Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10 ആരോഗ്യശീലങ്ങൾ - ശരിയോ, തെറ്റോ?

health-tips

പണ്ടുകാലം മുതൽ വീടുകളിൽ ചെയ്തു പോരുന്ന ചില സ്വയം ചികിത്സാമാർഗങ്ങളുടെ ശരിതെറ്റുകൾ അറിയാം.

നnമ്മുടെ പഴമക്കാർ ചെയ്തു പോന്ന ചില സ്വയം ചികിത്സകളുണ്ട്. മൂക്കു കഴുകുക, വയറിളക്കുക, കണ്ണുകഴുകുക... എന്നിങ്ങനെ. കൂടാതെ ചെവിയിൽ പ്രാണികളും മറ്റും പോയാൽ, പൊള്ളൽ വന്നാൽ ഒക്കെ ചെയ്യേണ്ട ചില പരിഹാരമാർഗങ്ങൾ നാം ശീലിച്ചുപോരുന്നുണ്ട്. പക്ഷേ ഈ രീതികൾ പൂർണമായി ശാസ്ത്രീയ അടിസ്ഥാനമുള്ളതാണോ എന്ന് അന്വേഷിക്കുകയാണിവിടെ. അവയിൽ ആരോഗ്യപരമായി വരുത്തേണ്ട മാറ്റങ്ങളുമറിയാം.

1. തലയിലെ മസാജിങ്

തലയും കഴുത്തുമൊക്കെ മസാജ് ചെയ്യുന്ന രീതി ഇന്നു തികച്ചും സാധാരണമാണ്. വീടുകളിൽ മാത്രമല്ല, മസാജ് പാർലറുകളിലും ബാർബർഷോപ്പുകളിലുമൊക്കെ തലയും കഴുത്തും മസാജ് ചെയ്യാറുണ്ട്. കഴുത്തിനു പിന്നിൽ ഇടിച്ചും മസാജ് ചെയ്യാറുണ്ട്. എന്നാൽ കഴുത്തിന്റെ മേൽഭാഗം ഏറെ കരുതൽ നൽകേണ്ടയിടമാണ്. കാരണം സുഷുമ്നാനാഡിയുടെ മേൽഭാഗവും തüലച്ചോറിലെ മെഡുല്ലയും ഇവിടെയാണു സ്ഥിതിചെയ്യുന്നത്. ഈ ഭാഗങ്ങളിൽ കരുതലോടെ മസാജ് ചെയ്തില്ലെങ്കിൽ അതു ജീവനു തന്നെ ഭീഷണിയാകാം. അമിതബലം പ്രയോഗിക്കുന്ന തരം മസാജിങ് രീതികൾ ഒഴിവാക്കണം. പെട്ടെന്നു കഴുത്തിന് ആഘാതമുണ്ടാക്കുന്ന തരം അപകടങ്ങളെ ‘വിപ്ലാഷ് ഇൻജുറി എന്നാണു പറയുന്നത്. സഡൻ ബ്രേക്കിടുമ്പോൾ ഡ്രൈവർമാരുടെ കഴുത്ത് സീറ്റിലേക്ക് വന്നkിടിക്കുമ്പോൾ ഇത്തരം ആഘാതമാണുണ്ടാകുന്നത്. എന്നാൽ പരിശീലനം കിട്ടിയവർ സൂക്ഷ്മതയോടും ശ്രദ്ധയോടും കൂടി മസാജ് ചെയ്യുന്നതിനു കുഴപ്പമില്ല. അതുപോലെ ചില ബാർബർഷോപ്പുകളിൽ മുടി വെട്ടിയതിനു ശേഷം കഴുത്ത് പെട്ടെന്ന് വശങ്ങളിലേക്കു തിരിച്ച് ഞൊട്ടയിടുക പോലുള്ളവ ചെയ്യാറുണ്ട്. അതും അത്ര ആശാസ്യമായ രീതിയല്ല. അടുത്തകാലത്തു തലയ്ക്കു മുറിവു പറ്റിയവർ, സ്ട്രോക്ക് ഉണ്ടായവർ, കടുത്ത പനിയുള്ളവർ, അപസ്മാരബാധിതർ, ഡിസ്ക് പ്രശ്നമുള്ളവർ എന്നിവരിൽ തലയിലും കഴുത്തിലുമുള്ള മസാജിങ് ഒഴിവാക്കുന്നതാണുചിതം. നീളം കുറഞ്ഞ കഴുത്തുള്ളവർക്കും ഇത്തരം ക്ഷതമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

