Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമേഹത്തിന് 6 വ്യായാമപരിഹാരങ്ങൾ

diabetes-exercise

പ്രമേഹ രോഗികളിൽ അഞ്ചെട്ടു വർഷം കഴിയുമ്പോൾ (ചിലർക്ക് അതിലും നേരത്തെ തന്നെ) ആന്തരികാവയവങ്ങൾ തകരാറിലാകുന്നതിനു പുറമേ പേശിനഷ്‌ടവും ബലക്ഷയവും അസാധാരണമായ ഭാരം കുറയലും കണ്ടുതുടങ്ങും. സന്ധികളിൽ രക്തസഞ്ചാരം കുറഞ്ഞു കലശലായ തേയ്മാനവും വേദനയുമുണ്ടാകും. ചലനാത്മകതയും നഷ്ടപ്പെടും. എന്നാൽ വ്യായമത്തിലൂടെ ഇൻസുലിന്റെ സഹായമില്ലാതെതന്നെ രക്തത്തിലെ ഗ്ലൂക്കോസ് കോശങ്ങൾ ഉപയോഗിക്കാനുള്ള കഴ‍‍ിവു ലഭിക്കുന്നു. വ്യായാമം പാൻക്രിയാസിലെ ബീറ്റാകോശങ്ങളെ ഉത്തേജിപ്പിച്ച‍ു റെസിസ്റ്റൻസ് കുറഞ്ഞ കഴിവുള്ള ഇൻസുലിൻ ഉത്പാദിപ്പിക്കുന്നു. ഇതിന്റെ ഫലമായി രക്തത്തിലെ പഞ്ചസാര കുറയാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയുമ്പോൾ ആഹാരം കൂടുതൽ കഴിച്ച് അതു വർധിപ്പിക്കുകയല്ല, ഡോക‍്ടറോടു സംസാരിച്ച് മരുന്നിന്റെ അളവു കുറയ്ക്കുകയാണു വേണ്ടത്.

വ്യായാമങ്ങൾ

താഴെപ്പറയുന്ന വ്യായാമങ്ങൾ ബ്ലഡ്ഷുഗർ കുറയ്ക്കുക മാത്രമല്ല ചെയ്യുന്നത്, ഇൻസുലിന്റെ ഉത്പാദനം മികച്ച നിലയിലാക്ക‍ുന്നു. മുൻപു സൂചിപ്പിച്ച പേശിനഷ്ടം, ബലക്ഷയം അസാധാരണ ഭരം കുറയൽ ഇവയൊക്കെത്തന്നെ തടയുന്നു. ശരീരത്തിന്റെ എല്ലാം ഭാഗങ്ങൾക്കുമ‍ുള്ള ഏറ്റവും ഫലപ്രദമായ വ്യായാമങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ആകാരഭംഗിയും ഊർജ നിരക്കും വർധിപ്പിക്കാനും സഹായിക്കും. അത് പ്രമേഹ രോഗികളുടെ ആത്മവിശ്വസവും വർധിപ്പിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ പ്രമേഹ രോഗികൾ വ്യയാമത്തിലേർപ്പെടുന്നതിനു മുമ്പ് ഡോക്ടറെ കൺസൽറ്റു ചെയ്ത് ആവശ്യമെങ്കിൽ ടി.എം.ടി പോലുള്ള ചെക്കപ്പുകൾ ചെ‍‍യ്യുന്നതു നന്നായിരിക്കും.

∙ ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് വ്യായാമത്തിനു മുമ്പും ശേഷവും ബ്ലഡ്ഷുഗർ ലോഡ് നോക്കുന്നതു നന്നായിരിക്കും.

∙ ഇൻസുലിൻ പോലുള്ളവ ഉപയോഗിക്കുന്നവരാണെങ്കിൽ ഇവ ഉപയോഗിച്ച ഉടനെ വ്യായമത്തിൽ ഏർപ്പെടരുത്.

∙ വ്യായാമത്തിനു മുമ്പ് ബ്ലഡ് ഷുഗർ നില കുറവാണെങ്കിൽ 15 ഗ്രാം കാർബോ ഹൈഡ്രേറ്റ് അടങ്ങുന്ന ലഘുഭക്ഷണം കഴിച്ചതിനുശേഷം ഒരു മണിക്കൂർ കഴിഞ്ഞു മാത്രം വ്യായാമത്തിലേർപ്പെടുക.

∙ വ്യായാമവേളയിൽ മുറിവ് സംഭവിക്കാൻ ചെറിയ സാധ്യതകൾ ഉള്ളതുകൊണ്ട് ഗ്ലൗസ്, ഷൂസ് എന്നിവ ധരിക്കുന്നതു നല്ലതാണ്.

∙ ഒട്ടും വ്യായമം ചെയ്യാത്തവരോ ദീർഘനാളായി വ്യായാമം നിർ‍ത്തിവച്ചവരോ ആണെങ്കിൽ വളരെ ചെറിയ ര‍‍ീതിയിൽ തുടങ്ങി പതിയെ കടുത്തരീതിയിലുള്ള വ്യായമത്തിലേക്കു കടക്കുക.

∙ വ്യായാമത്തിന് മുമ്പ് ഒരു വാം അപും ശേഷം ഒരു കൂൾഡൗണും നി‍ർബന്ധമായും ചെയ്തിരിക്കണം.

∙ നിർജലീകരണം തടയാൻ ശ്രദ്ധിക്കണം. പ്രമേരോഗികളിൽ കിറ്റോൺസ് ശരീ‍ത്തിൽ ധാരാളമായി ഉൽപാദിപ്പിക്കാൻ ഇടയുള്ളതുകൊണ്ട് ദിവസം മൂന്നു ലീറ്ററെങ്കിലും വെള്ളം പലപ്പോഴായി കുടിക്കണം.

∙ ജിം പോലുള്ള സ്ഥലങ്ങളിലാണു വ്യായാമം ചെയ്യുന്നതെങ്കിൽ. ഡയബറ്റിസ് െഎഡന്റിറ്റി കാർഡ് ഉള്ള ടാഗ് (Tag) ധരിക്കാം. വ്യായാമസമയത്ത് ഷുഗർ താഴ്ന്ന് ബോധക്ഷയമോ മറ്റോ ഉണ്ടായാൽ സമീപത്തുള്ളവർക്ക് തിര‍ിച്ചറിയാനും ഉടനെ കുറച്ചു മധുരം നൽകാനായാൽ രോഗിയെ വേഗം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുമാകും.

∙ പ്രമേഹരോഗികളിൽ കോശനഷ്ടസാധ്യത വളരെ കൂടുതലായതുകൊണ്ടു വ്യായാമത്തിനും മുമ്പും ശേഷവും പ്രോട്ടീൻ കൂടുതലായുള്ള ആഹാരപദാർഥങ്ങൾ കഴിക്കുക. വ്യായാമഫലം വർധിപ്പിക്കാനും പേശ‍ിനഷ്ടം തടയാനുമാകും. ബ്ലഡ് ഷുഗർ ലവലും അനിയന്ത്രിതമാകില്ല.

ആദ്യം ബ്രീത്തിങ് (പ്രാണായാമം) തുടർന്നു ചെറിയൊരു ഒാവറോൾ വാം അപ്പ് (ഫ്രീ എക്സർസൈസും സ്ട്രച്ചിങ്ങും) ഇതിനുശേഷം താഴെപ്പറയുന്ന വ്യായാമങ്ങൾ കൃത്യമായി മനസ്സിലാക്കി പ്രാവർത്തികമാക്കുക. എല്ലാത്തിനും ശേഷം ശരീരോഷ്മാവും ഹൃദയമിടിപ്പും ശ്വസനവും സാധാരണ നിലയ‍ിലെത്തിക്കുന്ന കൂൾ ഡൗൺ പ്രക്രിയകളും ചെയ്യണം.

1. ജോഗിങ്ങ്
ഒട്ടും വ്യായാമത്തിലേർപ്പെടാത്തവരോ കുറേ നാളായി വ്യായാമം നിർത്തിയവരോ ആണെങ്കിൽ ആരംഭത്തിൽ നടത്തത്തിൽ നിന്നു തുട‍ങ്ങുക. ക്രമേണ നടത്തത്തിന്റെ വേഗത കൂട്ടുക, കുറച്ചു ദിവസങ്ങൾക്കുശേഷം പതുക്കെ ഒാടി തുടങ്ങുക, ഫിറ്റ്നസ് ശേഷി കൂടുന്നതിനനുസരിച്ച് ഒാട്ടത്തിന്റെ വേഗത കൂട്ടാം. നല്ല വേഗത്തിൽ ഒാടിത്തുടങ്ങിയാൽ നിശ്ചിത സമയത്തിനുശേഷം വേഗത കുറച്ചു പിന്നീട് നടത്തത്തിലാകണം അവസാനിപ്പിക്കേണ്ടത്. തുടക്കത്തിൽ എല്ലാംകൂടി 20 മിനിറ്റ് മതിയാകും. പിന്നീട് അതു 30 മിനിറ്റാക്കാം. ആഴ്ചയിൽ ഒന്നിടവിട്ട മൂന്നു ദിവ‍സം മതിയാകും. നടക്കാനോ ഒാടാനോ എന്തെങ്കിലും സന്ധിവേദനകൾ മൂലം പറ്റാത്തവരാണെങ്കിൽ സ്വിമ്മിങ്ങോ സൈക്കിളിങ്ങോ പരീക്ഷിക്കാം. സ്വ‍ിമ്മിങ്ങാണു ചെയ്യുന്നതെങ്കിൽ എല്ലാ വ്യായാമങ്ങൾക്കും ശേഷം അവസാനം ചെയ്യുന്നതാകും സൗകര്യം. ഈ പറഞ്ഞവ ഒന്നും ചെ‍യ്യാൻ പറ്റാത്തവരാണെങ്കിൽ വാം അപ്പ് ആയി ചെയ്യുന്ന ഫ്രീ എക്സർസൈസുകൾ ആദ്യം ചെറിയ വിശ്രമം എടുത്തും പിന്നീട് ഒട്ടും വിശ്രമിക്കാതെയും 20 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ ചെയ്താൽ മതി.

2. പുഷ് അപ്
ഇത് ഏവർക്കും സുപരിചിതമായ വ്യായാമമാണ്. എങ്കില‍ും വ്യായാമരഹിതർക്ക് കുറച്ചു ദിവസത്തെ പരിശ്രമം കൊണ്ടു മാത്രമേ നിശ്ചിത എണ്ണം പൂർത്തിയാക്കാനാകൂ. കാലുകൾ രണ്ടും നിവർത്തി നിലത്തു കുത്തിവച്ച് കൈകൾ നിലത്തു കുത്തി ശരീരം ഒരു ലയിൻ കണക്കെ നിർത്തിയ ശേഷം പതുക്കെ ദീർഘശ്വാസം എടുത്തുകൊണ്ടു നെഞ്ച് നിലത്തുമുട്ടാത്ത തരത്തിൽ താഴുക ഉടനെ ശ്വസം പതുക്കെ വിട്ടുകൊണ്ടു പൊങ്ങുക. നോട്ടം മൂന്നടി മുന്നോട്ട്. ഈ രീതിയിൽ തുടക്കം 12 ആവർത്തനം (റെപ്പിറ്റീഷൻ) ദിവ‍സേന ഒരു സെറ്റ്, ക്രമേണ 15 ആവർത്തനം 3 സെറ്റ്, ആഴ്ചയിൽ ഒന്നിടവിട്ട മൂന്നു ദിവസം ഒരു സെറ്റിൽ നിശ്ചിത ആവർത്തനം തുടക്കത്തിൽ പൂർത്ത‍‍ീകരിക്കാനാവത്തവർ–സ്ത്രീകൾ ഉൾ‍പ്പെടെ– കാലുകൾ നിവർത്തിവച്ച്, മുട്ട് കുറച്ചു മടക്കി നിലത്തു സപ്പോർട്ട് ചെയ്തു നിർവഹിക്കുക. ക്രമേണ ഇതുതന്നെ ഒരു കാൽ നിവർത്തി വച്ചും പൊന്തിച്ചു പിടിച്ചും ചെയ്യാം. സാധാരണ പുഷ്അപ് നിശ്ചിത ആവർത്തനം നിഷ്പ്രയാസം ചെയ്യാൻ കരുത്തുള്ളവർ കാൽ രണ്ടും നിലത്തുവയ്ക്കുന്നതിനും പകരം ബെഞ്ചിലോ സ്റ്റൂളിലോ നിവർത്തിവച്ചും ചെയ്യാം. ഇതു ബ്ലഡ് ഷുഗർ ഉപയോഗം വർധിപ്പിക്കാൻ സഹായിക്കും.

3. ബഞ്ച് പ്രസ്സ്
ഒരു ബഞ്ചിൽ മലർന്നു കിടന്ന് ഒരു ബാർബൽ അല്ലെങ്കിൽ ഒരു ജോഡി ഡംബൽ എടുത്ത് ഉയർത്തി പിടിക്കുക. പിടിത്തം തോൾ അകലത്തിനു പുറത്തായിരിക്കണം. തുടക്കത്തിൽ സുരക്ഷിതമായ കൺട്രോളും ബാലൻസും നിലനിർത്തി ചെയ്യാവുന്ന തരം ചെറിയ ഭാരം മാത്രം ഉപയോഗിക്കുക. ദ‍ീർഘശ്വാസം എടുത്തുകൊണ്ടു ഭാരം പതുക്കെ ചെസ്റ്റിൽ മുട്ടാത്തവിധം താഴ്ത്തുക. ശ്വാസം കുറശ്ലെ വിട്ടു‍കൊണ്ടു ഭാരം പഴയ സ്ഥിതിയിലേക്ക് ഉയർത്തുക തുടക്കത്തിൽ ദിവസേന ഒരു സെറ്റ് 12 ആവർത്തനം ചെയ്യുക പിന്നീട് 15 ആവർത്തനം ചെയ്യുക. പിന്നീട് 18 ആവർത്തനം 3 സെറ്റ് ചെയ്യുക. ആഴ്ചയിൽ ഒന്നിടവിട്ട് 3 ദിവസം. ബ‍ാലൻസും സ്ട്രങ്തും വർധിക്കുന്നതിനനുസരിച്ചു ഭാരം ക്രമേണ സുരക്ഷിതമായ തോതിൽ വർധിപ്പിക്കാം. ഈ വ്യായമവും ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെട‍ുത്തുന്നു. വീട്ടിലാണ് ഈ വ്യായമം ചെ‍യ്യുന്നതെങ്കിൽ ഇനി അനുയോജ്യമായ ബഞ്ച് ലഭ്യമല്ലെന്നുണ്ടെങ്കിൽ നിലത്തു മലർന്നുകിടന്ന് കാൽമുട്ടു മടക്കി പാദങ്ങൾ നിലത്ത് അമർത്ത് വച്ച് നടു ഉയർത്തി ഷോൾഡറിൽ ബലം കൊടുത്തും ഈ വ്യായമം ചെയ്യാം. കൈകൾ മടക്കി താഴ്ത്തുന്ന സമയത്ത് കൈമുട്ട് നിലത്തു തട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുന്നതിനെ ബ്രിഡ്ജസ് എന്നാണു പറയുക.

4. ഷോൾഡർ പ്രസ്സ്
ഷോൾഡർ ഭാഗത്തേക്കുള്ള ഈ വ്യായാമത്തിലും പ്രധാന ഊർജമായി ഗ്ല‍ൂക്കോസ് തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്. ഒരു സ്റ്റൂളിലോ ബഞ്ചിലോ ഇരുന്ന് ബാർബലോ ഡംബലോ ഉപയോഗിച്ചാണ് ഈ വ്യായാമം ചെയ്യുക. ജിംനേഷ്യങ്ങളിൽ ആണെങ്കിൽ പലതരത്തിലുള്ള മെഷിനറികൾ ഉപയോഗിച്ചും ഈ വ്യായാമം ചെയ്യാം. നേരത്തെ പറഞ്ഞപോലെ ഇവിടെയും തുടക്കത്തിൽ ചെറിയ ഭാരം മാത്രം ഉപയോഗിക്കുക.

ബാർബൽ അല്ലെങ്കിൽ ഡംബൽ‍ ഉപയോഗിക്കാം. ഭാരം കൈയിലെടുത്ത് തോളിനു മുകളിലേക്ക് ഉയർത്തിപ്പിടിച്ച് ഇരിക്കുക. പ്ര‍‍ായമുള്ള വരാണെങ്കിൽ ബാക്ക് സപ്പോർട്ടഡ് സ്റ്റൂളിലോ ബഞ്ചിലോ ഇരിക്കുന്നതു സുരക്ഷിതമായിരിക്കും. ശ്വാസം നല്ലതുപോലെ എടുക്കുന്നതോടൊപ്പം ഭാരം ചെസ്റ്റിലേക്ക് മുഖത്തു തട്ടാതെ പതുക്കെ താഴ്ത്തുക. ശേഷം ശ്വാസം കുറേശ്ശ വിട്ടുകൊണ്ടു താഴ്ത്തുക തുടക്കത്തിൽ 12 ആവർത്തനം ഒരു സെറ്റ് വീതം ദിവസവും ചെയ്യുക. പിന്നീട് രണ്ടോ മൂന്നോ സെറ്റ് 10 മുതൽ 12 ആവർത്തനം ആഴ്ചയിൽ ഒന്നിടവിട്ടു മൂന്നു ദിവസം ചെയ്യുക.

5. ഒാവർ ഹെഡ്ഡ് ട്രൈസെപ്സ് എക്സ്റ്റൻഷൻ
ഈ വ്യായമം ഇരുന്നോ നിന്നോ ചെയ്യാം. ഗ്ലൂക്കോസ് മെറ്റബോളിസത്തിനു നിന്നുകൊണ്ടു ചെയ്യുന്നതാകും കൂടുതൽ നല്ലത്. എങ്കിലും പ്രായമായവരും ആരോഗ്യം കുറഞ്ഞവരും ചാരി ഇരിക്കാവുന്ന സ്റ്റൂളിൽ ഇരുന്നു ചെയ്താൽ മതി. ഇതിലും ബാർബലോ ഡംബലോ ഉപയോഗിക്കാം. മേൽ കൈയ‍ിന്റെ ട്രൈസെപ്സ് മസിൽ ഉപയോഗിച്ചാണ് ഈ വ്യായാമം നിർവഹിക്കുന്നത്. ചെറിയ ഭാരം രണ്ടു കൈയിലും എടുത്തു തലയ്ക്ക് മുകളിലായി നിവർത്തിപ്പിടിക്കുക. മേൽ കൈകൾ രണ്ടും തലയുടെ ഇരുവശങ്ങളിലായി ചെവിയോടു ചേർത്തുവയ്ക്കുക. ശ്വാസം കുറേശ്ശെ എടുത്തുകൊണ്ടു പതുക്കെ തലയുടെ പുറത്തുകൂടെ ഭാരം കീഴ്പോട്ട് വരത്തക്കരീതിയിൽ കൈമുട്ടുകൾ മടക്കുക. ചെവിക്കൊപ്പം ഭാരം താഴ്ന്നു കഴിഞ്ഞാൽ കുറേശ്ശെ ശ്വാസം വിട്ടുകൊണ്ട് ഉയർത്തുക. ഈരീതിയിൽ 10 ആവർത്തനം ദിവസവും ചെയ്യുക. ക്രമേണ 12 ആവർത്തനം രണ്ടോ മൂന്നോ സെറ്റ് ഒന്നിടവിട്ട ആഴ്ചയിൽ മൂന്നു ദിവസം ചെയ്യുക.

6. വി അപ്സ്
ഇതു ഭാരം ഉപയോഗിച്ചുകൊണ്ടുള്ള വ്യായാമം അല്ലെങ്ക‍ിലും ശരീരഭ‍ാരം നന്നായി പ്രയോജനപ്പെടുത്തുന്ന വ്യായാമമാണ്. ചെയ്യുന്നതുവയറിലെ റക്റ്റസ് അബ്ഡോമിനൽ മസിലുകൊണ്ടാണെങ്കിലും ശരീരത്തിന്റെ ഒ‌ട്ടുമിക്ക ഭാഗങ്ങളും ഇതിൽ പങ്കാളി ആകുന്നു. ബ്ലഡ് ഗ്ലൂക്കോസ് പ്രയോജനപ്പെടുത്തുന്നു. പാൻക്രിയാസ് ഉത്തേജിക്കപ്പെടുന്നു.

മലർന്നു കിടന്നു കൈകാലുകൾ നിവർത്തിവച്ചു കാൽ മുട്ട് അൽപം മാത്രം മടക്കി ലോക്ക് ചെയ്തു വയ്ക്കുക. ഇവിടെ ശ്വ‍ാസം പുറത്തേക്കു വിട്ടുകൊണ്ടാണ് ഈ വ്യായാമം തുടങ്ങുന്നത്. ശക്തമായ രീതിയിൽ കുറെശ്ശെ ശ്വാസം പുറത്തേക്ക് വിടാൻ തുടങ്ങുമ്പോൾ അബ്ഡോമിനൽ മസിൽ പരമാവധി മുറുകുന്നതോടൊപ്പം കൈകാലുകൾ ഒരേസമയം ഉയർത്തിക്കൊണ്ടുവന്നു കൈകൾ കാൽപാദങ്ങളിൽ തൊടാൻ ശ്രമിക്കുക. ശ്വാസം പൂർണമായും വിട്ടു കഴിഞ്ഞാൽ രണ്ടു സെക്കൻഡ് ആ അവസ്ഥയ‍ിൽ നിൽക്കാൻ ശ്രമിക്കുക പിന്നീട് പതുക്കെ ശ്വാസം എടുത്തുകൊണ്ടു പൂർവസ്ഥിതിയിലേക്ക് താഴുക. ഇങ്ങനെ 8 മുതൽ 12 ആവർത്തനം ഒരു സെറ്റ് വീതം കുറച്ച‍ു ദിവസങ്ങൾ ചെയ്ത ശേഷം പിന്നീട് 15 മുതൽ 20 റെപ്സ് 3 സെറ്റ് വീതം ഒന്നിടവിട്ട ദിവസം ചെയ്യുക.

ശ്വസനരീതികൾ തെറ്റരുത്

മേൽപറഞ്ഞ വ്യായാമങ്ങൾ ചെയ്യുമ്പോൾ ഒാരോ വ്യായാമത്തിലും ശ്വസനരീതി തെറ്റിക്കാൻ പാടില്ല. ചില വ്യായമങ്ങൾ തുടങ്ങുന്ന സമയത്തു ശ്വാസം വിടുകയും മറ്റു ചിലത് എടുക്കുകയുമാണു ചെയ്യുന്നത്. മറ്റൊരു പ്രധാന കാര്യം. ശ്വസനം വ്യായാമത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. പ്രമേഹരോഗികൾക്കും ഇതു ഗുണകരമാണ്.

എല്ലാ വ്യായാമങ്ങളും കഴിഞ്ഞ ശേഷം കപാലഭാതി എന്ന ശ്വസന വ്യ‍ായാമം ചെയ്യുന്നതു പ്രമേഹരോഗികൾക്കും അല്ലാത്തbർക്കും വളരെ ഫലപ്രദമാണ്. ഒരു തവണ ശ്വാസം ഉള്ളിലേക്ക് നന്നായി വലിച്ചശേഷം അതു പുറത്തേക്ക് 30 മുതൽ 50 പ്രാവശ്യമായി വേഗത്തിൽ വിടുക. തുടക്കത്തിൽ വിടുന്ന എണ്ണം ഉദ്ദേശിച്ച രീതിയിൽ ചിലപ്പോൾ കിട്ടിയെന്നുവരില്ല. കുറച്ചുനാളത്തെ പ്രാക്ടീസിനുശേഷം ലക്ഷ്യത്തിലെത്താനാകും

വ്യായാമം സമഗ്രമാകട്ടെ‌

ഏതു രോഗമായാലും അതിനെ ചെറുക്കാനുള്ള വ്യായമങ്ങൾ രൂപപ്പെടുത്തുമ്പോൾ രോഗിയുടെ സമൂലമായ ആരോഗ്യസംതുലിതാവസ്ഥയ്ക്ക് കൂടി യോജിച്ചതാകണം അത്. അല്ലെങ്കിൽ ആ പ്രത്യേക രോഗം നിയന്ത്രിതമായാലും മറ്റു പല പ്രശ്നങ്ങൾക്കും അതു വഴിയൊരുക്കും. അതുകൊണ്ട് ഇവിടെ പ്രമേഹരോഗികൾക്കായി ചിട്ടപ്പെടുത്തിയിട്ടുള്ള വ്യായാമങ്ങൾ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിതമാക്കുന്നു . മാത്രമല്ല ഇവയ‍ിൽ ഹൃദയം, ശ്വ‍ാസകോശം എ‍ന്നിവയുടെ സംരക്ഷണത്തിന് അനിവാര്യമായ കാർഡിയോ വ്യായാമങ്ങൾ, സന്ധികൾ, പേശികൾ, സർക്കുലേറ്ററി സിസ്റ്റം എന്നിവ മെച്ചപ്പെടുത്തുന്ന സ്ട്രങ്ത് വ്യായമങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു.

വി.എം. ബഷീർ
ഫിറ്റ്നസ് കൺസൽറ്റന്റ്, മുൻ മിസ്റ്റർ സൗത് ഏഷ്യ, സർട്ടിഫൈഡ് ഫിറ്റനസ് ട്രെയിനർ, ത‍ൃശൂർ