Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമേഹദോഷം കുറയ്ക്കാൻ പ്രത്യേക വ്യായാമം

diabetes-exercise

പൊതുവേ ഏറ്റവും ലളിതമായി ചെയ്യാവുന്ന നടത്തം പോലുള്ള വ്യായാമങ്ങളാണ് പ്രമേഹരോഗികളോട് നിർദേശിക്കുന്നത്. എന്നാൽ പ്രമേഹത്തെ പിടിച്ചുനിർത്താൻ ഏറ്റവും മികച്ചത് അപ്പർ ബോഡി വ്യായാമങ്ങൾ എന്ന മേൽ ശരീരവ്യായാമങ്ങളാണ്. ശരീരത്തിലെ താരതമ്യേന വളരെ കുറച്ചുമാത്രം വ്യായാമം ലഭിക്കുന്ന ഭാഗമാണു ശരീരത്തിന്റെ മേൽ പകുതി ഇതിനു കാരണം, ദൈനംദിന ജീവിതത്തിൽ ഉറക്കമുണർന്നു കഴിഞ്ഞാൽ പിന്നെ ഭൂമിയിൽ ഗുരുത്വാകർഷണത്തിനെതിരായി നിവർന്നുനിൽക്കാനും സഞ്ചരിക്കാനുമെല്ലാം ശരീരത്തിന്റെ അരക്കെട്ടിനു താഴേക്കുള്ള കീഴ്പകുതിയാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. പക്ഷേ, ആധുനിക മനുഷ്യനാകട്ടെ നിൽക്കുന്നതും നടക്കുന്നതും കുറവായതിനാൽ കൊഴുപ്പുകൂടി ജീവിതശൈലീരോഗങ്ങളായ പ്രമേഹം, ദുർമേദസ്, കൊളസ്ട്രോൾ, ഹൃദ്രോഗം, ചിലതരം കാൻസറുകൾ, സന്ധിരോഗങ്ങൾ മുതലായവയ്ക്ക് അടിമപ്പെടേണ്ടിവരുന്നു. കാലുകളും മുകൾശരീരവും തമ്മിൽ പേശികളുടെ കാര്യത്തിൽ ഘടനാപരമായും പ്രവർത്തനശേഷിയിലും വ്യത്യാസമുണ്ട്.

പേശികളറിഞ്ഞു വ്യായാമം

മനുഷ്യപേശികളെ പ്രവർത്തനക്ഷമതയുടെയും കാര്യശേഷിയുടെയും അടിസ്ഥാനത്തിൽ പ്രധാനമായും ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ തരംതിരിക്കാം. കൂടുതൽ കാര്യക്ഷമത ഉള്ളവയാണ് ടൈപ്പ് 1 പേശീതന്തുക്കൾ. ഇവ താരതമ്യേന സാവധാനം പ്രവർത്തിക്കുകയും ഓക്സീകൃത ഊർജോൽപാദനത്തെ ആശ്രയിക്കുകയും ചെയ്യുന്നതിനാൽ ഇവയ്ക്ക് പ്രവർത്തിക്കാൻ കുറച്ചുമാത്രം ഇന്ധനം (ഗ്ലൂക്കോസ്, ഫാറ്റി ആസിഡ് മുതലായവ) മതിയാവും. അതായത് ഇത്തരം പേശികൾക്ക് ആയാസമുണ്ടാക്കുന്ന നടത്തം പോലുള്ള വ്യായാമം ചെയ്യുമ്പോൾ വളരെ കുറച്ചു മാത്രം ഗ്ലൂക്കോസും കൊഴുപ്പുമേ ഊർജമായി മാറുകയുള്ളൂ എന്നർഥം. തന്മൂലം തന്നെ മറ്റു പേശികളെ അപേക്ഷിച്ച് ഇവയ്ക്കു പെട്ടെന്നു ക്ഷീണം വരില്ല. ലോവർബോഡിയിലെ കാൽവണ്ണയിലെ പേശികളിൽ 80 ശതമാനവും തുടയിലെ പേശികൾ 50 ശതമാനവും ഇത്തരത്തിലുള്ളതാണ്.

