Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിറ്റ്നസ് തെറ്റിദ്ധാരണകൾ മാറ്റാം

jim

കേരളത്തിൽ ഫിറ്റ്നസ് സെന്ററുകൾ കൂണുകളേക്കാളും വേഗത്തിൽ മുളച്ചു പൊന്തുന്ന കാലമാണിത്. പുലരുമ്പോഴും വൈകുമ്പോഴും ആൺപെൺവ്യത്യാസമില്ലാതെ പുതിയ ചെറുപ്പം ജിമ്മിലേക്കു പായുന്നു. ശരീരം ഫിറ്റ് ആക്കുമ്പോഴും സംശയങ്ങളൊടുങ്ങാത്ത മനസുകളുമായാണ് കൂടുതൽ പേരും ജിമ്മുകളിൽ കയറിയിറങ്ങുന്നത്.

യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലാത്ത ചോദ്യങ്ങളും സംശയങ്ങളും അഭ്യസ്തവിദ്യരുടെ ഇടയിൽപോലും ധാരാളം. ഇത്തരം 12 സംശയങ്ങൾക്കുള്ള വിശദമായ മറുപടികൾ ചുവടെ.

ജിമ്മിൽ പോകുന്നവരുടെയെല്ലാം വളർച്ചമുരടിച്ചു പോകും?

ജിമ്മിൽ പോകുന്നവരുടെയെല്ലാം വളർച്ച മുരടിച്ചതുപോലെയാകും എന്നതു മിഥ്യാധാരണയാണ്. എന്നാൽ പ്രായപൂർത്തിയാകുന്നതിനു മുമ്പ് ജിമ്മിൽ പോകരുത്. പുരുഷന്റെ വളർച്ചയുടെ കാലഘട്ടം 25 വയസുവരെയാണ്. കുറഞ്ഞത് ഇരുപതുവയസെങ്കിലും ആകാതെ പുരുഷൻ വെയിറ്റ് ട്രയിനിങ് പോലെയുള്ള വർക്ഔട്ടുകൾ ആരംഭിക്കരുത്. മസിൽ ഉണ്ടാകുന്ന വളർച്ചാഘട്ടങ്ങൾക്കിടയിൽ ഭാഗം എടുത്തുള്ള വ്യായാമങ്ങൾ വളർച്ചമുരടിപ്പിക്കാൻ ഇടയാക്കും. ഓസ്ട്രേലിയ പോലെയുള്ള വിദേശരാജ്യങ്ങളിലെ ജിമ്മുകളിൽ 17 വയസിനു താഴെയുള്ളവർക്കു പ്രവേശനം നിരോധിച്ചിട്ടുണ്ട്.

സ്റ്റിറോയിഡുകൾക്കു ദോഷമുണ്ടോ? സ്റ്റിറോയിഡുകൾ കുത്തിവെച്ചാൽ മസിൽ പെട്ടെന്നു വളരും. കഴിക്കുന്ന സ്റ്റിറോയിഡുകളാണ് നല്ലത്. കുത്തിവെയ്ക്കുന്നവ ദോഷം ചെയ്യും. ഇതു ശരിയാണോ?