2. കൂടെക്കൂടെ കണ്ണു കഴുകുമ്പോൾ

കണ്ണുകൾ ഒരു ദിവസം ഒന്നോ രണ്ടോ തവണ കഴുകുന്നതിനു കുഴപ്പമില്ല. എന്നാൽ ദിവസേന കൂടെക്കൂടെ കഴുകി വൃത്തിയാക്കുന്നവരുണ്ട്. അതിന് ശാസ്ത്രീയമായ അടിസ്ഥാനമില്ല. കാരണം കണ്ണുകളെ സദാ കഴുകി വൃത്തിയാക്കുക എന്നതാണു കണ്ണുനീരിന്റെ ഉദ്ദേശ്യം. കണ്ണുനീർ, ബാക്ടീരിയ പോലുള്ള സൂക്ഷ്മാണുക്കളിൽ നിന്നു കണ്ണിനെ സംരക്ഷിക്കുന്നുവെന്നു മാത്രമല്ല, അതിൽ ഇമ്മ്യൂണോഗ്ലോബുലിനുകളും അടങ്ങിയിട്ടുണ്ട്. അമ്ലക്ഷാരസ്വഭാവഗുണമുള്ള കണ്ണുനീരു കൊണ്ടുള്ള പ്രകൃതിദത്തമായ കഴുകലാണ് കണ്ണിന് ഏറ്റവും ഗുണകരം. കൂടെക്കൂടെ വെള്ളമൊഴിച്ചു കഴുകുമ്പോൾ കണ്ണുനീരിലെ ഈ സ്വാഭാവിക ഘടകങ്ങൾ നഷ്ടമാകുന്നു. എന്നാൽ കണ്ണിൽ എന്തെങ്കിലും പൊടിപടലങ്ങളോ മറ്റോ പോയാൽ കണ്ണു കഴുകുന്നതിനു കുഴപ്പമില്ല. കണ്ണുകഴുകണമെങ്കിൽ തന്നെ കൺപീലികളുടെ ഭാഗമാണു കഴുകേണ്ടത്. കാരണം പൊടിപടലങ്ങളും മറ്റും പീലിയിലാണ് അടിയുക. മാത്രമല്ല, കണ്ണടച്ചുവേണം കരുതലോടെ കണ്ണു കഴുകാൻ. കണ്ണുനീരിന്റെ അഭാവത്തിൽ കണ്ണുകൾ വരളുന്ന പ്രശ്നമുള്ളവർ കണ്ണുകൾ കൂടെക്കൂടെ കഴുകാറുണ്ട്. അവർക്ക് കണ്ണിനു കുളിർമ നൽകുന്ന തരം കൃത്രിമകണ്ണുനീർ മെഡിക്കൽ ഷോപ്പുകളിൽ ഇപ്പോൾ ലഭ്യമാണ്. വിദഗ്ധ നിർദേശത്തോടെ ഉപയോഗിക്കാവുന്നതാണ്.

3. മൂക്കു കഴുകൽ വേണോ?

