Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നിട്ടും മെലിയുന്നില്ല, അല്ലേ?

weight-gain

രാവിലെയും വൈകിട്ടും അരമണിക്കൂര്‍ ജിമ്മില്‍ വര്‍ക് ഔട്ട്. ആഴ്ചയിലൊരിക്കല്‍ നീന്തല്‍ പോലെയുള്ള വ്യായാമങ്ങള്‍. സമയം കിട്ടിയാല്‍ അല്‍പം ടെന്നീസ് കളി. എന്നിട്ടും എന്റെ തൂക്കം കുറയുന്നില്ല ഡോക്ടര്‍. കുറയുന്നില്ലെന്നു മാത്രമല്ല, വ്യായാമം തുടങ്ങിയതില്‍ പിന്നെ ഒന്നോ രണ്ടോ കിലോ കൂടുകയും ചെയ്തു. ഞാനെന്തു ചെയ്യും. - ഇതു ഡോക്ടറോടു ചോദിക്കാം പംക്തിയില്‍ സ്ഥിരം വരുന്ന സംശയം. ഫിറ്റ്നസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടിയായി പ്രശസ്ത സിനിമാതാരം മൊഴിയുന്നു. തടിക്കരുതെന്നു കരുതി ഭക്ഷണം കുറയ്ക്കാനൊന്നും ഞാനില്ല. എത്ര ഭക്ഷണം കഴിച്ചാലെന്താ, നന്നായി വ്യായാമം ചെയ്താല്‍ പോരെ. ഇതു കേട്ട ആരാധകര്‍ തലയാട്ടി ശരി വെയ്ക്കുന്നു.

പക്ഷേ, ഇങ്ങനെ ഭക്ഷണം കഴിച്ചും വ്യായാമം ചെയ്തും വീണ്ടും ഭക്ഷണം കഴിച്ചും വ്യായാമം ചെയ്തും താരത്തിന്റെ ഫിറ്റ്നസ്മന്ത്ര പ്രാവര്‍ത്തികമാക്കിയ ആരാധകന്‍ നല്ലൊന്നാന്തരം ഹിഡുംബനായി പരിണമിക്കുന്നു.

മേല്‍പറഞ്ഞ സംഭവങ്ങള്‍ വെറും അതിശയോക്തികളല്ല. വണ്ണം കുറയ്ക്കാന്‍ വ്യായാമം മാത്രം മതിയെന്നു വിശ്വസിച്ച ചിലരുടെ പച്ചയായ അനുഭവങ്ങളാണ്.

വണ്ണം കുറയ്ക്കാന്‍ വ്യായാമം കൊണ്ടുമാത്രം പ്രയോജനമില്ലെന്ന അമേരിക്കയിലെ ലൂസിയാന യൂണിവേഴ്സിറ്റി മേധാവി എറിക് റാവൂസിന്റെ ആധികാരിക വെളിപ്പെടുത്തല്‍ ലോകത്തെ വിസ്മയിപ്പിച്ചിട്ട് അധിക കാലമായിട്ടില്ല.

അമിതവണ്ണം കുറയുന്നതില്‍ വ്യായാമത്തിന്റെ പങ്കിനെപ്പറ്റി പഠനം നടത്തിയ ഒട്ടുമിക്ക ഗവേഷകരും അഭിപ്രായപ്പെടുന്നതു വണ്ണം കുറയ്ക്കാന്‍ വ്യായാമം മാത്രം പോരെന്നാണ്. പ്രശസ്ത അന്താരാഷ്ട്ര മാഗസിനായ ടൈം ഈ വെളിപ്പെടുത്തലുകളെ അടിസ്ഥാനമാക്കി ഒരു ലേഖനം തന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി.

കലോറിയും വ്യായാമവും

നമ്മുടെ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന കാലറിക്കു സമാനമായ അളവു കാലറി വ്യായാമത്തിലൂടെ ചെലവഴിക്കുമ്പോഴാണു ശരീരം ഊര്‍ജ സന്തുലനാവസ്ഥയിലെത്തുന്നത്. ദൈനംദിനാവശ്യത്തിനു വേണ്ടതിലും അധികം ഊര്‍ജം ഭക്ഷണത്തിലൂടെ ലഭിച്ചാല്‍ ഈ സന്തുലനം തെറ്റി അധിക കാലറി കൊഴുപ്പായി ശരീരത്തില്‍ സംഭരിക്കപ്പെടും. ആവര്‍ത്തിച്ചു വ്യായാമം ചെയ്താല്‍ കാലറിയിലെ ഈ അസന്തുലിതാവസ്ഥ മാറുമെന്നായിരുന്നു ഇതുവരെയുള്ള ധാരണ.