ഇന്നത്തെ കാലത്ത് പെട്ടെന്ന് ഫലം കിട്ടുന്ന പൊടിക്കൈകളിലാണല്ലോ ആളുകൾക്ക് താത്പര്യം. പെട്ടെന്നു മസിൽ വളരാനുള്ള ഒരു മാജിക് മരുന്നോ കുത്തിവെയ്പ്പോ ഒന്നുമില്ലെന്ന് ആദ്യമേ പറയട്ടെ. ഡയറ്റ്, കൃത്യമായ വർക്ഔട്ട് എന്നിവയുടെ സഹായത്തോടെ മാത്രമേ ബോഡിബിൽഡിങ് സാധ്യമാകൂ. തീർച്ചയായും ക്രിയാറ്റിൻ പൗഡർ, പ്രോട്ടീൻ പൗഡർ പോലെയുള്ള സപ്ലിമെന്റുകൾ അതിനു സഹായിക്കും. എന്നാൽ, എല്ലാവർക്കും ഇവ തീർച്ചയായും ഫലം ചെയ്യും എന്നും പറയാനാകില്ല. വർക്ഔട്ടിനൊപ്പം ഇവയുടെ ഉപയോഗം ഫലം ചെയ്തേക്കാം എന്നേയുള്ളൂ. അല്ലാതെ സ്റ്റിറോയിഡുകൾ കഴിക്കുകയോ കുത്തിവെയ്ക്കുകയോ ചെയ്താൽ മാത്രം ആർക്കും മസിലുകൾ തെളിഞ്ഞു വരില്ല. വർക്ഔട്ടിനൊപ്പം സ്റ്റിറോയിഡ് കുത്തിവെച്ചാലേ ഫലം കിട്ടൂ. ബോഡിബിൽഡിങ് മത്സരങ്ങൾക്കു പോകുന്നവർക്ക് സ്റ്റിറോയിഡുകൾ ഗുണം ചെയ്യും. അല്ലാതെയുള്ളവർ സ്റ്റിറോയിഡ് ഒരു കാരണവശാലും ഉപയോഗിക്കരുത്.

കഴിക്കുന്ന തരം സ്റ്റിറോയിഡുകൾ ഉപയോഗിച്ചാൽ

കഴിക്കുന്ന സ്റ്റിറോയിഡുകൾ (ഓറൽ സ്റ്റിറോയിഡ്സ്) കുത്തിവെയ്ക്കുന്നവയെക്കാളും നല്ലതാണെന്നു ധരിക്കുന്നതു തെറ്റാണ്. സ്റ്റിറോയിഡ് കഴിച്ചാൽ അതു കരളിന്റെയും വൃക്കകളുടെയും പ്രവർത്തനത്തെ താറുമാറാക്കും. ഉദാഹരണത്തിന് 17 ആൽഫാ ആൽക്കലെറ്റഡ് സ്റ്റിറോയിഡുകൾ കരളിനു കുഴപ്പമുണ്ടാക്കും. ഡെക്കാഡൂറോബോളിൻ പോലെയുള്ള കുത്തിവെയ്ക്കുന്ന സ്റ്റിറോയിഡുകളുടെ ഉപയോഗവും ശാരീരികപ്രശ്നങ്ങൾ ഉണ്ടാക്കും.

സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നവർക്ക് ലൈംഗികശേഷി കുറയാം. സ്റ്റിറോയിഡുകൾ ശരീരത്തിലെ ജലാംശം ചോർത്തിക്കളയും. മുടികൊഴിച്ചിൽ ആണ് പൊതുവേ ആദ്യം കാണുന്ന പാർശ്വഫലം. തുടർന്നു ശരീരവേദന തുടങ്ങിയവ കാണാം. ദീർഘകാലം ഉപയോഗിച്ചാൽ അസ്ഥിക്ഷയം പോലുള്ള രോഗങ്ങൾ ഉണ്ടാകും.

സ്ഥിരമായി വർക് ഔട്ട് ചെയ്തുകൊണ്ടിരിക്കുന്നയാൾ വർക്ഔട്ട് നിർത്തിയാൽ മസിലുകൾ തൂങ്ങിപ്പോകും. കൊഴുപ്പ് കൂടുതൽ അടിയും. ഇതു ശരിയാണോ?

ബോഡിബിൽഡിങ്ങിനല്ലാതെ ശരീരസൗന്ദര്യത്തിനും ഫിറ്റ്നസിനുമായി ജിമ്മുകളിൽ പോകുന്നവരെ സംബന്ധിച്ച് ഇത് വെറും തെറ്റിദ്ധാരണ മാത്രമാണ്. ചിട്ടയായ വർക്ഔട്ടും ഭക്ഷണക്രമീകരണത്തിലൂടെ മസിൽ വളർച്ചയും ഉണ്ടാക്കിയെടുക്കുന്നവർക്ക് വർക്ഔട്ട് നിർത്തിയാലും മസിൽ തൂങ്ങുകയോ കൂടുതൽ കൊഴുപ്പ് അടിഞ്ഞ് ശരീരം വണ്ണം വെയ്ക്കുകയോ ചെയ്യില്ല. 60—65 വയസു കഴിയുമ്പോൾ സ്വാഭാവികമായും മസിലുകളുടെ ബലം കുറഞ്ഞ് തൂങ്ങാൻ ഇടയുണ്ട്. അല്ലാതെ വർക്ഔട്ട് ചെയ്തതുകൊണ്ടു മാത്രം സംഭവിക്കുന്നതല്ല ഇത്.

