Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളം പനിച്ചൂടിൽ...

fever

 ഈ കണക്കുകൾ ഒന്നു നോക്കൂ: 

ആകെ ജനസംഖ്യ: 17,751. 

പനി ബാധിച്ചവർ 12,000

പനി പേടിച്ച് മാറിത്താമസിക്കുന്നവർ: 700

മരണം ഇതുവരെ: 8

ബാക്കിയുള്ളവർ: അയ്യായിരത്തോളം

ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങൾ കോഴിക്കോട്‍ ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്തിൽ നിന്നാണ്. സംസ്ഥാനത്ത് ഏറ്റവും അധികം പനിയും ഡെങ്കിയും റിപ്പോർട്ട് ചെയ്ത പഞ്ചായത്താണിത്. ജില്ലയിൽ ജൂൺമാസമുണ്ടായ 16 ഡെങ്കിപ്പനി മരണങ്ങളിൽ എട്ടും ഇവിടെനിന്നു തന്നെ. 

കൂരാച്ചുണ്ടിനെ ഏതാണ്ട് പൂർണമായി കിടക്കയിലിട്ട പനി സമീപ പഞ്ചായത്തുകളായ ചക്കിട്ടപാറ, പേരാമ്പ്ര, ചെറുവണ്ണൂർ, ചങ്ങരോത്ത്, കായണ്ണ, നൊച്ചാട് തുടങ്ങിയ ഇടങ്ങളിലേക്കും പടരുകയാണ്. 

കഴിഞ്ഞ വർഷം കോഴിക്കോട് ജില്ലയിൽ പനി ബാധിച്ചവരുടെ എണ്ണം അരലക്ഷമായിരുന്നുവെങ്കിൽ ഇക്കുറി അത് 75,000 കടന്നുകഴിഞ്ഞു. സംസ്ഥാനത്ത് ആകെ 14.5 ലക്ഷത്തിലേറെപ്പേരെ പനി ബാധിച്ചതായാണ് റിപ്പോർട്ടുകൾ. 

മലയോര മേഖല റബർ കൃഷിയെ ആശ്രയിച്ചാണു ജീവിക്കുന്നത്. കൂലിപ്പണിക്കാരും ഏറെ. പനി ബാധിച്ചതോടെ പലർക്കും ജോലിക്കു പോകാൻ കഴിയുന്നില്ല. രോഗം മാറിയവരെ തളർച്ചയും സന്ധിവേദനയും അലട്ടുന്നതിനാൽ അവരും കിടക്കയിൽ തന്നെ. ഡെങ്കിപ്പനി ബാധിച്ചവർക്കാകട്ടെ ക്ഷീണം കാരണം ആറു മാസത്തോളം ജോലിക്കു പോകാൻ കഴിയില്ല. 

ഒന്നു ശ്രദ്ധിക്കൂ... കുറയ്ക്കൂ പനി മരണങ്ങൾ...

കുടുംബപ്പനി

സ്വന്തമായി കൊച്ചുകൂരയെന്ന സ്വപ്നം പാതിവഴിയെത്തിയപ്പോഴാണു ഷൈനിയെ ഡെങ്കി പിടികൂടിയത്. കൂരാച്ചുണ്ട് വട്ടച്ചിറയിൽ ഓട്ടോ ഡ്രൈവറായ റോയിയുടെ ഭാര്യയായ ഷൈനി വൈകാതെ മരിച്ചു. ഷൈനിയുടെയും റോയിയുടെയും മകൻ ഡെങ്കിചികിത്സയിലാണ്. അമ്മ ഡെങ്കിപ്പനിയുടെ പിടിയിൽ നിന്നു കഷ്ടിച്ചാണു രക്ഷപ്പെട്ടത്. രാജസ്ഥാനിൽ നിന്നു വീട്ടിലെത്തിയ ജ്യേഷ്ഠന്റെ രണ്ടു മക്കളെയും ഡെങ്കി ബാധിച്ചു. ഓട്ടോ ഓടിയില്ലെങ്കിൽ വീട്ടിൽ തീ പുകയില്ല. പക്ഷേ, പനി ബാധിച്ച മകനെ നോക്കാൻ‍ അടുത്തു തന്നെ വേണമെന്നതിനാൽ ഇപ്പോൾ റോയി ജോലിക്കു പോകുന്നില്ല. 

