Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഫ്രൂട്ട്ജ്യൂസ് നൽകേണ്ട

fruit-juice

ഒരു വയസ്സാകുന്നതിനു മുന്നേ കുട്ടികൾക്ക് ഫ്രൂട്ട്ജ്യൂസ് നൽകേണ്ടെന്ന് ഗവേഷകർ. മുലപ്പാലോ ഇൻഫന്റ് ഫോർമുലകളോ നൽകിയാൽ മതിയെന്നും ഇവർ പറയുന്നു. ഫ്രൂട്ട് ജ്യൂസിൽ നിന്ന് യാതൊരുവിധ പോഷണങ്ങളും കുഞ്ഞുങ്ങൾക്ക് ലഭിക്കുന്നില്ല. മാത്രമല്ല ഈ ശീലം അവരെ അമിതവണ്ണത്തിലേക്കു നയിക്കുകയും ചെയ്യുമെന്നും അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ പഠനം പറയുന്നു.

ഫ്രൂട്ട്ജ്യൂസുകൾ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഉത്തമമാണെന്നാണ് മാതാപിതാക്കൾ കരുതുന്നത്. എന്നാൽ ജ്യൂസുകൾ ഒരിക്കലും ഫ്രെഷ് ഫ്രൂട്ടിനു പകരമാകില്ല. കൂടുതൽ കാലറിയും പഞ്ചസാരയും ചേർത്ത് ഇവ പാക്കറ്റുകളിലാക്കി വിൽക്കുകയാണ് ചെയ്യുന്നതെന്ന് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സിലെ മെൽവിൻ ഹെയ്മൻ പറയുന്നു.

മുതിർന്ന കുട്ടികൾക്ക് ചെറിയ അളവിൽ ഇവ നൽകാം. എന്നാൽ ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇവ തീർത്തും അനാവശ്യമാണ്. പഴച്ചാറുകളുടെ അമിതോപയോഗം പല്ലുകളുടെ നാശത്തിനും കാരണമാകുന്നുണ്ട്. 

ജ്യൂസുകൾ 100 ശതമാനവും ശുദ്ധമാണെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ഒരു വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് നല്‍കാവൂ. മൂന്നു വയസ്സുവരെ പ്രായമുള്ള കുട്ടികളില്‍ നാല് ഔണ്‍സില്‍ കൂടുതല്‍ ഒരു ദിവസം നല്‍കാന്‍ പാടില്ലെന്നും ഗവേഷകർ നിഷ്കർഷിക്കുന്നു. നാലുമുതല്‍ ആറുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് നാല് മുതല്‍ ആറ് ഔണ്‍സുവരെയും 7 മുതല്‍ 18 വരെയുള്ളവര്‍ക്ക് ദിവസം ഒരു കപ്പുമാത്രമായി പഴച്ചാറുകള്‍ കുടിക്കുന്നത് പരിമിതപ്പെടുത്തുണമെന്നും ഇവർ പറയുന്നു. 

ഫീഡിംഗ് ബോട്ടിലുകളോ സിപ്പി കപ്പുകളോ വഴി ജ്യൂസുകള്‍ നല്‍കാന്‍ പാടില്ല. ഇത് അളവില്‍ കൂടുതല്‍ ജ്യൂസുകള്‍ കുട്ടികള്‍ കഴിക്കാന്‍ കാരണമാകും. ഉറങ്ങാന്‍ പോകുന്നതിന് തൊട്ടുമുമ്പ് ഒരിക്കലും ജ്യൂസ് നൽകാനും പാടില്ലെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. 

പീഡിയാട്രിക്സ് ജേണലിൽ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.