ടൈപ്പ് 1 പേശികളെക്കാൾ കുറഞ്ഞ കാര്യക്ഷമതയാണ് ടൈപ്പ് 2 പേശികൾക്കുള്ളത്. എന്നാൽ വേഗത്തിൽ പ്രവർത്തിക്കുകയും കൂടുതൽ ശക്തി ഉൽപാദിപ്പിക്കുകയും ചെയ്യും. ഇവ കൂടുതലായും ഗ്ലൂക്കോസും കൊഴുപ്പും വിനിയോഗിച്ചാണ് ശക്തിനേടുന്നത്. അതുമൂലം അവയുടെ രക്തത്തിലെ അളവു കുറയും. വേഗം ക്ഷീണിക്കുകയും ചെയ്യും. മേൽ ശരീരത്തിന്റെ മുഖ്യഭാഗങ്ങളായ നെഞ്ചിലെയും തോളിലെയും വയറിലെയും പേശീതന്തുക്കളിൽ ഭൂരിഭാഗവും ഇത്തരത്തിലുള്ളവയാണ്. ചുരുക്കി പറഞ്ഞാൽ ഈ പേശികൾ ഉപയോഗപ്പെടുത്തുന്ന മേൽശരീരവ്യായാമങ്ങൾ പ്രമേഹരോഗിക്ക് കൂടുതൽ ഗുണം ചെയ്യുന്നതെങ്ങനെയെന്ന് മനസിലായിക്കാണുമല്ലോ.

നടത്തവും വേണം

സമാന്തര ചികിത്സകളായി പ്രചാരം നേടിയ മധുരചികിത്സയോടൊപ്പവും അല്ലാതെയും വ്യായാമത്തിലൂടെ പ്രമേഹത്തെ ഇല്ലായ്മ ചെയ്യാൻ തുനിയുന്നവർ ഒന്നോ രണ്ടോ വർഷം കൊണ്ടു പരാജയപ്പെടുന്നതിന്റെ രഹസ്യവും ഇതുതന്നെയാണ്. നടത്തവും കാലുകളുടെ വ്യായാമവും തീരെ കുറച്ചാൽ കാലുകളുടെ പേശീഘടന മാറും. അതുകൊണ്ടു തന്നെ മേൽശരീരവ്യായാമം ചെയ്യുന്നതോടൊപ്പം കാലുകളുടെ വ്യായാമവും മിതമായ തോതിൽ ചെയ്യേണ്ടത് അത്യാവശ്യമാണ്.

വ്യായാമം തുടങ്ങുമ്പോൾ

വ്യായാമം ചെയ്യാൻ വേണ്ടി പൊതുവെ വില കൂടിയ തരം ഉപകരണങ്ങൾ വാങ്ങണമെന്നില്ല. ശക്തി വർധിപ്പിക്കാൻ വേണ്ടി രണ്ടു ഡംബലുകൾ ഉണ്ടെങ്കിൽ നന്ന്. വ്യായാമം തുടങ്ങുമ്പോൾ വാം അപ്, അവസാനിപ്പിക്കുമ്പോൾ കൂൾഡൗൺ മുതലായവ നല്ലതാണ്. വാംഅപ്നായി അഞ്ചോ പത്തോ തവണ കൈകൾ വശങ്ങളിലേക്കും മുന്നിലേക്കും മുകളിലേക്കും നിവർത്തുകയും പൂർവസ്ഥിതിയിലേക്ക് മടങ്ങുകയും ആവാം. കഴുത്തു സാവധാനം ഇരുവശങ്ങളിലൂടെയും വട്ടം കറക്കുന്നതും നല്ലതാണ്. അതുപോലെതന്നെ പാദങ്ങളും കാലുകളും വശങ്ങളിലേക്കും മുൻപിൻ ഭാഗങ്ങളിലേക്കും അകറ്റുകയും പൂർവാവസ്ഥയിൽ വരികയും ചെയ്യുക. മുട്ടുകൾ മടക്കാതെ തന്നെ സാവകാശം കുനിഞ്ഞു (പരമാവധി) നിവരുക. വശങ്ങളിലേക്കും ഇങ്ങനെ ചെയ്യാവുന്നതാണ്. എന്നാൽ വേദന വരുന്ന രീതിയിൽ ഇവ ചെയ്യരുത്.