മൂക്കുതുറക്കുക എന്ന ഉദ്ദേശ്യത്തോടെയാണു മൂക്കു കഴുകൽ ചെയ്യുന്നത്. സമാന്തര ചികിത്സക്കാരാണു കൂടുതലും ഈ രീതിക്കു പ്രാധാന്യം നൽകുന്നത്.ക്രോണിക് സൈനസൈറ്റിസ്, അലർജിക് റൈനൈറ്റിസ്, മൂക്കിലെ ദുർഗന്ധവും പ്രശ്നങ്ങളുമകറ്റുക എന്നിവയാണിതിന്റെ ഉദ്ദേശ്യം. മൂക്കുകഴുകുന്നതിനായി ഒരു സവിശേഷ ഉപകരണമുണ്ട്. നോസ്വാഷർ എന്നറിയപ്പെടുന്ന ബൾബിന്റെ ആകൃതിയിലുള്ള ഈ ഉപകരണത്തിനു ട്യൂബു പോലുള്ള അറ്റമാണുള്ളത്. ബൾബ് പോലുള്ള ഭാഗത്തു ഞെക്കി ട്യൂബുപോലുള്ള ഭാഗത്തു കൂടി വെള്ളം ഒരു നാസാദ്വാരത്തിലേക്കൊഴിച്ച് അതു കഴുകി അടുത്ത നാസാദ്വാരവും കഴുകി അതിലൂടെ വെള്ളം പുറത്തു കൊണ്ടു വരുകയാണു ചെയ്യുന്നത്. പലപ്പോഴും പൈപ്പുവെള്ളം പോലെ അണുവിമുക്തമാക്കാത്ത വെള്ളമായിരിക്കും ഇതിനായി ഉപയോഗിക്കുന്നത്. അതിൽ ബാക്ടീരിയയും അമീബയുമൊക്കെ ഉണ്ടാകും . ഈ സൂക്ഷ്മാണുക്കൾ മൂക്കിനുള്ളിൽ പറ്റിയിരുന്ന് ഭാവിയിൽ അണുബാധയുണ്ടാക്കാം. അതിനാൽ അണുവിമുക്തമാക്കിയ വെള്ളം മാത്രമേ ഈ പ്രക്രിയയ്ക്ക് ഉപയോഗിക്കാവൂ എന്ന് എഫ് ഡി എ നിർദേശിക്കുന്നു.

നസ്യം പോലുള്ള ആയുർവേദ ചികിത്സകളുടെ ലക്ഷ്യവും സൈനസുകൾ കഴുകി ശുചീകരിക്കുക എന്നതാണ്. നസ്യത്തിനുപയോഗിക്കുന്ന മരുന്നുകൾ എണ്ണ കലർന്നവയാണ്. അതുകൊണ്ടുതന്നെ നസ്യം ഏറെ വൈദഗ്ധ്യത്തോടെ ചെയ്യേണ്ട ഒരു ചികിത്സാരീതിയാണ്. ഇല്ലെങ്കിൽ ഈ മരുന്നുകൾ ശ്വാസകോശത്തിലെത്തി ആസ്പിരേഷൻ ന്യൂമോണിയ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.

4. വായ് കുലുക്കുഴിയുമ്പോൾ

വായ് വെള്ളമൊഴിച്ചു കുലുക്കുഴിഞ്ഞു വൃത്തിയാക്കുന്നതു ചിലരുടെ ശീലമാണ്. അതിന് ആരോഗ്യപരമായി തകരാറൊന്നുമില്ല. വായ്പുണ്ണ്, വായ്നാറ്റം എന്നീ പ്രശ്നങ്ങളകറ്റാൻ ആയുർവേദത്തിലും അലോപ്പതിയിലും ഇത്തരം മരുന്നുകൾ നിർദേശിക്കാറുണ്ട്. പനിയും ജലദോഷവും മറ്റുമുള്ളപ്പോൾ ചെറുചൂടുള്ള ഉപ്പുവെള്ളം കൊണ്ടു കുലുക്കുഴിയാറുണ്ടല്ലോ. അതുവളരെ നല്ലൊരു വീട്ടുചികിത്സയാണ്. ഉപ്പുവെള്ളത്തിലെ സോഡിയം ക്ലോറൈഡ് തൊണ്ടയിലെ നീര് കുറയ്ക്കാനും സഹായകരമാണ്. ഇപ്പോൾ വായ് കുലുക്കുഴിഞ്ഞു വൃത്തിയാക്കുക എന്ന ലക്ഷ്യത്തോടെ ധാരാളം മൗത്ത്വാഷുകളും വിപണിയിലുണ്ട്. ഓരോരുത്തരും യോജിച്ച മൗത്ത്വാഷുകൾ ഡോക്ടറുടെ നിർദേശത്തോടെ തിരഞ്ഞെടുക്കുക. അളവനുസരിച്ച് മൗത്ത്വാഷിൽ വെള്ളം ചേർത്തു നേർപ്പിച്ചോ, അല്ലാതെയോ ഉപയോഗിക്കുക.