ഈ മിഥ്യാസങ്കല്‍പം മൂലം എത്ര ഭക്ഷണം കഴിച്ചാലും വ്യായാമം ചെയ്താല്‍ മതി എന്ന അപകടകരമായ കാഴ്ചപ്പാട് ആളുകളിലുണ്ടായി. മാത്രമല്ല, വ്യായാമം ചെയ്യുമ്പോള്‍ പൊതുവെ വിശപ്പു കൂടും. വിശപ്പടക്കാന്‍ പതിവിലുമധികം ഭക്ഷണം കഴിക്കുന്നതോടെ വ്യായാമത്തിന്റെ ഫലം നിര്‍വീര്യമാക്കപ്പെടുകയും ചെയ്യും.

ഭക്ഷണ നിയന്ത്രണം

പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ വ്യായാമത്തിന്റെ നിര്‍വചനങ്ങള്‍ പാടെ മാറുകയാണ്. എത്ര കഠിനമായി വ്യായാമം ചെയ്താലും ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന കാലറിയുടെ അളവു നിയന്ത്രിച്ചില്ലെങ്കില്‍ പ്രയോജനമില്ലെന്നാണു പുതിയ കാഴ്ചപ്പാട്.

മാത്രമല്ല, ജിമ്മിലും മറ്റും പോയി നടത്തുന്ന കഠിനമായ വ്യായാമ പരിശീലനങ്ങളേക്കാള്‍ ദൈനംദിന ജീവിതത്തെ കൂടുതല്‍ ചലനാത്മകമാക്കുകയാണു വേണ്ടതെന്നു ആധുനിക ഗവേഷകരും വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. ഒപ്പം, വ്യായാമത്തെ സംബന്ധിച്ച പല ധാരണകളും മാറുകയാണ്. അവ അറിയാം.

1 വ്യായാമം ചെയ്യുന്നവര്‍ക്ക് എന്തു ഭക്ഷണം വേണമെങ്കിലും കഴിക്കാം.

വ്യായാമത്തോടൊപ്പം പോഷകസമൃദ്ധവും കാലറി കുറഞ്ഞതും മിതമായതുമായ ഭക്ഷണം ചേരുമ്പോള്‍ മാത്രമേ വണ്ണം കുറയ്ക്കാനോ നിലവിലുള്ള വണ്ണം അമിതമാകാതെ നിലനിര്‍ത്താനോ സാധിക്കുകയുള്ളൂ. ഓരോരുത്തര്‍ക്കും വേണ്ട കാലറിയാകട്ടെ, അയാളുടെ പൊക്കം, തൂക്കം, പ്രവര്‍ത്തനനിരക്ക് എന്നിവയനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കുന്നു.

പൊതുവെ ഡങ്ക്ഫുഡ്, ഫാസ്റ്റ്ഫുഡ്, ശീതളപാനീയങ്ങള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണം എന്നിവ നിയന്ത്രിക്കണം. പഴങ്ങളും പച്ചക്കറികളും കാലറി ഭീതിയില്ലാതെ കഴിക്കാവുന്ന ഭക്ഷണങ്ങളാണ്.

2 ജിമ്മില്‍ പോയി വ്യായാമം ചെയ്താലേ യഥാര്‍ഥ ഫലം ലഭിക്കുകയുള്ളോ?

ഒരിക്കലുമല്ല. ബോഡി ബില്‍ഡിങ്ങിനോ മറ്റോ വേണ്ടിയല്ലെങ്കില്‍ നടത്തം, ജോഗിങ്, ശാസ്ത്രീയ യോഗാഭ്യാസങ്ങള്‍ എന്നിവ ഏതെങ്കിലും ചെയ്താല്‍ മതിയാകും. എന്തു വ്യായാമം ചെയ്താലും പതിവാക്കിയാലേ ശരിയായ ഫലം ലഭിക്കൂ എന്നതു ഓര്‍ക്കുക.

3 കുറച്ചു സമയമേ വ്യായാമം ചെയ്തുള്ളുവെങ്കില്‍ വേണ്ട ഗുണം കിട്ടില്ല.