പാലക്കാട് കൊടിയങ്കാട് മൂന്ന് കുടുംബത്തിലെ മുഴുവൻ പേർക്കും ഡെങ്കിപ്പനി. ഇവിടെ രേ‍ാഗം ബാധിച്ചു മരിച്ച രമണിയുടെ ഭർത്താവിനെയും രണ്ടുമക്കളെയും പനി പിടികൂടി. മറ്റൊരു കുടുംബത്തിലെ അച്ഛനും അമ്മയും രണ്ടു മക്കളും പനിക്കിടക്കയിൽ. അടുത്ത കുടുംബത്തിലെ കണക്കെടുത്താൽ അവിടെ ആറു പേരും ഡെങ്കിപ്പനി ബാധിതർ. 

പനിവാർ‍ഡ് !

തൃശൂർ ജില്ലയിലെ പുത്തൂർ പഞ്ചായത്തിലെ മരത്താക്കരയിലെ 20–ാം വാർഡിൽ ആകെയുള്ളത് 600 വീടുകൾ. എല്ലാ വീട്ടിലും ഒരംഗമെങ്കിലും പനി ബാധിതർ. പഞ്ചായത്തംഗം സിന്ധു വേലായുധനും പനി പിടിച്ച് ആശുപത്രിയിൽ. 14 പേർക്ക് ഡെങ്കിപ്പനിയെന്നാണ് ഔദ്യോഗിക റിപ്പോർട്ടെങ്കിലും നാട്ടുകാരുടെ കണക്കിൽ ഇതു നൂറോളമെത്തും. ഒല്ലൂരിൽ തന്നെയുള്ള പടവരാട് എന്ന സ്ഥലത്തും സ്ഥിതി അതീവ ഗുരുതരമായിരുന്നു. ആയിരത്തോളം പേർക്കു പനി ബാധിച്ചു, നൂറ്റൻപതോളം പേർ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ആശുപത്രിയിലായി.

കയറിയിറങ്ങി...

തിരുവനന്തപുരം പള്ളിത്തുറ വാർഡ് കൗൺസിലറായ പ്രതിഭയും ഭർത്താവ് ജയകുമാറും ആറുവയസ്സുകാരൻ മകനും പ്രതിഭയുടെ അമ്മയും അച്ഛനും ഡെങ്കിപ്പനി ബാധിച്ചു കിടപ്പിലായി. വീട്ടിൽ ഭക്ഷണം പാകം ചെയ്യാൻ പോലും വയ്യാത്ത അവസ്ഥ. അതിനിടെ സഹായിക്കാനെത്തിയ ജയകുമാറിന്റെ സഹോദര ഭാര്യയെയും പനി പിടികൂടി. അങ്ങനെ ആ വീട്ടിലേക്കും രോഗം പടർന്നു. 

ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക് മാറി മാറി യാത്ര. കിടക്കാൻ കട്ടിലില്ലാത്തതിനാൽ ചില ആശുപത്രികളിൽ നിന്നു മടക്കി അയച്ചു. രോഗം ഭേദമായി വരുമ്പോഴേക്കും പ്ലേറ്റ്‌ലെറ്റ് കൗണ്ടു കുറയും. അങ്ങനെ വീണ്ടും ആശുപത്രിയിലേക്ക്. മാറിയെന്നു കരുതി സമാധാനിക്കുമ്പോഴേക്കും കടുത്ത ക്ഷീണം തുടങ്ങും. രക്തം പരിശോധിക്കുമ്പോൾ കൗണ്ട് വീണ്ടും താണെന്നാകും ഫലം. ചുരുക്കത്തിൽ ഒരു കുടുംബത്തെ മുഴുവൻ കെട്ടിയിട്ടിരിക്കുകയാണ് ഡെങ്കിപ്പനി. 

