Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡങ്കിപ്പനി നിയന്ത്രിക്കാൻ പ്രത്യേക ഫീവര്‍ ക്ലിനിക്ക്

fever

ഡങ്കിപ്പനി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 15 നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പ്രത്യേക ഫീവര്‍ ക്ലിനിക്ക് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി 397 പേരെ പനി ബാധിതരായി കണ്ടെത്തി. ഇതില്‍ 42 പേരെ വിദഗ്ധ പരിശോധയ്ക്കായി ജനറല്‍ ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്തു. ജില്ലയില്‍ ഡങ്കിപ്പനി ഉള്‍പ്പെടെയുള്ള സാംക്രമിക രോഗങ്ങള്‍ വ്യാപിക്കുന്നതിനാല്‍ നഗരത്തിലെ പതിനഞ്ച് നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും എല്ലാ ദിവസവും രാവിലെ 10.00 മുതല്‍ ഉച്ചയ്ക്ക്  1 വരെ ഫീവര്‍ ക്ലിനിക്കുകള്‍ സംഘടിപ്പിക്കാന്‍  ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജെ. സ്വപ്‌നകുമാരി മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

കൂടാതെ ഡങ്കിപ്പനി നിവാരണ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരത്തിലെ പ്രധാന കോളനി പ്രദേശമായ ചിറക്കുളത്തു ഈഡിസ് ഈജിപ്തിയുടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നഗരസഭ വികസനക്ഷേമ ചെയര്‍മാന്‍ വഞ്ചിയൂര്‍ ബാബു ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിച്ചു. മിഷന്‍ അനന്തപുരിയുടെ ഭാഗമായി നടന്നു വരുന്ന ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകുന്നുണ്ടെന്നും കൊതുകിനു മുട്ടയിട്ടു വളരനുള്ള സാഹചര്യം ഒഴിവാക്കുകയാണ് ഈ സാഹചര്യത്തില്‍ വേണ്ടതെന്നും ജി്ല്ലാ പ്രോഗ്രാം മാനേജര്‍ പറഞ്ഞു. മണ്‍സൂണ്‍ ആരംഭിക്കുന്നതിനു മുന്‍പു തന്നെ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ആരോഗ്യപ്രവര്‍ത്തകര്‍ നഗരപ്രദേശത്തെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും അവര്‍ പറഞ്ഞു. ഉറവിട നശീകരണ പ്രവര്‍ത്തനത്തില്‍ നഴ്‌സിംഗ് കോളജിലെ 36 നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും പങ്കെടുത്തു