Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈഡിസ് എന്ന വില്ലത്തി

mosquito-Zika

ഡെങ്കി, സിക, മഞ്ഞപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ വൈറസുകളെല്ലാം പരത്തുന്ന വില്ലത്തികൾ ഈഡിസ് കൊതുകുകളാണ്.

ഈഡിസ് ഈജിപ്തി 

ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മാത്രം മുട്ടയിടുന്ന ഈ കൊതുകുകൾ ശുദ്ധജലത്തിലേ വളരൂ. പെൺകൊതുകുകളാണു രോഗവാഹകർ. ഒരു പ്രദേശം മുഴുവൻ മുട്ടയിടുന്നതാണു രീതി.  മുട്ടയിലൂടെ വൈറസിനെ അടുത്ത തലമുറയിലേക്കു കൈമാറുകയും 

ചെയ്യും. വെള്ളത്തിലല്ലാതെ മുട്ടകൾക്ക് ആറുമാസം വരെ നിലനിൽക്കാനാകും.  വെള്ളം ലഭിച്ചാൽ ഉടൻ കൂത്താടികളായി പെരുകും. ചില മുട്ടകൾ ഒരു വർഷം വരെ കേടാകാതിരിക്കും

കരുത്തുകൂട്ടി കൊതുകുകൾ

∙ ഈഡിസ് കൊതുകുകൾ മുൻപത്തേതിനേക്കാൾ കൂടുതൽ ദൂരത്തിലും ഉയരത്തിലും പറക്കാൻ തുടങ്ങിയിട്ടുണ്ടെന്നു റിപ്പോർട്ട്.  ഇതിനർഥം രോഗം കൂടുതൽ പേരിലേക്കു വ്യാപിക്കാൻ സാധ്യതയൊരുങ്ങുന്നു എന്നതു തന്നെ.

∙ ആഗോളതാപനം മൂലമുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ ഡെങ്കി വൈറസിനെ കൂടുതൽ ‘പരിപോഷിപ്പിക്കുന്ന’തായി ശ്രീലങ്കയിലെ ഗവേഷണ റിപ്പോർട്ട്.

∙ കൂത്താടിഭോജി മൽസ്യങ്ങളെ (ഉദാ:ഗപ്പി) ഉപയോഗിച്ച് കൊതുകുകളെ നേരിടാം. കൊതുകുവലയും കൊതുകിനെ അകറ്റുന്ന മരുന്നുകളും ഉപയോഗിക്കാം

ഡ്രൈ ഡേ

ഊർജിത ശുചീകരണം ഉറപ്പുവരുത്താൻ ഒത്തൊരുമിച്ചു ശ്രമിക്കാം. 

വെള്ളിയാഴ്ച – വിദ്യാലയങ്ങൾ

ശനിയാഴ്ച – ഓഫിസുകൾ

ഞായറാഴ്ച – വീടുകൾ എന്നീ ക്രമത്തിൽ എല്ലാ ആഴ്ചയിലും ഡ്രൈ ഡേ ആചരിക്കാം

പകൽ മാത്രമേ  ഈഡിസ് കൊതുകകൾ കടിക്കൂ;  കൂടുതലും സൂര്യോദയത്തിനു ശേഷമുള്ള രണ്ടു മണിക്കൂറും സൂര്യാസ്തമയത്തിനു മുൻപുള്ള നാലു മണിക്കൂറുമാവും ഇവയുടെ ആക്രമണം. മഴയും വെയിലും മാറി മാറി വരുന്ന സാഹചര്യം കൊതുകു പെരുകാൻ ഏറെ അനുയോജ്യമാണ്.

ഡെങ്കിക്കു മാത്രമായി പ്രത്യേക ചികിൽസയില്ല. പ്രതിരോധ മരുന്നും ഇല്ല. രോഗം വരാതെ സൂക്ഷിക്കുകയേ വഴിയുള്ളൂ. അതിനു വേണ്ടത് കൊതുകു നിയന്ത്രണം മാത്രമാണ്. ആർക്കെങ്കിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചാൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുക.  പരിസരത്തെവിടെയെങ്കിലും കൊതുകു പ്രജനന കേന്ദങ്ങളുണ്ടെങ്കിൽ തദ്ദേശ ആരോഗ്യവിഭാഗവുമായി ബന്ധപ്പെടുക.

ഡെങ്കി മൂന്നുതരം

1. സാധാരണ ഡെങ്കിപ്പനി 

2. ഡെങ്കി ഹെമറേജിക് പനി

3. ഡെങ്കി ഷോക്ക് സിൻഡ്രോം 

ലക്ഷണങ്ങൾ

പെട്ടെന്നുണ്ടാകുന്ന കഠിനമായ പനി, ശരീരവേദന, നടുവേദന, തലവേദന, കണ്ണിനു പിന്നിൽ വേദന, ചുവന്നതടിപ്പുകൾ, പ്ലേറ്റ്‌ലറ്റ് എണ്ണം കുറയൽ, ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്ന് രക്‌തസ്രാവം. ചെറിയകുട്ടികളിൽ രോഗലക്ഷണം ഇത്ര പ്രകടമാകണമെന്നില്ല.