5. ചെവിത്തോണ്ടിയിട്ടാൽ

ചെവിക്കുൾഭാഗം ചെവിത്തോണ്ടി കൊണ്ടു വൃത്തിയാക്കുന്നത് പഴയതലമുറയുടെ ശീലമാണ്. ചിലരാകട്ടെ, കോഴിത്തൂവൽപോലുള്ളവയുടെ അഗ്രഭാഗമാകും ചെവിക്കുള്ളിലിടുന്നത്. ചെവിക്കുള്ളിലെ വാക്സ് അഥവാ കർണമെഴുകിനെ നീക്കാനാണിങ്ങനെ ചെയ്യുന്നത്. എന്നാൽ ചെവിത്തോണ്ടിയും ബഡ്സും മറ്റും ഉപയോഗിക്കുമ്പോൾ പüലരും കൃത്യതയോടും സൂക്ഷ്മതയോടുമാകില്ല അതു ചെയ്യുന്നത്. ബഡ്സ് പോലുള്ളവ കർണപടത്തിൽ തട്ടിയാൽ അതിനു ദ്വാരമുണ്ടാകാനിടയാകും. ഇതു കേൾവി ശക്തിയെത്തന്നെ പ്രതികൂലമായി ബാധിക്കാം. അതുകൊണ്ട് അധികം ആഴത്തിൽ ചെവി വൃത്തിയാക്കാതിരിക്കുക. കഴിയുന്നതും വാക്സ് മൂലമുള്ള പ്രശ്നങ്ങൾക്കും ചെവിയിലെ അസ്വസ്ഥതകൾക്കും സ്വയംചികിത്സ ഒഴിവാക്കുന്നതാണ് ആരോഗ്യകരം. കഴിയുന്നതും ഡോക്ടറെ കണ്ടു തന്നെ ചികിത്സിക്കുക. വാക്സിനെ മൃദുവാക്കി ചെവിയിൽ നിന്നു നീക്കുന്നതരം ലായനികളും ഇപ്പോൾ ലഭ്യമാണ്.

6. വീട്ടിൽ വയറിളക്കണോ?

നമ്മnുടെ നാട്ടിലെ പഴയതലമുറ വയറിളക്കുന്ന രീതിക്ക് ഏറെ പ്രാധാന്യം കൽപ്പിക്കുന്നവരാണ്. വയറു ശുദ്ധീകരിക്കുക എന്നതാണിതിന്റെ പ്രധാന ഉദ്ദേശ്യം. ആവണക്കെണ്ണ പാലിൽ കലർത്തി വയറും കഴുകിയിരുന്നു പഴമക്കാർ. അത്തരം രീതികൾ ഇപ്പോഴും പാലിക്കുന്നവരുണ്ട്. എന്നാൽ വയറിനു പ്രത്യേകിച്ച് കുഴപ്പമോ മലബന്ധപ്രശ്നങ്ങളോ ഒന്നുമില്ലെങ്കിൽ വീട്ടിൽ വയറു ശുദ്ധീകരിക്കേണ്ട ആവശ്യമില്ല. മൂന്നുനാലുദിവസത്തോളം നീണ്ടുനിൽക്കുന്ന കടുത്ത മലബന്ധം, വയറിനുള്ളിൽ എന്തെങ്കിലും വിഷാംശം എത്തിപ്പെടുക എന്നീ ഘട്ടങ്ങളിലാണ് സാധാരണയായി ആശുപത്രിയിൽ വയറിളക്കുന്നത്. അലോപ്പതിയിലും പ്രകൃതിചികിത്സയിലും എനിമ നൽകിയാണ് സാധാരണയായി വയറിളക്കുന്നത്. ആയുർവേദത്തിലും പ്രത്യേക മരുന്നുകൾ നൽകി വയറിളക്കാറുണ്ട്. ഡോക്ടറുടെ നിർദേശത്തോടെ അത്യാവശ്യഘട്ടങ്ങളിൽ വയറിളക്കുന്നതിനു കുഴപ്പമില്ല. എങ്കിലും അതൊരു പതിവാക്കേണ്ടതില്ല. എന്നാൽ വയറിളക്കൽ ചികിത്സ തനിയെ നടത്താതിരിക്കുന്നതാണു സുരക്ഷിതം. മാത്രമല്ല, ഇതേത്തുടർന്നു നിർജലീകരണം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