രോഗികൾ തറയിൽ

തൃശൂർ ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലൊന്നും ഇനി പകർച്ചവ്യാധി രോഗികളെ പ്രവേശിപ്പിക്കാൻ കട്ടിൽ ഒഴിവില്ല. ജില്ലാ ജനറൽ ആശുപത്രിയടക്കം പല സർക്കാർ ആശുപത്രികളിലും ഇനി തറയാണു ശരണം. അൽപം ഭേദമാകുന്നവരെ ഉടൻ ഡിസ്ചാർജ് കൊടുത്തയച്ച് അടുത്ത രോഗികളെ പ്രവേശിപ്പിക്കുകയാണ്.  15 പേർക്കു മാത്രമേ കൊതുകുവലയുള്ളൂ. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ പനിബാധിച്ചു ചികിത്സ തേടുന്നവർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തൃശൂരിൽ കഴിഞ്ഞവർഷം 356 ഡെങ്കിക്കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത്  ഇക്കൊല്ലം ഇതുവരെ ചെയ്തത് 341 കേസുകൾ. ആകെ പനിബാധിതർ 95,000. 

പനിബാധിതർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയാൽ രണ്ടുദിവസത്തെ മെനക്കെടാണ്. ഒപി ടിക്കറ്റെടുക്കാൻ നീണ്ട വരിയാണ്. ടിക്കറ്റെടുത്താൽ ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടറെ കാണണമെങ്കിൽ വീണ്ടും അടുത്ത ക്യൂ. അടുത്ത തിരക്ക് ലാബിനു മുന്നിലാണ്. പരിശോധനാ ഫലവും വാങ്ങി ഡോക്ടറെ കാണാനെത്തുമ്പോഴേക്കും അദ്ദേഹത്തിന്റെ ഡ്യൂട്ടി സമയം അവസാനിച്ചിട്ടുണ്ടാകും. വാർഡുകളിലെല്ലാം തിരക്കോടു തിരക്ക്. ഓരോ വാർഡിലും ഒറ്റ നഴ്സ് മാത്രം. 

രക്തദാനം സജീവമായി നടക്കുന്നതിനാൽ ബ്ലഡ് ബാങ്കുകൾ സമ്പന്നമാണെങ്കിലും രക്തഘടകമായ പ്ലേറ്റ്‌ലറ്റിനു തൃശൂർ ജില്ലയിൽ വലിയ ക്ഷാമം. ഡെങ്കിപ്പനി മാരകാവസ്ഥയിലെത്തി രക്തസ്രാവമുണ്ടായാൽ രോഗികളുടെ ജീവൻ രക്ഷിക്കാൻ പ്ലേറ്റ്‍ലറ്റ് കൂടിയേ തീരൂ. രക്തത്തിൽ നിന്നു വേർതിരിച്ചെടുക്കുന്ന പ്ലേറ്റ്ലറ്റ് അഞ്ചു ദിവസത്തിൽ കൂടുതൽ സൂക്ഷിക്കാനാവില്ല. രക്തത്തിലെ പ്ലേറ്റ്‌ലറ്റ് ഘടകം മാത്രം വേർതിരിച്ച് ശേഖരിച്ചാണ് രോഗികൾക്കു നൽകുക. കോട്ടയം, മലപ്പുറം ജില്ലകളിലും പ്ലേറ്റ്‌ലറ്റിനു ക്ഷാമമുണ്ട്. 

