലെങ്ക‍‍ിൽ അൽപം എണ്ണയിൽ ഗ്രിൽ ചെയ്തോ കഴിക്കാം. മിക്സ്ഡ് വെജിറ്റബിൾ സൂപ്പുകളാണ് ഈ ദിവസം കഴിക്ക‍േണ്ടത്. പ്രഭാതഭക്ഷണത്തിനു മാത്രം ഒരു വലിയ കിഴങ്ങു പുഴുങ്ങിയതോ ബേക്ക് ചെയ്തതോ കുറച്ചു വെണ്ണ ചേർത്ത് മറ്റു പച്ചക്കറികളോടൊപ്പം കഴിക്കണം.

മൂന്നാം ദിവസം: പച്ചക്കറി സൂപ്പ് കൂടാതെ ഈ ദിവസം ഏത്തയ്ക്കായും പാലും കഴിക്കാം. ഇവ രണ്ടും ചേർത്ത് മിൽക്ക് ഷേക്ക് ആയും വെവ്വേറെ ആയും കഴിക്കാം. 5-7 ഏത്തപ്പഴവും 4-5 ഗ്ലാസ് പാലും എന്നതാണ് കണക്ക്. കഴിവതും നാടൻ അഥവാ വീടുകളിൽ നിന്നും ലഭിക്കുന്ന പാലും ഏത്തയ്ക്കയും കഴിക്കുവാൻ ശ്രമിക്കുക.

നാലാം ദിവസം: ഈ ദിവസം മാംസാഹാരം ഭക്ഷിക്കാം. മാട്ടിറച്ചിയാണ് നല്ലത്. അത് പച്ചക്കറികളോടൊപ്പം പല നേരമായി കഴിക്കുക. ഇതേ ദിവസം മറ്റു പച്ചക്കറികളോടോപ്പം ആറു തക്കാളി കഴിക്കുക. പാചകം ചെയ്തും ചെയ്യാതെയും കഴിക്കാവുന്നതാ‍ണ്.

അഞ്ചാം ദിവസം: ഈ ദിവസം മാംസവും പച്ചക്കറികളും ചെറിയ അളവിൽ തവിടുള്ള അരിയോടൊപ്പം ഭക്ഷിക്കാം. പല നേരങ്ങളായി ഇവ കഴിക്കുക. എല്ലാ 2-3 മണിക്കൂറുകൾ കൂടുമ്പോഴും അല്പമായിട്ടാണു കഴിക്കേണ്ടത്. തുടർ‍ന്നുള്ള ഡയറ്റിലും കഴിക്കുന്ന തവണ കൂട്ടുകയാണു ചെയ്യുന്നത്. 5-6 തവണയായിട്ടെങ്കിലും കഴിക്കുക.

ഈ അഞ്ചു ദിവസങ്ങൾക്കുശേഷം നേരത്തെ സൂചിപ്പിച്ചതുപോലെ കുറച്ചു മാസങ്ങൾ ഡയറ്റും വ്യായാമവും തുടരണം. രാവിലെ ഉണർന്നു കഴിഞ്ഞ് ഒരു മണിക്കൂറിനകം തന്നെ പ്രഭാതഭക്ഷണം കഴിക്കണം.

മാതൃകാ ഭക്ഷണക്രമം

7 am -3-4 മുട്ടയുടെ വെള്ള, പച്ചക്കറികൾ. ഒാരോ ദിവസം ഇടവിട്ട് മൂന്നു മുട്ടയുടെ വെള്ളയോടൊപ്പം ഒരു മുട്ട മുഴുവനായി കഴിക്കാം. അതുപോലെ തന്നെ ഒരു ടേബിൾ സ്പൂൺ ഒാട്സ്‌, നന്നായി അരിഞ്ഞ പച്ചക്കറികൾ, മുട്ടയുടെ വെള്ള എന്നിവ ചേർത്തുള്ള ഒാംലറ്റ് നല്ലൊരു വിഭവമാണ്.

9.30 am- കെ‍ാഴുപ്പു കുറഞ്ഞ പാല‍ിൽ തയാറാക്കിയ തൈര്, നട്ട്സും പഴങ്ങളും യോജിപ്പിച്ചത് എന്നിവ സ്നാക്കായി കഴിക്കാം.

12 pm- കോഴിയുടെ നെഞ്ചിലെ ഇറച്ചി, റാഗി, ഒാട്ട്സ്, തവിട് കളയാത്ത അരി എന്നിവയിലേതെങ്കിലും ഒരു ചെറിയ ബൗളിൽ. കൂടെ പച്ചക്കറികൾ യോജിപ്പിച്ചത്.

3.30 pm- മൾട്ടി ട്രെയ്ൻ ബ്രഡ് ടോസ്റ്റ് ചെയ്തത്, ബദാം നെയ്യ്, ഏത്തപ്പഴം കഷ്ണങ്ങളാക്കിയത്, ഒാട്ടസ് വേവിച്ചത്, ഫ്രൂട്ട് സ്മൂത്തി എന്നിവയിൽ ഏതെങ്കിലും. വ്യായാമത്തിന് ഒന്നു മുതൽ ഒന്നര മണിക്കൂർ മുമ്പു കഴിക്കാം. ദഹനശേഷം വേണം വ്യായാമം ചെയ്യ‍ുവാൻ.

7. 00 p.m -നല്ലയിനം മത്സ്യവും പച്ചക്കറികൾ യോജിപ്പിച്ചതും അത്താഴമായി കഴിക്കാം. അല്പം എണ്ണചേർത്ത് പാനിൽ തിരിച്ചും മറിച്ചും ഇട്ടാൽ ഗ്രിൽഡ് ഫിഷ് അഥവാ ഫിഷ് സ്റ്റീക് തയാറാക്കാം. ഏതെങ്കിലും കാർബോഹൈഡ്രേറ്റ് അല്പം കഴിക്കുന്നത് നല്ലതാണ്. പക്ഷേ, അളവ് ശ്രദ്ധിക്കണം. ചെറിയ ബൗളിൽ തവിട് കളയാത്ത അരി, ഒാട്ട്സ്, മധുരക്കിഴങ്ങ്, റാഗി എന്നിവ നല്ല കാർ ബോഹൈഡ്രേറ്റുകളാണ്.

9. 00 p.m -കോഴിയുടെ നെഞ്ചിലെ ഇറച്ചി, ടർക്കി കോഴിയുടെ നെഞ്ചിന്റെ ഭാഗം, മുട്ടയുടെ വെള്ള എന്നിവയിലെതെങ്കിലും ഒന്ന്, അല്പം അവക്കാഡോ, ബദാം, ഇലക്കറികൾ എന്നിവ ഭക്ഷിക്കാം. പനീർ, സാലഡ് അല്ലെങ്കിൽ പാൽ എന്നിവയും എളുപ്പത്ത‍ിൽ രാത്രിയിൽ കഴിക്കാവുന്ന ചെറുഭക്ഷണം ആണ്.

ജിക്കു ചാണ്ടി

ഫിറ്റ്നസ്, ഡയറ്റ് കൺസൾട്ടന്റ് ഹെൽത് കഫേ. കോട്ടയം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.