Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻസ്റ്റഗ്രാം മാനസികാരോഗ്യത്തിനു ഹാനികരം

instagram

സമൂഹ്യമാധ്യമങ്ങളുടെ ഗുണദോഷങ്ങൾ ചർച്ച ചെയ്യുന്ന കാലത്ത് ഇതാ ഒരു വാർത്ത കൂടി. ഇൻസ്റ്റഗ്രാം ചെറുപ്പക്കാരുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് യു കെ യിൽ നടത്തിയ ഒരു സർവേ പറയുന്നത്.

14 മുതൽ 24 വയസ്സു വരെ പ്രായമുള്ള 1479 പേരിൽ റോയൽ സൊസൈറ്റി ഫോർ പബ്ലിക്  ഹെൽത്ത് (RCPH) ആണ് സർവേ നടത്തിയത്. ഇവരോട് കുറെ ചോദ്യങ്ങൾ ചോദിച്ചു. യൂട്യൂബ്, ഇൻസ്റ്റഗ്രാം, സ്നാപ് ചാറ്റ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഇവരുടെ ആരോഗ്യത്തെയും സൗഖ്യത്തെയും ബാധിക്കുന്നുണ്ടോ എന്നറിയുകയായിരുന്നു സർവേയുടെ ലക്ഷ്യം.

പഠനത്തിൽ പങ്കെടുത്തവരോട് ആരോഗ്യത്തെയും സൗഖ്യത്തെയും കുറിച്ചുള്ള 14 ചോദ്യങ്ങൾ ചോദിച്ചു. ഇതിനെ അടിസ്ഥാനമാക്കി മാനസികാരോഗ്യത്തിന് ഏറ്റവും ഗുണകരമായി കണ്ടത് യൂ ട്യൂബിനെയാണ്. ട്വിറ്ററും ഫേസ്ബുക്കുമാണ് തൊട്ടുപിന്നിൽ. ഏറ്റവും കുറവ് സ്കോർ ലഭിച്ചത് സ്നാപ്ചാറ്റിനും ഇൻസ്റ്റഗ്രാമിനും ആണ്.

സമൂഹ്യമാധ്യമങ്ങൾ ചെറുപ്പക്കാരിൽ ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി ഈ സർവേഫലം പറയുന്നു.

സമൂഹമാധ്യമങ്ങളെ നല്ലതിനു വേണ്ടിയുള്ള ഒരു ഉപകരണമാക്കാൻ കഴിയുമെന്നും കമ്പനികൾ ഇവയെ എറ്റവും സുരക്ഷിതമായ ഒരു പ്ലാറ്റ്ഫോം ആക്കിമാറ്റാൻ ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

മറ്റേതൊരു പ്രായക്കാരെക്കാളും അധികം തൊണ്ണൂറു ശതമാനവും ചെറുപ്പക്കാരാണ് ഇവ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ദൂഷ്യഫലങ്ങളും ചെറുപ്പക്കാരെയാണ് കൂടുതൽ ബാധിക്കുന്നത്.