7. കുഴിനഖത്തിന് നെയിൽ പോളിഷ്

കുഴിനഖം സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ്. നഖം ഉള്ളിലേക്കിറങ്ങി, ചർമത്തിന്റെ പേശികളിലേക്കു വളർന്ന് അതിന്റെ കൂർത്ത അടിഭാഗം ആഴ്ന്നിറങ്ങി വേദന ഉണ്ടാക്കുന്ന അവസ്ഥയാണ് കുഴിനഖം. തുടർന്ന് അവിടെ അണുബാധയുണ്ടാകാനിടയാകുന്നു. മണ്ണ്, ചെളി ഇവയെല്ലാം ഉള്ളിൽ കടന്ന് അണുബാധയെയും മറ്റു പ്രശ്നങ്ങളെയും വർധിപ്പിക്കുന്നു. കുഴിനഖമുണ്ടായാൽ പലരും ചെയ്യുന്നത് അവിടെ കട്ടിയായി നെയിൽ പോളിഷ് ഇടുകയാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്നതു മൂലം ആ ഭാഗത്തെ വായുസഞ്ചാരം ഇല്ലാതാകുകയും അണുബാധയ്ക്കും പഴുപ്പിനുമുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു. കുഴിനഖപ്രശ്നത്തിന്റെ അസ്വസ്ഥതകൾ ഒഴിവാക്കാൻ ഒരു എളുപ്പമാർഗമിതാ. കുഴിനഖമുള്ള ഭാഗത്തെ നഖം മുറിച്ച് അതിന്റെ അഗ്രഭാഗം ഉയർത്തി താഴ്ഭാഗത്തായി ഒരു പഞ്ഞി വയ്ക്കുക. 2-3 ആഴ്ച കഴിയുമ്പോഴേക്കും നഖത്തിന്റെ വളർച്ചാഗതി സാധാരണനിലയിലായിക്കൊള്ളും.

