Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്മാർട്ട് ഫോൺ ഉപയോഗം കുട്ടികളിൽ നേത്രരോഗം ഉണ്ടാക്കും

479039762

കുട്ടികളുടെ ശാഠ്യത്തിനു വഴങ്ങിയും തങ്ങളുടെ സൗകര്യത്തിനും ശല്യമൊഴിവാക്കാനുമെല്ലാം മക്കൾക്ക് സ്മാർട്ട് ഫോൺ കൊടുക്കുന്ന രക്ഷിതാക്കൾ കുറവല്ല. കുഞ്ഞുങ്ങളാകട്ടെ കംപ്യൂട്ടറിനും സ്മാർട്ട് ഫോണിനും മുന്നിൽ മണിക്കൂറുകളാണ് ചെലവിടുന്നത്. എന്നാൽ ഈ ശീലം ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങൾ അനവധിയാണ്. ഡിജിറ്റൽ ഉപകരണങ്ങളുടെ അമിതോപയോഗം കുട്ടികളിൽ നേത്രരോഗത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്നു പഠനം. 

ഹൂസ്റ്റൺ സർവകലാശാലയിലെ കോളജ് ഓഫ് ഒപ്ടോമെട്രിയിലെ ഒപ്ടോമെട്രിസ് സ്പെഷ്യലിസ്റ്റായ ഡോ. അംബർ ഗോം ഗിയാനോനിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഡിജിറ്റൽ ഉപകരണങ്ങളുടെ അമിതോപയോഗം കുട്ടികളിൽ ‘ഡ്രൈ ഐസ്’ എന്ന നേത്രരോഗത്തിനുള്ള സാധ്യത കൂട്ടുമെന്നു കണ്ടത്. സ്ക്രീനിലേക്ക് കുട്ടികൾ എത്ര സമയം തുറിച്ചു നോക്കുന്നുവോ അത്രയും കുറവേ അവര്‍ കണ്ണു ചിമ്മുന്നുള്ളൂ. കണ്ണിനെ നനവുള്ളതാക്കാന്‍ ഗ്രന്ഥികളിലെ കണ്ണുചിമ്മൽ സഹായിക്കും. എട്ടു വയസ്സുള്ള കുട്ടി പോലും 6 മുതൽ 8 മണിക്കൂർ വരെ സ്ക്രീനുകൾക്കു മുന്നിൽ ചെലവിടുന്നുവെന്നും പഠനം പറയുന്നു. 

കുട്ടികൾ സ്ക്രീനുകൾക്ക് മുന്നിൽ ചെലവിടുന്ന സമയം രക്ഷിതാക്കൾ നിയന്ത്രിക്കണം. കണ്ണുകൾ ചിമ്മുക, കണ്ണു തിരുമ്മുക, കണ്ണിനു ചുറ്റും ചുവപ്പു നിറം ഇവയുണ്ടോ എന്നു ശ്രദ്ധിക്കണം. കണ്ണുകൾക്ക് സ്ട്രെയ്ന്‍ ഉണ്ടാകാതിരിക്കാൻ 20–20–20 എന്ന മാർഗം അവലംബിക്കണമെന്ന് ഗിയനോനി പറഞ്ഞു. സ്ക്രീനിൽ നിന്നും 20 അടി അകലെ ഇരിക്കണമെന്നും സ്ക്രീനിലേക്ക് നോക്കിയിരിക്കുന്ന ഓരോ 20 മിനിറ്റിലും 20 സെക്കന്റ് ഇടവേള എടുക്കണമെന്നും പഠനം പറയുന്നു.

കംപ്യൂട്ടറിനും സ്മാർട്ട്ഫോണിനും മുന്നിൽ കൂടുതൽ സമയം ചെലവിടുന്ന കുട്ടികൾക്ക് ഡ്രൈ ഐസ് ഡിസീസിനുള്ള സാധ്യത വളരെ കൂടുതലാണ്. സ്മാർട്ട് ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കാത്ത കുട്ടികൾക്ക് ഡ്രൈ ഐസ് വരാനുള്ള സാധ്യത വളരെ കുറവാണെന്നും പഠനം പറയുന്നു.

കുട്ടികളെ സുരക്ഷിതരാക്കാൻ പറ്റുന്നിടത്തോളം സ്മാർട്ട്ഫോണിൽ നിന്നും കുട്ടികളെ അകറ്റണമെന്നും അത് കുട്ടികളെ പാഠ്യപഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്താൻ സഹായിക്കുമെന്നും ഈ പഠനം പറയുന്നു.

Read more : ആരോഗ്യവാർത്തകൾ