ഈ വ്യായാമങ്ങൾ ചെയ്യാം

വയറിനും പുറത്തും വശങ്ങളിലുമുള്ള പേശികൾക്ക് വേണ്ടി ചെയ്യേണ്ട ചില മേൽശരീരവ്യായാമങ്ങൾ എങ്ങനെ ചെയ്യണമെന്നറിയാം.

വായുവിൽ സൈക്കിൾ ചവിട്ടുക

മലർന്നു കിടന്നശേഷം കാലുകൾ പൊക്കിയും കൈകൾ ശരീരത്തിനിരുവശത്തും തറയിലുറപ്പിച്ചും സാങ്കൽപിക സൈക്കിൾ ചവിട്ടുക. നാലഞ്ചുതവണയോ കൂടുതലോ സൗകര്യം പോലെ ചെയ്ത ശേഷം കുറച്ചു സെക്കൻഡുകൾ വിശ്രമിച്ചു വീണ്ടും ആവർത്തിക്കുക.

കാലുയർത്തൽ

പായയിൽ മലർന്നു കിടന്നു കൈകൾ വശങ്ങളിൽ വച്ചു കാലുകൾ രണ്ടും നേരെ ശരീരത്തിന് 90 ഡിഗ്രി ലംബമാക്കി ഉയർത്തുക. കാൽമടമ്പ് മുകളിലോട്ട് ഉയർന്നു നിൽക്കണം. പത്തു സെക്കൻഡ് അങ്ങനെ വച്ചശേഷം സാവകാശം കാലുകൾ താഴ്ത്തി പൂർവസ്ഥിതിയിൽ വരിക. ഇതു പത്തോ ഇരുപതോ പ്രാവശ്യം ആവർത്തിക്കാം.

തലയുയർത്തൽ

മലർന്നു കിടന്നു കാലുകൾ നിവർത്തി കൈകൾ ശരീരത്തിനിരുവശവും ഉറപ്പിച്ചശേഷം സാവകാശം തലയും കഴുത്തും തോളിന്റെ മുകൾഭാഗവും തറയിൽ നിന്നുയർത്തി പത്തു സെക്കൻഡ് നിൽക്കുകയും പിന്നീട് പൂർവസ്ഥിതിയിലേക്കു വരികയും ചെയ്യുക. ഇതും സൗകര്യപൂർവം പത്തോ അധികമോ തവണ ആവർത്തിക്കുക.

ശരീരം തിരിക്കൽ

വശങ്ങളിലെ പേശികൾക്കു വേണ്ടി ചെയ്യാവുന്നതാണിത്. മുട്ടുകൾ മടക്കി പാദങ്ങൾ തറയിലുറപ്പിച്ചു കിടക്കുക. ഓരോ വശത്തെയും തോൾ പൊക്കി ശരീരം (അരക്കെട്ടിനു മുകൾ വരെ) മറുവശത്തേക്കു തിരിക്കുക. പത്തു സെക്കൻഡിനു ശേഷം തിരികെ വന്നു മറുവശത്തേക്ക് ഇത് ആവർത്തിക്കുക. ഇങ്ങനെ പത്തു പ്രാവശ്യം ചെയ്യുക.