8. ചെവിയിൽ പ്രാണി പോയാൽ

ചെവിയിൽ പ്രാണിയും വണ്ടും മറ്റും പോകുന്നതു സാധാരണമാണ്. ബഡ്സ്, ഫോർസെപ്സ്, സേഫ്റ്റിപിൻ, പെൻസിൽ, സ്ലൈഡ് പോലുള്ള വസ്തുക്കളിട്ട് അവയെ എടുക്കാനാണു പലരും ശ്രമിക്കുന്നത്. അതു തെറ്റായ ശീലമാണ്. പ്രാണികൾക്ക് അനായാസേന കയറിയിറങ്ങിപ്പോകാൻ അനുയോജ്യമായ വളവുകൾ ഉള്ള ഘടനയാണു ചെവിയുടേത്. പക്ഷേ ഇത്തരം പ്രാണികൾക്ക്, പ്രത്യേകിച്ച് ചിറകുള്ളവയ്ക്ക് തിരികെ ഇറങ്ങാൻ വലിയ ബുദ്ധിമുട്ടനുഭവപ്പെടും. ശ്രമിച്ചാൽ തന്നെ ചിറകും മറ്റും നഷ്ടപ്പെടും. ഇവ ചെവിക്കുള്ളിൽപെട്ടാൽ ഉണ്ടാകുന്ന അസ്വസ്ഥത കടുത്തതായിരിക്കും. കർണപടത്തിലും മറ്റും തട്ടുമ്പോൾ അസഹ്യമായ ബുദ്ധിമുട്ടനുഭവപ്പെടും. ചെവിക്കുള്ളിൽ പെട്ട പ്രാണിയെ കൊല്ലുകയും പുറത്തിറക്കാൻ ശ്രമിക്കുകയുമാണു വേണ്ടത്. പ്രാണിയുള്ള ചെവിയുടെവശം മേൽഭാഗത്തു വരും വിധം ചരിഞ്ഞുകിടന്നിട്ട് എണ്ണ (ഒലിവ് എണ്ണയോ, വെളിച്ചെണ്ണയോ) ചെറുചൂടോടെ ചെവിയിലൊഴിക്കാം. രണ്ടു മിനിട്ടിനുള്ളിൽ പ്രാണി ശ്വാസംമുട്ടി ചത്തു പൊയ്ക്കൊള്ളും. പെട്ടെന്നു ചെവി വിപരീതദിശയിൽ തിരിക്കുക. അപ്പോൾ പ്രാണി പുറത്തേക്കു വരും. പ്രാണിയുടെ ശരീരത്തിൽ നിന്നു ചിറകോ മറ്റു ഭാഗങ്ങളോ നഷ്ടമായിട്ടുണ്ടെങ്കിൽ ഉടൻ ഒരു ഇഎൻടി ഡോക്ടറെ കാണണം. മറ്റു വസ്തുക്കൾ പ്രാണിയെ പുറത്തെടുക്കുന്നതിനായി ചെവിയിലിടരുത്. ഇവ കൊണ്ടു തൊടുമ്പോൾ പ്രാണി വീണ്ടും താഴ്ന്നു പോകാമെന്നു മാത്രമല്ല, ഇവ കർണപടത്തിൽ തട്ടിയാൽ അതിൽ ദ്വാരം വീഴാം. ചെവിയിൽ ദ്വാരമുള്ളവർ ഒരു കാരണവശാലും എണ്ണയും വെള്ളവും ഒഴിക്കാൻ പാടില്ല. എത്രയും പെട്ടെന്നു ഡോക്ടറെ കാണുക.

9. പൊള്ളലിന് പേസ്റ്റോ?

പൊള്ളൽ വന്നാൽ പണ്ടുള്ളവർ ചെയ്യുന്ന ഒരു രീതിയുണ്ട്. പൊള്ളിയ ഭാഗത്തേയ്ക്ക് പേസ്റ്റ് പുരട്ടുക. പക്ഷേ ഇത് അനാരോഗ്യകരമായ ഒരു പ്രവണതയാണ്. കാരണം പേസ്റ്റിൽ നിരവധി ബാക്ടീരിയകളും സൂക്ഷ്മാണുക്കളും അടങ്ങിയിട്ടുണ്ട്. ഇത് മുറിവിലേക്കു ചേർന്നു കഴിയുമ്പോൾ അണുബാധ ഉണ്ടാകാനിടയുണ്ട്. അതുകൊണ്ടുതന്നെ പൊള്ളലിന് പേസ്റ്റ് പുരട്ടുന്ന രീതി ഒഴിവാക്കണം. പൊള്ളലേറ്റ ഭാഗം തുറന്നുവിട്ട പൈപ്പുവെള്ളത്തിനു താഴെ പിടിച്ച് 5-10 മിനിറ്റു നേരത്തേക്ക് അതിലേയ്ക്കു വെള്ളം വീഴിക്കണം. ചർമത്തിന്റെ ഉപരിതലത്തിലുള്ള ചെറിയ പൊള്ളൽ താനേ ഉണങ്ങിക്കൊള്ളും. എന്നാൽ ഗ്രേഡ് 2, 3 വിഭാഗങ്ങളിലെ പൊള്ളൽ ഗുരുതരമാണ്. അത്തരം മുറിവുകളിലേക്ക് പേസ്റ്റു പോലുള്ള രാസപദാർഥങ്ങൾ പുരട്ടുന്നത് കൂടുതൽ അപകടമാകും. പൊള്ളൽ തീരെ നിസ്സാരമല്ല എങ്കിൽ എത്രയും പെട്ടെന്നു വൈദ്യസഹായം തേടണം. വീട്ടിലെ ഫസ്റ്റ് എയ്ഡ് ബോക്സിൽ പൊള്ളലിനായി ഒരു മരുന്നും കരുതാം. സിൽവർ സൾഫെ ഡയാസിൻ എന്നാണതിന്റെ പേര്. ഇതേ മരുന്നു തന്നെയാണ് സാധാരണയായി ആശുപത്രികളിലും പൊള്ളലിന്റെ പ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്നത്.