ജിമ്മിൽ പോയുള്ള വർക്ഔട്ട് പെട്ടെന്ന് തുടങ്ങുകയും പെട്ടെന്ന് അവസാനിപ്പിക്കുകയും ചെയ്യരുത്. വർക്ഔട്ട് അവസാനിപ്പിക്കുമ്പോഴും പതിയെപ്പതിയെ വേണം നിർത്താൻ. ലഘുവായ വർക്ഔട്ടുകൾ ഇടയ്ക്കു ചെയ്യണം. സ്റ്റിറോയിഡുകൾ കൊണ്ടും മറ്റും മസിൽ വളർത്തുന്നവർക്ക് ഭാവിയിൽ മസിൽ തൂങ്ങുകയും ചർമം ചുളിഞ്ഞു കാണപ്പെടുകയും ചെയ്യാം. വർക്ഔട്ട് നിർത്തുന്നതോടെ മസിലുകൾ ചുരുങ്ങും. പക്ഷേ, ചർമം അതിനനുസരിച്ച് ചുരുങ്ങില്ല. മസിലുകൾ കൊഴുപ്പു കലകളായി മാറും എന്നുള്ളതിൽ യാതൊരു ശാസ്ത്രീയതയുമില്ല.

ഇറച്ചി കഴിക്കണോ? മസിൽ ഉണ്ടാകണമെങ്കിലും ബോഡി ബിൽഡിങ് നടത്തണമെങ്കിലും ഇറച്ചി കഴിച്ചേ മതിയാകൂ. വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്നവർക്ക് ബോഡിബിൽഡിങ് അപ്രാപ്യമാണ്.

ഒളിംപിക്സിൽ ഒൻപതു മെഡലുകൾ നേടിയിട്ടുള്ള പാവോ നൂർമി എന്ന ദീർഘദൂര ഓട്ടക്കാരൻ വെജിറ്റേറിയൻ ആയിരുന്നു. മസിലുകൾ ഉള്ള നല്ലൊരു ശരീരത്തിനുടമയായിരുന്നു അദ്ദേഹം. ഇതിൽ നിന്നു മനസിലാക്കാമല്ലോ, മേൽപ്പറഞ്ഞത് വെറും തെറ്റിദ്ധാരണയാണെന്ന്. ഇറച്ചിയിൽ അടങ്ങിയിട്ടുള്ള ഭക്ഷ്യഘടകങ്ങളിൽ ചിലത് വെജിറ്റേറിയൻ ഭക്ഷണങ്ങളിൽ ഉണ്ടാകില്ല. അതുപോലെ തന്നെ വെജിറ്റേറിയൻ ഭക്ഷണത്തിലുള്ള ചിലത് ഇറച്ചിയിലും ഉണ്ടാകില്ല. അതിനാൽ ഈ ഭക്ഷണമാണ് വർക്ഔട്ട് ചെയ്യുന്നവർക്ക് ഏറ്റവും നല്ലത് എന്നു പറയാനാകില്ല. രണ്ടു ഭക്ഷണത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്.

വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർക്ക് വർക്ഔട്ടിലൂടെ മസിൽ ഉണ്ടാകില്ല എന്നത് തെറ്റിദ്ധാരണയാണ്. മസിൽ പ്രായപൂർത്തിയെത്തിയ എല്ലാ പുരുഷന്മാരുടേയും ശരീരത്തിലുണ്ട്. വർക്ഔട്ടിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും അതു തെളിയിച്ചെടുക്കുകയാണ് ചെയ്യുന്നത്.

