Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒത്തുപിടിക്കാം, വാതപ്പനിയെ തുരത്താം

rheumatic-fever

പോളിയോയും സ്മോൾപോക്സും നാം നിയന്ത്രണവിധേയമാക്കി. റുമാറ്റിക് ഫീവർ (വാതപ്പനി) ആകട്ടെ ഈ പട്ടികയിൽ അടുത്തത്. ജൂൺ, ജൂലൈ മാസങ്ങളിലാണ് റുമാറ്റിക് ഫീവറിനുകാരണമായ തൊണ്ടവേദനയും ടോൺസിൽ വീക്കവും കുട്ടികളിൽ കൂടുതൽ ഉണ്ടാകുന്നത്. സ്കൂൾ തുറക്കുന്ന സമയത്തുണ്ടാകുന്ന മഴയും തണുപ്പും തന്നെ മുഖ്യകാരണം. 70% തൊണ്ടവേദനയും വൈറൽ പനിയെ തുടർന്നാണു വരുന്നത്. 30%  കുട്ടികളിൽ ഇതു സ്ട്രെപ്റ്റോകോക്കസ് അണുബാധയെ തുടർന്നാണുണ്ടാവുക. സ്ട്രെപ്റ്റോകോക്കസ് അണു ആണു റുമാറ്റിക് ഫീവറിന്റെ കാരണക്കാരൻ

100.4 സെന്റിഗ്രേഡിൽ കൂടുതലുള്ള പനി, തൊണ്ടവേദന, വിഴുങ്ങാൻ പ്രയാസം, ടോൺസിൽ ചുവന്നുവീങ്ങി വെള്ള പഴുപ്പ് ആവരണത്തോടെ കാണുക, താടിയെല്ലിന്റെ താഴെ കഴുത്തിലെ ഗ്രന്ഥി വീക്കം തുടങ്ങിയവയാണു വൈറസ് പനിയിൽ നിന്നു സ്ട്രെപ്റ്റോകോക്കസ് അണുബാധ തിരിച്ചറിയാനുള്ള ലക്ഷണങ്ങൾ. 

മരുന്ന് ഇടയ്ക്ക് നിർത്തരുത്

10 ദിവസം പെൻസിലിൻ വി ഗുളികകൾ കഴിച്ചാൽ പൂർണമായും ഇതു ഭേദമാകും. പെൻസിലിൻ അലർജി ഉള്ളവർ എറിത്രോമൈസിൻ 10 ദിവസം കഴിച്ചാലും മതി. അമോക്സിസിലിനും സമാന ഫലം നൽകും. പക്ഷേ ചെലവ് കൂടുതലാകും. 10 ദിവസം കഴിക്കാതെ, പനി കുറയുമ്പോൾ മരുന്നു നിർത്തുന്നതാണു പ്രശ്നം.

പെൻസിലിൻ  കുത്തിവയ്പിനെ പേടിക്കേണ്ട

മരുന്നു തുടർച്ചയായി കഴിക്കാൻ മടിയുള്ളവർക്ക് അതിനും പരിഹാരമുണ്ട്. ബെൻസാത്തിൻ പെൻസിലിൻ ഒറ്റ കുത്തിവയ്പ് കൊണ്ടു ലക്ഷ്യം നേടാം. അതേസമയം, ലോങ് ആക്ടിങ് ബെൻസാത്തിൻ പെൻസിലിൻ കുത്തിവയ്പ്, പെൻസിലിൻ റിയാക്‌ഷൻ ഭയത്തെ തുടർന്നു ചില ആശുപത്രികൾ ഇപ്പോൾ നൽകുന്നില്ല. ഈ ഭയം അടിസ്ഥാനം ഇല്ലാത്തതാണ്. പല ആശുപത്രിയിലും ഇപ്പോഴും ഈ കുത്തിവയ്പ് നൽകുന്നു എന്നതാണ് അതിനെതിരായുള്ള ശക്തമായ തെളിവ്. ചർച്ചകളിലൂടെ നഴ്സുമാരെയും ഡോക്ടർമാരെയും ബോധ്യപ്പെടുത്തി മതിയായ മുൻ കരുതലോടെ എല്ലാ ആശുപത്രിയിലും പെൻസിലിൻ കുത്തിവയ്പ് നൽകണം. അതാണു സ്ട്രെപ്റ്റോകോക്കസ് അണുബാധയ്ക്കുള്ള ഏറ്റവും ചെലവുകുറഞ്ഞ ഫലപ്രദമായ ചികിൽസ. 

ഹൃദ്രോഗമായി മാറുന്ന വാതപ്പനി

ശരിയായി ചികിൽസ നൽകാത്ത സ്ട്രെപ്റ്റോകോക്കസ് അണുബാധയെ തുടർന്നാണു റുമാറ്റിക് ഫീവർ വരുന്നത്. അഞ്ച് മുതൽ15 വയസ്സുവരെയുള്ള മൂന്നു ശതമാനം കുട്ടികളിൽ തൊണ്ടയിലെ അണുബാധയെ തുടർന്ന് ഇത് ഉണ്ടാവാം. സന്ധിവേദനയും വീക്കവും (rheumatic arthritis) പനിയും ഹൃദയവീക്കത്തെ (carditis) തുടർന്ന് ഉണ്ടാകാവുന്ന ശ്വാസംമുട്ടലുമാണു പ്രധാന ലക്ഷണങ്ങൾ. ചിലപ്പോൾ നിയന്ത്രിക്കാനാകാത്ത അംഗചലനവും (chorea) തൊലിയിൽ തിണർപ്പും (erythema marginatum) മുട്ടുകളിൽ കുരുക്കളും (rheumatic nodule) ഉണ്ടാകാറുണ്ട്. തുടർന്നാണു വാതപ്പനി റുമാറ്റിക് ഹൃദ്രോഗമായി മാറുന്നത്. കുട്ടികളിലും യുവാക്കളിലും ഉണ്ടാകുന്ന ഹൃദ്രോഗത്തിന്റെ പ്രധാന കാരണവും റുമാറ്റിക് ഫീവർ തന്നെയാണ്. 

