Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നു ശ്രദ്ധിക്കൂ... കുറയ്ക്കൂ പനി മരണങ്ങൾ

viral-fever

കഴിഞ്ഞ ഒരു ദിവസം മാത്രം പനി ബാധിച്ച് സംസ്ഥാനത്തു മരിച്ചവരുടെ എണ്ണം എട്ട് ആയിരുന്നു. ഈ വർഷം ഇതുവരെ പകർച്ചപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 114ഉം. ഓരോ ദിവസം കഴിയുന്തോറും ഭീതി ജനിപ്പിച്ച് എണ്ണം കൂടിക്കൂടി വന്നുകൊണ്ടിരിക്കുന്നു. പക്ഷേ, ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചാൽ വൈറസ് മൂലമുള്ള അസുഖങ്ങളെ പടിക്കുപുറത്തു നിർത്താവുന്നതേ ഉള്ളു.

വൈറൽപ്പനി

മേയ് അവസാനം മുതൽ ഓഗസ്റ്റ് വരെ പകർച്ചപ്പനിയുടെ കാലമാണ്. സാധാരണ രീതിയിൽ വൈറൽ ബാധയായ പകർച്ചപ്പനി അപകടകരമാകാറില്ല. ശരീര വേദന, പനി, മൂക്കൊലിപ്പ് എന്നിവയാണു ലക്ഷണങ്ങൾ. ആഹാരനിയന്ത്രണവും വിശ്രമവും അഭികാമ്യം. ശരീരത്തിലെ നിർജലീകരണം തടയാൻ ശ്രദ്ധ വേണം. 

എലിപ്പനി 

ജലാശയങ്ങളും കാർഷിക മേഖലയുടെ സാന്നിധ്യവും എലിപ്പനിക്കു വളക്കൂറുള്ള മണ്ണാണ്. പ്രത്യേകിച്ചും ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിൽ. എലിമൂത്രത്തിലൂടെ വെള്ളത്തിൽ കലരുന്ന ലെപ്റ്റോ സ്പൈറോസിസ് ബാക്ടീരിയ കാലിലെ മുറിവിലൂടെയും വ്രണങ്ങളിലൂടെയും ശരീരത്തിൽ എത്തും. യഥാസമയം ചികിൽസ ലഭിച്ചില്ലെങ്കിൽ അസുഖം മാരകമാകും. ആന്തരികാവയവങ്ങളെ ബാധിക്കുന്നതാണു മരണകാരണം. 

പനി, ശരീര വേദന, കണ്ണുകൾക്ക് മഞ്ഞയും ചുവപ്പും നിറം, മൂത്രത്തിൽ രക്തം, പേശീവേദന, നടുവേദന എന്നിവയാണു ലക്ഷണങ്ങൾ. ഉടൻ വിദഗ്ധ ചികിൽസ തേടുക. രക്തപരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാം. 

വെള്ളക്കെട്ട് ഉള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുമ്പോൾ സംരക്ഷിത കവചം ഉപയോഗിക്കണം. പ്രതിരോധ മരുന്ന് കഴിക്കുന്നതും രോഗസാധ്യത കുറയ്ക്കും. 

ഡെങ്കിപ്പനി 

രണ്ടുതരം കൊതുകുകളാണു ഡെങ്കിപ്പനി പരത്തുന്നത്. ഈഡിസ് ഈജിപ്‌തിയും ഈഡിസ് ആൽബോ പിറ്റസും.  ഡെങ്കിപ്പനി മൂന്നു തരത്തിലാണുള്ളത്. 1. സാധാരണ ഡെങ്കിപ്പനി 2. ഹെമറേജിക് ഡെങ്കി 3. ഷോക്ക് സിൻഡ്രോം 

രണ്ട്, മൂന്ന് വിഭാഗത്തിൽപ്പെട്ട ഡെങ്കിയാണു മരണത്തിനു കാരണമാകുന്നത്. ഇവയിൽ ആദ്യത്തേത് കൊതുകു കടി മൂലമുള്ള അപകടകരമല്ലാത്ത പനിയാണ്. ഈ അവസ്‌ഥയിലുള്ളവരെ വീണ്ടും ഡെങ്കിപ്പനി പകർത്തുന്ന കൊതുകുകൾ കുത്തുമ്പോൾ മറ്റു രണ്ടു വിഭാഗങ്ങളിലേക്കു മാറുന്നു. അതായത് വീണ്ടും ഡെങ്കിപ്പനി വരുമ്പോൾ വൈറസിന്റെ ടൈപ്പ് മാറുകയും ശരീരത്തെ കൂടുതൽ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. 