പുഷ്അപ്

നിലത്തു കമിഴ്ന്നു കാലുകളും കൈകളും തോളകലത്തിൽ കുത്തിവച്ചു താഴുകയും പൊങ്ങുകയും ചെയ്യുക. ഇങ്ങനെ സൗകര്യപൂർവം പലതവണ ആവർത്തിക്കുക. മികച്ച ഒരു മേൽശരീരവ്യായാമമാണ് പുഷ് അപ്.

ഡംബൽ വ്യായാമങ്ങൾ

പ്രമേഹരോഗി ചെയ്യേണ്ട മേൽ ശരീരവ്യായാമങ്ങളിൽ വളരെ ലളിതവും പ്രയോജനപ്രദവുമാണ് ഡംബൽ വ്യായാമങ്ങൾ. ഒരു ജോഡി ഒരേതൂക്കമുള്ള ഡംബലുകളാണ് ഇതിനാവശ്യം. ഓരോരുത്തരുടെയും കായിക പരിമിതിക്കും ശക്തിക്കും അനുയോജ്യമായി രണ്ടു കിലോയിൽ തുടങ്ങി അഞ്ചു കിലോ വരെ പടിപടിയായി ഭാരം കൂട്ടിക്കൊണ്ടുവരാവുന്നതാണ്.

ഒരു ബെഞ്ചിൽ മലർന്നു കിടക്കുക. ബെഞ്ചിനിരുവശത്തുമായി വച്ചിട്ടുള്ള ഒരേ തൂക്കമുള്ള രണ്ടു ഡംബലുകൾ കൈയിലെടുത്ത് കൈകൾ ഇരുവശങ്ങളിലേക്കും നിവർത്തി വച്ചു കൈമുട്ടു മടക്കാതെ രണ്ടു വശങ്ങളിൽ നിന്നും നേരെ മുൻഭാഗത്തേക്കു മുകളിലേക്കുയർത്തുക. വീണ്ടും സാവധാനം വശങ്ങളിലേക്കുതന്നെ താഴ്ത്തുക. ഇങ്ങനെ അഞ്ചോ പത്തോ തവണയിൽ തുടങ്ങി ഇരുപത്തഞ്ചോ മുപ്പതോ തവണ സൗകര്യംപോലെ ചെയ്യാം.

ഇനി കൈകൾ രണ്ടും ബെഞ്ചിനോടടുപ്പിച്ച് അരക്കെട്ടിനു സമാന്തരമായി മുകളിലേക്കുയർത്തിക്കൊണ്ടുവന്ന് വീണ്ടും താഴ്ത്തുക. ഇതും സൗകര്യം പോലെ പലതവണ ആവർത്തിക്കുക.

ഡംബലുകളുമായി കൈകൾ മുട്ടുമടക്കി നെഞ്ചിനിരുവശത്തും ഉയർത്തിനിർത്തുക. എന്നിട്ടു മുട്ടുകൾ നിവർത്തി നേരെ മുകളിലേക്കുയർത്തുകയും താഴ്ത്തുകയും ചെയ്യുക. പലതവണ ആവർത്തിക്കുക.

ഇനി എണീറ്റിരിക്കുക. ഒരു മിനിറ്റു വിശ്രമത്തിനുശേഷം കൈമുട്ടുകൾ മൃദുവായി തുടയിൽ സപ്പോർട്ടു ചെയ്തശേഷം മുട്ടുമടക്കി തോളിനഭിമുഖമായി ഡംബൽ ഉയർത്തുകയും വീണ്ടും കൈ നിവർത്തുകയും ചെയ്യുക. ഇതും ആവർത്തിക്കുക. ഇതു മറ്റേ കൈയിലും ചെയ്യുക. ഇനി ബെഞ്ചിൽ കമിഴ്ന്നു കിടക്കുക. നേരത്തെ മലർന്നു കിടന്ന് ആദ്യം ചെയ്തപോലെ ഡംബലുകൾ രണ്ടും കൈകൾ നിവർത്തി വശങ്ങളിലേക്കു പൊക്കുകയും താഴ്ത്തുകയും ചെയ്യുക. ഇതാവർത്തിക്കുക. ഇതു തന്നെ ശരീരത്തിനു സമാന്തരമായി മുൻപോട്ടും പിൻപോട്ടും പലതവണ ചെയ്യുക.