ഡെങ്കി ഹെമറേജിക് പനി: കടുത്തപനിക്ക് ഒപ്പം വിറയലും ഛർദിയും വയറുവേദനയും മൂക്ക്, മോണ, ദഹനവ്യൂഹം എന്നിവിടങ്ങളിൽനിന്നു രക്‌തസ്രാവവും ഉണ്ടാകാം. കൈകാലുകൾ തണുക്കും. അധികമായി വിയർക്കും.

ഡെങ്കി ഷോക്ക് സിൻഡ്രോം: ഡെങ്കിപ്പനി ലക്ഷണങ്ങളോടൊപ്പം രക്‌തസമ്മർദം വളരെ താഴും. ഹൃദയമിടിപ്പു കൂടും. കൈകാലുകൾ തണുക്കും. രോഗം വളരെ മൂർച്ഛിച്ചാൽ മരണം സംഭവിക്കാം. ഒരു തവണ ഡെങ്കി വന്നവർക്കു വീണ്ടും ബാധിച്ചാൽ മാരകമാകാം.

എച്ച്1 എൻ1

ല‌ക്ഷണങ്ങൾ: പനി, ചുമ, ശ്വാസംമുട്ടൽ, ശരീരവേദന, തൊണ്ടവേദന, ജലദോഷം, വിറയൽ, ക്ഷീണം.

∙ രോഗി തുമ്മുമ്പോഴും തുപ്പുമ്പോഴും വൈറസ് വായുവിൽ വ്യാപിക്കും, രോഗം പകരും.

∙ രോഗബാധിതർ ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ പോകരുത്.

∙ ഗർഭിണികൾക്കും ശ്വാസകോശം,  ഹൃദയം, കരൾ രോഗങ്ങളുള്ളവർക്കും ‌പ്രായമായവർക്കും കുഞ്ഞുങ്ങൾക്കും ഗുരുതരമാകാൻ സാധ്യത.

∙ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ടവൽ ഉപയോഗിച്ചു മൂക്കും വായും മൂടുക. പൊതുസ്ഥലത്തു തുപ്പാതിരിക്കുക.

∙ പുറത്തുപോയി വന്നാൽ കൈകളുടെ അകവും പുറവും വിരലുകൾക്കിടയിലും സോപ്പ് ഉപയോഗിച്ചു വൃത്തിയായി കഴുകുക.

കൊതുക് ഇവിടെയെല്ലാം

∙ റബർ പാലെടുക്കുന്ന ചിരട്ട, വെള്ളം ഒഴുകിപ്പോകാനുള്ള പാത്തി, വീണു കിടക്കുന്ന ഇലകൾ, ചെടികളുടെ കുടപ്പൻ, ടർപ്പായ അല്ലെങ്കിൽ ക്യാൻവാസ് ഷീറ്റ്, പൂച്ചട്ടി, ഇതു വയ്ക്കുന്ന തട്ട്, എസിയുടെ ട്രേ, ഓവുകൾ, ടയറുകൾ, കൊക്കോ തൊണ്ട്, കമുകിൻ പാളകൾ, വീപ്പകൾ എന്നിവിടങ്ങളിലൊന്നും വെള്ളം കെട്ടിനിൽക്കരുത്. പ്ലാസ്റ്റിക് കുപ്പികൾ, ചിരട്ട, പ്ലാസ്റ്റിക് കവറുകൾ എന്നിവ വലിച്ചെറിയരുത്. വെള്ളം കെട്ടിനിന്നു കൊതുകു പെരുകും.

∙ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളിലും ആക്രിക്കടകളിലും കൊതുകു നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുക.

∙ പൊതുസ്ഥലങ്ങൾ, റോഡുകൾ, ഓടകൾ, ചന്തകൾ, ആൾ താമസമില്ലാത്ത പറമ്പുകൾ, കിണറുകൾ, ഓവർ ഹെഡ് ടാങ്കുകൾ എന്നിവിടങ്ങളെല്ലാം കൊതുകു പ്രജനന കേന്ദ്രങ്ങളാകാം. ഇവിടങ്ങളിലെല്ലാം ശുചീകരണം വ്യാപിക്കണം.

∙ നിർമാണ സ്ഥലങ്ങളിൽ വെള്ളം കെട്ടിക്കിടക്കാൻ ഇടവരരുത്

∙ മരപ്പൊത്തുകൾ മണ്ണിട്ടു മൂടുക

∙ ഫ്രിജിനു പിറകിലെ ട്രേ, ടാങ്ക്, ജലം സംഭരിക്കുന്ന സിമന്റ് തൊട്ടികൾ തുടങ്ങിയവ വെള്ളം ഊറ്റിക്കളഞ്ഞു വൃത്തിയാക്കുക.