വർക്ഔട്ട് ചെയ്യുന്നവർ വെജിറ്റേറിയൻ ഭക്ഷണം മാത്രമാണ് കഴിക്കുന്നതെങ്കിൽ അവർ ഭക്ഷണത്തിൽ പഴവർഗങ്ങൾ, ചെറുപയർ, വൻപയർ, നിലക്കടല എന്നിവ നിശ്ചയമായും കഴിക്കണം. മസിൽ മാസ് കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് ഇറച്ചി പ്രത്യേകിച്ച് ബീഫ് കഴിക്കേണ്ടി വരും.

അസ്ഥിപ്രശ്നങ്ങൾ ഉള്ളവർ വ്യായാമം ചെയ്യരുത്?

ഓസ്റ്റിയോപൊറോസിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ് മുതലായ അസ്ഥിപ്രശ്നങ്ങളുള്ളവർ വർക്ഔട്ട് പോയിട്ട് ജിമ്മിലേക്ക് നോക്കാൻ പോലും പാടില്ല എന്ന മട്ടിലുള്ള ധാരണകൾ പ്രചരിക്കുന്നുണ്ട്. തെറ്റാണിത്. ഇത്തരം രോഗങ്ങളുള്ളവർക്ക് വർക്ഔട്ട് ചെയ്യാം എന്നു മാത്രമല്ല അതു രോഗപരിഹാരത്തിനു സഹായിക്കുകയും ചെയ്യും. സന്ധികളുടെ ശരിയാംവണ്ണമുള്ള പ്രവർത്തനത്തിനും അസ്ഥികളുടെ ബലത്തിനും വർക്ഔട്ട് ചെയ്യുന്നതു സഹായകരമാണെന്നു തെളിയിക്കുന്ന നിരവധി പഠനങ്ങൾ പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഒരുകാര്യം തീർച്ചയായും ശ്രദ്ധിക്കുക. ഇത്തരം രോഗാവസ്ഥകളുള്ളവർ ഡോക്ടറിന്റേയും അംഗീകൃത ട്രയിനറിന്റേയും സംയോജിതമായ നിർദേശം സ്വീകരിച്ചതിനു ശേഷം മാത്രമേ വ്യായാമങ്ങൾ തിരഞ്ഞെടുക്കുകയും പരിശീലിക്കുകയും ചെയ്യാവൂ.

പ്രോട്ടീൻ കൂടുതൽ കഴിച്ചാൽ കൂടുതൽ മസിൽ ഉണ്ടാകും?

ഏതെങ്കിലും ഭക്ഷ്യവസ്തു കൂടുതൽ കഴിച്ചാൽ കൂടുതൽ മസിൽ ഉണ്ടായി വരും എന്നു പറയുന്നത് ശരിയല്ല. ഓരോരുത്തർക്കും വിഭിന്നമായ ശരീരപ്രകൃതമാണുള്ളത്. അതിനാൽ മസിൽ കൂട്ടാൻ ഓരോരുത്തരും ഓരോ മാർഗങ്ങളായിരിക്കും സ്വീകരിക്കേണ്ടത്. അവർ ഫിറ്റ്നസ് ട്രയിനറുടെ സഹായത്തോടെ അവ സ്വീകരിക്കണം. പ്രോട്ടീൻ കൂടുതൽ കഴിച്ചാൽ ശരീരം ആവശ്യത്തിനുള്ളതു മാത്രം സ്വീകരിച്ചു ബാക്കി പുറന്തള്ളും.

സ്ഥിരമായി ജിമ്മിൽപ്പോയാൽ കവിൾ ഒട്ടിപ്പോകും, ലൈംഗികശേഷിയെ ബാധിക്കും എന്നു പറഞ്ഞു കേൾക്കുന്നതു ശരിയാണോ?

ജിമ്മിൽപോയി വർക്ഔട്ട് തുടങ്ങുമ്പോൾ ശരീരത്തിലെ കൊഴുപ്പു കലകൾ നീക്കം ചെയ്യപ്പെടും. അതിന്റെ ഭാഗമായി കവിളിലെയും കൊഴുപ്പ് പോയി ഒട്ടിയതായി തോന്നാം. അത് വർക്ഔട്ട് റിസൾട്ട് നൽകുന്നു എന്നതിന്റെ ലക്ഷണമാണ്. ജിമ്മിൽ പോകുന്നവരുടെയെല്ലാം കവിളൊട്ടും എന്ന ധാരണയിൽ വാസ്തവമില്ല. ഭാരമെടുത്തു കൊണ്ടുള്ള വ്യായാമമായ വെയിറ്റ് ട്രയിനിങ് ചെയ്യുന്നവരിൽ മാത്രമേ ഇതു സംഭവിക്കൂ.