വ്യായാമം ഒട്ടും ഇല്ലാത്തതിനേക്കാള്‍ ഭേദമാണു കുറച്ചു സമയമെങ്കിലും വ്യായാമം ചെയ്യുന്നത്. ദിവസവും 30 മിനിട്ട് വ്യായാമമാണു പലപ്പോഴും നിര്‍ദേശിക്കാറ്. തീരെ സമയമില്ലാത്തവര്‍ക്ക് 2-8-2 രീതിയില്‍ (2 മിനിട്ട് വാം അപ്- 8 മിനിട്ടു വ്യായമം - 2 മിനിട്ട് കൂള്‍ ഡൌണ്‍) ചെയ്യാം. അതിനും സമയമില്ലാത്തവര്‍ക്ക് 2-5-2 രീതി (2 മിനിട്ട് വാം അപ്- 5 മിനിട്ടു വ്യായാമം- 2 മിനിട്ട് കൂള്‍ ഡൌണ്‍) ഫലം ചെയ്യും.

4 വ്യായാമം പലപ്പോഴായി ചെയ്തിട്ടു കാര്യമില്ല.

തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങളില്‍ കിട്ടുന്ന സമയത്തു വ്യായാമം ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല.

ഒഴിവുവേളകളില്‍ കുട്ടികളുടെ കൂടെ കളിക്കുന്നതും പുന്തോട്ട നിര്‍മാണവും ഗുണം ചെയ്യും. ജോലിക്കാരാണെങ്കില്‍ ഇടയ്ക്കു ഓഫീസിലേക്കു നടന്നു പോകാം. ലിഫ്റ്റിനു പകരം കോണിപ്പടി ഉപയോഗിക്കാം. വീടിനു ചുറ്റും അഞ്ചു മിനിട്ടു നടക്കുന്നതു പോലും ഗുണം ചെയ്യും.

5 വ്യായാമം അതിരാവിലെ തന്നെ വേണം.

വ്യായാമത്തിനു പ്രത്യേക സമയമൊന്നുമില്ല. താല്‍പര്യവും സമയവും ഉള്ളപ്പോഴൊക്കെ ചെയ്യാം. രാവിലെ വ്യായാമം ചെയ്താല്‍ ദിവസം മുഴുവന്‍ അതിന്റെ ഊര്‍ജം ലഭിക്കും. ഭക്ഷണശേഷമാണെങ്കില്‍ രണ്ടു രണ്ടരമണിക്കൂര്‍ കഴിഞ്ഞേ വ്യായാമം ചെയ്യാവൂ.

6 മെലിഞ്ഞിരിക്കുന്നവര്‍ക്കു വ്യായാമം വേണ്ട.

വണ്ണം കുറയാന്‍ മാത്രമുള്ളതല്ല വ്യായാമം. പ്രമേഹം, ഹൃദ്രോഗം, വിഷാദം, സന്ധിവാതം തുടങ്ങി ഒരു പിടി രോഗങ്ങള്‍ വരുന്നതു തടയാനും നിയന്ത്രിക്കാനും വ്യായാമം ആവശ്യമാണ്. മെലിഞ്ഞ സ്ത്രീകളെ സംബന്ധിച്ച് ഓസ്റ്റിയോപൊറോസിസ് തടയാന്‍ പതിവായി വ്യായാമം ചെയ്യേണ്ടതുണ്ട്.

മെലിഞ്ഞിരിക്കുന്നവര്‍ നടത്തം, ജോഗിങ് പോലുള്ള പൊതുവായ വ്യായാമം ചെയ്താല്‍ മെലിയുകയില്ല.

7 വണ്ണം കുറയ്ക്കാന്‍ ഡയറ്റിങ് മാത്രം മതി.

ഡയറ്റിങിലൂടെ തടി കുറച്ചിട്ടു പഴയ ഭക്ഷണക്രമത്തിലേയ്ക്കു മാറിയാല്‍ പോയ വണ്ണം അതുപോലെ തിരിച്ചു വരാം. ഭക്ഷണത്തിന്റെ അളവു കുറയുന്നതോടൊപ്പം ലഭിക്കുന്ന പോഷകവും കുറഞ്ഞാല്‍ ഭാവിയില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം.

8 അടുക്കള ജോലി തന്നെ വ്യായാമമാണ്.