മഴക്കാലരോഗങ്ങളിൽ നിന്നു രക്ഷ നേടാൻ ശ്രദ്ധിക്കേണ്ടത്

ഒപ്പം എലിപ്പനിയും 

ആലപ്പുഴ ജില്ലയിൽ പനി ബാധിതരുടെ എണ്ണം അര ലക്ഷം കടന്നു; മുൻവർഷങ്ങളേക്കാൾ അഞ്ചിരട്ടി. പകർച്ചപ്പനിക്കു പുറമേ ഡെങ്കിപ്പനിയും എലിപ്പനിയും എച്ച് 1 എൻ 1 പനിയും പടർ‍ന്നു പിടിക്കുന്നു. ആലപ്പുഴ ജില്ലയിൽ ഏഴിടങ്ങളിലും മലപ്പുറത്ത് ഒൻപതിടങ്ങളും പനി ഹോട്സ്പോട്ടുകളായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചു. 

കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലകളിൽ പനി ശക്തം. എച്ച്1എൻ1 മരണം 14. ഡെങ്കിപ്പനിയിലെ നാലു സിറോടൈപ്പ് വൈറസുകളുടെ സാന്നിധ്യം കൊല്ലത്തും കോട്ടയത്തും സ്ഥിരീകരിച്ചു. 

കോട്ടയം ജില്ലയിൽ 38,632 പേർക്കു പനി ബാധിച്ചതിൽ ആറു പേർ മരിച്ചു. ഇതിൽ നാലു പേരും ഇൗ മാസം മരിച്ചവരാണ്. രണ്ടു പേർ മഞ്ഞ‌പ്പിത്തവും ഒരാൾ എലിപ്പനിയും ബാധിച്ചു മരിച്ചിട്ടുണ്ട്. ഇടുക്കിയിൽ ഈ വർഷം ഇതുവരെ െഡങ്കിപ്പനി മരണം ഇല്ല. ഈ വർഷം 47 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിൽ 32 കേസുകളും ഈ മാസമാണുണ്ടായത്. പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചത്തെ പനിബാധിതരുടെ എണ്ണം 4396.

എച്ച്1 എൻ1 ഭീതി

എച്ച്1 എൻ1 പനി സംസ്ഥാനത്ത് പൊതുവെ ഭീഷണി ഉയർത്തിയിരുന്ന കാലത്തും എറണാകുളം ജില്ലയിൽ കഴിഞ്ഞ വർഷം ഒറ്റ എച്ച് 1 എൻ1 കേസു പോലും ഇല്ലായിരുന്നു.. എന്നാൽ ഈ വർഷം പകുതിയായപ്പോഴേക്കും 161 പേർക്കു രോഗം സ്ഥിരീകരിച്ചു; ആറു പേർ മരിച്ചു. 

ഡങ്കിപ്പനിക്കെതിരെ കരുതൽ എടുക്കാം

ഡിഫ്തീരിയ, മലേറിയ

പാലക്കാട് ജില്ലയിൽ പകർച്ചപ്പനി, ഡെങ്കിപ്പനി രോഗങ്ങൾക്കൊപ്പം അഞ്ചാം പനിയിലും വർധന. ഈയിടെ കുമരനല്ലൂർ പറക്കുളത്തു വിദ്യാർഥിക്കു ഡിഫ്തീരിയയും റിപ്പോർട്ട് ചെയ്തു. ജനുവരി മുതൽ ഇതുവരെ  പനിചികിൽസ തേടിയത് 1.20 ലക്ഷം പേർ. ഡെങ്കിപ്പനി, എച്ച്1എൻ1 മരണങ്ങളും ഉയരുകയാണ്. 

കണ്ണൂർ ജില്ലയിൽ ഈ വർഷം പനി ബാധിച്ചു ചികിൽസ തേടിയവരുടെ എണ്ണം 1.08 ലക്ഷം കവിഞ്ഞു. ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 190. ജില്ലയിൽ മലേറിയ ബാധിച്ചവരുടെ എണ്ണം 33 ആയി. 

കാസർകോട് പകർച്ചപ്പനി ഇത്തവണ കുറവ്.  101 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. 29 പേർക്ക് എച്ച്്‌വൺ എൻവണും.

Read more : ആരോഗ്യവാർത്തകൾ