നന്നായി വർക്ഔട്ട് ചെയ്യുന്നവർക്ക് ലൈംഗികശേഷി കൂടുകയാണു ചെയ്യുന്നത്. ശരീരത്തിലെ രക്തയോട്ടം കൂടുന്നതിന്റെ ഫലമായാണ് ഇത്. കൂടാതെ വ്യായാമം ശരീരത്തിൽ പുരുഷഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോണിന്റെ അളവു വർധിപ്പിക്കുന്നു. ലൈംഗികശേഷി കുറവുള്ളവർക്കു വ്യായാമം ചികിത്സയുടെ ഭാഗമായി നിർദേശിക്കാറുണ്ട്. സ്ഥിരമായി വ്യായാമം ചെയ്യുന്നതു വന്ധ്യതയുണ്ടാക്കും എന്ന ധാരണയിൽ യാതൊരു കഴമ്പുമില്ല. വെയിറ്റ്ട്രയിനിങ് നടത്തുന്നവർ ഇറുക്കമുള്ള അടിവസ്ത്രം ധരിച്ചു മാത്രമേ വ്യായാമം ചെയ്യാവൂ. ഇല്ലെങ്കിൽ ഇവരിൽ ലൈംഗികപ്രശ്നങ്ങൾ കാണ്ടേക്കാം.

വർക്ഔട്ടിനിടയ്ക്ക് ഒരു കാരണവശാലും വെള്ളം കുടിക്കരുത്.

തീർച്ചയായും വെള്ളം കുടിക്കണം. പക്ഷേ, വർക്ഔട്ടിനിടയ്ക്ക് ലീറ്റർ കണക്കിന് വെള്ളം കുടിക്കുന്നതാണ് തടയേണ്ടത്. വ്യായാമത്തിനിടെ ശരീരത്തിൽ നിന്നു ജലം നഷ്ടപ്പെടാറുണ്ട്. നഷ്ടപ്പെടുന്ന ജലം ശരീരത്തിലേക്കു തിരിച്ചു നൽകേണ്ടതുണ്ട്. അല്ലെങ്കിൽ ശരീരത്തിനു നിർജലീകരണം സംഭവിക്കും. ചില ട്രയിനർമാർ വർക്ഔട്ട് ചെയ്യുന്നവരെ വെള്ളം കുടിക്കാൻ സമ്മതിക്കാറില്ല. ഇതു ശരീരത്തിനു തീർച്ചയായും ദോഷം ചെയ്യും. വർക്ഔട്ട് പുരോഗമിക്കുന്നതിനിടെ സിപ്പ് ചെയ്ത് സിപ്പ് ചെയ്ത് വെള്ളം കുടിക്കാം.

വർക്ഔട്ടിനു പറ്റിയ സമയം രാവിലെയാണോ?

അല്ല. രാത്രിയിൽ ഒഴിച്ച് ബാക്കി ഏതുനേരവും വർക്ഔട്ട് ചെയ്യാൻ അനുയോജ്യമാണ്. രാത്രിയിലെ വർക് ഔട്ട് ഉറക്കത്തെ ബാധിക്കും. ശരീരത്തിലെ ഉപാപചയപ്രവർത്തനങ്ങളുടെ ആരംഭത്തിൽത്തന്നെ വ്യായാമം സംഭവിച്ചാൽ (രാവിലത്തേത്) അതു കൂടുതൽ കാലറി പുറന്തള്ളാൻ സഹായിക്കും എന്നെല്ലാം കരുതുന്നവരുണ്ട്. എന്നാൽ ഈ ധാരണയ്ക്ക് ശാസ്ത്രീയ അടിസ്ഥാനമില്ല.

മുപ്പതു വയസു കഴിഞ്ഞാൽ മസിൽ ഉണ്ടാകില്ല?

