Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുട്ടുതേയ്മാനം തടയാൻ ചെയ്യേണ്ടത്?

knee-pain

കാൽമുട്ട് വേദനിച്ചു തുടങ്ങുമ്പോഴാണ് മിക്കവരും അതേക്കുറിച്ചു ചിന്തിക്കുന്നത്. നടക്കാനും ഓടാനും എന്നു വേണ്ട ചലനാത്മകമായ നമ്മുടെ ജീവിതത്തിൽ കാൽമുട്ടിന് എത്ര പ്രാധാന്യമുണ്ടെന്ന്  ഒന്ന് ഓർമിക്കുന്നതും അപ്പോഴാകും. ജീവിതശൈലിയിൽ അൽപമൊന്നു ശ്രദ്ധിച്ചാൽ മാത്രം മതി, കാൽമുട്ടു വേദനയെ ഒരു പരിധി വരെ അകറ്റി നിർത്താം എന്ന യാഥാർഥ്യം നമുക്ക് എത്ര പേർക്ക് അറിയാം.

തേയ്മാനം തുടങ്ങുമ്പോൾ

60–65 വയസ്സേടുകൂടി 50% ആളുകളുടെയും കാൽമുട്ടു  സന്ധികളിൽ തേയ്മാനത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും. കൂടെക്കൂടെയുള്ള വേദന, വഴക്കക്കുറവ്, മുട്ടിന്റെ ചലനത്തിൽ തടസ്സവും മന്ദതയും അഥവാ മുട്ടിൽ പിടിത്തം, നീർക്കെട്ട് ബലക്കുറവ്, ഞെരിയുന്ന ശബ്ദങ്ങൾ, കാലിന്റെ രൂപവ്യത്യാസം എന്നിവയാണു തേയ്മാനത്തിന്റെ ലക്ഷണങ്ങള്‍.

പ്രായമാകുമ്പോൾ മുട്ടു സന്ധിയുടെ തരുണാസ്ഥികൾക്കു ജീർണത സംഭവിക്കുന്നു. തരുണാസ്ഥിയെ താങ്ങിനിർത്തുന്ന അസ്ഥികൾക്കു ബലക്ഷയമുണ്ടാകുന്നു. അങ്ങനെ തരുണാസ്ഥിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ് ഓസ്റ്റിയോ ആർത്രൈറ്റിസ് (Osteo arthritis).

മുട്ടുതേയ്മാനത്തിന്റെ വിവിധ കാരണങ്ങളിൽ ജനിതകഘടകവും ഉൾപ്പെടുന്നു.

മുട്ടുതേയ്മാനം തടയാം

∙ മുട്ടുതേയ്മാനം തടയുന്നതിന് ചില പ്രായോഗിക വഴികളുണ്ട്. അതിൽ പ്രധാനമാണ് ശരീരഭാരം ശരിയായ രീതിയിൽ നിലനിർത്തുക എന്നത്. ഒരാൾ നിൽക്കുമ്പോഴും നടക്കുമ്പോഴും അയാളുടെ അഞ്ചിരട്ടി ഭാരത്തോളം മുട്ടുസന്ധിയിൽ അനുഭവപ്പെടുന്നു. ഇതു തരുണാവസ്ഥികൾക്കു കൂടുതൽ ആയാസം ഉണ്ടാക്കുന്നു. ശരീരഭാരം ശരിയായി നിലനിർത്തി മുട്ടുകള്‍ക്ക് ആയാസം ഉണ്ടാകാകതെയിരിക്കുക എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. അതുപോലെ ബോൺമാസ് ഇൻഡക്സ് (Bone mass Index) 25–നുള്ളിൽ നിലനിർത്താൻ ശ്രമിക്കണം. അമിതഭാരമുള്ളവരാകട്ടെ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമങ്ങളും വ്യായാമങ്ങളും കൃത്യതയോടെ ചെയ്യണം.

∙ മുട്ടുസന്ധികളോടനുബന്ധിച്ചുള്ള പേശീബലക്ഷയം തേയ്മാനത്തിനു കാരണമാകാം. മുട്ടുസന്ധി നിവർക്കാൻ ഉപയോഗിക്കുന്ന ക്വാഡ്രിസെപ്സ് (Quadreceps) പേശികളെയും മുട്ടുമടക്കാൻ ഉപയോഗിക്കുന്ന ഹാംസ്ട്രിങ് പേശികളെയും അനുയോജ്യമായ വ്യായാമങ്ങളിലൂടെ ബലപ്പെടുത്തിയാൽ മുട്ടുതേയ്മാനം തടയാം.

∙ മുട്ടുസന്ധിക്കു പരുക്കുകൾ ഉണ്ടാകാതെ സൂക്ഷിക്കുകയും പരുക്ക് ഉണ്ടായാൽ തന്നെ അവയ്ക്കു യഥാസമയം വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും വേണം.

ചെറുപ്പത്തിൽ മുട്ടുസന്ധിയിലെ ലിഗമെന്റുകൾക്കും മെനിസ്കസിനും ഉണ്ടാകുന്ന പരുക്കുകൾ മുട്ടുസന്ധിക്കുള്ളിൽ രക്തസ്രാവം ഉണ്ടാക്കുകയും അവ തരുണാസ്ഥികളുടെ പ്രവർത്തനത്തെ ബാധിച്ചു സന്ധിതേയ്മാനം നേരത്തെ തുടങ്ങാൻ കാരണമാകുകയും ചെയ്യും.

തടയുന്നതിനും ശാസ്ത്രക്രിയ

ജന്മനാലോ വളർച്ചാഘട്ടത്തിലോ എല്ലുകൾക്കുണ്ടാവുന്ന വൈകല്യങ്ങൾ (bow legs) മുട്ടസന്ധിയുടെ സന്തുലിതാവസ്ഥയെ (weight bearing axis deviation) ബാധിക്കും. ഇതു മുട്ടു തേയ്മാനം ഉണ്ടാക്കകയും ചെയ്യും അവ പരിഹരിക്കുന്നതിനായി കറക്റ്റീവ് ഓസ്റ്റിയോട്ടമി (Corrective osteotomy) പോലുള്ള ലിംബ് എലൈൻമെന്റ് ശാസ്ത്രക്രിയ (Limb alignment surgery) ശരിയായ സമയത്തു ചെയ്യണം. അങ്ങനെ സന്ധിതേയ്മാനം ഒഴിവാക്കാം.

ഡോ. രാജേഷ് വി

സീനിയർ കൺസൽറ്റന്റ്

ഓർത്തോപീഡിക് സർജൻ

മാതാ ഹോസ്പിറ്റൽ കോട്ടയം