10. കാൽ ചൂടുവെള്ളത്തിൽ വയ്ക്കാമോ?

കാൽ ചൂടുവെള്ളത്തിലിറക്കി വയ്ക്കുന്നത് പലരും ചെയ്യാറുള്ള ഒരു വീട്ടുചികിത്സയാണ്. ചെറു ചൂടുവെള്ളത്തിൽ അൽപം ഉപ്പു ചേർത്ത് അതിൽ കാൽവച്ചാൽ കാൽ എളുപ്പത്തിൽ വൃത്തിയാക്കാനാകും. ഇങ്ങനെ വയ്ക്കുമ്പോൾ കാൽ മൃദുവാകുന്നതിനാൽ കാലിലെ ചെളിയും വിണ്ടുകീറലിന്റെ പ്രശ്നങ്ങളും പരുപരുത്ത ഭാഗങ്ങളുമെല്ലാം ഉരച്ചു നീക്കാനാകും. ഒരു പ്യൂമിക് സ്റ്റോണോ, ഫൂട്സ്ക്രേപ്പറോ ഇതിനുപയോഗിക്കാം. ആണിരോഗമുള്ളവർക്കും ഈ ചികിത്സ ഏറെ ഗുണകരമാണ്. കാൽ ചെറു ചൂടുവെള്ളത്തിൽ വയ്ക്കുമ്പോൾ കാലിലേക്കുള്ള രക്തപ്രവാഹം നന്നായി നടക്കുന്നു. എന്നാൽ ഡയബറ്റിക് ന്യൂറോപ്പതി ഉള്ളവർ കാൽ ചൂടുവെള്ളത്തിൽ വയ്ക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കാരണം 115 ഡിഗ്രി (46.1 ഡിഗ്രി) ഫാരൻഹീറ്റിനു മേലുള്ള ചൂട് അവർക്ക് അറിയാനാകില്ല. സംവേദനക്ഷമത കുറവുള്ള ചർമമായതിനാൽ ചിലപ്പോൾ പൊള്ളലുണ്ടായിക്കഴിഞ്ഞേ അറിയൂ. സാധാരണയായി 10 മുതൽ 15 മിനിറ്റിൽ കൂടുതൽ നേരം കാൽ ചൂടുവെള്ളത്തിൽ വയ്ക്കേണ്ടതില്ല. ഉപ്പൂറ്റിവേദന അഥവാ കാൽക്കേനിയൽസ്പർ ഉള്ളവർക്കു കാൽ ചൂടുവെള്ളത്തിലും തണുത്ത വെള്ളത്തിലും മാറിമാറി വയ്ക്കുന്നതു ഗുണം ചെയ്യും. പെഡിക്യൂർ പോലുള്ള പാദസംരക്ഷണരീതികളിലും കാൽ മൃദുവാക്കി, വൃത്തിയാക്കുന്ന രീതിയാണു സ്വീകരിച്ചിരിക്കുന്നത്. എന്നാൽ കാൽ വൃത്തിയാക്കുമ്പോൾ മുറിവുകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം.

വിവരങ്ങൾക്കു കടപ്പാട്

ഡോ. എ. സദക്കത്തുള്ള

ഭാരത് ഹോസ്പിറ്റൽ, കോട്ടയം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.