Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂക്ഷിക്കണം ഡെങ്കിപ്പനിയെ

dengue-fever

കേരളത്തിലെ പനി മരണങ്ങളുടെ കണക്കുകളെടുത്താൽ ആവർത്തിച്ചു വരുന്ന ഡെങ്കിപ്പനിയാണു മരണത്തിലേക്കു നയിക്കുന്നതെന്നു കാണാം. രോഗം വരാതെ തടയുകയും ഒരു തവണ വന്നാൽ കൃത്യമായ മരുന്നുകളിലൂടെയും വിശ്രമത്തിലൂടെയും പ്രതിരോധത്തിലൂടെയും വീണ്ടും വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. ബ്രേക്ക് ബോൺ ഫീവർ എന്നുകൂടി അറിയപ്പെടുന്ന  ഡെങ്കിപ്പനി ഒരു വൈറസ് രോഗമാണ്. കൊതുകു പരത്തുന്ന ഡെങ്കു വൈറസ് ആണു രോഗ കാരണം. ആദ്യതവണ വരുന്ന ഡെങ്കിപ്പനി (ടൈപ്പ്–1) കൃത്യമായി ചികിത്സിച്ചു ഭേദമായാൽ ടൈപ്പ് ഒന്ന് ഡെങ്കിപ്പനിയെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡികൾ ജീവിതകാലം മുഴുവൻ  പ്രതിരോധിക്കും. എന്നാൽ വീണ്ടും വൈറസ് വാഹകരായ കൊതുകുകളുടെ കടിയേറ്റാൽ ടൈപ്പ്–2, ടൈപ്പ്–3 ഡെങ്കിപ്പനിയാണു ബാധിക്കുക. ഇതു കൂടുതൽ അപകടകാരിയാണ്. രക്തസ്രാവം പ്രധാന ലക്ഷണമായ ഹെമറാജിക് ഡെങ്കിപ്പനിയിലേക്കു രോഗിയെത്തുന്നത് ഈ സാഹചര്യത്തിലാണ്. കൊതുകുകടി ഏൽക്കാതിരിക്കുകയാണു ഡെങ്കിപ്പനിക്കെതിരെയുള്ള ഒരേയൊരു പ്രതിരോധ മാർഗം.

രോഗവാഹകർ

ഈഡിസ് ഈജപ്തി, ആൽബോപിക്ടസ് എന്നീ കൊതുകുകളാണു ഡെങ്കിപ്പനി പരത്തുന്നത്. 1906–ലാണു ഡെങ്കിപ്പനി ഈഡിസ് കൊതുകു പരത്തുന്ന രോഗമെന്നു കണ്ടെത്തിയത്.

പകരുന്നത്

രോഗാണുബാധയുള്ള ഒരു ഈഡിസ് കൊതുക് ആരോഗ്യമുള്ള ഒരു മനുഷ്യനെ കടിക്കുമ്പോൾ കൊതുകിന്റെ ഉമിനീരിൽ നിന്നു മുഷ്യനിലേക്കു രോഗാണു പടരുന്നു. രോഗാണു ബാധയുള്ള ഒരു മനുഷ്യനെ രോഗാണു ബാധയില്ലാത്ത ഒരു കൊതുകു കടിക്കുമ്പോൾ കൊതുകിലേക്കും രോഗാണു പ്രവേശിക്കുന്നു.

transmission-cycle

‍െഡങ്കിപ്പനി രണ്ടു തരം

രണ്ടുതരത്തിലുള്ള ‍‍ഡെങ്കിപ്പനിയുണ്ട്. ക്ലാസിക്കൽ ഡെങ്കി(ടൈപ്പ്–1) ആണ് ആദ്യത്തേത്. മരണം വരെ സംഭവിച്ചേക്കാവുന്ന ഗുരുതരമായ പനിയാണു ഹെമറിജിക് ഡെങ്കിപ്പനി (ടൈപ്പ്–2).

ലക്ഷണങ്ങൾ

ക്ലാസിക് ഡെങ്കി

∙ മൂന്നു മുതൽ അഞ്ചു ദിവസം വരെ നീണ്ടുനിൽക്കുന്ന പനി.

∙ കടുത്ത തലവേദന

∙ കൈകാലുകൾക്കു വേദന

∙ മുതുകു വേദന

∙ കണ്ണുകൾക്കു വേദന

∙ രോഗം ആരംഭിച്ച് 3–4 ദിവസങ്ങൾക്കുള്ളിൽ ശരീരത്തിൽ ചുവന്ന പാടുകൾ

∙ ഓക്കാനം ഛർദ്ദി

∙ മോണയിൽ നിന്നും മൂക്കിൽ നിന്നും ചെറുതായി രക്തം പൊടിയുന്നു.

∙ കടുത്ത ക്ഷീണം.

∙ രോഗി വിഷാദഭാവത്തിൽ

∙ സാധാരണ ഗതിയിൽ ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ സുഖം പ്രാപിക്കും. രോഗം മാരകമായി മാറാതിരിക്കാനുള്ള മരുന്നുകളാണ് ഈ ഘട്ടത്തിൽ ഡോക്ടർമാർ നൽകുന്നത്. ഡെങ്കിപ്പനിക്കുള്ള മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.