നിലത്തു നിവർന്നു നിൽക്കുക. ഡംബലുകൾ കൈമുട്ടു മടക്കി തലയ്ക്കിരുവശത്തും തോളിനു സമാന്തരമായി കൊണ്ടുവരിക. ഇനി മുട്ടു നിവർത്തി തലയ്ക്കിരുവശത്തുകൂടി മേൽപോട്ടുയർത്തുകയും താഴ്ത്തുകയും ചെയ്യുക. ഇതു പലതവണ ആവർത്തിക്കുക. കുറച്ചു സെക്കൻഡുകളോ ഒരു മിനിറ്റോ വിശ്രമിച്ചശേഷം വീണ്ടും കൈമുട്ടുകൾ മടക്കി ഡംബലുകൾ രണ്ടും രണ്ടു തോളിനും മുൻവശത്തായി കൊണ്ടുവരിക. ഇനി മുട്ടു നിവർത്തി തറയ്ക്കു സമാന്തരമായി മുന്നോട്ടു തള്ളുകയും വീണ്ടും മുട്ടുമടക്കി പൂർവസ്ഥിതിയിലേക്കു വരികയും ഇതുതന്നെ പലകുറി ആവർത്തിക്കുകയും ചെയ്യുക.

വീണ്ടും ചെറിയ ഇടവേളയ്ക്കു ശേഷം ഡംബലുകൾ ശരീരത്തിന് ഇരുവശത്തും തുടകൾക്ക് അടുപ്പിച്ച് തൂക്കിപിടിക്കുക. ഇനി കൈമുട്ടുകൾ മടക്കാതെ തന്നെ കൈകൾ സമാന്തരമായി മുൻവശത്തേക്കു തോളുയരത്തിൽ ഉയർത്തുക. പത്തു സെക്കൻഡ് അങ്ങനെ പിടിച്ച ശേഷം താഴ്ത്തി പൂർവസ്ഥാനത്തെത്തിക്കുക. പലതവണ ഇതാവർത്തിക്കുക.

ഇനി ഒരേ ഡംബൽ തന്നെ രണ്ടു കൈകൊണ്ടും തലയ്ക്കു പിന്നിലായി കുത്തനെ പിടിച്ചു പലതവണ മേൽപോട്ടുയർത്തുകയും താഴ്ത്തുകയും ചെയ്യുക.

രണ്ടു കൈകളിലും ഡംബലുകൾ എടുത്തശേഷം കാലുകൾ തോളകലത്തിൽ അകത്തിവച്ചശേഷം 90 ഡിഗ്രി ഇരുവശങ്ങളിലേക്കും തിരിയുന്നതും നല്ലതാണ്.

എല്ലാ ഡംബൽ വ്യായാമങ്ങളും കുറച്ചെണ്ണത്തിൽ തുടങ്ങി സാവകാശം എണ്ണം സൗകര്യമായി കൂട്ടിക്കൊണ്ടുവരികയാണ് ഉത്തമം.

ലോവർബോഡി വ്യായാമങ്ങൾ

നടത്തം പോലെയുള്ള കീഴ്ശരീര വ്യായാമങ്ങളും ഒന്നിടവിട്ട ദിവസങ്ങളിൽ ചെയ്യണം. കാലുകളിലെ പേശികൾക്ക് നല്ല വ്യായാമം കിട്ടുന്ന മറ്റു ചില വ്യായാമങ്ങൾ കൂടി അറിയാം.

