Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛന്റെ മരണകാരണം ഡെങ്കിപ്പനി അല്ല: സൗഭാഗ്യ

sowbhagya-post Image Courtesy : Facebook

നർത്തകനും നടനും അവതാരകനുമായ രാജാറാമിന്റെ മരണം ഡെങ്കിപ്പനി മൂലമാണെന്ന വാർത്ത അവാസ്തവമെന്ന് മകൾ സൗഭാഗ്യ. സമൂഹമാധ്യമത്തിലെ കുറിപ്പിലാണ്, അച്ഛന്റെ മരണം വൈറൽപനി മൂർച്ഛിച്ചതുമൂലമാണെന്ന് സൗഭാഗ്യ വെളിപ്പെടുത്തിയത്. രാജാറാം പനി ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്കാണു മരിച്ചത്. അദ്ദേഹത്തിന്റെ മരണം ഡെങ്കിപ്പനി മൂലമാണെന്നു വാർത്ത വന്നതിനെത്തുടർന്നാണ് സൗഭാഗ്യയുടെ വിശദീകരണക്കുറിപ്പ്. നർത്തകിയും അഭിനേത്രിയുമായ താരാ കല്യാണാണ് രാജാറാമിന്റെ ഭാര്യ. 

അച്ഛനു ബാധിച്ച വൈറൽപനി പിന്നീട് ഗുരുതരമായ ചെസ്റ്റ് ഇൻഫെക്‌ഷനാകുകയായിരുന്നെന്ന് സൗഭാഗ്യ പറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗം സെപ്റ്റീസിമിയ(രക്തത്തിലുണ്ടാകുന്ന അണുബാധ) എന്ന ഗുരുതരാവസ്ഥയിലേക്കു മാറി. ഇത് പല അവയവങ്ങളെയും തളർത്തി. ഒൻപതു ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പല മാധ്യമങ്ങളും രോഗത്തെപ്പറ്റി നൽകിയത് തെറ്റിദ്ധാരണാജനകമായ വാർത്തയാണ്. അവ പ്രചരിപ്പിക്കരുതെന്ന് അഭ്യർഥിക്കുന്നതായും സൗഭാഗ്യ പോസ്റ്റിൽ പറയുന്നു.  

വാർത്തകളിൽ രാജാറാമിന്റെ കരിയറിനെപ്പറ്റിയുള്ള പരാമർശങ്ങൾക്കും സൗഭാഗ്യ വിശദീകരണം നൽകുന്നുണ്ട്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ചെറിയ വേഷങ്ങളാണ് ചെയ്തിരുന്നതെന്ന തരത്തിലും വാർത്തകൾ കണ്ടു. അതു ശരിയല്ല. 20 ഓളം മെഗാസീരിയലുകളിൽ നായകവേഷം ചെയ്തിട്ടുണ്ട്. മിനിസ്ക്രീനിലെ മികച്ച നായകന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. അതിലെല്ലാമുപരി, വ്യക്തിയെന്ന നിലയിൽ അദ്ദേഹം മികച്ചയാളായിരുന്നു. ഏറ്റവും നല്ല അച്ഛനും എന്റെ അമ്മയ്ക്ക് സ്നേഹമുള്ള ഭർത്താവും. എന്നും എപ്പോഴും എന്റെ ഹീറോ അച്ഛനായിരിക്കുമെന്നും സൗഭാഗ്യ പോസ്റ്റിൽ പറഞ്ഞു.