ഹെമറിജിക് ഡെങ്കി

∙ രോഗം മാരകമാകുന്ന അവസ്ഥയാണു ഹെമറിജിക് ഡെങ്കി.

∙ രക്തസ്രാവമോ, ഷോക്കോ ഉണ്ടാകാം. മരണം സംഭവിക്കാം

രോഗനിർണയം

രോഗ ലക്ഷണങ്ങളുള്ളവരിൽ രക്ത പരിശോധന കൂടി നടത്തി രോഗം കണ്ടെത്താം. രക്തത്തിൽ ഡെങ്കി വസ്തുക്കളോ അതിന്റെ പ്രതിഘടകങ്ങളോ ഉണ്ടോയെന്നു നോക്കിയാണു രോഗം നിർണയിക്കുന്നത്.

അരുത്

∙ ഡെങ്കിപ്പനി വന്നാൽ സ്വയം ചികിത്സ അരുത്.

∙ ആസ്പിരിൻ ഗുളികകൾ കഴിക്കരുത്. അതു ഡെങ്കിപ്പനി ബാധിതരിൽ രക്തസ്രാവം വർധിപ്പിക്കും.

ഡെങ്കിപ്പനി ബാധിച്ചാൽ

∙ പനി ആരംഭിച്ച് 24 മണിക്കൂറിനു ശേഷം രോഗബാധ രൂക്ഷമാകുകയാണെങ്കിൽ ഡോക്ടറെ സമീപിക്കുക.

∙ നന്നായി വിശ്രമിക്കുക

∙ ധാരാളം വെള്ളം കുടിക്കുക

∙ ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കുക.

∙ ഇളം ചൂടുവെള്ളം കൊണ്ട് ശരീരം ഇടയ്ക്കിടെ തുടയ്ക്കുക

രക്ഷപ്പെടാൻ

∙ ഡെങ്കിപ്പനിക്കു പ്രതിരോധ മാർഗങ്ങളില്ല

∙ കൊതുകുകടി ഏൽക്കാതിരിക്കുന്നതാണ് ഏക പ്രതിരോധ മാർഗം

കൊതുകു  കടിയേൽക്കാതിരിക്കാൻ

∙ കൊതുകു വലയ്ക്കുള്ളിൽ മാത്രം ഉറങ്ങുക

∙ ഇളം നിറങ്ങളിലുള്ള കാലും കയ്യും മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക

∙ വസ്ത്രത്തിനു പുറത്തുള്ള ശരീര ഭാഗങ്ങളിൽ 4–6 മണിക്കൂർ ഇടവിട്ട് മൊസ്കിറ്റോ റിപല്ലന്റ് ക്രീം പുരട്ടുക

∙ വാതിലുകളിലും ജനലുകളിലും എയർ ഹോളുകളിൽ വല കെട്ടുക

∙ വീട്ടിലും പരിസരത്തും കൊതുക് വളരുന്നില്ലെന്ന് ഉറപ്പാക്കുക, വൃത്തിയായി സൂക്ഷിക്കുക

∙ കൊതുകു മുട്ടയിട്ടു പെരുകുന്ന തരത്തിൽ വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യം ഒഴിവാക്കുക.

കൊതുകിന്റെ പ്രജനന സാധ്യതാ സ്ഥലങ്ങൾ

∙ പൂപ്പാത്രങ്ങൾ

∙ പൂച്ചട്ടിക്കടിയിലെ പ്ലേറ്റുകൾ

∙ എയർ കണ്ടീഷണറിനടിയിലെ ട്രേകൾ

∙ ഉപേക്ഷിക്കപ്പെട്ട ബക്കറ്റുകൾ, ജാറുകൾ, ജെഗ്ഗുകൾ, പാത്രങ്ങൾ

∙ സിമന്റ് ടാങ്കുകൾ

∙ ഉപേക്ഷിക്കപ്പെട്ട ടയറുകൾ, ഖരമാലിന്യങ്ങൾ

∙ പ്ലാസ്റ്റിക് കവറുകൾ

∙ മുളങ്കുറ്റികൾ, മരപ്പൊത്തുകൾ, ചിരട്ട

പ്രതിരോധിക്കാം

∙ വെള്ളം നിറച്ചുവയ്ക്കുന്ന പാത്രങ്ങൾ കൊതുകു കടക്കാതെ അടച്ചുവയ്ക്കുക.

∙ ഗാർഹിക മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുക

∙ ഒഴിഞ്ഞ കുപ്പികൾ, കാനുകൾ തുടങ്ങിയ നശിപ്പിക്കുക

∙ പൂപ്പാത്രങ്ങളിലെ വെള്ളം ദിവസവും മാറ്റുക

∙ വെള്ളം കെട്ടിനിൽക്കുന്ന ഡ്രെയിനേജുകൾ വൃത്തിയാക്കി വെള്ളം ഒഴുക്കികളയുക

∙ പരിസ്ഥിതി സൗഹൃദ കൂത്താടി നശീകരണ മാർഗങ്ങൾ ഉപയോഗിക്കുക

∙ കൂത്താടികളെ ഭക്ഷിക്കുന്ന മത്സ്യങ്ങളെ വളർത്തുക