സാങ്കൽപിക കസേര

കാലുകൾ തോളകലത്തിൽ അകറ്റി നിർത്തി കൈകൾ രണ്ടും ഭൂമിക്ക് സമാന്തരമായി മുന്നോട്ടു നിവർത്തി 10 മുതൽ 30 തവണ വരെ സാങ്കൽപിക കസേരയിൽ ഇരിക്കുകയും നിവരുകയും ചെയ്യുക. കാൽമുട്ടു തേയ്മാനമുള്ളവർ ഇതു ചെയ്യരുത്. അങ്ങനെയുള്ളവർ ഒരു കസേരയിൽ ഇരുന്നശേഷം കാലുകൾ രണ്ടും ഭൂമിക്കു സമാന്തരമായി പൊക്കി പത്തുസെക്കൻഡ് വയ്ക്കുക. പാദങ്ങൾ പത്തുതവണ കീഴ്പോട്ടും മേൽപോട്ടും വട്ടത്തിലും ചലിപ്പിക്കുക. വീണ്ടും കാലുകൾ താഴ്ത്തി അഞ്ചു സെക്കൻഡിനു ശേഷം ഇതാവർത്തിക്കുക. ഇങ്ങനെ പല തവണ ചെയ്യുക.

നിന്നിടത്തുതന്നെയുള്ള ഓട്ടം

നടക്കാനും ജോഗിങ്ങിനുമൊന്നും സൗകര്യമില്ലാത്തവർക്കു വ്യായാമം ചെയ്യുന്നിടത്തു തന്നെ ജോഗിങ്ങിന്റെ ഭാഗികഗുണം ലഭിക്കുന്ന സ്പോട്ട് റണ്ണിങ് നടത്താം. നിന്നിടത്തുനിന്നു മുന്നോട്ടു പോകാതെ കാലുകളും കൈകളും ഓടുന്ന രീതിയിൽ ചലിപ്പിച്ച് ഇരുകാലുകളിലും മാറിമാറി ചെറുതായി ചാടിയോടുക. പാദങ്ങൾക്കു പരിക്കുപറ്റാതിരിക്കാൻ വേണ്ടി ഇതു ചെയ്യുമ്പോൾ സ്പോർട്സ് ഷൂ ധരിക്കുന്നതാണുത്തമം. എന്നാൽ റോപ്പ് ജംപിങ് (സ്കിപ്പിങ്) പോലുള്ള വ്യായാമങ്ങൾ പാദരോഗങ്ങളുള്ള പ്രമേഹരോഗികൾ ഒഴിവാക്കണം.

പ്രത്യേകം ശ്രദ്ധിക്കേണ്ടത്

നമുക്ക് ആസ്വാദ്യകരമായ വിധത്തിലും തീവ്രതയിലും വീണ്ടും ചെയ്യാനുള്ള ആഗ്രഹമുണ്ടാവുന്ന വിധത്തിൽ മാത്രമേ വ്യായാമങ്ങൾ ചെയ്യാവൂ. എങ്കിലേ അതു തുടർന്നുകൊണ്ടു പോകാനും അതിന്റെ ഗുണഫലങ്ങൾ ലഭിക്കുകയുമുള്ളൂ. രോഗങ്ങൾ ഉള്ളപ്പോഴും വല്ലാതെ ക്ഷീണം തോന്നുമ്പോഴും വ്യായാമം ഒഴിവാക്കാം.

വ്യായാമം ചെയ്യുന്നതിനു മുമ്പ് ഇൻസുലിനോ മരുന്നുകളോ ഉപയോഗിക്കരുത്. കാരണം പഞ്ചസാരയുടെ അളവു കുറഞ്ഞു ബോധം നഷ്ടപ്പെടാം. ചെറുതായി (ബിസ്കറ്റോ മറ്റോ) കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നതു നല്ലതാണ്. പ്രധാന ഭക്ഷണശേഷം വ്യായാമം ഒഴിവാക്കണം.

വ്യായാമം ആദ്യമായി തുടങ്ങുന്നതിനു മുമ്പ് ഡോക്ടറുടെ ഉപദേശം തേടുകയും വേണ്ട പരിശോധനകൾ നടത്തുകയും ചെയ്യേണ്ടത് നിർബന്ധമാണ്.