പഴയ തലമുറയിലെ അടുക്കളകളെ സംബന്ധിച്ച് ഇതു ശരിയായിരുന്നു. കുനിയാനും നിവരാനും ശരീരം അനങ്ങാനും വേണ്ട അവസരങ്ങള്‍ പഴയ മട്ടിലുള്ള അടുക്കളകളിലുണ്ടായിരുന്നു. എന്നാല്‍, പുതിയ കാലത്തെ അടുക്കളകള്‍ നടപ്പു കഴിയുന്നത്ര കുറയ്ക്കുന്നവയാണ്. ഓസ്റ്റിയോപൊറോസിസ്, സന്ധിവാതം തുടങ്ങിയ അസുഖങ്ങള്‍ തടയാന്‍ പതിവായി വ്യായാമം ചെയ്യണം.

9 വ്യായാമം ചെയ്യുന്നവര്‍ക്കു കൂടുതലാഹാരം വേണം

സാധാരണ ജീവിതശൈലി പിന്തുടരുന്ന ഒരാളെ സംബന്ധിച്ച് വ്യായാമം ചെയ്യുന്നതു കൊണ്ടു കൂടുതല്‍ ഭക്ഷണം കഴിക്കേണ്ടതില്ല. എന്നാല്‍, കായിക താരങ്ങള്‍, ബോഡിബില്‍ഡിങ്ങിനായി പോകുന്നവര്‍ തുടങ്ങിയവര്‍ അതിനനുസരിച്ചുള്ള ഭക്ഷണക്രമം പാലിക്കണം.

10 വ്യായാമം ചെയ്യുന്നതിനു മുമ്പ് വെള്ളം കുടിക്കരുത്.

സത്യം നേരെ മറിച്ചാണ്. വ്യായാമത്തിനു 15 മിനിട്ടു മുമ്പ് രണ്ടു കപ്പു വെള്ളം കുടിക്കാം. വ്യായമത്തിനിടയ്ക്കും, ശേഷം 15 മിനിട്ടു കഴിഞ്ഞും വെള്ളം കുടിക്കുന്നതു നിര്‍ജലീകരണം തടയും.

11 നടത്തം കൊണ്ടു തടി കുറയുകയില്ല. അതിനു വേറെ വ്യായമം ചെയ്യണം.

വ്യായാമങ്ങളില്‍ വച്ചു മികച്ച ഒന്നാണു നടത്തം. പതിവായി നടക്കുകയും ഭക്ഷണത്തിലെ കലോറിയുടെ അളവു മിതമാക്കുകയും ചെയ്താല്‍ എത്ര വലിയ തടിയും കുറയും.

12 വിയര്‍ക്കും വരെ നടന്നാലേ ആവശ്യത്തിനു വ്യായാമം ആവുകയുള്ളൂ.

വിയര്‍ക്കും വരെ നടക്കേണ്ടതില്ല. ഓരോരുത്തര്‍ക്കും നടക്കാന്‍ കഴിയുന്ന ദൂരം വ്യത്യസ്തമാണ്. ആ ദൂരം എത്തി എന്നുള്ളതിന്റെ സൂചനകളാണ് കിതപ്പും ക്ഷീണവും ഒക്കെ. ഈ സൂചനകള്‍ കാണുമ്പോള്‍ നടത്തം നിര്‍ത്താം.

13 കുട്ടികള്‍ക്കു പ്രത്യേകിച്ചു വ്യായാമം വേണ്ട.

കുട്ടികളുടെ ആരോഗ്യവും ശ്രദ്ധയും ഓര്‍മശക്തിയും കൂട്ടാനും വ്യായാമത്തിന്റെ പങ്കിനെപ്പറ്റി പല പഠനങ്ങളും പറഞ്ഞിട്ടുണ്ട്. കഠിനമായ വ്യായാമങ്ങളില്‍ പങ്കെടുപ്പിച്ചില്ലെങ്കില്‍ പോലും ഓടിച്ചാടി കളിക്കാന്‍ വേണ്ട സാഹചര്യമെങ്കിലുമൊരുക്കണം. എക്സീറ്റര്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന പഠനപ്രകാരം കോണിപ്പടികള്‍ കയറിയിറങ്ങുകയും ഓടിച്ചാടി കളിക്കുകയും ചെയ്യുന്ന കുട്ടികള്‍ക്കു മറ്റു കായികപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവരുടെയത്രയും ആരോഗ്യമുണ്ട്. അതിനാല്‍ കുട്ടികളെ അടങ്ങിയിരിക്കാന്‍ ശാസിക്കേണ്ട.