തെറ്റിദ്ധാരണയാണിത്. എല്ലാവരുടേയും ശരീരത്തിൽ മസിലുകളുണ്ടല്ലോ. അവയ്ക്ക് വലുപ്പവും രൂപവും കൊടുക്കുകയാണ് വർക്ഔട്ട് വഴി ചെയ്യുന്നത്. അറുപതു വയസുവരെയൊക്കെ ബോഡിബിൽഡിങ് നടത്താവുന്നതാണ്. വർക്ഔട്ട് ചെയ്യുന്നതിനു പ്രായം ഒരു തടസമേയല്ല. മനസാണു പ്രധാനം.

വിയർത്തില്ലെങ്കിൽ ഗുണമില്ല?

വ്യായാമം ചെയ്യുമ്പോൾ വിയർക്കുന്നതാണ് വ്യായാമഫലത്തിന്റെ അളവുകോലെന്നു ധരിക്കുന്നവരുണ്ട്. അതിനാൽ ചിലർ വിയർക്കും വരെ വ്യായാമം ചെയ്യുകയും വിയർക്കുമ്പോഴേക്കും പിൻമാറുകയും ചെയ്യും. ഇതു വെറും തെറ്റിദ്ധാരണയാണ്. വ്യായാമത്തിനിടെ പേശികൾ നല്ലവണ്ണം ചൂടാകുമ്പോൾ ചിലരിൽ വിയർപ്പുണ്ടാകാം. എന്നാൽ ചിലരിൽ ഇതു കാണപ്പെടണമെന്നുമില്ല.

സ്ത്രീകൾ വ്യായാമം ചെയ്താൽ മസിൽ ഉണ്ടാകും. രൂപം പുരുഷന്റേതു പോലെയാകും?

സ്ത്രീകളുടെ ശരീരപ്രകൃതി പുരുഷനിൽ നിന്നു വിഭിന്നമാണെങ്കിലും സ്ത്രീയിലും പുരുഷനിലും ഒരേ തരത്തിലുള്ള പേശികളാണുള്ളത്. എന്നാൽ പുരുഷനിൽ പേശികൾക്ക് സ്ത്രീകളെ അപേക്ഷിച്ച് കൂടുതൽ ഉറപ്പും ബലവും ഉണ്ടായിരിക്കും.അതിനാൽത്തന്നെ പുരുഷൻ വർക്ഔട്ട് ചെയ്യുന്നതുപോലെ വർക്ഔട്ട് ചെയ്താൽപ്പോലും സ്ത്രീയിൽ മസിലുകൾ രൂപപ്പെടില്ല. പുരുഷൻ ചെയ്യുന്നവ്യായാമങ്ങൾ ചെയ്താൽ സ്ത്രീ ശരീരത്തിൽ പുരുഷഹോർമോണുകൾ കൂടുമെന്നും ധരിക്കുന്നവരുണ്ട്. ഇതും തെറ്റിദ്ധാരണയാണ്.

പുരുഷൻ ചെയ്യുന്ന എല്ലാത്തരം വർക്ഔട്ടുകളും സ്ത്രീക്കും ചെയ്യാം. വെയിറ്റ് കുറച്ച്, സ്ട്രെങ്ത് കുറച്ചു വേണം ചെയ്യാൻ എന്നുമാത്രം. സ്ത്രീകൾ വർക്ഔട്ട് ചെയ്യുമ്പോൾ ഒരിക്കലും പ്രോട്ടീൻ പൗഡർപോലെയുള്ള സപ്ലിമെന്റുകളോ അനാഡ്രോൾ പോലുള്ള മരുന്നുകളോ സ്റ്റിറോയിഡുകളോ ഉപയോഗിക്കരുത്. ഇത്തരം മരുന്നുകൾ ഉപയോഗിച്ചാൽ ശരീരത്തിൽ ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകും. രോമവളർച്ച കൂട്ടും.

റോണി ചാക്കോ

ഫിസിക്കൽ ഇൻസ്ട്രക്ടർ,

യോഗാ വെൽനെസ് സെന്റർ,

ഗോകുലം പാർക്ക്, കലൂർ — കൊച്ചി.