Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹശേഷം വണ്ണം കൂടുന്നതിനു പിന്നിൽ

health-obesity-16092015

കല്യാണം കഴിഞ്ഞപ്പോൾ പെണ്ണ് കയറി അങ്ങ് തടിച്ചതു കണ്ടോ? ഇങ്ങനെയും ഇവൾ തടിവയ്ക്കുമെന്ന് ഇപ്പോഴല്ലേ മനസിലായത്. വിവാഹം കഴിയുമ്പോൾ മിക്ക പെൺകുട്ടികളെയുംകുറിച്ച് കേൾക്കാറുള്ള കമന്റാണിത്. എന്നാൽ ഇതിനു പിന്നിൽ എന്താണെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

2011 ലെ ഒരു പഠനം പറയുന്നത് വിവാഹം കഴിയുമ്പോൾ 20 പൗണ്ട് വരെ തൂക്കം വർധിക്കുമെന്നാണ്. ഇക്കാര്യത്തിൽ സ്ത്രീകളാണ് മുന്നിൽ. നാലു വർഷത്തിനുള്ളിൽ വിവാഹം കഴിഞ്ഞ ദമ്പതികൾക്കിടയിൽ നടത്തിയ പഠനത്തിൽ കണ്ടത് വിവാഹശേഷം ദമ്പതികൾക്കിടയിലുണ്ടാകുന്ന സന്തോഷം തന്നെയാണ് വണ്ണക്കൂടുതലിനു കാരണമെന്നാണ്. അമേരിക്കയിൽ നടത്തിയ മറ്റൊരു പഠനത്തിൽ കണ്ടത് പെൺകുട്ടികൾക്ക് ആദ്യത്തെ അഞ്ചു വർഷത്തിനുള്ളിൽ 24 പൗണ്ട് വരെ ഭാരം കൂടുന്നതായാണ്. പുരുഷൻമാരിൽ ഇത് 30 പൗണ്ട് വരെ ആകുന്നു.

ഇതിനു പിന്നിലെ കാരണങ്ങളെ പരിശോധിച്ചു നോക്കിയാൻ മനസ്സിലാക്കാൻ കഴിയുന്ന ചില വസ്തുതകൾ ഇവയാണ്:

1. ആഹാരകാര്യത്തിൽ പാർട്ണറുടെ സ്വാധീനത

വിവാഹത്തിനു മുൻപ് സ്വന്തം ഇഷ്ടത്തിനനുസരിച്ചുള്ള ആഹാരം മാത്രം കഴിച്ചിരുന്ന ആൾ, വിവാഹശേഷം സ്വാഭാവികമായും പാർട്ണറുടെ ഇഷ്ടഭക്ഷണവും ആഹാരവും രുചിക്കേണ്ടി വരുന്നു. രണ്ടു പേരും വ്യത്യസ്ത വിഭവങ്ങളാകും ഇഷ്ടപ്പെടുക. പുറത്തു നിന്ന് ഭക്ഷണം കഴിക്കേണ്ടി വരുമ്പോൾ അവരവരുടെ ഇഷ്ടഭക്ഷണമായിരിക്കും ഓർഡർ ചെയ്യുന്നത്. ഈ സാഹചര്യത്തിൽ പലപ്പോഴും ഷെയർ ചെയ്യപ്പെടുന്നുമുണ്ട്.

2. അടുക്കളയിൽ തിളങ്ങാൻ

കല്യാണമായി, അടുക്കളയിൽ പോയി വല്ല ആഹാരവും ഉണ്ടാക്കാൻ പഠിക്കണം. നാളെ വേറെ വീട്ടിൽ ചെന്നു കയറുമ്പോൾ അമ്മയേ കുറ്റപ്പെടുത്തുള്ളു. അമ്മമാരുടെ ഈ പതിതാപം പറച്ചിൽ കേൾക്കാത്ത ന്യൂജനറേഷൻ പെൺകൊടികൾ ഉണ്ടാകില്ല. അതുകൊണ്ടു തന്നെ ഭർതൃവീട്ടിൽ അടുക്കളയിൽ കയറി പരീക്ഷണങ്ങൾ നടത്താൻ എല്ലാവരും റെഡി (വിജയിച്ചാലും ഇല്ലെങ്കിലും). അമ്മായി അമ്മയുടെയും ഭർത്താവിന്റെയും പ്രീതി സമ്പാദിക്കാൻ പാചകപരീക്ഷണം നടത്തുന്നവരുമുണ്ട്. നടത്തിയ പരീക്ഷണ രുചികൾ അകത്താക്കാതിരിക്കാനും സാധിക്കില്ല. ഇതിനു പുറമേയാണ് വീട്ടിലുള്ള മറ്റു വിഭവങ്ങളും. ഇതെല്ലാം കൂടി പ്രതിഫലിക്കുന്നത് ശരീരത്തിലും.

3. സമ്മർദമില്ലായ്മ

അനുയോജ്യമായ പങ്കാളിയെ കണ്ടെത്തിയതിന്റെ സമ്മർദം അകലുന്നതാണ് മറ്റൊരു കാരണം. ഹെൽത്ത് സൈക്കോളജി മാഗസിനിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നത് സന്തോഷകരവും സുരക്ഷിതവുമായ ദാമ്പത്യജീവിതം നയിക്കുന്ന ദമ്പതികളിൽ താരതമ്യേന ഭാരം കൂടുമെന്നാണ്. ഇതിനുള്ള കാരണമായി അവർ പറഞ്ഞിരിക്കുന്നത് ഒരു പങ്കാളിയെ കണ്ടെത്തണമെന്ന ടെൻഷൻ അവരിൽ നിന്നു മാറിയതിനാലാണെന്നാണ്.

4. അലസമനോഭാവം

വിവാഹത്തിനു മുൻപ് വണ്ണം വയ്ക്കാൻ പാടില്ലെന്നും മെലിഞ്ഞ് സുന്ദരിയായിരിക്കാനും ആഗ്രഹിക്കുന്നവർ വിവാഹം കഴിയുന്നതോടെ കാണിക്കുന്ന അലസമനോഭാവമാണ് ഭാരം കൂടുന്നതിനു പിന്നിലെന്നും പറയുന്നു. അതുവരെ കാത്തുസൂക്ഷിച്ചിരുന്ന ഡയറ്റ് വിവാഹശേഷം പലരും തുടരാൻ മടി കാണിക്കുന്നു. കല്യാണമൊക്കെ കഴി‍ഞ്ഞില്ലേ, ഇനിയെന്ത് ഡയറ്റ്? ആരെ കാണിക്കാനാ... എന്നൊക്കെ ചിന്തിക്കുന്നവരും കുറവല്ല.

5. ഗർഭധാരണം

ഗർഭം ധരിക്കുന്നതും മറ്റൊരു കാരണമാണ്. ഗർഭിണി രണ്ടു പേർക്കുള്ള ആഹാരം കഴിക്കണമെന്നാണ് പൊതുവേ പറയാറുള്ളത്. ഗർഭിണി ആയിക്കഴിഞ്ഞാൽ പരമാവധി വിശ്രമം എടുക്കണമെന്ന ധാരണയുമുണ്ട്. ഗർഭകാലത്ത് വെറുതേ ഇരുന്ന് ആഹാരം കഴിക്കുകയും പിന്നിട് പ്രസവശുശ്രൂഷയും കൂടിക്ക ഴിയുമ്പോൾ പലരും അമിതവണ്ണത്തിലേക്ക് എത്താറുണ്ട്.

6. ആഹാരം പാഴാക്കാതിരിക്കാനുള്ള ശ്രമം

ആഹാരം പാഴാക്കിക്കളയുന്നതിനോട് പൊതുവേ വിമുഖത പ്രകടിപ്പിക്കുന്നവരാണ് സ്ത്രീകൾ. ഏറ്റവും അവസാനം മിച്ചം വരുന്ന ആഹാരമെല്ലാം പാഴാക്കാൻ മടിച്ച് കഴിക്കുന്നതും തടി കൂടുന്നതിലേക്കു നയിക്കുന്നുണ്ട്.