14 രോഗികള്‍ വ്യായാമം ചെയ്യരുത്.

പല രോഗങ്ങളും നിയന്ത്രിക്കാനുള്ള മരുന്നാണു വ്യായാമം. അതുകൊണ്ടു രോഗികള്‍ക്കു വ്യായാമം നിഷിദ്ധമല്ല. പക്ഷേ, എന്തു വ്യായാമമാണെങ്കിലും തുടങ്ങും മുമ്പു ഡോക്ടറുടെ നിര്‍ദേശം തേടുക.

15 ഓരോ അവയവത്തിന്റെയും കൊഴുപ്പു കുറയ്ക്കാനുള്ള വ്യായാമം സാധ്യമല്ല.

തെറ്റായ ധാരണയാണിത്. പൊതുവായ വ്യായാമങ്ങള്‍ പോലെ ഓരോ അവയവത്തിനായും പ്രത്യേക വ്യായാമങ്ങളുണ്ട്. ഉദാഹരണത്തിന്, നിങ്ങളുടെ വണ്ണം കൂടുതലില്ല. വയറു ചാടിയിട്ടേ ഉള്ളെങ്കില്‍ പൊതുവായ വ്യായാമങ്ങള്‍ക്കൊപ്പം വയറു കുറയ്ക്കാന്‍ മാത്രമുള്ള വ്യായാമങ്ങളും ചെയ്യാം.

16 പ്രായമായി വ്യായാമം ചെയ്തിട്ടു കാര്യമില്ല.

പ്രായം വ്യായാമത്തിനു തടസമല്ല. പ്രായമായാല്‍ വ്യായാമം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നു മാത്രം. കിലോമീറ്ററുകള്‍ നടക്കുന്നതു കുറച്ചു വീടിനു ചുറ്റുമാക്കാം നടത്തം. സന്ധി-പേശികള്‍ കുറയ്ക്കാന്‍ ചെറിയ സ്്ട്രെച്ചിങ് വ്യായാമങ്ങള്‍ ചെയ്യാം. ഒപ്പം ഭക്ഷണവും ക്രമീകരിച്ചാല്‍ വാര്‍ദ്ധക്യം രോഗമുക്തമാക്കാം.

17 ആര്‍ത്തവനാളുകളില്‍ വ്യായാമം ചെയ്യരുത്.

പതിവായി ചെയ്യുന്ന വ്യായാമങ്ങള്‍ ആര്‍ത്തവദിനങ്ങളിലും തുടരുന്നതില്‍ തെറ്റില്ല. കഠിന വ്യായാമങ്ങള്‍ ഒഴിവാക്കുന്നതു നന്നായിരിക്കും.

18 വ്യായാമം തുടര്‍ച്ചയായി ചെയ്താല്‍ ഓസ്റ്റിയോ പൊറോസിസ് വരാം.

സത്യം മറിച്ചാണ്. അസ്ഥികളുടെ ശക്തിയും ബലവും കൂട്ടാന്‍ വ്യായാമം സഹായിക്കും. മിതമായ വ്യായാമം ഓസ്റ്റിയോപൊറോസിസും വാതവുമൊക്കെ നിയന്ത്രിക്കും.

19 വ്യായാമം ടെന്‍ഷന്‍ കുറയ്ക്കില്ല.

ശരീരത്തെ സുഖപ്പെടുത്തുന്നതുപോലെ വ്യായാമം മനസിനും സൌഖ്യം നല്‍കും. റിലാക്സേഷന്‍ വ്യായാമങ്ങളാണു പ്രധാനമായും ടെന്‍ഷന്‍ കുറയ്ക്കാന്‍ ഉപകരിക്കുന്നത്. രാവിലെയുള്ള നടത്തം പോലും ടെന്‍ഷന്‍ അകറ്റാനുള്ള ഒറ്റമൂലിയാണ്.

20 സ്ത്രീകള്‍ വെയ്റ്റ് ട്രെയിനിങ് ചെയ്താല്‍ മസില്‍ വച്ചു സ്ത്രൈണത പോകും.