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കാണുന്ന ഈഡിസ് ഈജിപ്‌തി എന്ന കൊതുകു പരത്തുന്ന ആർബോ വൈറസാണ് ഡെങ്കിപ്പനിക്ക് കാരണം. പനി, ശരീര വേദന, വായ്, മൂക്ക് എന്നിവിടങ്ങളിൽ നിന്നു രക്തസ്രാവം, ദേഹത്തു തടിപ്പുകൾ എന്നിവയാണു ലക്ഷണങ്ങൾ. രക്തത്തിലെ പ്ളേറ്റ്ലറ്റുകളുടെ എണ്ണം ലക്ഷത്തിൽ താഴെയായി മാറുന്നതാണു രോഗസ്ഥിരീകരണത്തിനു സഹായിക്കുന്നത്. വിശ്രമവും ആരോഗ്യം നിലനിർത്താനുള്ള ചികിൽസകളുമാണു നൽകുന്നത്. കൊതുകു വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയാണു പോംവഴി. കൊതുകുവലകളുടെ ഉപയോഗവും മഴവെള്ളം തങ്ങി നിൽക്കുന്ന ചെറിയ പാത്രങ്ങളും പ്ളാസ്റ്റിക് വസ്തുക്കളും ഒഴിവാക്കണം. 

എച്ച് വൺ എൻ വൺ

എല്ലാ വർഷവും പതിവു തെറ്റാതെ എച്ച് വൺ എൻ വൺ ചെറിയ തോതിൽ സന്ദർശനം നടത്തും. പനിയും തൊണ്ടവേദനയും ചുമയുമാണു രോഗ ലക്ഷണങ്ങൾ. വേണ്ടത്ര വിശ്രമവും ചികിൽസയും നൽകിയില്ലെങ്കിൽ രോഗം മാരകമായേക്കും. ജീവൻ വരെ നഷ്ടപ്പെടാം. ഗർഭിണികൾ നല്ല ശ്രദ്ധ പുലർത്തണം. വായുവിലൂടെ പകരുന്ന അസുഖമായതിനാൽ ചുമയ്ക്കുമ്പോൾ കർച്ചീഫ് ഉപയോഗിച്ചു മറയ്ക്കുന്നതും നല്ലതാണ്. 

കോളറയും വയറിളക്കവും 

കനാലുകളും കുളങ്ങളും അടങ്ങുന്ന ജലാശയങ്ങളിലെ മലിനീകരണമാണ് മുഖ്യ കാരണം. നല്ല വെള്ളം കുടിക്കുമ്പോഴും പാത്രം കഴുകാൻ മോശം വെള്ളം ഉപയോഗിച്ചാൽ രോഗസാധ്യതയ്ക്ക് ഇടയാകും. നദികളിലൂടെ ഒഴുകി വരുന്ന അഴുക്കും ജലമലിനീകരണത്തിന് ഇടയാകും. മഴക്കാലമായാൽ ദിവസവും നൂറിലേറെ പേരാണു വയറിളക്ക രോഗങ്ങൾ ബാധിച്ച് ചികിൽസ തേടുന്നത്. വെള്ളം തിളപ്പിച്ചു മാത്രം ഉപയോഗിക്കുകയും ജല മലിനീകരണം തടയുകയും ചെയ്യുന്നതു രോഗബാധ കുറയ്ക്കും. വീട്ടിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ ക്ലോറിൻ ഗുളിക ഉപയോഗിച്ചു ശുദ്ധമാക്കുന്നതും നന്ന്. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ ഭക്ഷണത്തിലൂടെ രോഗം വരാൻ നല്ല സാധ്യതയുള്ള കാലമാണ്. അതിനാൽ ശ്രദ്ധിക്കാം. തണുത്തതും പഴകിയതുമായ ഭക്ഷണം നിർബന്ധമായും ഒഴിവാക്കണം. റഫ്രിജറേറ്റർ കുറച്ചു ദിവസം ഓഫാക്കാം. വൃത്തിയിൽ കടുത്ത ചിട്ട പുലർത്തണം. വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കുക. പച്ചവെള്ളം വേണ്ട. തിളപ്പിച്ചാറ്റിയ വെള്ളം ശീലമാക്കുക. ചുക്കുവെള്ളം നന്ന്. 