മാറി മാറി പരീക്ഷിക്കാം

വ്യായാമവും നടത്തവും തീരെ ഇല്ലാത്തവരിൽ കാലിലെ പേശികൾ പോലും കാര്യമക്ഷമത കുറഞ്ഞ മേൽശരീരപേശികളെ പോലെ (സ്സത്നണ്മ൹ ണ്ടണ്ട) ആയി മാറും. ഇതു മൂലമാണു തീരെ വ്യായാമമില്ലാതിരിക്കുന്ന പ്രമേഹരോഗികൾ നടത്തം തുടങ്ങുന്ന ആദ്യകാലങ്ങളിൽ രക്തത്തിൽ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവു നന്നായി കുറയുന്നത്. കുറച്ചുകാലം കഴിയുമ്പോൾ അത്രതന്നെ ഫലപ്രാപ്തി ഇക്കാര്യത്തിൽ കാണാതെ വരുന്നതും. അതിനാൽ അമിതവ്യായാമം ഒഴിവാക്കുന്നതും നടത്തവും പുഷ്അപ് പോലുള്ള മേൽശരീരവ്യായാമങ്ങൾ (വ്യത്യസ്ത പേശീഗ്രൂപ്പുകൾ) മാറിമാറി പരീക്ഷിക്കുന്നതും കഠിനമായ വ്യായാമത്തിന് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസത്തെ ഇടവേള കൊടുക്കുന്നതും കൂടുതൽ ഗുണം ചെയ്യും.

മസിൽടോണും പ്രമേഹവും

പേശികളുടെ സ്ഥായിയായ ദൃഢതയെയാണു മസിൽ ടോൺ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. സ്ഥിരമായി വ്യായാമം ചെയ്യുന്നവരിൽ വിശ്രമിക്കുമ്പോൾതന്നെ മസിൽ ദൃഢമായിരിക്കുകയും അല്ലാത്തവരിൽ മൃദുവായിരിക്കുകയും ചെയ്യുമെന്നതു സാമാന്യമായ അറിവാണല്ലോ. പേശീതന്തുക്കൾ വിശ്രമാവസ്ഥയിലും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതുകൊണ്ടാണ് ഈ ദൃഢത അനുഭവപ്പെടുന്നത്. തന്മൂലം ഇത്തരം പേശികൾ വിശ്രമവേളകളിലും ഗ്ലൂക്കോസിനെ (ഗ്ലൈക്കോജൻ—ഗ്ലൂക്കോസ് തന്മാത്രകളാൽ നിർമിതമായത്) ഉപയോഗപ്പെടുത്തി രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് അമിതമായി ഉയരാതെ നോക്കാം. പ്രമേഹരോഗികൾ മിതമായെങ്കിലും നിത്യവ്യായാമം ചെയ്യേണ്ടതിന്റെയും മസിൽടോൺ വർധിപ്പിക്കേണ്ടതിന്റെയും ആവശ്യം ഇതിൽ നിന്നു മനസിലാവുമല്ലോ. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു നിയന്ത്രിക്കുന്നതിൽ വ്യായാമത്തിനു ഭാഗികമായി മരുന്നിന്റെ ഫലം ചെയ്യാൻ കഴിയുമെന്നും വ്യക്തമാവും. എന്നാൽ വലിയതോതിൽ പ്രമേഹമുള്ളവരിലും ദീർഘനാളായി രോഗമുള്ളവരിലും മരുന്നിനുപകരമാവാൻ വ്യായാമത്തിനാവില്ലെങ്കിലും മരുന്നുകളുടെ അളവ് നിയന്ത്രിക്കാൻ ഇതുപകരിക്കും.

ഡോ. പി. സുരേഷ് കുമാർ

ചെയർമാൻ, ചീഫ് ഡയബെറ്റോളജിസ്റ്റ്,

ഡയാബ്കെയർ ഇന്ത്യ, കോഴിക്കോട്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.