ഇതൊക്കെ ഓരോരുത്തരുടെയും കാഴ്ചപ്പാടാണ്. പ്രശസ്ത സിനിമാതാരമായിരുന്ന മര്‍ലിന്‍ മണ്‍റോ വെയ്റ്റ് ലിഫ്റ്റിങ് ചെയ്തിരുന്നു. ഇത് അവരുടെ ആകര്‍ഷണീയത കുറച്ചില്ല. ടിവിയില്‍ കാണുന്ന ബോഡിബില്‍ഡര്‍മാരുടെ അത്രയും മസില്‍ പെരുപ്പിക്കാനാവശ്യമായ അളവിലുള്ള ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ മിക്ക സ്ത്രീകളുടെയും ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നില്ല. മാത്രമല്ല, ഭാരം എടുത്തുള്ള വ്യായാമങ്ങള്‍ സ്ത്രീകളില്‍ അസ്ഥികളുടെ കരുത്തു വര്‍ദ്ധിപ്പിക്കും.

21 വ്യായാമം നിര്‍ത്തിയാല്‍ മസില്‍ കൊഴുപ്പാകും.

മസിലും കൊഴുപ്പും രണ്ടുതരം ശരീര കലകളാണ്. ഒന്നിനു മറ്റൊന്നായി മാറാന്‍ കഴിയില്ല. വ്യായാമം ചെയ്തു കൊണ്ടിരുന്ന ഒരാള്‍ പെട്ടെന്നു വ്യായാമം നിര്‍ത്തുകയും പതിവുപോലെ ഭക്ഷണം കഴിക്കുകയും ചെയ്താല്‍ ശരീരത്തിലെ കൊഴുപ്പിന്റെ അളവു കൂടും. മസില്‍ കുറയും. കൊഴുപ്പിനു മസിലിനേക്കാള്‍ കൂടുതല്‍ സ്ഥലം വേണ്ടതുകൊണ്ട് ശരീരം വികസിക്കും. ഫലമായി തടി കൂടും.

22 വ്യായാമം അമിതമായാലും കുഴപ്പമില്ല.

തീര്‍ത്തും തെറ്റായ ധാരണയാണിത്. വ്യായാമം അമിതമായാല്‍ പേശികളില്‍ മുറിവും ക്ഷതവുമുണ്ടാകും. വ്യായാമ തീവ്രതയും പരിധിയും ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. പരിപൂര്‍ണ ആരോഗ്യവാനായ ഒരാള്‍ നടക്കുന്ന ദൂരം പ്രായമായ ഒരാള്‍ക്ക് അനുയോജ്യമാകണമെന്നില്ല.

ഓരോരുത്തരുടെയും വ്യക്തിപരമായ പരിധി അറിയാന്‍ എളുപ്പവഴിയുണ്ട്. വ്യായാമം ചെയ്യുമ്പോള്‍ പാട്ടു പാടാന്‍ പറ്റുന്നുണ്ടെങ്കില്‍ ലഘുവായ തോതിലാണു വ്യായാമം. പാട്ടുപാടാന്‍ വയ്യ, പക്ഷേ, സംസാരിക്കാമെങ്കില്‍ മിതമായ തോതിലാണു വ്യായാമം. വ്യായാമത്തിനിടെ സംസാരിക്കുമ്പോള്‍ വാക്കുകള്‍ മുറിഞ്ഞു പോകുകയും കിതയ്ക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ വ്യായാമ തീവ്രത വളരെ കൂടുതലാണ്.

നടത്തത്തിന്റെ കാര്യത്തിലാണ് ഈ അളവുകോല്‍ കൂടുതല്‍ പ്രയോജനപ്പെടുക.

ഭക്ഷണവും കലോറിയും

ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന കലോറിയാണു ശരീരഭാരം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത്. സാധാരണ, നമ്മള്‍ കഴിക്കുന്ന ഭക്ഷണവിഭവങ്ങളിലെ കലോറി അറിയാം.

. മസാലദോശ+വട (40 ഗ്രാം)-200 കാലറി +125 കാലറി= 325 കലോറി. . നെയ്റോസ്റ്റ് +വട (40 ഗ്രാം) ഗ്രാം) 175 കാലറി+ 125 knകലോറി = 300 കലോറി. . ഇഡ്ഡലി (2 എണ്ണം) +വട (40 ഗ്രാം) 150 കലോറി+125 കലോറി = 275 കലോറി. . ചോറ് (150 മി.ലി) = 110 കലോറി. . പറോട്ട (1 എണ്ണം) =190 കലോറി. . തേങ്ങാ ചട്നി (2 ടേബിള്‍ സ്പൂണ്‍)=125 കലോറി. . മീന്‍ കട്ലറ്റ് (രണ്ടെണ്ണം) =190 കലോറി. . പഞ്ചസാരയിട്ട ചായ: (2 ടീസ്പൂണ്‍ പഞ്ചസാര+ 50 മി. ലി. ടോണ്‍ഡ് മില്‍ക്ക്)= 75 കലോറി. . പഞ്ചസാരയിട്ട കാപ്പി: (2 ടീസ്പൂണ്‍ പഞ്ചസാര +മി. ലി ടോണ്‍ഡ് മില്‍ക്ക്)= 110 കലോറി. . പഞ്ചസാരയിട്ട ജ്യൂസ് (ലൈം)200 മി ലി.=60 കലോറി. . ഒരു ടീസ്പൂണ്‍ പഞ്ചസാര =20 കലോറി.