∙ വെള്ളം അഞ്ചു മിനിറ്റെങ്കിലും വെട്ടിത്തിളയ്ക്കണം. ആവിയിൽ പുഴുങ്ങിയ ഭക്ഷണങ്ങൾക്കു മുൻതൂക്കം കൊടുക്കാം. എണ്ണയിൽ വറുത്ത പലഹാരം കുഴപ്പമില്ല. പക്ഷേ മൂന്നു മണിക്കൂറിൽ കൂടുതൽ പഴക്കമുള്ളത് ആകരുത്. കുരുമുളക്, ചുക്ക്, ഇഞ്ചി, കറിവേപ്പില എന്നിവ ഭക്ഷണത്തിൽ കൂടുതൽ ഉപയോഗിക്കാം. 

∙ ശുചിത്വവും സുരക്ഷിതത്വവും സംബന്ധിച്ച് ഉറപ്പില്ലെങ്കിൽ മാംസഭക്ഷണവും കുറയ്ക്കണം. കാച്ചിയ മോരും രസവും മഴക്കാല ഭക്ഷണമായി കൂട്ടാം. 

∙ സാധിക്കുമെങ്കിൽ മഴക്കാലത്തെ കുളി ചൂടുവെള്ളത്തിൽ ആക്കാം. തലയിൽ തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാം. മുങ്ങിക്കുളിക്കുന്നവർ കലക്കവെള്ളം ഒഴിവാക്കുക. 

∙ ചെറിയ തോതിലുള്ള വ്യായാമം നല്ലതാണ്. അൽപം വിയർക്കുന്നതു വരെ. പക്ഷേ തണുത്ത സാഹചര്യം ഒഴിവാക്കുക. 

∙ വീട്ടിൽ ഈർപ്പം ഒഴിവാക്കുക. ബെഡ്ഷീറ്റിലും വസ്ത്രങ്ങളിലും നനവ് ഇല്ലെന്ന് ഉറപ്പാക്കുക. വീടിന്റെ തറയിലും വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുക. വെയിലുള്ളപ്പോൾ ജനൽ തുറന്നിടാം. തണുപ്പുള്ളപ്പോൾ നിർബന്ധമായും അടച്ചിടുക. 

സ്വയം ചികിൽസ ആപത്ത് 

പനിയുടെ ലക്ഷണങ്ങൾക്കു സ്വയം ചികിൽസ നടത്തുന്നത് ആപത്താണ്. വേദനാസംഹാരികളും മറ്റും കഴിക്കുന്നതു ഡെങ്കിപ്പനി പോലുള്ള രോഗങ്ങൾ തിരിച്ചറിയാനുള്ള സാധ്യത ഇല്ലാതാക്കും. രോഗം ഗുരുതരമായ ശേഷം മാത്രമായിരിക്കും പിന്നീട് ചികിൽസ ലഭിക്കുന്നത്. അപ്പോഴേക്കും വൈകുകയും ചെയ്യും. പനി വന്നാൽ വിദഗ്ധ ചികിൽസ തേടുന്നതു തന്നെയാണു നന്ന്. 

Read more:  ഡെങ്കിപ്പനി അപകടകരമാതുന്നതെങ്ങനെ?, ആരോഗ്യവാർത്തകൾ