Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാവർക്കും ആരോഗ്യവുമായി നഴ്സുമാരുടെ ദിനം

nurses-day

ആധുനിക നഴ്സിങിന്റെ ഉപജ്ഞാതാവായ ‘‘വിളക്കേന്തിയ വനിത’’ എന്ന അപരനാമത്താൽ അറിയപ്പെടുന്ന ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മേയ് 12 ആണ് നഴ്സസ് ദിനമായി ലോകമെമ്പാടും ആചരിക്കുന്നത്.  നഴ്സുമാർ സമൂഹത്തിനു നൽകുന്ന അവരുടെ വിലയേറിയ സേവനം ഓർമപ്പെടുത്താനാണ് നഴ്സസ് ദിനവും നഴ്സസ് വാരാചരണവും നടത്തുന്നത്.  നഴ്സസ് വാരാചരണം മേയ് 6 മുതൽ 12 വരെയും നഴ്സസ് ദിനം മേയ് 12 നും ആചരിക്കുന്നു. നഴ്സസ് വാരാചരണത്തോടനുബന്ധിച്ച് കാലാകായികമത്സരങ്ങൾ, വാദപ്രതിവാദങ്ങൾ, സംസ്ഥാന, ദേശീയ തലങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച നഴ്സുമാരെ ആദരിക്കുക എന്നിവ നടത്തുന്നു. ഈ വർഷത്തെ നഴ്സസ് ദിന പ്രമേയം ‘‘ നഴ്സിംഗ് - സുസ്ഥിര വികസനത്തിന്റെ ലക്ഷ്യം നേടിയെടുക്കാനുള്ള ശബ്ദം’’ എന്നുള്ളതാണ്.  

എല്ലാവർക്കും ആരോഗ്യം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ലോകാരോഗ്യ സംഘടന മുന്നോട്ടുവച്ച 17 സുസ്ഥിരവികസനലക്ഷ്യങ്ങളെ മുൻനിർത്തിയാണ് ഈ വർഷത്തെ നഴ്സസ് ദിനാഘോഷം. 

ദാരിദ്യ്രനിർമാർജനം, പട്ടിണിയില്ലായ്മ, സമത്വം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, മാന്യമായ തൊഴിൽ, നല്ല ആരോഗ്യം, സ്ത്രീപുരുഷസമത്വം, ലക്ഷ്യത്തിലേക്കുള്ള കൂട്ടായ പ്രവർത്തനം തുടങ്ങിയവ ഇവയിൽപെട്ട ചിലതാണ്.

നഴ്സുമാരുടെ പ്രവർത്തനമേഖല ആശുപത്രിയിൽ മാത്രം ഒതുങ്ങുന്നതല്ല സ്കൂൾ, ഹെൽത്ത്, കമ്മ്യൂണിറ്റി ഹെൽത്ത് എന്നീ മേഖലകളിൽ ഇനിയും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിനായി നഴ്സുമാർ സമുഹവുമായി ആഴമേറിയ ഒരു ബന്ധം സ്ഥാപിച്ചെടുക്കണം. അയൽവീടുകളിൽ സന്ദർശനം നടത്തുകയും അവിടെയുള്ള കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകാൻ നമുക്ക് സാധിക്കും. 

90% രോഗങ്ങളും ആരോഗ്യബോധവത്കരണത്തിലൂടെ തടയാമെന്ന് ഗവേഷണഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു.  ആരോഗ്യവിദ്യാഭ്യാസം സമൂഹത്തിന്റെ ആവശ്യമനുസരിച്ച് പ്രത്യേകിച്ച് സാംക്രമികരോഗങ്ങൾ, മഴക്കാലരോഗങ്ങൾ, ജീവിതശൈലീരോഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണ സെമിനാറുകളും ക്യാംപുകളും സന്നദ്ധസംഘടനകളുമായി ചേർന്ന് സംഘടിപ്പിക്കേണ്ടതുണ്ട ്.  സ്കൂൾ ഹെൽത്ത് വളരെ പ്രധാനപ്പെട്ട ഒരു പ്രവർത്തനമേഖലയാണ്. കുട്ടികളുടെ മുൻകൂട്ടിയുള്ള രോഗനിർണയവും ചികിത്സയും രാജ്യത്തിന്റെ തന്നെ ആരോഗ്യപുരോഗതിക്ക് അത്യന്താപേഷിതമാണ്. അതുപോലെ സ്കൂളുകളിലെ ഉച്ചഭക്ഷണപരിപാടി പോഷകാഹാരക്കുറവ് ഒരു പരിധിവരെ പരിഹരിക്കുന്നു. 

കേന്ദ്രസംസ്ഥാനസർക്കാരുകളുടെ ദേശീയാരോഗ്യപദ്ധതികളുടെ നടപ്പാക്കലിന് നഴ്സുമാർ വളരെ വലിയ പങ്കുവഹിക്കുന്നു. ആരോഗ്യമേഖലയിലെ ഏറ്റവും വലിയ തൊഴിൽമേഖലയാണ് നഴ്സിങ്. നഴ്സുമാർ 365 ദിവസവും 24 മണിക്കൂറും ജോലി ചെയ്യുന്ന ഒരു ജനവിഭാഗമാണ്.  സുസ്ഥിരവികസനലക്ഷ്യം കൈവരിക്കാനുള്ള താക്കോൽ നഴ്സുമാർ തന്നെയാണ്.  അവരുടെ പ്രവർത്തനങ്ങൾ അവശതയും കഷ്ടപ്പാടും അനുഭവിക്കുന്ന ജനതയുടെ ഉന്നമനത്തിനായി ഉപയോഗിക്കുന്നു. രോഗപ്രതിരോധത്തിനും രോഗീപരിപാലനത്തിനും ആരോഗ്യപുനരധിവാസത്തിനും സാന്ത്വനചികിത്സയ്ക്കും നഴ്സുമാരുടെ പങ്ക് വളരെ വലുതാണ്.

നഴ്സുമാർ സ്വയം വികസനത്തിനൊപ്പം തന്നെ മറ്റുള്ളവരുടെ വികസനവും ലക്ഷ്യമാക്കി പ്രവർത്തിക്കുമ്പോൾ സാർവത്രികവികസനം എന്ന ലക്ഷ്യം യാഥാർത്ഥ്യമാകുന്നു.  അതിനായി നഴ്സുമാർ അവർക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളിൽ നിന്നും ഒട്ടും പിന്നോട്ടുപോകരുത്.  നിയമനിർമാണത്തിനും പദ്ധതി ആവിഷ്കരിക്കുന്നതിലും പ്രാവർത്തികമാക്കുന്നതിലും നഴ്സുമാരുടെ ശബ്ദം കൂടുതലായി ഉയർന്നു വരേണ്ടതുണ്ട്.  അതിനായി അധികാരസ്ഥാനങ്ങളിൽ അവരുടെ ശബ്ദം എത്തേണ്ടതുണ്ട്. അതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കണം. എല്ലാവർക്കും ആരോഗ്യം എന്നത് സാക്ഷാത്കരിക്കാൻ നമ്മുക്ക് അക്ഷീണം പ്രയത്നിക്കാം.  കേരളം വളരട്ടെ ! ഇന്ത്യ വളരട്ടെ ! ലോകം വളരട്ടെ 

ഡോ.വത്സമ്മ ജോസഫ്
പ്രിൻസിപ്പൽ
ഗവ.നഴ്സിങ് കോളേജ്, കോട്ടയം