ലോകത്താകെ 330 ലക്ഷം പേർ റുമാറ്റിക് ഹൃദ്രോഗത്തിന്റെ പിടിയിലാണ്. ലോകത്ത്  ഓരോ വർഷവും 2,75,000 പേർ ഇതുമൂലം മരിക്കുന്നു. അമേരിക്കൻ, യൂറോപ്യൻ രാജ്യങ്ങളിൽ ഇപ്പോൾ റുമാറ്റിക് ഫീവർ ഇല്ല. അപൂർവമായി പട്ടാള ക്യാംപിലോ ഡോർമെട്രിയിലോ മാത്രമേ അവിടെ ഇപ്പോൾ റുമാറ്റിക് ഫീവർ ഉണ്ടാകാറുള്ളൂ. ആസിയാൻ–ആഫ്രിക്കൻ രാജ്യങ്ങളിൽ ഇപ്പോഴും ഇതു പൊതുജനാരോഗ്യ പ്രശ്നമാണ്.

കേരളത്തിൽ ഇക്കൊല്ലം ഒൻപത് രോഗികൾ മാത്രം

ഇന്ത്യയിൽ റുമാറ്റിക് ഫീവർ / റുമാറ്റിക് ഹൃദ്രോഗം ആയിരത്തിൽ 26 പേരിൽ കണ്ടുവരുന്നു. കേരളത്തിൽ ഇത് 0.1/1000 ​ആയി നമുക്കു കുറയ്ക്കാൻ കഴിഞ്ഞു. കഴിഞ്ഞ വർഷം നാൽപതിൽതാഴെ പുതിയ റുമാറ്റിക് ഫീവർ കേസുകളേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. ഇക്കൊല്ലം ഒൻപതും. പൊന്നാനിയിൽ രണ്ട്, കണ്ണൂർ പിലാപ്പള്ളിയിൽ ഒന്ന്, തൃശൂർ 1, കോട്ടയത്ത് രണ്ട്, ഹരിപ്പാട് ഒന്ന്, കുട്ടനാട് ഒന്ന്, തിരുവനന്തപുരം ഒന്ന് എന്നിങ്ങനെ. ഒത്തുപിടിച്ചാൽ സമീപഭാവിയിൽ നമുക്കു റുമാറ്റിക് ഫീവർ പൂർണമായി നിയന്ത്രണവിധേയമാക്കാം. 

വേണ്ടത് ബോധവൽക്കരണം

ബോധവൽക്കരണമാണ് ഏറ്റവും പ്രധാനം. അമേരിക്കയിൽപോലും 20 വർഷത്തെ തുടർച്ചയായ ബോധവൽക്കരണം വേണ്ടിവന്നു ഈ സന്ദേശം ജനങ്ങളിലെത്തിക്കാൻ.

മാതാപിതാക്കളെ സ്കൂളിലെ അധ്യാപക– രക്ഷാകർതൃ സംഘടനകളിലൂടെ വളരെ എളുപ്പത്തിൽ ബോധവൽക്കരിക്കാൻ കഴിയും. 20 വർഷമായി ഈ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന റുമാറ്റിക് ഹാർട് ക്ലബ്ബിനു പ്രാരംഭ പ്രവർത്തനങ്ങൾ നടത്താനായിട്ടുണ്ട്. കേരളത്തിലെ സാക്ഷരതയും സാമൂഹിക, സാമ്പത്തിക വളർച്ചയും ജനറൽ ഡോക്ടർ, ഇഎൻടി വിദഗ്ധർ, ഫിസിഷ്യൻ, കാർഡിയോളജി സ്പെഷലിസ്റ്റ് എന്നിവരുടെ കൂടിയ എണ്ണവും, ആശുപത്രികളുടെയും ഫാർമസികളുടെയും വൈപുല്യവും എല്ലാം കണക്കിലെടുക്കുമ്പോൾ റുമാറ്റിക് ഫീവർ നിയന്ത്രണം  വളരെ വേഗത്തിൽ കൈവരിക്കാം. 

ടൈം ടു ടാക്കിൾ റുമാറ്റിക് ഹാർട്ട് ഡിസീസ് എന്ന പേരിൽ വേൾഡ് ഹാർട് ഫെഡറേഷൻ ക്യാംപെയ്ൻ നടക്കുകയാണിപ്പോൾ. സർക്കാർ സഹായത്തോടെ എല്ലാ ജനങ്ങളിലേക്കും സന്ദേശം എത്തിക്കുകയാണു ലക്ഷ്യം. ഇതു മുൻനിർത്തി ഐക്യരാഷ്ട്ര സംഘടനയിൽ പ്രമേയം പാസാക്കാനുള്ള ശ്രമങ്ങളും സജീവം. കൂടുതൽ വിവരങ്ങൾ: www.rhdaction.org

ഡോ. അബ്ദുൽ ഖാദർ 

ദേശീയ കോ–ഓർഡിനേറ്റർ

റുമാറ്റിക് ഹാർട് ക്ലബ്

ഡോ. വി.എൽ.ജയപ്രകാശ്, 

സംസ്ഥാന കോഓർഡിനേറ്റർ,

റുമാറ്റിക് ഹാർട് ക്ലബ്.

Read more : ആരോഗ്യവാർത്തകൾ