Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യായാമവും മനസ്സും തമ്മിൽ എന്തു ബന്ധം?

fitness-tips

വ്യായാമവും ശരീരവും തമ്മിൽ ഉള്ളതുപോലെ തന്നെ വ്യായാമവും മനസ്സുമായി ബന്ധമുണ്ടെന്നാണ് ആധുനിക വൈദ്യശാസ്ത്രം അവകാശപ്പെടുന്നത്. ദിവസേന വ്യായാമം ചെയ്യുന്നവർക്ക് ശരീരത്തിന്റെ ഫിറ്റ്നസ് ഉറപ്പാക്കാൻ കഴിയുന്നതുപോലെ മനസിന്റെ സന്തോഷവും നേടിയെടുക്കാൻ കഴിയുമെന്നു ചുരുക്കം. കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

വിവിധ പ്രായക്കാരായ ആയിരത്തോളം പേരെയാണ് ഇവർ പഠനത്തിനു വിധേയരാക്കിയത്. ഇവരിൽ ദിവസേന കായിക അധ്വാനങ്ങളിൽ നന്നായി ഏർപ്പെടുന്നവരും തീരെ അലസന്മാരും ഉണ്ടായിരുന്നു. ഇവരുടെ മാനസികാവസ്ഥകൾ, ഓരോ സാഹചര്യത്തോടും പ്രതികരിക്കുന്ന രീതി എന്നിവ സംബന്ധിച്ചു വിശകലനം നടത്തിയ ശേഷമായിരുന്നു നിഗമനം.

സന്തോഷത്തിനു വേണ്ടി കഠിനമായ വ്യായാമമുറകളിൽ ഏർപ്പെടണമെന്നില്ല. മറിച്ച് ഓരോ ദിവസവും മെയ്യനങ്ങി വിയർത്ത് എന്തെങ്കിലും കായിക അധ്വാനത്തിൽ ഏർപ്പെട്ടാൽ മതി. മനസിനു സന്തോഷം തരുന്ന പ്രവർത്തനങ്ങളാണെങ്കിൽ നല്ലത്. ഉദാഹരണത്തിന്, എന്നും ടിവിക്കു മുൻപിൽ ചടഞ്ഞിരിക്കുന്ന ശീലക്കാരനാണെങ്കിൽ ഒരു ദിവസം വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലേക്ക് ഒന്നിറങ്ങാം. എന്നും ബൈക്കിലോ കാറിലോ മാത്രം സഞ്ചരിക്കുന്നയാളാണെങ്കിൽ ഇടയ്ക്ക് വാഹനത്തിനു പകരം കാൽനടയായി സഞ്ചരിക്കാം. യാത്ര പോകുമ്പോൾ റിസോർട്ടുകളിൽ ചടഞ്ഞിരിക്കാതെ ട്രക്കിങ്ങിനോ ബോട്ടിങ്ങിനോ അങ്ങനെ സാഹസികമായ എന്തെങ്കിലും വിനോദങ്ങൾക്ക് ഇറങ്ങിപ്പുറപ്പെടാം.

ലഘു വ്യായാമങ്ങള്‍ൾ ചെയ്യുന്നവർക്ക് മനസ്സിന് സന്തോഷം ലഭിക്കുമെന്നു മാത്രമല്ല പ്രതിസന്ധികളോടു സംയമനത്തോടെ പ്രതികരിക്കാനും തരണം ചെയ്യാനും കഴിയുന്നതായും കണ്ടെത്തി. ഇനി മുതൽ ശരീരത്തിനു വേണ്ടെങ്കിൽ പോലും മനസ്സിനു വേണ്ടി വ്യായാമവും കായിക അധ്വാനവും ശീലമാക്കിക്കോളൂ. 

Your Rating: