Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു മണിക്കൂർ നടത്തം ഒരായുസ്സിന്റെ രഹസ്യം

walking

കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കാൻ എന്താണു വഴി എന്നു തിരഞ്ഞ് ഹെൽത്ത് ക്ലബ്ബും ജിമ്മും ഡയറ്റിങ്ങും പലവിധ ആരോഗ്യ പരീക്ഷണങ്ങളുമായി പരക്കം പായുന്നവർക്ക് ഒരു രഹസ്യം പറഞ്ഞു തരട്ടെ. നിങ്ങൾ ഒരു ദിവസം കുത്തിയിരുന്നു ചെലവഴിക്കുന്ന ആകെ സമയത്തിൽ ഒരു മണിക്കൂർ നടക്കാനായി നീക്കിവയ്ക്കുക. അതുമാത്രം മതി, നിങ്ങളുടെ ആയുരാരോഗ്യം എന്നും മെച്ചപ്പെടുത്തി സൂക്ഷിക്കുവാൻ. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിലെ ഗവേഷകരാണ് നടത്തത്തിന്റെ ഈ ആരോഗ്യരഹസ്യം കണ്ടെത്തിയത്. ഒരു മണിക്കൂർ നേരം നടത്തത്തിനായി നീക്കിവയ്ക്കുക എന്നതാണ് ഈ വർഷത്തെ ആരോഗ്യമന്ത്രമായി അവർ പ്രഖ്യാപിച്ചിരിക്കുന്നത്.

നടത്തം ശീലിച്ചാൽ അകാലമരണം 12 മുതൽ 14 ശതമാനം വരെ ഒഴിവാക്കാൻ കഴിയുമത്രേ. ഓസ്ട്രേലിയയിലെ രണ്ടു ലക്ഷത്തോളം പേരിൽ നടത്തിയ പരീക്ഷണത്തിൽ നിന്നാണ് ഈ നിഗമനം. അമ്പതു വയസ്സിനു മുകളിൽ പ്രായമുള്ളവരെയാണ് പഠനത്തിനു വേണ്ടി തിര‍ഞ്ഞെടുത്തത്. ഇവരുടെ ജീവിത രീതികൾ, വ്യായാമമുറകൾ, ഭക്ഷണരീതി തുടങ്ങിയവ പ്രത്യേകം രേഖപ്പെടുത്തി. ഇവരുടെ രോഗങ്ങളെ കുറിച്ചും വിവരങ്ങൾ ശേഖരിച്ചു.

മധ്യവയസ്സു കഴിഞ്ഞാൽ ഒരാഴ്ചയിൽ ഏറ്റവും ചുരുങ്ങിയത് മൂന്നുമണിക്കൂർ എങ്കിലും കായികമായ വ്യായാമങ്ങളിൽ ഏർപ്പെടേണ്ടത് ശരീരത്തിന് അനിവാര്യമാണ്. പേശികളെ ബലപ്പെടുത്തുന്ന കഠിന വ്യായാമങ്ങൾ വേണമെന്ന് നിർബന്ധമില്ല. ഡോക്ടറുടെ നിർദേശത്തോടെ മാത്രമേ ഇത് ചെയ്യേണ്ടതുള്ളു. ആധുനിക സമൂഹത്തിൽ ഉദ്യോഗസ്ഥർ അവർ ജോലി സമയത്തിന്റെ 75 ശതമാനം സമയവും ഇരുന്നുമാത്രം ചെലവഴിക്കുന്നവരാണ്. പതിവായി നടത്തം ശീലമാക്കുന്നവർക്ക് 13– 17 ശതമാനം ആയുർദൈർഘ്യം കൂട്ടാൻ കഴിയുമത്രേ. വെറുതെ കുത്തിയിരുന്ന് ആയുസ്സ് പാഴാക്കാതെ എല്ലാദിവസവും ഒരു മണിക്കൂർ ഇനി നടക്കാനായി നീക്കിവച്ചോളൂ.