രോഗങ്ങളനുസരിച്ചു വ്യായാമം

രോഗം മാറാന്‍ വ്യായാമം ചെയ്താല്‍ മതിയെന്നാണ് ഗവേഷണങ്ങളും ആരോഗ്യവിദഗ്ദ്ധരും പറയുന്നത്. സംഗതി ശരി തന്നെ. പക്ഷേ, രോഗമനുസരിച്ചു ചെയ്യേണ്ടുന്ന വ്യായാമങ്ങളും വ്യത്യാസപ്പെടണം. ഉദാഹരണത്തിന്, മുട്ടുവേദനയുള്ളവര്‍ക്കു നടപ്പു ബുദ്ധിമുട്ടാകും. അങ്ങനെയുള്ളവര്‍ മുട്ടുവേദന കുറയ്ക്കാനുള്ള പ്രത്യേക വ്യായാമങ്ങള്‍ ചെയ്യുക. അതുപോലെ ശ്വാസകോശ വൈഷമ്യങ്ങള്‍ ഉള്ളവര്‍ ശ്വസന വ്യായാമങ്ങള്‍ ചെയ്തു ശ്വാസകോശത്തിന്റെ ശക്തി കൂട്ടിയതിനുശേഷം മാത്രം നടക്കാന്‍ പോകുക. ഹൃദ്രോഗികള്‍ക്കു നടപ്പ്, നീന്തല്‍ എന്നിവ നല്ല വ്യായാമങ്ങളാണ്. പക്ഷേ, ഡോക്ടറോടു സംസാരിച്ചു വ്യായാമം ചെയ്യേണ്ട പരിധി മനസിലാക്കിയ ശേഷം മാത്രം തുടങ്ങുക. പ്രമേഹരോഗികള്‍ക്കും നടപ്പു നല്ലതാണ്. കൈയിലെ സന്ധികളില്‍ വേദനയുള്ളവര്‍ക്കു കോണ്‍ട്രാസ്റ്റ് ബാത് നല്ലതാണ്. ചൂടുവെള്ളത്തില്‍ നാലു മിനിറ്റ് കൈമുക്കി വച്ചു നിവര്‍ത്തുകയും ചുരുട്ടുകയും ചെയ്യാം. തുടര്‍ന്ന് ഒരു മിനിറ്റു തണുത്ത വെള്ളത്തില്‍ ഇതേ രീതിയില്‍ ചെയ്യാം. അവസാനിപ്പിക്കുന്നതു ചൂടുവെള്ളത്തിലാകണം.

വ്യായാമവും പേശീവേദനയും

സാധാരണ, വ്യായാമം തുടങ്ങുമ്പോള്‍ ഇത്രനാള്‍ അനങ്ങാതിരുന്ന പേശികള്‍ വലിയുകയും മുറുകുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായി വേദന ഉണ്ടാകാം. ഇതു കുറച്ചു ദിവസം കഴിഞ്ഞാല്‍ മാറും. എന്നാല്‍, കഠിനമായ വേദന ദിവസങ്ങളോളം നീണ്ടു നില്‍ക്കുകയോ തലകറക്കമോ കടുത്ത ക്ഷീണമോ അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണണം.

_വിവരങ്ങള്‍ക്കു കടപ്പാട്: ഡോ. എം എ അമീന്‍ സേട്ട് കണ്‍സള്‍ട്ടന്റ് ഫിസിയാട്രിസ്റ്റ്, ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ ഡിപ്പാര്‍ട്ടുമെന്റ്, മെഡിക്കല്‍ട്രസ്റ്റ് ഹോസ്പിറ്റല്‍, കൊച്ചി._

Your Rating: